തിരയുക

an Indonesian sunset an Indonesian sunset 

ദൈവത്തിലുള്ള ശരണപ്പെടല്‍ മനുഷ്യന്‍റെ ജീവിതപന്ഥാവ്!

ശരണഗീതം 16-Ɔο സങ്കീര്‍ത്തനത്തി‍ന്‍റെ പഠനം അവസാന ഭാഗം - പൊതുവായ ഒരവലോകനം ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

16-‍Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം - സമാപനം

1. ശരണം ഒരു മാനുഷികഭാവം
മനുഷ്യാസ്തിത്വത്തിന്‍റെ ഭാഗമാണ് ദൈവത്തിലുള്ള ശരണപ്പെടല്‍. കാരണം, ദൈവത്തില്‍ ദൃഷ്ടികള്‍ പതിച്ചു ജീവിക്കുന്നവന്‍ നേരായ വഴിയെ ചരിക്കുന്നു. അയാള്‍ ജീവിതം സന്തോഷത്തോടെ ചെലവഴിക്കുകയും, ജീവിതത്തില്‍ അയാള്‍ പരമവും ശാശ്വതവുമായ ലക്ഷ്യങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു. ശരണം എന്ന വാക്ക് തെറ്റിദ്ധരിക്കപ്പെടുന്നതാണ്. ദൈവത്തില്‍ ശരണപ്പെട്ടു ജീവിക്കുന്നവന്‍ എന്നു പറയുമ്പോള്‍ പൊതുവെ ഒരു നിഷേധാത്മകമായ ധാരണയാണ് പലരുടെയും മനസ്സിലുള്ളത്. മറ്റെല്ലാ വഴികളും മുടങ്ങിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ മുട്ടിക്കഴിയുമ്പോള്‍ ഗതിയില്ലാതെ ദൈവത്തിങ്കലേയ്ക്കു തിരിയുന്നവനെന്ന്, ശരണത്തെക്കുറിച്ച് നിഷേധാത്മകമായ ഒരു ധ്വനി പലരുടേയും മനസ്സിലുണ്ട്. സൃഷ്ടിയായ മനുഷ്യന്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചും, അവിടുന്നില്‍ ആശ്രയിച്ചും അനുദിനം നേരായ പാതയില്‍ ജീവിതം മുന്നോട്ടു നയിക്കുന്നതാണ് ശരണപ്പെടല്‍. അങ്ങനെയുള്ള വ്യക്തിയുടെ ജീവിതത്തില്‍ ഒരു ആത്മീയ ആനന്ദം തെളിഞ്ഞുവരും. അതിനാല്‍ ഏറെ ശുഭപ്രതീക്ഷയുള്ള ഒരു ഭക്തന്‍റെയും വിശ്വാസിയുടെയും മനസ്സും ജീവിതവുമാണ് ശരണമെന്ന് പൊതുവായ അവലോകനത്തില്‍ നമുക്കു സ്ഥാപിക്കാം.

Recitation Ps. 16
ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാനങ്ങയില്‍ ശരണംവയ്ക്കുന്നു.
അവിടുന്നാണ് എന്‍റെ കര്‍ത്താവ്,
അങ്ങില്‍നിന്നല്ലാതെ എനിക്കു നന്മയില്ല.

