തിരയുക

2020.01.23 JOSEF ATTIPETY servo di Dio 2020.01.23 JOSEF ATTIPETY servo di Dio 

ആര്‍ച്ചുബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി "ദൈവദാസന്‍"

വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത - നാമകരണ നടപടിക്രമങ്ങള്‍ക്ക് തുടക്കമായി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. സെന്‍റ് ഫ്രാന്‍സിസ് അസ്സീസി
ഭദ്രാസന ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍

ജനുവരി 21–Ɔο തിയതി ചൊവ്വാഴ്ച വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ എറണാകുളത്തെ സെന്‍റ് ഫ്രാന്‍സിസ് അസ്സീസി ഭദ്രാസനദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹ ബലിയര്‍പ്പണമദ്ധ്യേ നടന്ന ലളിതമായ ചടങ്ങിലാണ് ആര്‍ച്ചുബിഷപ്പ് ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണ നടപടിക്രമങ്ങള്‍ക്ക് തുടക്കമായത്. വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്‍റെയും വിശ്വാസികളുടെയും അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് നാമകരണ നടപടിക്രമങ്ങള്‍ തുടങ്ങുന്നതിനുള്ള ഔദ്യോഗിക അനുമതി വത്തിക്കാന്‍ നല്കിയത്.

2. വത്തിക്കാന്‍ നല്കിയ അനുമതി
വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ അഞ്ചലോ ബെച്യൂ നാമകരണനടപടിക്രമങ്ങള്‍ അതിരൂപതാതലത്തില്‍ ആരംഭിക്കുന്നതിനു നല്കിയ അനുമതിപത്രം (Nihil Obstat) ദിവ്യബലിമദ്ധ്യേ പരസ്യമായി വായിച്ചതോടെയാണ് വരാപ്പുഴയുടെ മുന്‍മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണ നടപടിക്രമങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ഇതുവഴി ആര്‍ച്ചുബിഷപ്പ് അട്ടിപ്പേറ്റി (Servant of God) “ദൈവദാസന്‍” എന്ന് ഇനി മുതല്‍ വിശേഷിപ്പിക്കപ്പെടുമെന്നും, ദൈവദാസന്‍റെ ഭൗതികമായ നേട്ടങ്ങളെക്കാള്‍ എത്രത്തോളം അദ്ദേഹം ദൈവവുമായും മനുഷ്യരുമായും ഐക്യപ്പെട്ടു ജീവിച്ചുവെന്നതിലേയ്ക്കുള്ള ഒരു നീണ്ട തുടര്‍അന്വേഷണപഠനമാണ് ഇനിയും ബാക്കിനില്ക്കുന്ന നാമകരണ നടപടിക്രമങ്ങളുടെ നീണ്ടഘട്ടങ്ങളെന്നും ആര്‍ച്ചുബിഷപ്പ് കളത്തിപ്പറമ്പില്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

3. വന്‍ പങ്കാളിത്തമുണ്ടായ തിരുക്കര്‍മ്മങ്ങള്‍
വരാപ്പുഴ അതിരൂപത പ്രവിശ്യയിലെ കോട്ടപ്പുറം, വിജയപുരം, കണ്ണൂര്‍, ആലപ്പുഴ, കൊച്ചി എന്നീ രൂപതാദ്ധ്യക്ഷന്മാരായ ബിഷപ്പ ജോസഫ് കാരിക്കശ്ശേരി, ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കേത്തേചേരില്‍, ബിഷപ്പ് അലക്സ് വടക്കുതല, ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍, ബിഷപ്പ് ജോസഫ് കരിയില്‍ എന്നിവരും, അതിരൂപതയുടെ വിശ്രമജീവിതം നയിക്കുന്ന മുന്‍മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ എന്നിവര്‍ ഉള്‍പ്പെട്ടെ ആയിരക്കണക്കിന് വിശ്വാസികളും, രൂപതാ വൈദികരും സന്ന്യസ്തരും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു. ദൈവദാസന്‍ ആര്‍ച്ചുബഷപ്പ് അട്ടിപ്പേറ്റിയുടെ നാമകരണ നടപടിക്രമങ്ങളുടെ പോസ്റ്റുലേറ്റര്‍ ഫാദര്‍ ആന്‍ഡ്രൂസ് അഗസ്റ്റിന്‍ കപ്പൂച്ചിനും സന്നിഹിതനായിരുന്നു.

