തിരയുക

2020.01.29 Franciscus - nuovo font digitale e tipografico 2020.01.29 Franciscus - nuovo font digitale e tipografico 

വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണത്തില്‍നിന്നും പുതിയ അക്ഷരരൂപം

വിശുദ്ധ ഫ്രാന്‍സിസിന്‍റെ നാമത്തില്‍ പുറത്തിറങ്ങിയ ആധുനികതയും പൗരാണികതയും കോര്‍ത്തിണക്കിയ അക്ഷരരൂപമാണ് - “ഫ്രാന്‍സിസ്ക്കൂസ്” .

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1.  “ഫ്രാന്‍സിസ്ക്കൂസ്” ഡിജിറ്റല്‍ അക്ഷരരൂപം
“ഫ്രാന്‍സിസ്ക്കൂസ്” (Franciscus) – അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പേരില്‍ ഒരു പുതിയ ഡിജിറ്റല്‍ അക്ഷരരൂപം (Typographic Digital Font) പ്രകാശിതമായി. കലാപരവും പൗരാണികഭംഗിയും സമകാലീനശൈലി ഉള്‍ക്കൊള്ളുന്നതുമായ തനതായ ഒരു അക്ഷരരൂപം (typographic font) രൂപകല്പനചെയ്ത് സഭ പ്രകാശനംചെയ്യുന്നത് ഇത് ചരിത്രത്തില്‍ ആദ്യമാണ്. വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍നിന്നും ഫ്രാന്‍സിസ്കന്‍ സഭാംഗങ്ങള്‍ പ്രസിദ്ധീകരിക്കുന്ന “വിശുദ്ധ ഫ്രാന്‍സിസ്” (Saint Francis) എന്ന ബഹുഭാഷാ പ്രതിമാസ പ്രസിദ്ധീകരണത്തിന്‍റെ 100-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് എഡിറ്റോറിയല്‍ വിഭാഗം കലാകാരന്മാരോടു ചേര്‍ന്ന് കലാമേന്മയുള്ള പുതിയ അക്ഷരരൂപം “ഫ്രാന്‍സിസ്ക്കൂസ്” രൂപകല്പനചെയ്ത് പുറത്തിറക്കിയതെന്ന് ജനുവരി 28-Ɔο തിയതി ചൊവ്വാഴ്ച അസ്സീസിയിലെ ഫ്രാന്‍സിസ്ക്കന്‍ മാധ്യമ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ഫാദര്‍ എന്‍സോ ഫോര്‍ത്തുനാത്തോ കപ്പൂച്ചിന്‍ പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി.

2. സിദ്ധന്‍റെ കൈപ്പടയില്‍നിന്നും
ചൈതന്യമുള്‍ക്കൊണ്ട്

വിശുദ്ധ ഫ്രാന്‍സിസിന്‍റെ കാലഘട്ടത്തിലെ (1181-1226) കലാപരമായ കൈപ്പടകളുടെ രചനാശൈലിയോട്, മദ്ധ്യകാലഘട്ടത്തിലെ ഗോഥിക്-ഇംഗ്ലിഷ് ശൈലികളുടെ കോണുകളും രേഖകളും സംയോജനം ചെയ്താണ് കലാഭംഗിയും നവീനതയുള്ള സഭയുടെ പ്രഥമ അക്ഷരരൂപം, “ഫ്രാന്‍സിസ്ക്കൂസ്” പുറത്തുവന്നിരിക്കുന്നത്. അസ്സീസി പട്ടത്തില്‍ ഫ്രാന്‍സിസ് എന്ന മഹാസിദ്ധന്‍ സ്വന്തം കൈപ്പടയില്‍ കലാപരമായി എഴുതിവച്ചിട്ടുള്ള ലിഖിതങ്ങളും, കുറിപ്പുകളും, അവയെ കേന്ദ്രീകരിച്ച് വിവിധ കാലഘട്ടങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള ചുവര്‍ചിത്രീകരണങ്ങളിലെ ലിഖിതങ്ങളുമുണ്ട്.  കൂടാതെ ഫ്രാന്‍സിസിന്‍റെ സന്തത സഹചാരിയായിരുന്ന ബ്രദര്‍ ലിയോ തന്‍റെ കൈപ്പടയില്‍ രചിച്ചിട്ടുള്ള അസ്സീസിയുടെ ഭൂപടവും (Chartula di Assisi)  കലാമൂല്യമുള്ള പുതിയ അക്ഷരരൂപം സൃഷ്ടിചെയ്യുന്നതിന് പ്രചോദനമായെന്ന് ഫാദര്‍ എന്‍സോ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

3. അക്ഷരലോകത്തിന്
ഫ്രാന്‍സിസിന്‍റെ പുണ്യസ്പര്‍ശം

ഇന്നത്തെ ഡിജിറ്റല്‍ സംസ്ക്കാരത്തിന്‍റെ കലാലോകത്ത് പ്രത്യേകിച്ച് അച്ചടികലയെയും അക്ഷരകലയെയും സംബന്ധിച്ച് “ഫ്രാന്‍സിസ്കൂസ്” എന്ന അക്ഷരരൂപം ആശയവിനിമയ ലോകത്തിന് നവോര്‍ജ്ജം പകരുന്ന ഗ്രാഫിക് കലയുടെ വിപ്ലവമാണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരും കലാകാരന്മാരും അഭിപ്രായപ്പെടുന്നത്. ഫ്രാന്‍സിസ്ക്കൂസ് എന്ന പുതിയ അക്ഷരരൂപം സംബന്ധിച്ച  (typographic digital font)  സൗജന്യവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : https://goo.gl/kkt14Q . വിശുദ്ധ ഫ്രാന്‍സിസിന്‍റെ നാമത്തിലുള്ള പ്രസിദ്ധീകരണത്തിന്‍റെ ജനുവരി മാസത്തെ ലക്കം മുതല്‍  ഉപയോഗിച്ചു തുടങ്ങിയിട്ടുള്ള ഈ അക്ഷരരൂപം താല്പര്യമുള്ള പ്രസാധകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സൗജന്യമായി നല്കുമെന്നും അസ്സീസി പട്ടണത്തില്‍നിന്നുമുള്ള പ്രസ്താവന അറിയിച്ചു.

sanfrancesco.org
https://www.sanfrancescopatronoditalia.it/
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 January 2020, 16:11