തിരയുക

UAE HUMAN FRATERNITY media round table for fraternal guidelines for media world UAE HUMAN FRATERNITY media round table for fraternal guidelines for media world 

മാധ്യമവിദഗ്ദ്ധര്‍ക്കുള്ള സാഹോദര്യത്തിന്‍റെ പ്രമാണങ്ങള്‍

സാഹോദര്യം വളര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായകമാകുന്ന ധാര്‍മ്മിക മാനദണ്ഡങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സാഹോദര്യം വളര്‍ത്താന്‍
മാനവസാഹോദര്യക്കൂട്ടായ്മയുടെ പ്രായോഗിക നീക്കം

അബുദാബി മാനവസാഹോദര്യ പ്രഖ്യാപനത്തിന്‍റെ പ്രഥമ വാര്‍ഷികത്തോട് അനുബന്ധിച്ച് മാധ്യമ വിദഗ്ദ്ധര്‍ക്കു സമൂഹത്തില്‍ സാഹോദര്യം വളര്‍ത്താന്‍ ഉതകുന്ന ധാര്‍മ്മിക മാനദണ്ഡങ്ങള്‍ വിശ്വസാഹോദര്യ കമ്മറ്റി പങ്കുവച്ചു. “സാഹോദര്യത്തിന്‍റെ ആഘോഷം” എന്ന പേരില്‍ അബുദാബിയില്‍ സമ്മേളിച്ച വിശ്വസാഹോദര്യകൂട്ടായ്മയുടെ സമുന്നത കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാധ്യമലോകത്തിനും മാധ്യമവിദഗ്ദ്ധര്‍ക്കും സഹായകമാകുന്ന സാഹോദര്യത്തിന്‍റെ മാനദണ്ഡങ്ങള്‍, ഫെബ്രുവരി 4-ന് ചൊവ്വാഴ്ച അബുദാബിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലൂടെ പങ്കുവച്ചത്. വിശ്വസാഹോദര്യകൂട്ടായ്മയുടെ സമുന്നത കമ്മറ്റിയുടെ പ്രവര്‍ത്തകനും ഈജിപ്തിലെ വലിയ ഇമാമിന്‍റെ പ്രതിനിധിയുമായ പ്രഫസര്‍  മുഹമ്മദ് ഹുസ്സൈനിന്‍റെയും, കമ്മറ്റിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായ മോണ്‍സീഞ്ഞോര്‍ യൊവാന്നിസ് ഗായിദിന്‍റെയും നേതൃത്വത്തിലാണ് മാധ്യമ ലോകത്തിന് ഉതകുന്ന സാഹോദര്യത്തിന്‍റെ മാനദണ്ഡങ്ങള്‍ (Code of Ethics for Human Fraternity) വിശ്വസാഹോദര്യ കൂട്ടായ്മ അബുദാബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്.

വിശ്വസാഹോദര്യ കൂട്ടായ്മ മാധ്യമ വിദഗ്ദ്ധര്‍ക്കായ്
പങ്കുവയ്ക്കുന്ന  10 കല്പനകള്‍ :

1. ആവിഷ്ക്കാര സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്.
2. മാധ്യമവിദഗ്ദ്ധര്‍ സൗഹൃദവും, പരസ്പരാദരവും, സഹവര്‍ത്തിത്വവും വളര്‍ത്താന്‍ പരിശ്രമിക്കണം.
3. വിദ്വേഷ പ്രസംഗങ്ങളും (hate speeches) ആശയവിനിമയ രീതികളും, പ്രത്യേകിച്ച് മതങ്ങള്‍ക്ക് എതിരായിട്ടുള്ളവ പാടേ ഉപേക്ഷിക്കുക.
4. മാനവസമൂഹത്തെ ഏതെങ്കിലും വിധത്തില്‍ വിഭജിക്കുന്ന മാധ്യമ പരിപാടികള്‍ ഒഴിവാക്കുക.
5. യുദ്ധവും അതിക്രമങ്ങളും മാനവികതയെ തകര്‍ക്കുന്ന ആശയങ്ങള്‍ പ്രബോധിപ്പിക്കുക.
6. മനുഷ്യജീവന്‍റെ പരിശുദ്ധി ഉയര്‍ത്തിക്കാട്ടേണ്ട മാധ്യമങ്ങള്‍ ഒരിക്കലും രക്തച്ചൊരിച്ചിലിനെയോ, വിപ്ലവത്തെയോ, യുദ്ധത്തെയോ, ഭീകരപ്രവര്‍ത്തനങ്ങളെയോ അനുകൂലിക്കുന്ന ചിന്തകളും ചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക.
7. ആഗോളവത്കൃതമാകുന്ന ലോകത്ത് മാധ്യമങ്ങള്‍ കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും പിന്‍തുണയ്ക്കേണ്ടതാണ്.
8. എല്ലാ മാധ്യമപരിപാടികളും വാര്‍ത്തകളും മൂല്യാധിഷ്ഠിതമായിരിക്കാന്‍ ശ്രദ്ധിക്കുക.
9. മാധ്യമപരിപാടികള്‍ കുടുംബജീവിതത്തിന്‍റെ ഭദ്രത സംരക്ഷിക്കുന്നതായിരിക്കണം.
10. വ്യക്തികളെയും സമൂഹങ്ങളെയും കുറിച്ചുള്ള മുന്‍വിധികളും ‘വാര്‍പ്പുമാതൃകകളും’ (stereotypes) ഒഴിവാക്കുക.
 

06 February 2020, 18:43