തിരയുക

Black ice at the lake Sils Black ice at the lake Sils 

ദൈവസ്നേഹം തിരിച്ചറിഞ്ഞ മനുഷ്യന്‍റെ കീര്‍ത്തനം

ശരണഗീതം 16-Ɔο സങ്കീര്‍ത്തനത്തി‍ന്‍റെ പഠനം രണ്ടാംഭാഗം - ആദ്യത്തെ 6 പദങ്ങളുടെ വ്യാഖ്യാനം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

ശരണഗീതത്തിന്‍റെ പഠനം - ഭാഗംമൂന്ന് - ശബ്ദരേഖ

1. ദൈവത്തില്‍ ശരണപ്പെടാം!
വ്യക്തിയുടെ ശരണഗീതമായ 16–Ɔο സങ്കീര്‍ത്തനത്തി‍ന്‍റെ പഠനം കഴിഞ്ഞ ആഴ്ചയില്‍ നാം ആരംഭിച്ചു. പദങ്ങളുമായി പരിചയപ്പെടാന്‍ ശ്രമിച്ചു. ആകെ 11 വരികളുള്ള ഈ സങ്കീര്‍ത്തനത്തിന്‍റെ ആദ്യത്തെ 6 വരികളുടെ വ്യാഖ്യാനത്തിലേയ്ക്ക് നമുക്കിന്ന് കടക്കാം. ജീവിതത്തില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നൊരു മനുഷ്യന്‍ ദൈവത്തെ തേടുകയും അവിടുന്നില്‍ ശരണപ്പെടുകയും ചെയ്യുന്ന പ്രാര്‍ത്ഥനയുടെ വരികളാണ് നാം ഈ വ്യക്തിഗത ശരണഗീതത്തില്‍ തുടര്‍ന്നും പഠിക്കുന്നത്. താന്‍ ശരണപ്പെടുന്ന ദൈവം തന്‍റെ നാഥനും സംരക്ഷകനുമാണെന്ന് ഗായകന്‍ വരികളില്‍ സ്ഥാപിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. അനുദിന ജീവിതത്തില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്ന വ്യക്തി ഉറപ്പിച്ചുപറയുന്നത് സകല നന്മകളുടെയും ഉറവിടമായ ദൈവത്തില്‍നിന്നല്ലാതെ എവിടെനിന്നാണ് തനിക്ക് നന്മ ലഭിക്കുക? ദൈവത്തില്‍നിന്നല്ലാതെ എവിടെനിന്നാണ് തനിക്ക് ജീവിതത്തില്‍ നന്മ കൈവരിക്കാനാവുക!? അതിനാല്‍ താന്‍ വിശ്വസിക്കുകയും ശരണപ്പെടുകയും ചെയ്യുന്ന ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചു ജീവിക്കുവാന്‍ തന്‍റെ അനുവാചകരെ ഗായകന്‍ ഉദ്ബോധിപ്പിക്കുന്നു, ക്ഷണിക്കുന്നു.

Musical version of Psalm 16
കര്‍ത്താവാണെന്‍ ഓഹരിയും പാനപാത്രവും
എന്‍റെ ഭാഗധേയമങ്ങേ കൈകളിലാണ്.
ദൈവമേ, കാത്തുകൊള്ളേണമേ
ഞാനങ്ങില്‍ ശരണംവയ്ക്കുന്നു
അവിടുന്നാണന്‍റെ കാര്‍ത്താവ്
അങ്ങില്‍നിന്നല്ലാതെ എനിക്ക് നന്മയില്ല (2)
- കര്‍ത്താവാണെന്‍

2. ദൈവസ്നേഹത്തെ തിരിച്ചറിയുന്നവരുടെ അനുഭവനം
ഈ സങ്കീര്‍ത്തനത്തിന്‍റെ ഹെബ്രായ മൂലരചനയില്‍ കുറിച്ചിരിക്കുന്ന ഉപശീര്‍ഷകത്തില്‍നിന്നും നിരൂപകന്മാര്‍ ഗണിക്കുന്നത് ഈ സങ്കീര്‍ത്തനം ഇസ്രായേല്‍ ഗോത്രത്തില്‍പ്പെടാത്ത, എന്നാല്‍ അന്യദേവന്മാരെ വണങ്ങുന്ന ഒരു സംസ്കാരത്തില്‍നിന്നും, സമൂഹത്തില്‍നിന്നും ഏകദൈവത്തിലുള്ള വിശ്വാസത്തിലേയ്ക്ക് കടന്നുവന്ന ഒരു വ്യക്തിയുടെയും സംഗീതജ്ഞന്‍റെയും ശരണപ്രാര്‍ത്ഥനയാണ്. തനിക്കു കിട്ടിയ  ദൈവികമായ വെളിച്ചവും അറിവും ദൈവത്തിനുള്ള സ്തുതിപ്പും നന്ദിയും ശരണവുമായി ഈ നവാഗതന്‍ സങ്കീര്‍ത്തന വരികളില്‍ പ്രതിഫലിപ്പിക്കുന്നു.

