“പുല്‍ക്കൂട്ടിലെ വിസ്മയം” നാടകീയ ശബ്ദരേഖ
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. തിരുവെഴുത്തുകളില്‍നിന്നും ഉയിര്‍ക്കൊണ്ട
സദ്വാര്‍ത്ത – തിരുപ്പിറവി
മനുഷ്യാവതാര രഹസ്യത്തിന്‍റെ ആനന്ദകരമായ പ്രഘോഷണമാണ് ക്രിസ്തുമസ്സ്! തിരുവെഴുത്തുകളുടെ ഏടുകളില്‍നിന്നും ആനാദിയിലേ ഉയിര്‍കൊണ്ട സുവിശേഷമാണ് രക്ഷകന്‍റെ തിരുപ്പിറവി. ലോകത്തുള്ള ഓരോ സ്ത്രീയും പുരുഷനുമായി നേര്‍ക്കാഴ്ച നടത്താന്‍ ദൈവം താഴ്മയില്‍ മനുഷ്യരൂപമെടുത്ത ചരിത്ര സംഭവത്തിന്‍റെ ഒരു ആത്മീയ യാത്രയാണ് ക്രിസ്തുമസ്സിനെക്കുറിച്ചുള്ള ധ്യാനം. നമ്മില്‍ ഒരുവന്‍ ആകുവാന്‍ വേണ്ടുവോളം വിനയാന്വിതമായ മഹല്‍ സ്നേഹമാണ് ദൈവം ക്രിസ്തുമസ്സില്‍ പ്രകടമാക്കിയത്. ഈ ധ്യാനം അവിടുത്തോടു ചേര്‍ന്നു സ്നേഹത്തിലും സമാധാനത്തിലും ജീവിക്കാന്‍ നമ്മെയും സഹായിക്കും (Admirabile Signum 1).
2. ദിവ്യനക്ഷത്രത്തെ പിന്‍ചെന്നവര്‍
മെല്‍ക്കിയോര്‍ : “എന്ത് സൂര്യനെക്കാള്‍ തിളക്കമുള്ള നക്ഷത്രമോ?”
കാസ്പര്‍ : “അതേ, ആ തിളക്കം കണ്ടാണ് ഞാന്‍ വീടുവിട്ടിറങ്ങിയതും, നാളുകള്‍ സഞ്ചരിച്ച് പലസ്തീന ദേശത്ത് എത്തിയതും..!”
ബാള്‍ത്തസാര്‍ : “ദാ, ആ സവിശേഷ നക്ഷത്രം.. അതിന്‍റെ വാല്‍ഭാഗത്തിന്‍റെ പ്രകാശം നോക്കിയേ..., എന്തൊരു പ്രകാശം, എന്തൊരു പ്രഭ...! “
മെല്‍ക്കിയോര്‍ : ഉം... അതുശരിയാണ്! രത്നങ്ങള്‍ പതിച്ചതുപോലെ... ഈ അത്യപൂര്‍വ്വത കണ്ടാണ് ഞാനും യാത്രയായത്!!
കാസ്പര്‍ : പട്ടണത്തിലേയ്ക്ക് കടക്കുംമുന്‍പ് നാം മൂവരും, ഒരേ നക്ഷത്രത്തെ പിന്‍തുടര്‍ന്ന് ഇവിടെ കണ്ടുമുട്ടിയത് അത്ഭുതമാണ്!
ഇനി നമുക്ക് ഒരുമിച്ചുതന്നെ ആ നക്ഷത്രത്തിന്‍റെ ദിശയില്‍ സഞ്ചരിക്കാം.
