മെഡിറ്ററേനിയന്‍ സമാധാനത്തിന്‍റെ അതിര്‍ത്തിയാക്കാം!
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. തെക്കെ ഇറ്റലിയിലെ ബാരിയില്‍
“മെഡിറ്ററേനിയന്‍, സമാധാനത്തിന്‍റെ അതിര്‍ത്തി” (Mediterranean the Frontier of Peace) എന്ന ശീര്‍ഷകത്തില്‍ – 5 ദിവസം നീളുന്ന വിചിന്തനത്തിന്‍റെയും ആത്മീയതയുടെയും സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും. തെക്കെ ഇറ്റലിയിലെ ബാരിയില്‍ സമാധാനത്തിനായുള്ള രാജ്യാന്തര സംഗമം ഫെബ്രുവരി 19-മുതല്‍ 20-വരെ തിയതികളില്‍ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയാണ് സംഘടിപ്പിക്കുന്നത്.
2. സഭാനേതാക്കളും സമാധാനകാംക്ഷികളും പങ്കെടുക്കും
മദ്ധ്യപൂര്‍വ്വദേശത്തെയും മെഡിറ്ററേനിയന്‍ പ്രവിശ്യയിലെയും രാജ്യങ്ങളിലെ വിവിധ സഭാനേതാക്കളെ സംഘടിപ്പിച്ചുകൊണ്ട്, മെഡിറ്ററേനിയനെ മരണത്തിന്‍റെയല്ല സമാധാനത്തിന്‍റെ അതിര്‍ത്തിയാക്കി മാറ്റാനുള്ള പരിശ്രമമാണിതെന്ന്, ഇറ്റലിയുടെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും പെറൂജിയയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസേത്തി ജനുവരി 8-Ɔο തിയതി ബുധനാഴ്ച റോമില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെ അറിയിച്ചു.
3. സമാധാനം സഭയുടെ ലക്ഷ്യം
മെഡിറ്ററേനിയന്‍ പ്രവിശ്യയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധികളുടെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ സഭ കണ്ണടയ്ക്കാതെ, പ്രശ്നങ്ങള്‍ ആഴമായി മനസ്സിലാക്കുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുകയുമാണ് വേണ്ടതെന്ന് കര്‍ദ്ദിനാള്‍ ബസേത്തി പ്രസ്താവനയില്‍ കുറിച്ചു. അനുരഞ്ജനത്തിന്‍റെയും ക്ഷമയുടേയും മാര്‍ഗ്ഗമാണ് കൈക്കൊള്ളേണ്ടതെന്നും, സംവാദത്തിന്‍റെ സംസ്കാരത്തിലൂടെ സമാധാനം വളര്‍ത്തിയെടുക്കാനാവും എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നയത്തോട് അനുകൂലിച്ചുകൊണ്ടാണ് ഈ സംഗമം സംഘടിപ്പിക്കുന്നതെന്നും കര്‍ദ്ദിനാള്‍ ബസേത്തി വ്യക്തമാക്കി.
4. പാപ്പാ ഫ്രാന്‍സിസിന്‍റെ അനുഗ്രഹ സാന്നിദ്ധ്യം
സമ്മേളനത്തിന്‍റെ സമാപനദിനമായ ഫെബ്രുവരി 23, ഞായറാഴ്ച രാവിലെ 10.45-ന് പാപ്പാ ഫ്രാന്‍സിസ് ബാരിയിലെ സമ്മേളന വേദിയിലെ സമൂഹബലിയര്‍പ്പണത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുമെന്നും പ്രസ്താവന അറിയിച്ചു.