മര്‍ത്ത്യതയെ നവീകരിക്കുന്ന അമര്‍ത്ത്യത : ജ്ഞാനസ്നാനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. ദൈവമനുഷ്യ ബന്ധത്തിന്‍റെ പുനര്‍സ്ഥാപനം
ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിരുനാളില്‍ സുവിശേഷം വരച്ചുകാട്ടുന്നത് യോര്‍ദ്ദാന്‍ നദിക്കരയിലെ രംഗമാണ് (മത്തായി 3, 13-17). സ്നാപകയോഹന്നാനില്‍നിന്നും ധാരാളം പേര്‍ ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ജലത്തില്‍ ഇറങ്ങവെ, ജ്ഞാനസ്നാനം സ്വീകരിക്കുവാനായി ക്രിസ്തുവും ആള്‍ക്കൂട്ടത്തിലൂടെ യോഹന്നാന്‍റെ പക്കലേയ്ക്ക് നടന്നടുക്കുന്നു. യേശുവിനെ കണ്ട് ആശ്ചര്യപ്പെട്ട സ്നാപകന്‍ അതു തടയാന്‍വേണ്ടി അവിടുത്തോടു പറയുന്നു, “ഞാനല്ലേ, അങ്ങില്‍നിന്ന് ജ്ഞാനസ്നാനം സ്വീകരിക്കേണ്ടത്!?” (3, 14). ഇരുവരും തമ്മിലുള്ള അന്തരം മനസ്സിലാക്കിതന്നെയായിരിക്കണം തന്നില്‍നിന്നും ക്രിസ്തു ജ്ഞാനസ്നാനം സ്വീകരിക്കുന്നത് തടയാന്‍ യോഹന്നാന്‍ ആഗ്രഹിച്ചത്.
2. സ്വര്‍ഗ്ഗവും ഭൂമിയും സന്ധിക്കുന്നു!
ക്രിസ്തു അവതരിച്ചത് ഈ അന്തരം - മനുഷ്യരും ദൈവവും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനാണ്. അവിടുന്ന് ദൈവമായിരിക്കുന്നതുപോലെ, പൂര്‍ണ്ണമായും മനുഷ്യനുമാണ്. പാപംമൂലം വിച്ഛേദിക്കപ്പെട്ട ദൈവമനുഷ്യബന്ധം പുനര്‍സ്ഥാപിക്കാനാണ് അവിടുന്ന് അവതരിച്ചത്. അങ്ങനെ “സര്‍വ്വനീതിയും പൂര്‍ത്തീകരിക്കപ്പെടുന്നതിനുവേണ്ടി…” ക്രിസ്തു യോഹന്നാനില്‍നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചുവെന്ന് സുവിശേഷം രേഖപ്പെടുത്തുന്നു (15). ദൈവികപദ്ധതിയും പിതാവിനോടുള്ള പുത്രന്‍റെ, അനുസരണയും ജോര്‍ദ്ദാനിലെ പ്രത്യക്ഷീകരണ സംഭവത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. അതുവഴി ദൈവം താഴ്മയില്‍ തന്‍റെ മക്കളോടുള്ള സാമീപ്യവും, അവിടുത്തെ അതിരറ്റ കാരുണ്യവും സനേഹവും പ്രകടമാക്കി.
3. പ്രകാശമായി സ്വര്‍ഗ്ഗം തുറന്നു വന്നവന്‍!
