ഭാരത മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനായി കർദിനാൾ ഗ്രേഷ്യസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ലത്തീന്‍, സിറോ-മലബാർ, സിറോ-മലങ്കരാ എന്ന മൂന്ന് റീത്തുകളില്‍ നിന്നുള്ള ഭാരത മെത്രാന്മാരുടെ ദ്വിവത്സര പ്ലീനറി സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഫെബ്രുവരി 17 നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 13 മുതൽ ബാംഗ്ലൂരിലാണ് തിരഞ്ഞെടുപ്പിനായി മെത്രാന്മാര്‍ ഒത്തുകൂടിയത്. കാനോനീക നിയമപ്രകാരം വിശ്രമത്തിനുള്ള 75 വയസ്സ് തികയുന്നതിനാൽ തന്‍റെ സ്ഥാനത്യാഗമറിയിച്ചു കൊണ്ട് നവംബറിൽ അയച്ച കത്തിന് മറുപടിയായി കഴിഞ്ഞ ഡിസംബർ 24 ന് 75 തികഞ്ഞ കർദ്ദിനാൾ ഗ്രേഷ്യസിനെ ബോംബെ ആർച്ചുബിഷപ്പായി ഫ്രാൻസിസ് പാപ്പാ വീണ്ടും സ്ഥിരീകരിച്ചിരുന്നു. 2007 നവംബർ 24 ന് ബെനഡിക്റ്റ് പതിനാറാമൻ പാപ്പയാണ് ഇദ്ദേഹത്തെ കർദിനാൾ പദവിയിലേക്കുയര്‍ത്തിയത്. 2013 ഏപ്രിൽ പതിമൂന്നിന് ഫ്രാൻസിസ് മാർപാപ്പായുടെ കർദിനാളന്മാരുടെ കൗൺസിൽ അംഗമായി. ഇന്ത്യയില്‍ ലത്തീൻ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനങ്ങളിൽ പലതവണ അദ്ധ്യക്ഷത വഹിച്ചതിനു പുറമേ, 2018 ഡിസംബർ 31 വരെ അദ്ദേഹം ഏഷ്യ മെത്രാന്‍ സമിതികളുടെ സംയുക്ത യോഗത്തിന്‍റെയും അദ്ധ്യക്ഷനായി ചുമതല വഹിച്ചിരുന്നു.