തിരയുക

Vatican News
++ Cei:appello a cattolici,lavorare insieme a unità Paese ++ ++ Cei:appello a cattolici,lavorare insieme a unità Paese ++  (ANSA)

രോഗവിമുക്തിക്കായി ഇറ്റാലിയന്‍ ജനത ഒത്തൊരുമിച്ചു പ്രാര്‍ത്ഥിക്കും

വിശ്വാസികള്‍ ജപമാലചൊല്ലി പ്രാര്‍ത്ഥിക്കും. ഇതര രാജ്യങ്ങളും പങ്കുചേരും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദേശീയ മെത്രാന്‍ സമിതിയുടെ ആഹ്വാനം
മാര്‍ച്ച് 19, വ്യാഴാഴ്ച തിരുക്കുടുംബ പാലകനും ആഗോളസഭയുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളില്‍ പ്രാദേശിക സമയം രാത്രി 9 മണിക്ക് (ഇന്ത്യയിലെ സമയം വെള്ളിയാഴ്ച വെളുപ്പിന് 1.30-ന്) “പ്രകാശത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍ ധ്യാനിച്ചുകൊണ്ട് ഇറ്റലിയെയും ലോകത്തെയും കൊറോണ വൈറസ് ബാധയില്‍നിന്നും രക്ഷിക്കുവാന്‍ തിരുക്കുടുംബ പാലകന്‍റെയും കന്യകാനാഥയുടെയും മാദ്ധ്യസ്ഥം പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി പ്രസിഡന്‍റും പെറൂജിയയിലെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഗ്യാള്‍ത്തിയേരോ ബസ്സേത്തി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിക്കുകയുണ്ടായി.

പ്രത്യാശ കൈവെടിയാതെ
വീടിന്‍റെ പടിവാതില്ക്കല്‍ ഒരു വെളുത്തകൊടി നാട്ടിക്കൊണ്ടും അല്ലെങ്കില്‍ ഒരു മെഴുകുതിരിയോ വിളക്കോ പ്രത്യേകമായി തെളിയിച്ചുകൊണ്ടുമാണ് കൊറോണ വൈറസ് (#coronavirus) ബാധയില്‍നിന്നുള്ള മോചനത്തിനായി ജപമാലപ്രാര്‍ത്ഥന ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ ബസേത്തി അഭ്യര്‍ത്ഥിച്ചു. മക്കളുടെ പ്രാര്‍ത്ഥന പിതാവിങ്കലേയ്ക്ക് ഉയരുന്നത്തിന്‍റെ സജീവമായ പ്രത്യാശയുടെ പ്രതീകമായിരിക്കും വെളുത്തകൊടിയോ കത്തിച്ചദീപമോ എന്ന് കര്‍ദ്ദിനാള്‍ ബസേത്തി പ്രസ്താവനയില്‍ വിശദീകരിച്ചു.

കാല്‍ഡിയന്‍ സഭയും ഇതര രാജ്യങ്ങളും പങ്കുചേരും
ഇറ്റലിയുടെ ഈ ജപമാല സമര്‍പ്പണത്തില്‍ കാല്‍ഡിയന്‍ കത്തോലിക്ക സഭ പങ്കുചേരുമെന്ന് സഭയുടെ അദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ് കര്‍ദ്ദിനാള്‍ ലൂയി സാക്കോ സിറിയയില്‍നിന്നും ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. അതുപോലെ ഇറ്റലിയോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും, ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലുള്ള മെത്രാന്‍ സമിതികളും ഈ ജപമാല പ്രാര്‍ത്ഥനയില്‍ പങ്കുചേരുമെന്ന് അറിയിച്ചതായി മാര്‍ച്ച് 17-Ɔο തിയതി ചൊവ്വാഴച ഇറക്കിയ മെത്രാന്‍ സമിതിയുടെ പ്രസ്താവന വ്യക്തമാക്കി.
 

18 March 2020, 17:34