2. ശരണം - ദൈവിക സംരക്ഷണവും അഭയവും
ദൈവമേ, ഞാനങ്ങില്‍ ശരണം തേടുന്നു എന്നത് ഈ ശരണഗീതത്തിലെ ശ്രദ്ധേയമായ വരിയാണ്.  ദൈവത്തിന്‍റെ വിശേഷണങ്ങളില്‍ ഒന്നാണ് സംരക്ഷകന്‍, സംരക്ഷണം. മനുഷ്യന്‍റെ ഏതു ജീവിതസാഹചരങ്ങളിലേയ്ക്കും – അത് ആനന്ദമായാലും ദുഃഖമായാലും, പ്രശാന്തതയായാലും കലങ്ങിമറിഞ്ഞ ജീവിതമായാലും ദൈവം അവിടേയ്ക്കു കടന്നുവരുന്നു. അവിടെ ദൈവിക സാന്നിദ്ധ്യമുണ്ട്. അവിടെ ദൈവമുണ്ട്. നീതിനിഷ്ഠരായവര്‍ക്ക് ദൈവമാണ് എന്നും അഭയസ്ഥാനവും അഭയശിലയും. ദൈവമാണ് അവര്‍ക്കു നാഥന്‍! ഹെബ്രായ ഭാഷയില്‍ (Adonai) “അദൊണായ്…!” എന്ന വാക്കിന് അര്‍ത്ഥം Master! - നാഥനും രക്ഷകനുമായവന്‍ എന്നാണ്. അതായത് വ്യക്തിയുടെ ജീവിതത്തെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നവന്‍ ദൈവമാണ്. പഴയനിയമത്തിന്‍റെ മൂലരചനകളില്‍ ഉപയോഗിച്ചിരിക്കുന്നതും, ഇസ്രായേലില്‍ നിലനിന്നിരുന്നതുമായ യാഹ്വേ Yahweh, ഏലോഹിം Eloihim എന്നീ പ്രയോഗങ്ങളും, സങ്കീര്‍ത്തനം 16-ല്‍, ഈ ശരണഗീതത്തില്‍ സങ്കീ‍ത്തകന്‍ പ്രത്യേകമായി ഉപയോഗിച്ചിരിക്കുന്നതുമായ ഏല്‍ El എന്നെുള്ള മൂലപദങ്ങള്‍ സര്‍വ്വശക്തനും സര്‍വ്വാധീശനുമായ ദൈവത്തെ വാക്കുകളില്‍ വരച്ചുകാട്ടുന്നു. സങ്കീര്‍ത്തകന്‍ ദൈവത്തില്‍ സ്വയം ശരണം തേടുകയും, ശരണപ്പെടുവാന്‍ തന്‍റെ അനുവാചകരെ ക്ഷണിക്കുകയും ചെയ്യുന്നു.

Musical version of Psalm 16
ദൈവമേ, കാത്തുകൊള്ളേണമേ
ഞാനങ്ങില്‍ ശരണംവയ്ക്കുന്നു
അവിടുന്നാണന്‍റെ കര്‍ത്താവ്
അങ്ങില്‍നിന്നല്ലാതെ എനിക്ക് നന്മയില്ല (2)
- കര്‍ത്താവാണെന്‍

3. ദൈവം നന്മയുടെ സ്രോതസ്സ്
ഈ സങ്കീ‍ര്‍ത്തന വരികളിലെ മനോഹരമായ മറ്റൊരു പ്രയോഗമാണ്, “ദൈവമാണ് രക്ഷയുടെ സ്രോതസ്സ്…” എന്ന ചിന്ത! ശരണഭാവം തന്നെയാണിത്.
Recitation of Ps. 16.
ദൈവമേ, കാത്തുകൊള്ളണമേ, ഞാന്‍ അങ്ങില്‍ ശരണം തേടുന്നു
അങ്ങില്‍നിന്നല്ലാതെ എനിക്കു നന്മയില്ല, രക്ഷയില്ല!

ഏറെ ഹൃദയസ്പര്‍ശിയായ പ്രയോഗമാണിത്. ലോകത്ത് ഏതൊരു വ്യക്തിയുടെയും തിരിച്ചറിവായിരിക്കണം ഇതെന്ന നിഗമനം പൊതുവായ അവലോകനത്തില്‍ നമുക്കു ഉള്‍ക്കൊള്ളാവുന്നതാണ്. “ദൈവത്തില്‍നിന്നല്ലാതെ എനിക്കു നന്മയില്ല, ദൈവമില്ലാതെ എനിക്കു രക്ഷയില്ല!” അവിടുത്തെ സൃഷ്ടികളായ മനുഷ്യര്‍, സ്വന്തം കഴിവുകളില്‍ മാത്രം ആശ്രയിച്ച് എത്ര നന്നായി ജീവിക്കുന്നുവെന്നു പറഞ്ഞാലും അത് നന്മയാവില്ല. ദൈവത്തോടു വിധേയത്വവും അനുസരണയുമില്ലാതെ നാം നന്മയുള്ളവര്‍ ആകുന്നില്ല. കാരണം മനുഷ്യന്‍ ദൈവികജീവന്‍റെ ഭാഗമാണ്. മനുഷ്യന്‍റെ അസ്തിത്വം ദൈവത്തില്‍നിന്നാണ്. അതിനാല്‍ മനുഷ്യര്‍ സര്‍വ്വനന്മയായ ദൈവത്തില്‍ പങ്കുചേരണം! ഇതാണ് മനുഷ്യന്‍റെ നന്മയും, ജീവനും, രക്ഷയും! അനന്ത നന്മയും, അനാദിയുമായ ദൈവം മനുഷ്യരായ നമ്മുടെ സദ്ചൈയ്തികളില്‍ സമ്പൂര്‍ണ്ണമായും പ്രീതിജനകനായിരിക്കുന്നുവെന്ന് ചിന്തിക്കരുത്. അവിടുന്ന് അനന്ത നന്മയാണെങ്കില്‍ അവിടുത്തെ ഉള്‍ക്കൊണ്ടും, അവിടുന്നില്‍ ശരണപ്പെട്ടും ജീവിക്കുന്നതാണ് ജീവിതവിജയം.