Recitation of Verse 1
ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാനങ്ങയില്‍ ശരണംവച്ചിരിക്കുന്നു.

ഇത്രയും കാലം ദൈവത്തെ “എല്‍” എന്ന വിജാതീയ ബിംബത്തില്‍ കണ്ടിരുന്നയാള്‍ ഇസ്രായേലിന്‍റെ യാഹ്വേയില്‍ ദൈവത്തെ കണ്ടെത്തുകയും ആ അനുഭവം ആദ്യവരിയില്‍ത്തന്നെ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഹെബ്രായ രചനയിലെ യാഹ്വേ... എന്ന വാക്കിനു പകരമായി ദൈവം... എന്ന തന്‍റെ ഗോത്രഭാഷയില്‍ വാക്കിന്‍റെ പ്രയോഗത്തില്‍നിന്നാണ് ഈ വെളിച്ചം നിരൂപകന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും ലഭിക്കുന്നത്.

3. ദൈവസ്നേഹം ഉള്‍ക്കൊള്ളുന്ന വ്യക്തിയുടെ സംതൃപ്തി
തുടര്‍ന്നുള്ള വചനങ്ങള്‍ വ്യക്തമാക്കുന്നത്, ദൈവമല്ലാതെ, യാവേയല്ലാതെ മറ്റാരുമല്ല തന്‍റെ ജീവിതത്തിലെ ശരണകേന്ദ്രം എന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നു – രണ്ടാമത്തെ വരിയില്‍.
Recitation of Verse-2
അവിടുന്നാണ് എന്‍റെ കര്‍ത്താവ്,
അങ്ങില്‍നിന്നല്ലാതെ എനിക്കു
നന്മയില്ല എന്നു ഞാന്‍ കര്‍ത്താവിനോടും പറയും.

ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത് ഇസ്രായേലിലെ ഉടമ്പടിയുടെ കൂട്ടായ്മയില്‍ വളരെ ഊഷ്മളമായ ഒരു സ്വീകരണമാണ് ഈ വ്യക്തിക്ക് ലഭിച്ചത്. അതിലുള്ള ഹൃദ്യമായ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് സങ്കീര്‍ത്തകന്‍ ഗീതത്തിന്‍റെ ഓരോ വരികളിലൂടെയും ദൈവത്തെ സ്തുതിക്കുന്നതും ദൈവത്തില്‍ ശരണപ്പെടുന്നതും. തന്‍റെ ഭാഗധേയമായ യാവേയെ സ്വീകരിക്കുന്നതില്‍ ഒരു സമ്മര്‍ദ്ദമോ വിലക്കോ തനിക്ക് അനുഭവവേദ്യമായില്ലെന്ന് സങ്കീര്‍ത്തകന്‍ വരികളില്‍ ഏറ്റുപാടുന്നു.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും.
ആലാപനം സെബി തുരുത്തിപ്പുറവും സംഘവും. 

Musical version of Psalm 16
ദൈവമേ ഞാനങ്ങേ വാഴ്ത്തുന്നു
എന്‍റെ അന്തരംഗമങ്ങില്‍ നിറയുന്നു
കര്‍ത്താവെപ്പോഴുമെന്‍റെ കണ്‍മുന്‍പിലുണ്ട്
ഞാന്‍ തെല്ലും കുലുങ്ങുകയില്ല (2).
- കര്‍ത്താവാണെന്‍

4. ദൈവസ്നേഹത്തില്‍ വളരുന്നവരിലെ വ്യത്യാസം
ഇനി മൂന്നാമത്തെ വരി നമുക്ക് പരിശോധിക്കാം : ഇസ്രായേലിന്‍റെ നാട്ടില്‍, വാഗ്ദത്ത ഭൂമിയില്‍ താന്‍ കാണുന്നത് നന്മയുള്ള മനുഷ്യരെയാണ്. അവര്‍ ലോകം കണ്ടെത്തുന്ന വിശുദ്ധത്മാക്കളെ പോലെയല്ലെന്ന് ഗായകന്‍ എടുത്തുപറയുന്നു. അവര്‍ വ്യത്യസ്തരാണ് - ജീവിതനന്മയും അന്തസ്സുംകൊണ്ടുള്ള  വ്യത്യാസങ്ങളാണവ. അതിനാല്‍ താനും അവര്‍ക്കൊപ്പം സന്തോഷിക്കുകയും, ദൈവത്തെ സ്തുതിക്കുന്നതില്‍ ആനന്ദം കൊള്ളുന്നതായും, സംതൃപ്തിപ്പെടുന്നതായും രണ്ടാമത്തെ വരിയില്‍ സങ്കീര്‍ത്തകന്‍ ഏറ്റുപാടുന്നു.

