ബാരി സമാധാന സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. പാപ്പാ ഫ്രാന്‍സിസിന്‍റെ കാര്‍മ്മികത്വത്തിലെ
ദിവ്യബലിയും ത്രികാലപ്രാര്‍ത്ഥനയും
ഫെബ്രുവരി 19-മുതല്‍ അഞ്ചു ദിവസം നീളുന്ന വിചിന്തനത്തിന്‍റെയും ആത്മീയതയുടെയും സംഗമത്തിന്‍റെ അന്ത്യത്തില്‍ ഫെബ്രുവരി 23-Ɔο തിയതി ഞായറാഴ്ച രാവിലെയാണ് (പ്രാദേശിക സമയം രാവിലെ 10.45-ന്) പാപ്പാ ഫ്രാന്‍സിസ് ബാരിയില്‍ എത്തുന്നത്. സമ്മേളനത്തിലെ സഭാ നേതൃത്വത്തോടും, ക്രൈസ്തവ കൂട്ടായ്മയോടും, വിശ്വാസ സമൂഹത്തോടും ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് മെഡിറ്ററേനിയന്‍ പ്രവിശ്യയുടെ സമാധാന സംസ്കാരത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് സമൂഹബലിയര്‍പ്പിക്കും. തുടര്‍ന്ന് ത്രികാലപ്രാര്‍ത്ഥനയ്ക്കും നേതൃത്വംനല്കും.
2. മെഡിറ്ററേനിയന്‍ പ്രവിശ്യയിലെ
സാഹോദര്യത്തിന്‍റെ സ്വതന്ത്രമായ ചുവടുവയ്പ്
മെഡിറ്ററേനിയന്‍ രാജ്യങ്ങളിലേയ്ക്കും, അതു കടന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും കുടിയേറ്റക്കാരായും എത്തുന്നവര്‍ നിരവധിയാണ്. മദ്ധ്യപൂര്‍വ്വദേശത്തുനിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള പ്രയാണത്തില്‍ കടല്‍കടക്കവെ അപകടത്തില്‍പ്പെടുന്നവര്‍ക്കും കണക്കില്ലാതായിട്ടുണ്ട്. ഇങ്ങനെയുള്ളൊരു സാഹചര്യത്തില്‍ സഹായം തേടിയെത്തുന്ന പാവങ്ങളായവരുടെ പ്രതീക്ഷകള്‍ക്ക് ശബ്ദംനല്കുക എന്ന ലക്ഷ്യവുമായിട്ടാണ് “മെഡിറ്ററേനിയന്‍, സമാധാനത്തിന്‍റെ അതിര്‍ത്തി” എന്ന സംഗമം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകരായ ഇറ്റലിയുടെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി സമിതിയുടെ അദ്ധ്യക്ഷനും പെറൂജിയയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസേത്തി ഫെബ്രുവരി 12-Ɔο തിയതി ബുധനാഴ്ച റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
3. മരണസംസ്കാരത്തില്‍നിന്ന്
സമാധാനസംസ്കാരത്തിലേയ്ക്ക് വളരാന്‍
മെഡിറ്ററേനിയന്‍ പ്രവിശ്യയിലെ മരണസംസ്കാരത്തെ ഇല്ലാതാക്കി സമാധന മേഖലയാക്കി മാറ്റാനുള്ള പരിശ്രമത്തിന്‍റെ ഭാഗമാണ് ഈ രാജ്യാന്തര സമാധാന സംഗമമെന്നും, ഇതില്‍ മെത്രാന്മാരും പാത്രിയര്‍ക്കിസ്മാരും ഇതര സഭാദ്ധ്യക്ഷന്മാരും, സന്നദ്ധസംഘടന പ്രതിനിധികളുമായി 58 പേര്‍ പങ്കെടുക്കുമെന്നും കര്‍ദ്ദിനാള്‍ ബസേത്തി പറഞ്ഞു. മെഡിറ്ററേനിയന്‍ പ്രവിശ്യയിലെ പ്രശ്നങ്ങള്‍ക്ക് സമാധാനപരവും അജപാലനപരവുമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രത്യാശയോടെയും ദൈവത്തില്‍ ഉറച്ചു ശരണപ്പെട്ടുകൊണ്ടുമാണ് ഈ മാനവിക പ്രതിസന്ധിയെ നേരിടാന്‍ ഇറ്റലിയിലെ സഭയും, മറ്റു സമീപനാടുകളിലെ ക്രൈസ്തവ നേതൃത്വവും സാമൂഹ്യപ്രമുഖരും കൈകോര്‍ത്തു പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധമാകുന്നതെന്ന് കര്‍ദ്ദിനാള്‍ ബസേത്തി കൂട്ടിച്ചേര്‍ത്തു.