മാനുഷിക നന്മ അവിടുത്തെ അനന്ത മഹിമാവിനെ വളര്‍ത്തുകയോ, വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നില്ല. സൃഷ്ടികളും നിസ്സാരരുമായ മനുഷ്യര്‍ ദൈവികനന്മ ഉള്‍ക്കൊണ്ടു ജീവിക്കുവാനും അവിടുത്തെ ദൈവികനന്മയ്ക്ക് അനുസൃതമായി നമ്മുടെ സമൂഹത്തെയും, ചുറ്റുപാടുകളെയും, സഹജീവികളെയും സൃഷ്ടിജാലങ്ങളെയും ആദരിച്ചും, അവയ്ക്ക് അനുഗുണമായി ജീവിക്കുകയും, ജീവനെ പരിചരിക്കുകയുമാണ് ചെയ്യേണ്ടത്. സൃഷ്ടിയെ നന്മയ്ക്കായി ഉപയോഗിക്കുവാനും, അവയുടെ നിലനില്പിനും സംരക്ഷണയ്ക്കും, വളര്‍ച്ചയ്ക്കുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാനും സാധിക്കുമ്പോള്‍ മനുഷ്യന്‍ ദൈവത്തിന്‍റെ പ്രാപഞ്ചിക നന്മയുടെയും അനന്തനന്മയുടെയും ഭാഗമായി ഭവിക്കുകയും ജീവിതം സാഫല്യമണിയുകയും ചെയ്യും.

Musical version of Psalm 16
ദൈവമേ ഞാനങ്ങേ വാഴ്ത്തുന്നു
എന്‍റെ അന്തരംഗമങ്ങില്‍‍ നിറയുന്നു
കര്‍ത്താവെപ്പോഴുമെന്‍റെ കണ്‍മുന്‍പിലുണ്ട്
ഞാന്‍ തെല്ലും കുലുങ്ങുകയില്ല (2).
- കര്‍ത്താവാണെന്‍

4. ദൈവിക ഐക്യത്തിന്‍റെ ഫലപ്രാപ്തി
രക്ഷ ദൈവിക ദാനവും, അതു സകലര്‍ക്കുമുള്ളതുമാണ്. അത് ഒരു സമൂഹത്തിനോ, ഒരു സഭയ്ക്കോ മാത്രമായി സംവരണം ചെയ്തിരിക്കുന്നുവെന്ന ചിന്ത മൗഢ്യമാണ്! കാരണം, സകല ജീവജാലങ്ങളും ദൈവത്തെ സ്തുതിക്കുകയാണ്! “ദൈവമേ, അങ്ങെത്ര മഹോന്നതനാണ്!” (സങ്കീ.8) എന്ന് സങ്കീര്‍ത്തകന്‍ ഒറ്റവാക്കില്‍ വിളിച്ചോതുകയും, പ്രാപഞ്ചിക മഹിമാവിനെ ധ്യാനിച്ച് ആശ്ചര്യപ്പെടുകയും ചെയ്യുമ്പോള്‍, ദൈവത്തിന്‍റെ മുന്നില്‍ മനുഷ്യര്‍ നിസ്സാരരാണെന്നും, ദൈവികനന്മകളും അവിടുത്തെ കരവിരുതും ഈ പ്രപഞ്ചമാസകലം തിങ്ങിനില്ക്കുകയും, പ്രപഞ്ചത്തെ ദൈവം പരിപാലിക്കുകയും, നയിക്കുകയും ചെയ്യുന്നുവെന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപാടുകയുമാണ് ചെയ്യുന്നത്.