ഇനി, മൂന്നാമത്തെ വരി ശ്രവിക്കാം.
Recitation of Verse-3
ലോകം വിശുദ്ധരെന്ന കരുതുന്നവര്‍ നിസ്സാരരാണ്.
അവരില്‍ ആനന്ദംകൊള്ളുന്നവര്‍ അഭിശപ്തരാണ്.

ഇതിനര്‍ത്ഥം, യഥാര്‍ത്ഥ ദൈവത്തെ ഉപേക്ഷിച്ച് ഭൗമികവും  ലൗകികവുമായ കാര്യങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും പിറകെ പോകുന്നവര്‍ ചെയ്യുന്നത് മൗഢ്യമാണ്. ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം മതം മാറുന്നവര്‍ തങ്ങള്‍ ചേര്‍ന്ന മതത്തില്‍ ആദ്യം തന്നെ സംതൃപ്തിയും, പൂര്‍ണ്ണ അംഗീകാരവും കണ്ടെത്തണമെന്നില്ല. എന്നാല്‍ ഇസ്രായേലില്‍ ഈ വ്യക്തിയുടെ അനുഭവം വ്യത്യസ്തമായിരുന്നെന്ന് ഈ സങ്കീര്‍ത്തനം വ്യക്തമാക്കുന്നു. അവിടെ ഗായകന്‍ കണ്ടെത്തിയ അനുഭവവും യാഹ്വേയെ തിരഞ്ഞെടുക്കുന്നതിലുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും സന്തോഷവും ഇവിടെ മൂന്നാമത്തെ വരിയില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നു.

5. ഏകദൈവത്തിലുള്ള വിശ്വാസം
അതുപോലെതന്നെ, നാലാമത്തെ വരിയില്‍, അക്കാലഘട്ടത്തില്‍ വിഗ്രഹങ്ങളെയും ഭൗമികമായ വസ്തുക്കളെയും വണങ്ങാന്‍ പോകുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന പ്രത്യാഖാതങ്ങളെക്കുറിച്ച് അല്ലെങ്കില്‍ ക്ലേശങ്ങളെക്കുറിച്ചു സങ്കീര്‍ത്തനം സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്.

Recitation of Verse 4
അന്യദേവന്മാരെ അനുഗമിക്കുന്നവര്‍ തങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു.
എന്നാല്‍, ഞാനോ ഇനി അവര്‍ക്കു രക്തംകൊണ്ടു പാനീയബലി അര്‍പ്പിക്കുകയില്ല.
ഞാന്‍ അവരുടെ നാമം ഉച്ചരിക്കുകയില്ല, വിളിച്ചപേക്ഷിക്കുകയില്ല.

ഭൗമികതയിലും ലൗകിക ശൈലിയിലും ജീവിച്ച് വിഗ്രഹാരാധനയുടെ പിറകെ പോകുന്നവര്‍ അക്കാലഘട്ടത്തില്‍ ചെയ്യേണ്ടിയിരുന്ന ചില പ്രായശ്ചിത്ത പ്രവര്‍ത്തികളുണ്ടെന്ന് സങ്കീര്‍ത്തകന്‍ വരികളില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇസ്രായേലില്‍ അത്തരത്തിലുള്ള യാതൊരു കടപ്പാടുകളോ ബാദ്ധ്യതയോ ഇല്ലെന്നും എടുത്തുപറയുന്നു. ഉദാഹരണത്തിന് കാനാനയ മതങ്ങളില്‍ ചേരുന്നവര്‍ ഒരു കുഞ്ഞിനെ ബലിയര്‍പ്പിക്കേണ്ടിയിരുന്നു. എന്നാല്‍ ഇസ്രായിലില്‍ വന്നുവസിക്കുന്നവര്‍ കാനാനയ ദൈവത്തിനുവേണ്ടി മക്കളെ ബലിയര്‍പ്പിക്കാന്‍ പോവുകയാണെങ്കില്‍, താന്‍ അവര്‍ക്കുനേരെ മുഖം തിരിക്കുമെന്നാണ് മോശ പറഞ്ഞത്. കാരണം വിമോചകനും രക്ഷകനുമായ ദൈവത്തില്‍ അവര്‍ നേടിയിരുന്ന സ്വാതന്ത്ര്യത്തെയാണ് ഇസ്രായേലില്‍ വിലമതിച്ചിരുന്നത് (ലേവര്‍ 20, 2).