4. സമാധാനം സഭയുടെ ലക്ഷ്യം
മെഡിറ്ററേനിയന്‍ പ്രവിശ്യയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധികളുടെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ സഭ കണ്ണടയ്ക്കാതെ, പ്രശ്നങ്ങള്‍ ആഴമായി മനസ്സിലാക്കുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുകയുമാണ് വേണ്ടതെന്ന് കര്‍ദ്ദിനാള്‍ ബസേത്തി പ്രസ്താവിച്ചു. അനുരഞ്ജനത്തിന്‍റെയും ക്ഷമയുടേയും മാര്‍ഗ്ഗമാണ് കൈക്കൊള്ളേണ്ടതെന്നും, സംവാദത്തിന്‍റെ സംസ്കാരത്തിലൂടെ സമാധാനം വളര്‍ത്തിയെടുക്കാനാവും എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നയത്തോട് അനുകൂലിച്ചുകൊണ്ടുമാണ് ഈ സംഗമം സംഘടിപ്പിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ബസേത്തി വ്യക്തമാക്കി. ഇറ്റലിയുടെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും സമാധാനത്തിന്‍റെ പ്രയോക്താവുമായിരുന്ന ജോര്‍ജിയോ ലാ പീരയുടെ (1904-1977) സമാധാനശ്രമങ്ങള്‍ സാമൂഹിക ലക്ഷ്യമുള്ള ഈ സമ്മേളനത്തെ ഉത്തേജിപ്പിക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ബസേത്തി കൂട്ടിച്ചേര്‍ത്തു.
5. ബാരി പട്ടണം – കിഴക്കിനെയും
പടിഞ്ഞാറിനെയും സന്ധിപ്പിക്കുന്ന പാലം
കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പാലമാണ് തെക്കെ ഇറ്റലിയുടെ പടിഞ്ഞാറന്‍ തിരത്ത് മെഡിറ്ററേനിയനോടു തോളുരുമ്മി കിടക്കുന്ന ബാരി പുരാതനപട്ടണം. മദ്ധ്യപൂര്‍വ്വദേശവും, ആഫ്രിക്ക ഭൂഖണ്ഡവും, പടിഞ്ഞാറന്‍ യൂറോപ്പും സ്പര്‍ശിക്കുന്ന മെഡിറ്ററേനിയന്‍റെ സംഗമവേദിയാണ് പൂളിയ ജില്ലയുടെ ആസ്ഥാനമായ ബാരി, കിഴക്കിനെയും പടിഞ്ഞാറിനെയും സന്ധിപ്പിക്കുന്ന പാലം. ലോകത്ത് ഏറെ വണക്കപ്പെടുന്ന സാന്താക്ലോസ് എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന വിശുദ്ധ നിക്കോളസിന്‍റെ ആസ്ഥാനവും ബാരി പട്ടണമാണ്. അങ്ങനെ ഭൂമിശാസ്ത്രപരമായും ആത്മീയമായും തന്ത്രപരമായും ബാരി സമാധാനത്തിന്‍റെ സംഗമവേദിയും കൂട്ടായ്മയുടെ പാലവുമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ ബസേത്തിയുടെ സഹായിയായി എത്തിയ ബാരി-ബിത്തോന്തോ രൂപതയുടെ മെത്രാന്‍, ബിഷപ്പ് ഫ്രാന്‍ചേസ്കൊ കക്കൂച്ചി അഭിപ്രായപ്പെട്ടു.