കര്‍ണ്ണാടകയിലെ കെങ്കേരിയില്‍ ദേവാലയാക്രമണം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. പൂജ്യവസ്തുക്കള്‍ അശുദ്ധമാക്കി
ബാംഗളൂര്‍ നഗരത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് കെങ്കേരിയില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ഇടവകദേവാലയത്തില്‍ അധിക്രമിച്ചു കടന്ന അജ്ഞാതനും അവിശ്വാസിയുമാണ് പൂജ്യമായ തിരുവോസ്തി നിലത്തെറിഞ്ഞ് വിശ്വാസത്തെ അധിക്ഷേപിച്ചതും, ദേവാലയം അശുദ്ധപ്പെടുത്തിയതുമെന്ന് ബാംഗളൂര്‍ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് പീറ്റര്‍ മച്ചാഡോ ജനുവരി 23-ന് അയച്ച പ്രസ്താവനയിലൂടെ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ അറിയിച്ചു.
2. സുവിശേഷശൈലിയില്‍ മൗലികമായ പ്രതികരണം
ജനുവരി 22-Ɔο തിയതി ബുധനാഴ്ച വെളുപ്പിനാണ് അതിക്രമി ദേവാലയ കവാടം തകര്‍ത്ത്, അള്‍ത്താരയില്‍ പ്രവേശിച്ച്, സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി നിലത്തു ചിതറി ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുന്ന ദുഷ്കര്‍മ്മംചെയ്തത്. ദേവാലയത്തിലെ സി.സി.റ്റി.വി ചിത്രങ്ങള്‍ പോലീസ് പരിശോധിച്ച്, തെളിവെടുത്തു. അന്വേഷണം തുടരുമെന്നു അധികൃതര്‍ പ്രസ്താവിച്ചു.
സംഭവമറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയ ബാംഗളൂര്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ബെര്‍ണാര്‍ഡു മോറസും ക്രൈസ്തവ വിദ്വേഷികളുടെ ദേവാലയാക്രമണത്തെ അപലപിച്ചു. ആത്മസംയമനത്തിലൂടെയും അനുതാപ ശുശ്രൂഷയിലൂടെയും വിശ്വാസം സംരക്ഷിക്കുവാനും, അത് വീണ്ടെടുക്കുവാനും മൗലികമായ സുവിശേഷരീതിയില്‍ പ്രതികരിക്കണമെന്ന് ദേവാലയ പരിസരത്തുവച്ച് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലൂടെ മുന്‍ആര്‍ച്ചുബിഷപ്പ് മോറസ് വിശ്വാസികളോട് ആഹ്വാനംചെയ്തു.
3. പീഡനത്തിനെതിരെ 12 മണിക്കൂര്‍ ദിവ്യകാരുണ്യാരാധന
കത്തോലിക്കാ വിശ്വാസത്തിന്‍റെ അടിസ്ഥാനമായ പരിശുദ്ധ ദിവ്യകാരുണ്യത്തോടു നാസ്തികര്‍ കാണിച്ച അനാദരവിനു പരിഹാരമായി ജനുവരി 24-Ɔο തിയതി വെള്ളിയാഴ്ച ബാംഗളൂര്‍ അതിരൂപതിയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും 12 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന വിശ്വാസികള്‍ കൂട്ടമായി നടത്തുകയും, അതിക്രമികളോടു ക്ഷമിക്കുകയും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പീഡിതരായ ക്രൈസ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് ജനുവരി 22-ന് ബാംഗളൂരില്‍ ഇറക്കിയ പ്രസ്താവനയിലൂടെയും ഇടയലേഖനത്തിലൂടെയും അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മച്ചാഡോ വിശ്വാസികളോട് ആഹ്വാനംചെയ്തിട്ടുള്ളതായും വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ അറിയിച്ചു.