ശരണഗീതത്തില്‍ ദൈവം മനുഷ്യജീവിതത്തിന്‍റെ ഓഹരിയും ഭാഗധേയവുമാണെന്ന് സങ്കീര്‍ത്തകന്‍ ആലപിക്കുമ്പോള്‍, തന്നെ അനുദിനം പരിപാലിക്കുകയും, അന്നപാനങ്ങള്‍ തനിക്കായ് നല്കുകയും ചെയ്യുന്ന ദൈവത്തെ ഗായകന്‍ ഓര്‍ക്കുകയും, സ്തുതിക്കുകയും, മഹത്വപ്പെടുത്തുകയും ചെയ്യുകയാണ്! ദൈവം ഓരോ ദിനത്തിലും നമ്മെ പരിപാലിക്കുന്നു എന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപറയുകയും ചെയ്യുന്നു. ദൈവം തന്ന ആയുസ്സും, നമ്മെ അവിടുന്നു പാര്‍പ്പിച്ച ഇടമായ പൊതുഭവനവും അവിടുത്തെ ദാനമാണെന്ന ചിന്തയില്‍ നന്ദിയുള്ളവരായും അവിടുന്നില്‍ ശരണപ്പെട്ടും അത് സകലരുമായി പങ്കുവച്ചും ജീവിക്കുകയാണ് ധര്‍മ്മം!

Musical version of Psalm 16
ദൈവമേ, കാത്തുകൊള്ളേണമേ
ഞാനങ്ങില്‍ ശരണംവയ്ക്കുന്നു
അവിടുന്നാണന്‍റെ കാര്‍ത്താവ്
അങ്ങില്‍നിന്നല്ലാതെ എനിക്ക് നന്മയില്ല (2)
- കര്‍ത്താവാണെന്‍

5. വിശ്വസിക്കുന്നവര്‍ക്ക് രക്ഷയും നവജീവനും
നീതിമാന്‍ വിശ്വാസത്തില്‍ വിജയമണിയും, ദൈവത്തിലുള്ള ശരണപ്പെടല്‍ അവന് രക്ഷയായ് ഭവിക്കുമെന്ന് സങ്കീര്‍ത്തകന്‍ ഉറപ്പുതരുന്നു. നിരൂപകന്മാരുടെ നവമായ കാഴ്ചപ്പാടില്‍ സങ്കീര്‍ത്തനം 16, അതിന്‍റെ പരിസമാപ്തിയില്‍ ക്രിസ്തുവിലേയ്ക്കും, അവിടുത്തെ നവീനതയായ പുതിയ ഉടമ്പടിയുടെ നവജീവനിലേയ്ക്കും മനുഷ്യകുലത്തെ മാടിവിളിക്കുകയും, സകലര്‍ക്കും നവമായ പ്രത്യാശ പകരുകയും ചെയ്യുന്നുണ്ട്. മനുഷ്യന്‍ പിറവിയെടുക്കുന്നതും, ജീവിക്കുന്നതും, അവസാനം ജീവിതാന്ത്യത്തില്‍ ദൈവത്തില്‍ വിലയംപ്രാപിക്കുന്നതും ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലാണ്. പുതിയ നിയമത്തിന്‍റെ പ്രത്യാശപകരുന്ന ഉടമ്പടിയിലേയ്ക്കുമാണ് ഈ ചിന്തകള്‍ നമ്മെ നയിക്കുന്നത്. ക്രിസ്തുവില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്കുള്ള പ്രത്യാശയും, ശരണവും, ജീവിതമാര്‍ഗ്ഗമാണ്. അതിനാല്‍ അവസാനമായി പുനരുത്ഥാനത്തിന്‍റെ നവജീവനും, മഹത്വമാര്‍ന്ന ദൈവികജീവനിലെ പങ്കാളിത്തവും സങ്കീര്‍ത്തനം 16-ന്‍റെ തനിമയും സവിശേഷതയുമായി ഈ പഠനത്തിന്‍റെ അവസാനത്തില്‍ നമുക്കു മനസ്സിലാക്കാം.

Musical version of Psalm 16
ദൈവമേ, എന്‍റെ ഹൃദയമങ്ങില്‍ സന്തോഷിക്കും
എന്‍റെ അന്തഃരംഗം കര്‍ത്താവില്‍ ‍ആനന്ദിക്കും
എന്‍റെ ദേഹം കര്‍ത്താവില്‍ സുരക്ഷിതമായ് വിശ്രമിക്കും
അവിടുന്നൊരിക്കലും എന്നെ ഉപേക്ഷിക്കുകയില്ല.
- കര്‍ത്താവാണെന്‍

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരികൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

അടുത്ത ആഴ്ചയില്‍ ഒരു കൃതജ്ഞതാ സങ്കീര്‍ത്തനത്തിന്‍റെ (Psalm of Thanksgiving)  പഠനം ആരംഭിക്കാം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 February 2020, 17:32