ക്രൈസ്തവൈക്യവാരം സമാപന പരിപാടികള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
പൗലോസ് അപ്പസ്തോലന്‍റെ നാമത്തിലുള്ള ബസിലിക്കയില്‍
ശനിയാഴ്ച പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളില്‍, റോമന്‍ ചുവരിനു പുറത്തുള്ള അപ്പസ്തോലന്‍റെ നാമത്തിലുള്ള മഹാദേവാലയത്തിലാണ് സഭൈക്യവാരത്തിന് സമാപനംകുറിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തപ്പെടുന്നത്. ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് ആരംഭിക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷയില്‍ ഇതര ക്രൈസ്തവ സഭാക്കൂട്ടായ്മകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. പ്രാര്‍ത്ഥനാമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് വചനചിന്തകള്‍ പങ്കുവയ്ക്കും.
കാരുണ്യത്തോടെ ലഭിച്ച ആതിഥ്യം
ജനുവരി 18-ന് ആരംഭിച്ച ആഗോളസഭൈക്യ സംരംഭത്തിന്‍റെ ക്രൈസ്തവൈക്യവാരമാണ് ജനവരി 25-ന് സമാപിക്കുന്നത്. ആതിഥ്യം ക്രൈസ്തവജീവിതത്തിന്‍റെ മുഖമുദ്രയാക്കാം, എന്ന വിഷയം കേന്ദ്രീകരിച്ചാണ് ഈ വര്‍ഷത്തെ ക്രൈസ്തവൈക്യവാരം നടന്നത്. മെഡിറ്ററേനിയന്‍ വഴി ജരൂസലേമില്‍നിന്നും റോമിലേയ്ക്കും സഞ്ചരിക്കവെ കപ്പല്‍ അപകടത്തില്‍പ്പെട്ട് മാള്‍ട്ടയുടെ തീരിങ്ങളിലായി ഗോസ്സോയില്‍ അടിഞ്ഞെത്തിയ “പൗലോസ് അപ്പസ്തോലനെ അവിടത്തെ ജനങ്ങള്‍ അത്യപൂര്‍വ്വമായ കാരുണ്യത്തോടെ സ്വീകരിച്ചു”വെന്ന് നടപടിപ്പുസ്തകം രേഖപ്പെടുത്തുന്ന ഭാഗമാണ് ഈ വര്‍ഷത്തെ സഭൈക്യവാരം ധ്യാനവിഷയമാക്കിയത് (നടപടി 28, 2).
തത്സമയ സംപ്രേഷണം
സഭൈക്യവാരം സമാപനശുശ്രൂഷയുടെ തത്സമയ സംപ്രേഷണം വത്തിക്കാന്‍ മാധ്യമങ്ങളില്‍ ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-മുതല്‍ 7.00 മണിവരെ ലഭ്യമാണ് (ഇന്ത്യയിലെ സമയം രാത്രി 10-മുതല്‍ 11.30-വരെ).
https://www.youtube.com/watch?v=5YceQ8YqYMc