തിരയുക

2020.02.14 Eamon Martin Arcivescovo presidente della conferenza episcopale irlandese. risposta alla Querida Amazzonia, esortazione apostolica di papa francesco. 2020.02.14 Eamon Martin Arcivescovo presidente della conferenza episcopale irlandese. risposta alla Querida Amazzonia, esortazione apostolica di papa francesco. 

“പ്രിയ ആമസോണ്‍” : സഭയെ ആകമാനം പ്രചോദിപ്പിക്കുന്ന പ്രബോധനം

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച “പ്രിയ ആമസോണി”നെക്കുറിച്ച് (Querida Amazonia) അയര്‍ലണ്ടിലെ മെത്രാന്മാര്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. “പ്രിയ ആമസോണ്‍” ആമസോണ്‍ സിനഡിനുശേഷം
പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം

ആമസോണ്‍ സിനഡിനുശേഷം ഫെബ്രുവരി 12- Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക ലിഖിതം “പ്രിയ ആമസോണി”നെക്കുറിച്ചു നടത്തിയ പ്രതികരണത്തിലാണ് അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഈമോണ്‍ മാര്‍ട്ടിന്‍ ഇങ്ങനെ പ്രതികരിച്ചത്. പാപ്പായുടെ നവമായ ഈ പ്രബോധനം ആമസോണ്‍ പ്രവിശ്യയിലെ ജനങ്ങളെ മാത്രമല്ല, ലോകത്തെ സകലരെയും സ്പര്‍ശിക്കുന്നതാണ്. പ്രകൃതിയോടും, അതിലെ സമ്പന്നമായ സ്രോതസ്സുകളോടും, അതില്‍വസിക്കുന്ന ജനതകളോടും നീതിയും അന്തസ്സും ആദരവും പുലര്‍ത്തുന്ന സകലരോടും സൃഷ്ടിയെ സംരക്ഷിക്കണം എന്ന വലിയ ഉത്തരവാദിത്വത്തെക്കുറിച്ചാണ് പാപ്പാ ഫ്രാന്‍സിസ് പ്രബോധനത്തിലൂടെ സംസാരിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഈമോണ്‍ പ്രസ്താവിച്ചു.

2. സൃഷ്ടിയെ സ്നേഹിക്കുകയും
സംരക്ഷിക്കുകയുംചെയ്യുന്ന വരുംതലമുറ

സൃഷ്ടിയെയും ജീവനെയും സംരക്ഷിക്കുന്ന വിധത്തില്‍ വരും തലമുറയെ പഠിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഈമോണ്‍ പാപ്പായുടെ പ്രബോധനത്തെ അധികരിച്ച് ചൂണ്ടിക്കാട്ടി. ഭാവിതലമുറയ്ക്ക് സ്വസ്ഥമായും സ്വൈര്യമായും ജീവിക്കാന്‍ സഹായകമാകും വിധത്തില്‍ പൊതുഭവനമായ ഭൂമി സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ കാലാവസ്ഥക്കെടുതി, വരള്‍ച്ച, പ്രകൃതിവിനാശം, വിളനാശം, ജലക്ഷാമം, അന്തരീക്ഷമലിനീകരണം എന്നിങ്ങനെ ബഹുമുഖങ്ങളായ കെടുതികളാല്‍ ഭൂമി വാസയോഗ്യമല്ലാതായിത്തീരുമെന്ന് ആമസോണ്‍ പ്രവിശ്യയുടെ അടിയന്തിരാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പാ ലോകത്തെ ഉദ്ബോധിപ്പിക്കുകയാണെന്ന് അര്‍മാഗ് അതിരൂപതയുടെ മെത്രാപ്പോലീത്തകൂടിയായ ആര്‍ച്ചുബിഷപ്പ് ഈമോണ്‍ അഭിപ്രായപ്പെട്ടു.

