തിരയുക

2020.01.16 Holy Land Coordination 2020.01.16 Holy Land Coordination 

വിശുദ്ധനാടിന്‍റെ സമാധാനത്തിനായി വീണ്ടും ഒരഭ്യര്‍ത്ഥന

സമാധാനത്തിനായുള്ള പോംവഴി മനുഷ്യാന്തസ്സു മാനിക്കുന്ന വിധത്തിലായിരിക്കണം - മെത്രാന്മാരുടെ രാജ്യാന്തര ഏകോപന സമിതിയുടെ അഭ്യര്‍ത്ഥന.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. സമാധാനത്തിനായൊരു ഏകോപന സമിതി
കിഴക്കെ ജരൂസലേമിലും, റാമള്ളായിലും, ഗാസായിലുമുള്ള ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു വിവിധ രാജ്യക്കാരായ 15 മെത്രാന്മാര്‍ നടത്തിയ വിശുദ്ധനാടു തീര്‍ത്ഥാടനത്തിന്‍റെ (Pilgrimage & Declaration for peace) അന്ത്യത്തില്‍, ജനുവരി 16-Ɔο തിയതി വ്യാഴാഴ്ച ജരൂസലേമില്‍ ഇറക്കിയ പ്രസ്താവനയിലാണ് സകലരുടെയും മനുഷ്യാന്തസ്സിനെ അധികരിച്ചുള്ള സമാധാന ശ്രമങ്ങള്‍ ഇനിയും ഉണ്ടാകണമെന്ന് രാജ്യാന്തര സമൂഹത്തോടും ഇരുരാഷ്ട്രത്തലവന്മാരോടും അഭിപ്രായപ്പെട്ടത്.

2. മെത്രാന്മാരുടെ സമാധാനപ്രഖ്യാപനം
വിവിധ രാജ്യക്കാരും മെത്രാന്മാരുമായ 15 പ്രതിനിധികള്‍ ഒപ്പുവച്ച പ്രഖ്യാപനത്തിലെ അഭ്യര്‍ത്ഥനകള്‍ ഏറെ അടിസ്ഥാനപരവും ശ്രദ്ധേയവുമാണ് :
രാജ്യാന്തര നിയമങ്ങളോടുള്ള ആദരവ്, രണ്ടു രാഷ്ട്രങ്ങളുടെ രൂപീകരണത്തിനുള്ള വത്തിക്കാന്‍റെ നിലപാടിനോടുള്ള അനുഭാവം, ഇസ്രായേലിന്‍റെ സുരക്ഷാ നടപടികള്‍ക്കൊപ്പം സുരക്ഷിതമായി ജീവിക്കാനുള്ള മറ്റുള്ളവരുടെയും അവകാശം, ഒത്തുതീര്‍പ്പുകളില്‍ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ആരുടെയും പിന്‍തുണ പാടില്ലെന്ന നിലപാട്, സമാധാനപരമായ തീര്‍പ്പുകള്‍ക്ക് എതിരായ എല്ലാ അതിക്രമങ്ങളോടും മനുഷ്യാവകാശ ലംഘനത്തോടുമുള്ള ശക്തമായ പ്രതിഷേധവും വിയോജിപ്പും എന്നിവയാണ്.

ക്രിസ്തു പിറന്ന മണ്ണില്‍ സമാധാനം പുനര്‍സ്ഥാപിക്കാനുള്ള രാജ്യാന്തര സമൂഹത്തിന്‍റെ എല്ലാ പരിശ്രമങ്ങളും വിഫലമായെന്ന തദ്ദേശ മെത്രാന്മാരുടെ അടുത്തകാലത്തെ പ്രസ്താവന തള്ളിക്കളഞ്ഞുകൊണ്ടാണ് മെത്രാന്മാരുടെ രാജ്യാന്തര ഏകോപന സമിതി പൊതുപ്രഖ്യാപനത്തിലൂടെ വീണ്ടു ഒരു സമാധാന ശ്രമത്തിനുള്ള അഭ്യര്‍ത്ഥന വിഘടിച്ചുനില്ക്കുന്ന ഇസ്രായേല്‍-പലസ്തീന്‍ രാഷ്ട്രനേതാക്കള്‍ക്കും രാജ്യാന്തര സമൂഹത്തിനും സമര്‍പ്പിച്ചത്.

3. പ്രത്യാശ കൈവെടിയാതെ സമാധാനപാതയില്‍
വിശുദ്ധനാട്ടിലെ ജനങ്ങളെ സംബന്ധിച്ച് ശാശ്വതമായ എല്ലാ പരിഹാരമാര്‍ഗ്ഗങ്ങളും മങ്ങിമറയുകയാണ്. നവമായ പരിഹാരമായി ഉയര്‍ന്നുവന്ന വിഭജനഭിത്തിയും രണ്ടു രാഷ്ട്രങ്ങളുടെയും സ്വാതന്ത്ര്യവും സമാധാനപൂര്‍ണ്ണവുമായ വളര്‍ച്ചയുടെ സാദ്ധ്യതകളെ തച്ചുടയ്ക്കുന്നതാണ്. വിശുദ്ധനാട്ടിലെ ജീവിതചുറ്റുപാടുകള്‍ ഇന്ന് നിരാധാരവും അസന്തുലിതവുമാണ്. സ്വതന്ത്രമായി നടക്കാനുള്ള അടിസ്ഥാന അവകാശംപോലും പലയിടങ്ങളിലും നിഷേധിക്കപ്പെട്ടു കഴിഞ്ഞു. ഗാസ തുറസ്സായ ജയിലായി മാറുന്ന ചുറ്റുപാടില്‍ അവിടത്തെ അതിക്രമങ്ങളും മാനവിക പ്രതിസന്ധിയും ഏറെ വലുതും അടിയന്തിരവുമായ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ടെന്ന് മെത്രാന്മാരുടെ ഏകോപന സമിതി അവരുടെ പൊതുപ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി.

4. ലോകത്തോട് ഒരു അഭ്യര്‍ത്ഥന
അഹിംസാമാര്‍ഗ്ഗത്തിലൂടെയും യുദ്ധമില്ലാതെയും സാമാധാന മാര്‍ഗ്ഗങ്ങള്‍ തേടുന്ന രാജ്യാന്തര സമൂഹങ്ങള്‍ വിശുദ്ധ നാടിന്‍റെ സമാധാനത്തിനായി ഇനിയും പരിശ്രമിക്കണമെന്നും, ഇടപെടണമെന്നും, പുണ്യഭൂമിയിലെ സമാധാനപരമായ തീര്‍പ്പുകള്‍ക്കായി തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രഖ്യാപനം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 January 2020, 09:48