തിരയുക

Vatican News
Benedetto xvi papa Benedetto xvi papa  (Vatican Media)

മുന്‍പാപ്പായ്ക്ക് നാമഹേതുകത്തിരുനാള്‍ ആശംസകള്‍

വിശ്രമജീവിതം നയിക്കുന്ന പാപ്പാ ജോസഫ് റാത്സിങ്കറിനെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളില്‍ പ്രാര്‍ത്ഥനയോടെ അനുസ്മരിക്കുന്നു!

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആത്മീയതയുടെ വിശ്രമജീവിതം
വിശ്രജീവിതം നയിക്കുന്ന മുന്‍പാപ്പാ ബെനഡിക്ടിന് സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ സംരക്ഷണവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.
92 വയസ്സു തികഞ്ഞ പാപ്പാ ബെനഡിക്ട് വത്തിക്കാന്‍ തോട്ടത്തിലുള്ള “മാത്തര്‍ എക്ലേസിയേ” (Mater Ecclesiae) ഭവനത്തില്‍ വിശ്രമജീവിതം നയിക്കുകയാണ്. പ്രായാധിക്യത്താല്‍ ക്ഷീണിതനായി ഊന്നുവടി ഉപയോഗിക്കുന്നെങ്കിലും, പരസഹായമില്ലാതെ എല്ലാം ചെയ്യുകയും  അധിക സമയം പ്രാര്‍ത്ഥനയിലും വിശ്രമത്തിലും ചെലവഴിക്കുകയും ചെയ്യുന്നു.

ദൈവശാസ്ത്ര പണ്ഡിതനായ പാപ്പാ
ഒന്‍പതു വര്‍ഷക്കാലം ആഗോളസഭയെ നയിക്കുകയും, രണ്ടാം വത്തിക്കാന്‍ സൂനഹദോസു മുതല്‍ മൂന്നു പതിറ്റാണ്ടില്‍ അധികം തന്‍റെ ദൈവശാസ്ത്രപാണ്ഡിത്യവും രചനാപാടവവും ആധുനിക സഭയുടെ കാലികമായ വളര്‍ച്ചയ്ക്കും സുസ്ഥിതിക്കുമായി വിവിധ തസ്തികകളില്‍ ചെലവഴിച്ച “സഭാപണ്ഡിതന്‍ കൂടിയാണ് മുന്‍പാപ്പാ ബെനഡിക്ട്.  അദ്ദേഹത്തിന്‍റെ  തെളിവാര്‍ന്ന ദൈവശാസ്ത്ര പ്രബോധനങ്ങളും നിലപാടുകളും ഇന്നും ലോകം ആദരിക്കുകയും മാതൃകയാക്കുകയും ചെയ്യുന്നു.

കര്‍ദ്ദിനാളാകാന്‍ ആഗ്രഹിച്ച ബാലന്‍
ജര്‍മ്മനിയിലെ ബവേറിയായിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ റാത്സിങ്കറിന്‍റെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു ജോസഫ് റാത്സിങ്കര്‍. 1927-ല്‍ ഏപ്രില്‍ 16- Ɔο തിയതി ഈസ്റ്റര്‍ പ്രഭാതത്തില്‍ മേരിക്കും ജോസഫ് റാത്സിങ്കറിനും ജനിച്ച മൂന്നാമത്തെ കുഞ്ഞായിരുന്നു. പഴയ കീഴ്വഴക്കമനുസരിച്ച് അന്നുതന്നെ അവനു ജ്ഞാനസ്നാനം നല്കുകയും പിതാവിന്‍റെ തന്നെ പേരു നല്കുകയും ചെയ്തു – ജോസഫ് റാത്സിങ്കര്‍!

1932-ല്‍ ജൂണ്‍ മാസത്തെ ആദ്യ ഞായറാഴ്ച. തെക്കെ ജര്‍മ്മനിയിലെ ഫ്രെയ്സിങ്ങ് ഇടവകയില്‍ അന്നൊരു സവിശേഷ ദിനമായിരുന്നു. മ്യൂനിക്ക് ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മൈക്കിള്‍ ഫ്ലെയ്ബര്‍ ഇടവക സന്ദര്‍ശിക്കുകയായിരുന്നു. പൂച്ചെണ്ടുകളുമായി കര്‍ദ്ദിനാളിനെ സ്വീകരിക്കാന്‍ നിരന്ന കുട്ടികളില്‍ നീണ്ടു മെലിഞ്ഞ അഞ്ചു വയസ്സുകാരന്‍ ജോസഫ് റാത്സിങ്കറും ഉണ്ടായിരുന്നു. സ്വീകരണ പരിപാടിയും കര്‍ദ്ദിനാളിന്‍റെ ദിവ്യബലിയും കഴിഞ്ഞ് ജോസഫ് വീട്ടിലേയ്ക്ക് ഓടി. പിതാവ് റാത്സിങ്കറിനോടും അമ്മ മേരിയോടും പറഞ്ഞു, “എനിക്കൊരു കര്‍ദ്ദിനാളായാല്‍ മതി.” തങ്ങളുടെ ഏറ്റവും ഇളയ പുത്രന്‍റെ കൗതുകം കര്‍ദ്ദിനാളിന്‍റെ വസ്ത്രത്തിലായിരിക്കുമെന്നു പറഞ്ഞ് മാതാപിതാക്കള്‍ ചിരിച്ചു തള്ളിയ സംഭവം ജോസഫ് റാത്സിങ്കറിന്‍റെ ജീവിതത്തില്‍ 1977 ജൂണ്‍ 27-ന് പോള്‍ ആറാമന്‍ പാപ്പാ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയപ്പോള്‍ യാഥാര്‍ത്ഥ്യമായത് കാണാന്‍ അവന്‍റെ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ലെങ്കിലും, മൂത്തസഹോദരന്‍ ജോര്‍ജ്ജും സഹോദരി മേരിയും അതിനു സാക്ഷികളായി.

കര്‍ദ്ദിനാള്‍ ആകാന്‍ ആഗ്രഹിച്ച ബാലന്‍ പിന്നീട് മാര്‍പാപ്പയായി!

മുന്‍പാപ്പായ്ക്ക് ഒരിക്കല്‍ക്കൂടി നാമഹേതുക തിരുനാള്‍ ആശംസകള്‍!
 

19 March 2020, 09:51