പ്രകൃതിസമ്പന്നമെങ്കിലും ദാരിദ്ര്യത്തിന്‍റെ അടിത്തട്ടില്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. “കാരിത്താസി”ന്‍റെ വക്താവുമായൊരു അഭിമുഖം
ശാന്തസമുദ്ര ദ്വീപുരാജ്യമായ പാപ്പുവാ ന്യൂ ഗ്വിനിയിലെ സാമൂഹിക അവസ്ഥ ശോചനീയമാണെന്ന് സഭയുടെ ഉപവിപ്രസ്ഥാനം, കാരിത്താസിന്‍റെ (caritas International) വക്താവ്, മോണ്‍സീഞ്ഞോര്‍ പിയെര്‍ ചിബേംമ്പോ അഭിപ്രായപ്പെട്ടു. ജനവുരി 29, ബുധനാഴ്ച വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് മോണ്‍സീഞ്ഞോര്‍ പിയെര്‍ ചിബേംമ്പോ ഇക്കാര്യം വ്യക്തമാക്കിയത്.
2. മനുഷ്യക്കടത്തും തദ്ദേശജനതകളുടെ ചൂഷണവും
പ്രകൃതിരമണീയവും ഉപായസാദ്ധ്യതകളാല്‍ സമ്പന്നവുമായ രാജ്യത്തെ ചൂഷണവിധേയമാക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയും അവ ബാഹ്യവുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. മനുഷ്യക്കടത്ത്, പ്രകൃതിസ്രോതസ്സുക്കളുടെ വില്പന, തദ്ദേശജനതകളുടെ ചൂഷണം, വിദ്യാഭ്യാസക്കുറവ് എന്നിവ രാജ്യത്തിന്‍റെ വിനകളായി ഇനിയും തലപൊക്കി നില്ക്കുന്നുണ്ട്.
3. അഴിമതിഭരണം
നിരവധി സഭാ പ്രസ്ഥാനങ്ങള്‍ തദ്ദേശീയരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അഴിമതി വിധേയമായ സര്‍ക്കാരും രാജ്യത്തിന്‍റെ സുരക്ഷാവിഭാഗവുമെല്ലാം സാമൂഹികചുറ്റുപാടുകളെ അനുദിനം ശോച്യമാക്കുന്ന വിധത്തില്‍ നീങ്ങുകയാണെന്ന സത്യം ജനദ്രോഹപരമാണെന്ന് മോണ്‍. ചിബേംമ്പോ അഭിപ്രായപ്പെട്ടു.
4. സമ്പന്ന രാഷ്ട്രങ്ങള്‍ കൈക്കലാക്കുന്ന ഭൂസമ്പത്തുക്കള്‍
പ്രകൃതിസ്രോതസ്സുകളുടെ സമ്പത്ത് മുന്തിനില്ക്കുമ്പോഴും ജനങ്ങള്‍ കൊടും ദാരിദ്ര്യത്തില്‍ കഴിയുകയാണ്. ഒരു ശിക്ഷയുമില്ലാതെ അഴിഞ്ഞാടുന്ന സാമൂഹിക തിന്മകള്‍ ചുറ്റും വിനാശം വിതയ്ക്കുന്നുണ്ട്. ജനസംഖ്യയുടെ 40 ശതമാനത്തിലും മേലെ ജനങ്ങള്‍ ദാരിദ്ര്യരേഖയുടെ കീഴെയാണ് ജീവിക്കുന്നത്. 25 ശതമാനത്തില്‍ അധികവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. പ്രതിരോധ്യവും അപ്രതിരോധ്യവുമായ രോഗങ്ങളാല്‍ അധികൃതരുടെ അനാസ്ഥകൊണ്ട് മരണമടയുന്ന കുഞ്ഞങ്ങുടെ എണ്ണം അനുവര്‍ഷം വര്‍ദ്ധിച്ചു വരികയാണെന്ന് സ്ഥിതിവിവര കണക്കുകളുടെ പശ്ചാത്തലത്തില്‍ മോണ്‍. ചിബേംമ്പോ ചൂണ്ടിക്കാട്ടി.