ജോര്‍ദ്ദാനില്‍വച്ച് സ്നാപകന്‍റെ കൈകളില്‍നിന്ന് യേശു ജ്ഞാനസ്നാനം സ്വീകരിച്ചപ്പോള്‍ “സ്വര്‍ഗ്ഗം തുറക്കപ്പെട്ടു”വെന്നാണ് വിശുദ്ധ മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് (16). ഇത് പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ്. ആഗമനകാലത്ത് പ്രഭണിതമായി നാം പലതവണ ആവര്‍ത്തിക്കുന്ന ഏശയായുടെ പ്രവചനവാക്യം ഇവിടെ അനുസ്മരണീയമാണ്, “ആകാശം പിളര്‍ന്ന് ദൈവമേ, അങ്ങ് വേഗം ഇറങ്ങിവരേണമേ!” (ഏശയ 64, 1). ഇത് ഇന്നത്തെ ആദ്യവായനയുമാണ്. സ്വര്‍ഗ്ഗം അടഞ്ഞു കിടക്കുകയാണെങ്കില്‍ നമ്മുടെ ജീവിതയാത്ര ഇരുട്ടില്‍ ആഴ്ന്നുപോകുന്നു, പ്രത്യാശയറ്റതായി മാറുന്നു. ക്രിസ്തുമസ്സില്‍ നമുക്ക് ആവര്‍ത്തിച്ചു ലഭിച്ച ഉറപ്പിതാണ് - ക്രിസ്തുവിന്‍റെ വരവിലൂടെ സ്വര്‍ഗ്ഗം നമുക്കായി തുറക്കപ്പെട്ടു. ദൈവത്തിന്‍റെ കരുണയും സ്നേഹവും നമുക്കായി എന്നും ക്രിസ്തുവിലൂടെ വഴിഞ്ഞൊഴുകുന്നു. സ്വരൂപമായ ആദിയിലെ വചനം നമുക്കു ജീവനും പ്രകാശവുമായി ഇന്നും ലോകത്തു തെളിഞ്ഞുനില്ക്കുന്നു.
4. സ്വര്‍ഗ്ഗമഹത്വത്തിന്‍റെ സാക്ഷികള്‍
സ്വര്‍ഗ്ഗം തുറക്കപ്പെട്ടു എന്ന ആശയം കുറച്ചുകൂടെ വിശദീകരിക്കാം. ബെതലഹേമിലെ, ഇടയന്മാരും, പൂജരാജാക്കളും, സ്നാപകനും, അപ്പസ്തോലന്മാരും, വിശുദ്ധ സ്റ്റീഫനും, സഭയിലെ മറ്റ് ആദ്യരക്തസാക്ഷികളുമെല്ലാം വിളിച്ചുപറയുന്നുണ്ട്, “ഇതാ, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലതുഭാഗത്തു നില്ക്കുന്നതും ഞങ്ങള്‍ കാണുന്നു!” (നടപടി 7, 56). മേല്‍പ്പറഞ്ഞത് കൃത്യമായും സഭയിലെ ആദ്യരക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ വാക്കുകളാണ്. ദൈവസ്നേഹത്താല്‍ നിറയുമ്പോള്‍ നിങ്ങള്‍ക്കും എനിക്കും ഈ അനുഭവമുണ്ടാകും. ജ്ഞാനസ്നാനത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടുള്ളവര്‍ അതിനു യോഗ്യരാണ്. ദൈവസ്നേഹത്താല്‍ നിറഞ്ഞു കവിയാന്‍ വേണ്ടുവോളം നമ്മെ യോഗ്യരാക്കാം. ദൈവികകാരുണ്യത്തിന്‍റെ സമയമാണ് ഈ പുണ്യകാലം. രക്ഷയുടെ വാഗ്ദാനങ്ങള്‍ പൂവണിയുന്ന കാലമാണിത്. സ്വര്‍ഗ്ഗം നമുക്കായ് തുറന്ന ദൈവിക കനിവിന്‍റെ സമയമാണിത്!