6. ദൈവം ഭാഗധേയമായിട്ടുള്ളവര്‍
ഇനി നാം വ്യാഖ്യാനിക്കുന്നത് 16–Ɔο സങ്കീര്‍ത്തനത്തി‍ന്‍റെ 5-Ɔമത്തെ വരിയാണ്. ഗാനാവിഷ്ക്കാരത്തില്‍ പ്രഭണിതമായി ഉപയോഗിച്ചിരിക്കുന്നത് അഞ്ചാമത്തെ വരിയാണ്.

Recitation of Verse 5
കര്‍ത്താവാണ് എന്‍റെ ഓഹരിയും പാനപാത്രവും
എന്‍റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.

സങ്കീര്‍ത്തകന്‍ പറയുന്നത്, തന്‍റെ ജീവിതഭാഗധേയം പോലെതന്നെ, താന്‍ ഇസ്രായേല്‍ ഗോത്രത്തിലെ ഒരു അംഗമെന്ന നിലയില്‍ അനുഭവിക്കുന്ന പൂര്‍ണ്ണസ്വാതന്ത്ര്യം ആനന്ദകരമാണ്. അങ്ങനെ ഇസ്രായേലിലൂടെ ദൈവമായ കര്‍ത്താവില്‍ തനിക്കു ലഭിച്ചിരിക്കുന്നത് വലിയ ഓഹരിയാണെന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നു. താന്‍ പൂര്‍ണ്ണമായും ദൈവത്തിന്‍റെ കൈകളിലാണ് എന്ന അനുഭവമാണെന്ന്, മനോഹരമായ 5-Ɔമത്തെ വരിയില്‍ സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്നു.
ഇന്നത്തെ പഠനത്തിന്‍റെ അവസാനമായി സങ്കീര്‍ത്തനം 16-ന്‍റെ 6-Ɔമത്തെ വരിയില്‍ ഭാഗധേയത്വത്തെയും ഓഹരിയെയും കുറിച്ചു സംസാരിക്കുന്നത് ഇപ്രകാരമാണ്.

Recitation of Verse 6
അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്
വിശിഷ്ടമായ അവകാശമാണ് എനിക്കു ലഭിച്ചിരിക്കുന്നത്.
ഇസ്രായേലില്‍ നിലവിലിരുന്ന ഗോത്രങ്ങളെക്കുറിച്ചാണ്. ഒരോ ഗോത്രങ്ങള്‍ക്കും ഇസ്രായേലില്‍ അവരുടെ ഭാഗങ്ങളും ഉത്തരവാദിത്ത്വങ്ങളും ഉണ്ടായിരുന്നു. തനിക്കു ലഭിച്ചിരിക്കുന്ന ഓഹരിയിലുള്ള അതിയായ സന്തോഷം ഗായകന്‍ ആവര്‍ത്തിച്ചു പ്രകടമാക്കുന്നു. തനിക്കു അളന്നു കിട്ടിയ അഭികാമ്യമായ ദാനമായിട്ടും, തനിക്കു ലഭിച്ച ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ പുതുവെളിച്ചമായിട്ടും സങ്കീര്‍ത്തകന്‍ അതിനെ വിശേഷിപ്പിക്കുന്നു.

Musical version of Psalm 16

ദൈവമേ, എന്‍റെ ഹൃദയമങ്ങില്‍ സന്തോഷിക്കും
എന്‍റെ അന്തഃരംഗം കര്‍ത്താവില്‍ ‍ആനന്ദിക്കും
എന്‍റെ ദേഹം കര്‍ത്താവില്‍ സുരക്ഷിതമായ് വിശ്രമിക്കും
അവിടുന്നൊരിക്കലും എന്നെ ഉപേക്ഷിക്കുകയില്ല.
- കര്‍ത്താവാണെന്‍...

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണിത്. ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍.

അടുത്തയാഴ്ചയില്‍ സങ്കീര്‍ത്തനം16-ന്‍റെ 7-മുതല്‍ 11-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനം ശ്രവിക്കാം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2020, 14:37