തിരയുക

2020.02.28 ciotola di riso 2020.02.28 ciotola di riso  

മാതൃകയാക്കാവുന്ന അമേരിക്കന്‍ തപസ്സുകാലപദ്ധതി

മാതൃകയാക്കാവുന്ന അമേരിക്കയിലെ മെത്രാന്മാരുടെ തപസ്സുകാലത്തെ “ഒരുപിടിച്ചോറു പദ്ധതി” “A bowl of Rice”.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. തപസ്സുകാലത്തെ സല്‍പ്രവൃത്തി
ആഗോള തലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിന്‍റെ വെല്ലുവിളിയെ നേരിടുക, ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തപസ്സാരംഭത്തോടെ അമേരിക്കയിലെ മെത്രാന്മാന്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക ദുരിതാശ്വാസ സേവനസഖ്യം (CRS-Catholic Relief Services) എന്ന ദേശീയ സംഘടന “ഒരു പിടിച്ചോറു പദ്ധതി”ക്ക് തുടക്കമിട്ടതെന്ന് പ്രസി‍ഡന്‍റ് ഷോണ്‍ ക്യാലഹന്‍ ഫെബ്രുവരി 26-Ɔο തിയതി പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെ അറിയിച്ചു.

2. “ഒരു പിടിച്ചോറു പദ്ധതി”
“ഒരു പിടിച്ചോറു പദ്ധതി”യില്‍ സഹകരിക്കുന്ന അമേരിക്കയില്‍ ആകമാനമുള്ള കത്തോലിക്കാ കുടുംബങ്ങളിലേയ്ക്ക് തപസ്സാരംഭത്തിനു മുന്നേതന്നെ ഒരോ വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടി വീതം എത്തിച്ചു കഴിഞ്ഞു. അതില്‍ ഓരോ കുടുംബവും ത്യാഗപൂര്‍വ്വം ഈ തപസ്സുകാലത്തു മാറ്റിവയ്ക്കുന്ന വസ്ത്രം, സാധനസാമഗ്രികള്‍, കളിപ്പാട്ടങ്ങള്‍, മോശമാകാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ സി.ആര്‍.എസ്സ്. യൂണിറ്റുകള്‍ ഈസ്റ്റര്‍ മഹോത്സവത്തോടെ ശേഖരിച്ച്, അവ തരംതരിച്ച് ഏകോപിച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് പ്രസ്താവന വ്യക്തമാക്കി. “ഒരു പിടിച്ചോറ്” എന്ന ഈ തപസ്സുകാല സംരംഭം ഇപ്പോള്‍ 45 പാവപ്പെട്ട രാജ്യങ്ങളെ പിന്‍തുണയ്ക്കുന്ന ലക്ഷ്യത്തില്‍ വ്യാപൃതമാണെന്നും പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് ഷോണ്‍ ക്യാലഹന്‍ വ്യക്തമാക്കി.

3. “ഒരു പിടിച്ചോറി”ന് ഒരു ബദല്‍പദ്ധതി
കാര്‍ഡ്ബോര്‍ഡ് ബോക്സ് ശേഖരണത്തില്‍ താല്പര്യമില്ലാത്തവര്‍ക്ക്
40 ദിവസത്തെ തപസ്സിലെ ഓരോ ദിനത്തിലും ഒരു ഡോളര്‍വീതം മാറ്റിവയ്ക്കാനുള്ള ബദല്‍ പരിപാടികളും നേരിട്ടും, ഓണ്‍ലൈനിലും സംഘടന ഇടവക ഓഫീസുകള്‍വഴി സജ്ജമാക്കിയിട്ടുണ്ടെന്ന് ഷോണ്‍ ക്യാലഹന്‍ വ്യക്തമാക്കി.

4. പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലേയ്ക്ക്
ഒരെത്തിനോട്ടം

വിശ്വാസം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ കത്തോലിക്ക മെത്രാന്‍ സമിതി 1943-ല്‍ സ്ഥാപിച്ചതാണ് കത്തോലിക്ക ദുരിതാശ്വാസ സേവനസഖ്യം (Catholic Relief Service CRS). രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകത്തെ വിവിധ രാജ്യങ്ങളില്‍ കണ്ട മനുഷ്യയാതനകളോട് അമേരിക്കയിലെ കത്തോലിക്കരുടെ പ്രകടമായ സഹോദര്യ സ്പന്ദനമായിരുന്നു സി.ആര്‍.എസ് (CRS) എന്നപേരില്‍ വിഖ്യാതമായ പ്രസ്ഥാനം. സ്വാതന്ത്യത്തിനുശേഷം ഭാരതത്തില്‍ നിലനിന്ന ദാരിദ്ര്യാവസ്ഥയില്‍ അമേരിക്കയുടെ സിആര്‍എസ്സ് ഇന്ത്യ ഒട്ടാകെ കത്തോലിക്കാ ഇടവകകള്‍ വഴിയും സംഘടനകള്‍ വഴിയും 30 വര്‍ഷക്കാലത്തില്‍ അധികം സഹായമെത്തിച്ചിട്ടുള്ളത് രേഖാങ്കിതമല്ലാത്ത ചരിത്രമാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 February 2020, 09:23