5. സ്വര്‍ഗ്ഗം തുറന്നുവന്ന ലോകത്തിന്‍റെ വെളിച്ചം
ചിലര്‍ എങ്കിലും ഓര്‍ക്കുന്നുണ്ടാകാം, ജപമാലയില്‍ “പ്രകാശത്തിന്‍റെ ദിവ്യരഹസ്യങ്ങളുടെ” ധ്യാനം കൂട്ടിച്ചേര്‍ത്തത് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ്. അത് 2002-ലായിരുന്നു. ആഴ്ചവട്ടത്തിലെ വ്യാഴാഴ്ച ധ്യാനിക്കുന്ന പ്രകാശത്തിന്‍റെ രഹസ്യത്തില്‍
(1) യേശുവിന്‍റെ ജ്ഞാനസ്നാനം, (2) കാനായിലെ കല്യാണം, (3) ദൈവരാജ്യപ്രഘോഷണം, (4) യേശുവിന്‍റെ രൂപാന്തരീകരണം, (5) പരിശുദ്ധ കുര്‍ബ്ബാനയുടെ സ്ഥാപനം... എന്നിങ്ങനെ ക്രിസ്തുവിന്‍റെ ദൈവികമായ 5 വെളിപ്പെടുത്തലുകളാണ് നാം ധ്യാനിക്കുന്നത്. അതില്‍ ഏറ്റവും ആദ്യത്തേത് ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനമാണെന്നത് ശ്രദ്ധേയമാണ്. “ഇവന്‍ എന്‍റെ പ്രിയപുത്രനാണ്. ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു,” (17) എന്ന വചനം അവിടുത്തെ ദൈവപുത്രസ്ഥാനവും ഈ ലോകത്ത് മനുഷ്യരുടെമദ്ധ്യേ ക്രിസ്തുവിനുള്ള രക്ഷണീയ ദൗത്യവും വെളിപ്പെടുത്തുന്നതാണ്.
6. മാനവികതയിലെ ദൈവികമായ പങ്കുചേരല്‍
തന്നില്‍ പാപമോ മാനസാന്തരത്തിനുള്ള ആവശ്യമോ ഇല്ലാതിരിക്കെയാണ് ക്രിസ്തു യോഹന്നാനില്‍നിന്നും അനുതാപത്തിന്‍റെ ജ്ഞാനസ്നാനം സ്വീകരിച്ചത്. ഇതുവഴി അവിടുന്ന് തന്നെത്തന്നെ പാപികളും ബലഹീനരുമായവരോട് താദാത്മ്യപ്പെടുത്തുകയായിരുന്നു. മാനുഷികതയും, അതിന്‍റെ ബലഹീനതകളും, ക്ലേശങ്ങളും, ദാരിദ്ര്യാവസ്ഥയും അംഗീകരിക്കുന്നതിനുമായി തന്‍റെ തിരുക്കുമാരനെ ലോകത്തിനു നല്കിയ പിതാവിന്‍റെ കൈയ്യൊപ്പും അംഗീകാരവുമാണ് യോര്‍ദ്ദാനില്‍ ദൃശ്യമായ സ്വര്‍ഗ്ഗം തുറക്കല്‍. അവിടെ ലോകം ശ്രവിച്ചത് പിതൃശബ്ദവും, പുത്രന്‍റെമേലുള്ള പ്രാവിന്‍റെ രൂപമായ പരിശുദ്ധാത്മ സാന്നിദ്ധ്യവും വെളിപ്പെടുത്തി തരുന്നത് ക്രിസ്തുവില്‍ മനുഷ്യരോടുള്ള ദൈവത്തിന്‍റെ താദാത്മ്യപ്പെടലാണ്. ഈ ദൈവികമായ പങ്കുവയ്ക്കല്‍ നമ്മുടെ മാനവികതയിലുള്ള ക്രിസ്തുവിന്‍റെ പങ്കുചേരലും, അവിടുത്തേയ്ക്ക് മനുഷ്യകുലത്തോടുള്ള യഥാര്‍ത്ഥമായ സ്നേഹത്തിന്‍റെ പ്രതീകവുമാണ്. പങ്കുവയ്ക്കുക എന്നാല്‍ സ്നേഹത്തില്‍ ജീവിക്കുക എന്നാണര്‍ത്ഥം. Sharing is the true way of loving!
