തിരയുക

Vatican News
2019.12.31 Logo Taize Torino 2020 2019.12.31 Logo Taize Torino 2020 

തിരുക്കച്ചയുടെ പ്രദര്‍ശനവുമായി തെയ്സേ യുവജനസംഗമം

2020 ഡിസംബര്‍ 28-മുതല്‍ 2021 ജനുവരി 1-വരെ ഇറ്റലിയിലെ ട്യൂറിന്‍ നഗരത്തില്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. തെയ്സേ - യുവജനങ്ങളുടെ സഭൈക്യസംഗമം
തെയ്സേ 2020 (Taize’ 2020) രാജ്യാന്തര പ്രാര്‍ത്ഥനാസംഗമം ഇറ്റലിയിലെ ട്യൂറിന്‍ നഗരത്തില്‍ തിരുക്കച്ചയുടെ പ്രദര്‍ശനത്തോടെ നടത്തപ്പെടും. തെയ്സെ സഭൈക്യ പ്രാര്‍ത്ഥനാസമൂഹം പോളണ്ടിലെ റോക്ലോയില്‍ 2019 ഡിസംബര്‍ 31-നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെയിസെ പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ ആത്മീയാചാര്യന്‍ ബ്രദര്‍ ഏലോയ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2. “തിരുക്കച്ച”യുടെ പ്രദര്‍ശനം
2020 ഡിസംബര്‍ 28-മുതല്‍ 2021 ജനുവരി 1-വരെ നീളുന്നതാണ് രാജ്യാന്തര യുവജന സംഗമം. ട്യൂറിന്‍ അതിരൂപതയുടെ സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഭദ്രാസന ദേവാലയത്തിലെ പ്രത്യേക കപ്പേളയില്‍ സൂക്ഷിച്ചിരിക്കുന്ന യേശുവിന്‍റെ പൂജ്യദേഹം അവസാനമായി പൊതിഞ്ഞു സംസ്കരിച്ചതെന്ന് വിശ്വസിച്ചുപോരുന്ന തിരുക്കച്ച ആ ദിനങ്ങളില്‍ യുവജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കുവാനും ധ്യാനിക്കുവാനുമായി പ്രത്യേകം തുറന്നുകൊടുക്കുമെന്ന് ട്യൂറിന്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ചെസാരെ നൊസാലിയ അറിയിച്ചതായി തെയ്സേയുടെ പ്രസ്താവന വ്യക്തിമാക്കി.

3. ട്യൂറിന്‍ അതിരൂപത  ആതിഥ്യം നല്കും
ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും തെയ്സേ സമൂഹത്തോടൊപ്പം പ്രാര്‍ത്ഥിക്കാനെത്തുന്ന യുവജനങ്ങള്‍ക്കും, അവരെ അതിഥികളായി സ്വീകരിക്കുന്ന ട്യൂറിന്‍ അതിരൂപതയ്ക്കും, അവിടത്തെ കുടുംബങ്ങള്‍ക്കും, സമൂഹ്യപ്രസ്ഥാനങ്ങള്‍ക്കും, സംഘടനകള്‍ക്കും തീര്‍ച്ചയായും യുവജനങ്ങളുടെ പ്രാര്‍ത്ഥനാസംഗമവും, തിരുക്കച്ചയുടെ പ്രദര്‍ശനവും അനുഗ്രഹത്തിന്‍റെയും ആനന്ദത്തിന്‍റെയും അവസരമായിരിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് നൊസാലിയ ഡിസംബര്‍
31-ന് ട്യൂറിനില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

4. തെയ്സേ പ്രസ്ഥാനത്തെക്കുറിച്ച്
ബ്രദര്‍ റോജര്‍ എഴുപതുകളില്‍ സ്വിറ്റ്സര്‍ലണ്ടിലെ തെയ്സെ ഗ്രാമത്തില്‍ ആരംഭിച്ച പ്രസ്ഥാനത്തിന്‍റെ 43-Ɔമത് സംഗമമാണ് തെയ്സേ 2020  ട്യൂറിന്‍ നഗരത്തില്‍ ഒത്തുചേരുന്നത്. കത്തോലിക്കാ, ഓര്‍ത്തഡോക്സ്, പ്രോട്ടസ്റ്റന്‍റ് സഭകളുടെ കൂട്ടായ്മയാണ് തെയ്സേ. 50-Ɔ൦ വാര്‍ഷികം പിന്നിട്ട ഈ സഭൈക്യപ്രസ്ഥാനം ക്രിസ്തുവിന്‍റെ സുവിശേഷം സകലരെയും ഐക്യപ്പെടുത്തണമെന്നും, വിഭജനത്തിന്‍റെ മുറിവുകള്‍ ഉണക്കി ക്രൈസ്തവര്‍ കൈകോര്‍ത്തു ക്രിസ്തുവിന് സാക്ഷ്യംവഹിക്കണമെന്നുമുള്ള ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

 

03 January 2020, 09:13