തിരയുക

2019 ഫെബ്രുവരി 4ന് ഫ്രാൻസിസ് പാപ്പായും അൽ-അസ്സാറിലെ വലിയ ഇമാം അഹമ്മദ് അൽ-തയ്യിബും ചേർന്ന് ലോകസമാധാനത്തിനും പരസ്പര സഹവർത്തിത്വത്തിനുമായുള്ള പ്രമാണരേഖയില്‍ ഒപ്പ്വച്ചപ്പോള്‍ പകര്‍ത്തപ്പെട്ട ചിത്രം.  2019 ഫെബ്രുവരി 4ന് ഫ്രാൻസിസ് പാപ്പായും അൽ-അസ്സാറിലെ വലിയ ഇമാം അഹമ്മദ് അൽ-തയ്യിബും ചേർന്ന് ലോകസമാധാനത്തിനും പരസ്പര സഹവർത്തിത്വത്തിനുമായുള്ള പ്രമാണരേഖയില്‍ ഒപ്പ്വച്ചപ്പോള്‍ പകര്‍ത്തപ്പെട്ട ചിത്രം.  

മനുഷ്യ സാഹോദര്യത്തിന്‍റെ പ്രഖ്യാപന പ്രമാണത്തിന്‍റെ ഒന്നാം വാർഷീകം ആചരിക്കപ്പെട്ടു

ചരിത്രത്തിന്‍റെ നാഴിക കല്ലായികണക്കാക്കുന്ന, അബുദാബി പ്രഖ്യാപനം എന്നറിയപ്പെടുന്ന ലോകസമാധാനത്തിനും പരസ്പര സഹവർത്തിത്വത്തിനുമായുള്ള പ്രമാണരേഖയില്‍ കഴിഞ്ഞ ഫെബ്രുവരി 4ന് ഫ്രാൻസിസ് പാപ്പായും അൽ-അസ്സാറിലെ വലിയ ഇമാം അഹമ്മദ് അൽ-തയ്യിബും ചേർന്ന് ഒപ്പുവച്ചതിന്‍റെ ഒരു വർഷം പൂർത്തിയാകുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഈ പ്രമാണരേഖ ക്രിസ്തുമതവും ഇസ്ലാമും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മാത്രമല്ല, യുദ്ധങ്ങൾ അവസാനിപ്പിക്കാനും, മതങ്ങളെ അടിസ്ഥാനമാക്കി നടക്കുന്ന ഭീകരതയും ആക്രമണങ്ങളുമവസാനിപ്പിക്കാൻ സംവാദ സംസ്കാരവും, പരസ്പ്പര സഹകരണവും, അറിവും പ്രോൽസാഹിപ്പിക്കുന്ന ഒന്നായിരുന്നു. വിശ്വാസിയോടു അപരനെ സഹോദരനായി കാണാനും, കൈപിടിക്കുവാനും, സ്നേഹിക്കുവാനും, ഈ പ്രമാണരേഖയുടെ ആമുഖത്തിൽ തന്നെ ആഹ്വാനം ചെയ്യുന്നു.

തന്‍റെ UAE യിലെ അപ്പോസ്തോലിക യാത്രയുടെ അവസാനത്തിൽ നടത്തിയ അന്തർമത സമ്മേളനത്തിൽ മതങ്ങൾക്ക് ജനതതികളും സംസ്കാരങ്ങളും തമ്മിലുള്ള പാലങ്ങൾ സൃഷ്ടിക്കുന്ന കർത്തവ്യത്തിൽ നിന്ന് മാറിനില്‍ക്കാനാവില്ല എന്നും ധൈര്യത്തോടെ മനുഷ്യകുടുംബത്തെ അനുരഞ്ജനത്തിലേക്കും, പ്രത്യാശയുടേയും സമാധാനത്തിന്‍റെയും പാതയിലേക്കും നയിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും പാപ്പാ പറഞ്ഞിരുന്നു. ഫ്രാൻസിസ് പാപ്പായുടെ ഈ യാത്ര ലോകത്തിൽ മുഴുവൻ ചലനങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. ഈ സമ്മേളത്തിന്‍റെ അവസാനമാണ് മേൽപ്പറഞ്ഞ പ്രമാണം ഒപ്പുവച്ചത്.

സാഹോദര്യപ്രമാണത്തിന്‍റെ കമ്മിറ്റിയുടെ ഉൽഭവം

2019 ആഗസ്റ്റ് 20നാണ് മതങ്ങൾ തമ്മിലുള്ള സഹകരണവും സഹിഷ്ണുതയും ഉറപ്പിക്കാനുള്ള മനുഷ്യ സാഹോദര്യ പ്രമാണത്തിന്‍റെ രൂപീകരണ കമ്മിറ്റി രൂപീകരിച്ചത്. അതിൽ ക്രിസ്തീയ, ഇസ്ലാം, യഹൂദ മതപണ്ഡിതന്മാർ ഉണ്ടായിരുന്നു. പ്രാദേശീക, അന്തർദേശീയ തലങ്ങളിൽ പല പ്രായോഗിക വശങ്ങൾ ചർച്ച നടത്തിയ ശേഷമാണ് ഈ പ്രമാണം രൂപീകരിച്ചത്. ഒരു മാസത്തിനു ശേഷം സെപ്റ്റംബർ 11ന് സാന്താ മാർത്തയിൽ ഇവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ അവരോടു സാഹോദര്യത്തിന്‍റെ കൈതൊഴിലാളികളാകാൻ കൈകൾ മാത്രമല്ല ഹൃദയവും തുറന്ന് വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ഈ പ്രമാണത്തിൽ പറഞ്ഞ കാര്യങ്ങളുടെ പ്രായോഗിക നിർവ്വഹണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉന്നതതല നിർവ്വാഹക സംഘം കർദ്ദിനാൾ മിഗ്വേൽ ഏങ്കൽ അയൂസോ ഗ്വിക്സോയും (അന്തർമത സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ അദ്ധ്യക്ഷൻ) മുഹമ്മദ് അബദ് അൽ-സലാമും ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പ്രസിഡണ്ട്  അന്തോണിയോ ഗുട്ടിയരസ്സിനെ കണ്ട് ഫെബ്രുവരി 4ന് ലോക മനുഷ്യ സാഹോദര്യ ദിനമായി പ്രഖ്യാപിക്കാനുള്ള ഫ്രാൻസിസ് പാപ്പയുടേയും വലിയ ഇമാമിന്‍റെയും അഭിപ്രായം അറിയിച്ചിരുന്നു.

ഈ പ്രമാണത്തിന്‍റെ വാർഷികം പ്രമാണിച്ച് അബുദാബിയിൽ  "ആഗോള ശിക്ഷണ ഉടമ്പടി", "അബുദാബി പ്രമാണ കോൺഫറന്‍സ്" എന്ന ഒരു കൺവെൻഷനും നടത്തപ്പെട്ടു. ഫ്രാൻസിസ് പാപ്പായും അൽ-അസ്സാറിലെ വലിയ ഇമാമും തെളിയിച്ച വഴിയിൽ യാത്ര തുടരാനുള്ള സാഹചര്യം വീണ്ടും നമുക്ക് ഒരുക്കിത്തരാൻ അത് ഉപകരിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 February 2020, 16:20