7. മര്‍ത്ത്യതയിലെ അമര്‍ത്ത്യത
ക്രിസ്തു തന്നെത്തന്നെ ഒരിക്കലും മാനുഷികമായ ചുറ്റുപാടുകളില്‍നിന്നും അകറ്റിനിര്‍ത്തിയില്ല. സമകാലീനരെ, വിശിഷ്യാ പാവങ്ങളും പരിത്യക്തരുമായവരെ തന്‍റെ സഹോദരങ്ങളായി കണ്ട് അവര്‍ക്കൊപ്പം, അവര്‍ക്കുവേണ്ടി നന്മചെയ്തുകൊണ്ടു ജീവിച്ചു, കടന്നുപോയി. അവിടുത്തെ വചനം ലോകത്തിന് ഇന്നും തെളിദീപമാണ്. അവിടുത്തെ സാന്നിദ്ധ്യം പ്രിയസാന്ത്വനമാണ്. അവിടുന്ന് സകലരെയും ദൈവപിതാവിന്‍റെ മക്കളായി സ്വീകരിച്ചു. ഇതാണ് ക്രിസ്തു യോര്‍ദ്ദാനിലെ ജ്ഞാനസ്നാന സംഭവത്തിലൂടെ ലഭ്യമാക്കിയ വെളിപാട്. ക്രിസ്തുവിലൂടെ മനുഷ്യകുലത്തിനു ചരിത്രത്തില്‍ ലഭ്യമായത് ദൈവികകാരുണ്യത്തിന്‍റെ ഒളിതൂകുന്നൊരു കാലമാണ്. തന്‍റെ തുരുപ്പിറവിയാലും ജ്ഞാനസ്നാനത്താലും മനുഷ്യരായ നമ്മുടെ മര്‍ത്ത്യത അവിടുന്ന് ഏറ്റെടുത്തുകൊണ്ട് നമ്മെ നവീകരിക്കുകയും, നമുക്ക് നവജീവന്‍ നല്കുകയും, അവിടുത്തെ അമര്‍ത്ത്യതയില്‍ എളിയവരായ നമ്മെ പങ്കുകാരാക്കുകയുംചെയ്തു!
8. പ്രാര്‍ത്ഥനയോടെ...
ഞങ്ങള്‍ക്കു ചുറ്റും യുദ്ധങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെടുകയും, കാലാവസ്ഥക്കെടുതികളും, പ്രകൃതി ക്ഷോഭവും ഞങ്ങളെ അലട്ടുകയും ചെയ്യുമ്പോള്‍, സ്വര്‍ഗ്ഗം തുറന്ന് ഞങ്ങളുടെ മദ്ധ്യേ ഇറങ്ങിവന്ന യേശുവേ, രക്ഷകനായ അങ്ങേ സാന്നിദ്ധ്യം ഞങ്ങളുടെ ജീവിതയാത്രയില്‍ തുണയും ആത്മീയ ബലവുമാകട്ടെ! ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ള ആദ്യകൂദാശയായ ജ്ഞാനസ്നാനത്തിന്‍റെ കൃപാവരത്തില്‍ വളരുവാനും, അങ്ങേ സുവിശേഷ വെളിച്ചത്തിന്‍റെ സാക്ഷികളായി ജീവിക്കുവാനും സഹായിക്കണമേ! ക്രിസ്തുവിലൂടെ ഞങ്ങള്‍ സ്വര്‍ഗ്ഗീയ പിതാവിന്‍റെ മക്കളായി ജീവിക്കട്ടെ! ഒപ്പം സഭാമാതാവിന്‍റെ മടിത്തട്ടില്‍ അതിരുകളും വിവേചനവും ഇല്ലാത്ത സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും കൂട്ടായ്മയില്‍ ജീവിക്കാന്‍ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ!
ഗാനമാലപിച്ചത് ബിജു നാരായണന്‍, രചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം സണ്ണിസ്റ്റീഫന്‍.