4. ദൈവദാസന്‍ ആര്‍ച്ചുബിഷപ്പ്
ജോസഫ് അട്ടിപ്പേറ്റിയുടെ ജീവിതരേഖ
1894-ല്‍ വൈപ്പിന്‍ദ്വീപിലെ ഓച്ചന്തുരുത്ത് കുരിശിങ്കില്‍ (Cruz Milagris) ഇടവകയിലെ അട്ടിപ്പേറ്റി കുടുംബത്തില്‍ ജനിച്ചു.
അതിരൂപതയുടെ സെമിനാരിയിലെ പ്രാരംഭ പഠനങ്ങള്‍ക്കുശേഷം റോമിലെ പ്രൊഗാന്‍ഡാ കോളെജില്‍ വൈദികപഠനം പൂര്‍ത്തിയാക്കി.
1926-ല്‍ റോമില്‍വച്ച് റോമാരൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ പംഫീലിയോയില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു.
1932-ല്‍ വരാപ്പുഴയുടെ പിന്‍തിടുര്‍ച്ചാവകാശമുള്ള മെത്രാനായി 11-Ɔο പിയൂസ് പാപ്പാ നിയോഗിച്ചു.
1933 ജൂണ്‍ 11-ന് പിയൂസ് 11-Ɔമന്‍ പാപ്പാ വത്തിക്കാനില്‍വച്ച് മെത്രാപ്പോലീത്തയായി അഭിഷേകംചെയ്തു.
1934 ഡിസംബര്‍ 21-ന് അതിരൂപതയുടെ സെന്‍റ് ഫ്രാന്‍സിസ് അസ്സീസി ഭദ്രാസന ദേവാലയത്തില്‍വച്ച് വരാപ്പുഴയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു.
37 വര്‍ഷക്കാലം നീണ്ടതായിരുന്നു ദൈവദാസന്‍ ആര്‍ച്ചുബിഷപ്പ് അട്ടിപ്പേറ്റിയുടെ അജപാലനശുശ്രൂഷ.
1970 ജനുവരി 21-ന് കാലംചെയ്തു.
2020 ജനുവരി 21 – അദ്ദേഹത്തിന്‍റെ 50-Ɔο ചരമവാര്‍ഷിക നാളിലാണ് നാമകരണ നടപടിക്രമങ്ങള്‍ക്ക് തുടക്കമായതും, “ദൈവദാസന്‍” എന്ന വിശേഷണത്തിന് അദ്ദേഹം യോഗ്യനാകുന്നതും.

5. ദൈവദാസന്‍റെ അജപാലന
സമര്‍പ്പണത്തിലേയ്ക്ക് ഒരെത്തിനോട്ടം
നീണ്ടകാലയളവിലെ അജപാലന സമര്‍പ്പണത്തിലൂടെ വിസ്തൃതവും അവിഭക്തവുമായ വരാപ്പുഴ അതിരൂപതയില്‍ മാത്രമല്ല, എറണാകുളം പട്ടണത്തിന്‍റെ സാമൂഹികവും സാംസ്കാരികവും, വിദ്യാഭാസപരവുമായ അഭിവൃദ്ധിക്കായി അദ്ദേഹം ആശ്രാന്തം പരിശ്രമിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, സാംസ്കാരികം, ആത്മീയം, ജനക്ഷേമപരം എന്നിങ്ങനെ വിവിധ മേഖലകളില്‍ നവമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും സ്ഥാപനങ്ങള്‍ക്ക് തുടക്കിടുകയും ചെയ്തു. കഠിനാദ്ധ്വാനത്തിലൂടെ നിരവധി ഭൗതികവും ആത്മീയവുമായ നന്മകള്‍ ക്രാന്തദര്‍ശിയായ ഈ ദൈവദാസന് ജനങ്ങള്‍ക്കായി നേടുവാന്‍ സാധിച്ചുവെന്നത് അദ്ദേഹത്തി‍ന്‍റെ ജീവിതവിശുദ്ധിയുടെ മാറ്റു തെളിയിക്കുന്നു.

6. പ്രാര്‍ത്ഥനയുടെ മനുഷ്യന്‍
പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു ദൈവദാസന്‍ ആര്‍ച്ചുബിഷപ്പ് അട്ടിപ്പേറ്റി. പ്രഭാതബലിയര്‍പ്പിച്ചു തുടങ്ങുന്ന അദ്ദേഹത്തിന്‍റെ ഓരോ ദിനത്തിന്‍റെയും സായാഹ്നത്തില്‍ വൈദികവിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള ജപമാലയ്ക്കും സായ്ഹ്നപ്രാര്‍ത്ഥനയ്ക്കും, തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്കും കപ്പേളയില്‍ മുട്ടില്‍നില്ക്കുന്നതു കാണുന്നത് ദൈവദാസന്‍റെ ലാളിത്യമാര്‍ന്ന വിശുദ്ധിയുടെ അടയാളമായിരുന്നു.