3. ഭൂമിയെ സംരക്ഷിക്കാനെത്തിയ 
പ്രവാചകശബ്ദം

തന്‍റെ ലളിതവും സുഗ്രാഹ്യവുമായ ശൈലിയിലുള്ള വിശദീകരണത്തിലൂടെ ഇന്ന് ലോകജനത നേരിടുന്ന പാരിസ്ഥിതികവും മാനവികവുമായ വന്‍വിനാശങ്ങളെ പാപ്പാ ചൂണ്ടിക്കാണിക്കുകയാണ്. ഇന്നു നാം നേരിടുന്ന പാരിസ്ഥിതികമായ പ്രതിസന്ധികള്‍ വര്‍ദ്ധിച്ചുവരുന്ന സാമൂഹിക കലാപങ്ങളും, ലോകത്ത് മനുഷ്യര്‍ അനുഭവിക്കുന്ന ദാരിദ്യം, സാമ്പത്തിക അസമത്വം, അനീതി, മനുഷ്യാവകാശ ലംഘനത്തിന്‍റെ അതിക്രമങ്ങള്‍ എന്നിവയുമായി കെട്ടുപിണഞ്ഞു കിടക്കുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നത് ഈ പ്രബോധനത്തിന്‍റെ ഹൃദയസ്പര്‍ശിയായ ഭാഗമായി ആര്‍ച്ചുബിഷപ്പ് ഈമോണ്‍ പ്രസ്താവനയില്‍ ഉദ്ധരിച്ചു.

4. സമര്‍പ്പിതരായ മിഷണറിമാര്‍ 
സഭയുടെ  അടിയന്തിരമായ ആവശ്യം

സഭയിലെ അല്‍മായര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ഈ സാമൂഹിക പ്രതിസന്ധികളുടെ ദൂരികരണത്തിനായി സഹകരിക്കണമെന്നും, തദ്ദേശജനതകള്‍, ആമസോണിലെന്നപോലെ ലോകത്ത് എവിടെല്ലാം അനീതിയും, പീഡനവും ചൂഷണവും അനുഭവിക്കുന്നുണ്ടോ അവിടെയ്ക്കെല്ലാം പ്രാദേശിക സഭകളില്‍നിന്നും ദൈവവിളികളെ പ്രോത്സാഹിപ്പിച്ച് മിഷണറികളായി അയയ്ക്കണമെന്നും ആര്‍ച്ചുബിഷപ്പ് ഈമോണ്‍ അഭിപ്രായപ്പെട്ടു. പാപ്പാ ഫ്രാന്‍സിസിന്‍റെ “പ്രിയ ആമസോണ്‍” എന്ന പ്രബോധനത്തിന്‍റെ ആഹ്വാനം ഉള്‍ക്കൊണ്ട് അയര്‍ലണ്ടിലെ സഭാക്കൂട്ടായ്മകളില്‍നിന്നും 5 വര്‍ഷത്തേയ്ക്ക് പറ്റുന്നപോലെ വൈദികരെയും, സന്ന്യസ്തരെയും, അല്‍മായ മിഷണറിമാരെയും അയക്കാന്‍ തയ്യാറാവണമെന്നും പ്രസ്താവനയിലൂടെ ആര്‍ച്ചുബിഷപ്പ് ഈമോണ്‍ അയര്‍ലണ്ടിലെ സഭയോട് ആവശ്യപ്പെട്ടു.

5. ക്രിസ്തുവിന്‍റെ കാരുണ്യവദനം ദൃശ്യമാക്കാം!
ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെ വദനം നമുക്കു ചുറ്റുമുള്ള പാവങ്ങളും തദ്ദേശീയരും ദളിതരുമരായ സഹോദരങ്ങള്‍ക്ക് അനുഭവ വേദ്യമാകത്തക്കവിധം പാപ്പാ ഫ്രാന്‍സിസിന്‍റെ ആമസോണ്‍ സിനഡിനെ അധികരിച്ചുള്ള അപ്പസ്തോലിക പ്രബോധനം, “പ്രിയ ആമസോണ്‍” (Querida Amazonia) സഭാക്കൂട്ടായ്മകളും സംഘടനകളും പഠിക്കുകയും, അത് പ്രാദേശികതലത്തിലും, രൂപത, ഇടവക തലങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുകയും വേണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ഈമോണ്‍ ഫെബ്രുവരി 13-Ɔο തിയതി വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവന ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 February 2020, 11:55