7. ഒരു മനുഷ്യസ്നേഹി
വൈദിക വിദ്യാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പിനുപോലും നേതൃത്വംനല്കിയിരുന്ന ദൈവദാസന്‍, മാസത്തില്‍ ഒരിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികളെ വിളിച്ചുകൂട്ടി ഉപദേശം നല്കുവാനും സമയം കണ്ടെത്തി. അവരെ പേരുചൊല്ലി വിളിക്കാനുള്ള പിതൃവാത്സല്യവും അജപാലന സ്നേഹവും ഈ നല്ലപിതാവ് പ്രകടമാക്കി. വീട്ടുപേരു പറഞ്ഞാല്‍ ഏത് ഇടവകയില്‍ നിന്നാണെന്നും, ഏതു കരയില്‍നിന്നാണെന്നുമെല്ലാം എടുത്തുപറയാനുള്ള അദ്ദേഹത്തിന്‍റെ അജപാലനപരമായ സൂക്ഷ്മതയും പരിചയസമ്പത്തും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. തെക്കു വൈക്കം മുതല്‍, വടക്ക് തൃശൂര്‍വരെയും, പടിഞ്ഞാറ് അറബിക്കടലും കിഴക്ക് മലയോരവും അതിര്‍ത്തികളായിരുന്ന അതിരൂപതയില്‍ പരന്നുകിടന്നിരുന്ന തന്‍റെ അജഗണങ്ങളെ അടുത്തറിയാന്‍ എല്ലാ വീടുകളും കയറിയിറങ്ങി പ്രാര്‍ത്ഥിക്കുവാനും അവരെ ആശീര്‍വ്വദിക്കുവാനുമുള്ള അതുല്യമായ അജപാലന സമര്‍പ്പണവും ഇടയസ്നേഹവും ദൈവദാസന്‍ പ്രകടമാക്കിയിട്ടുണ്ട്.

8. സാമൂഹ്യ സമുദ്ധാരകന്‍
തന്‍റെ വൈദികരുടെ ആത്മീയ വളര്‍ച്ചയും അജപാലന നന്മയും എന്നും ആഗ്രഹിച്ചുരുന്ന ദൈവദാസന്‍ ആര്‍ച്ചുബിഷപ്പ് അട്ടിപ്പേറ്റി അല്‍മായരോടു ഇടപഴകുന്നതിലും അവര്‍ക്കൊപ്പം സമൂഹത്തിന്‍റെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കുന്നതിലും തല്പരനായിരുന്നു. അതിരൂപതയുടെ ഭാരണകാര്യങ്ങളിലും സാമൂഹ്യ പദ്ധതികളിലും വൈദികര്‍ക്കൊപ്പം അല്‍മായരെയും മാനിക്കുകയും, അവരുടെ അഭിപ്രായങ്ങള്‍  ആരായുകയും അവരെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. “എല്ലാവര്‍ക്കും എല്ലാമായി തീരുക…” എന്ന അദ്ദേഹത്തിന്‍റെ ജീവിതസൂക്തം മാനിച്ചുകൊണ്ട് ജാതിമതഭേദമെന്യേ സകലരോടും കൈകോര്‍ത്തു പ്രവര്‍ത്തിച്ചതാണ് വലിയ നേട്ടങ്ങള്‍ സമൂഹത്തിനുവേണ്ടി കൈവരിക്കുവാനും, ജനങ്ങളെ ക്രിസ്തുവിന്‍റെ സ്നേഹത്തിലും വിശ്വാസത്തിലും വളര്‍ത്തുവാനും സാധിച്ച ദൈവദാസന്‍റെ ജീവിതവിജയം (1കൊറീന്തിയര്‍ 9, 22). ജനങ്ങള്‍ അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്‍റെ അജപാലന വാത്സല്യവും കാരുണ്യവും ദൈവദാസന്‍റെ വിശുദ്ധിയുടെ പ്രഭയായി ഇന്നും തെളിഞ്ഞുനില്ക്കുന്നു!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2020, 16:07