വാനനിരീക്ഷകരായ ആ മൂന്നു ജ്ഞാനികള്‍ ലോകത്തിന്‍റെ മൂന്നു കോണുകളില്‍നിന്നും ആ നക്ഷത്രത്തെ കണ്ട് ഇറങ്ങിപ്പുറപ്പെട്ടതാണ്. മഴക്കാടുകളും മരുഭൂമികളും അവര്‍ പിന്നിട്ടു. സമുദ്രങ്ങള്‍ മറികടന്നു. മണല്‍ക്കാറ്റിന്‍റെ അലര്‍ച്ചയും, മഞ്ഞുമലകളുടെ കുത്തിയൊഴുക്കും അവര്‍ അതിജീവിച്ചു. യാത്രയ്ക്കിടയില്‍ ഗ്രന്ഥച്ചുരുളുകള്‍ നിവര്‍ത്തി അവര്‍ വായിച്ചു. ഒപ്പം അവരുടെ ഹൃദയങ്ങളും തറുന്നു. ശാസ്ത്രത്തിന്‍റെ വെളിച്ചം ദൈവത്തിന്‍റെ കയ്യക്ഷരത്തിലേയ്ക്ക് പടര്‍ന്നു കയറി. അത് കൂട്ടിവായിക്കാന്‍ അവര്‍ക്കു സാധിച്ചു. അങ്ങനെ അവര്‍ പ്രതിജ്ഞാബദ്ധരായി.
കാസ്പര്‍ : ഇതാ! മറ്റൊരത്ഭുതം! കണ്ടില്ലേ നക്ഷത്രം നീങ്ങുകയാണ്.
വരൂ! നമുക്കതിനെ പിന്‍തുടരാം!
3. നക്ഷത്രത്തെക്കുറിച്ചുള്ള അറിവ്
വ്യാഴത്തിന്‍റെയും ശനിയുടെയും രഹസ്യവേഴ്ച. വാനശാസ്ത്രപ്രകാരം 794 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരുപൂര്‍വ്വ സംഗമം. അതില്‍നിന്നാണ് രത്നശോഭയുള്ള ഈ വാല്‍നക്ഷത്രത്തിന്‍റെ പിറവി. പിറന്നുവീണത് മീനരാശിയിലും. വ്യാഴം ലോകത്തിന്‍റെ ഭരണാധികാരിയുടെ അടയാളമാണ്. ശനി പലസ്തീനായുടെ പ്രതീകവും. മീനരാശി അവസാനത്തെ നാലിനെ സൂചിപ്പിക്കുന്നു. അപ്പോള്‍ കാര്യം എളുപ്പമായി. 794 വര്‍ഷങ്ങളുടെ തപസ്യയ്ക്കുശേഷം വാനവിതാനത്തില്‍ മീനരാശിയൊരുക്കിയ വിജനവീഥിയില്‍ വ്യാഴവും ശനിയും കണ്ടുമുട്ടുന്നു. മീനരാശിയില്‍ ഒരു ഭരണാധികാരി പലസ്തീനായില്‍ ജനിക്കുമെന്ന സൂചനയുമായി ഒരു നക്ഷത്രം ഉദയംചെയ്തിരിക്കുന്നു.
മെല്‍ക്കിയോര്‍ : “നക്ഷത്രങ്ങലെക്കുറിച്ചുള്ള അറിവാണ് നമ്മള്‍ മൂവരേയും യോര്‍ദ്ദാന്‍റെ സംഗമസ്ഥാനമായ ചാവുകടലിന്‍റെ തീരത്തെത്തിച്ചത്. ആഴമായ പഠനങ്ങളില്‍നിന്നും കണ്ടെത്തിയ അറിവുകള്‍ നാം കൈമാറി. നിഗമനങ്ങള്‍ ഒത്തുനോക്കി. അനുപമമായ സ്വരലയം. കാലത്തിന്‍റെ ചുവരക്ഷരങ്ങള്‍ കൂട്ടിവായിച്ച് കിട്ടിയ ആനന്ദലഹരി നമുക്കിതു സകലരോടും പങ്കുവയ്ക്കാം!”
ബാള്‍ത്തസാര്‍ : ഇതാ, ലോകത്തിനു രക്ഷകനായവന്‍ ജനിച്ചിരിക്കുന്നു! (ഏശയ 9, 6).
കാസ്പര്‍ : ദൈവത്തിന്‍റെ മഹത്വം വെളിപ്പെടും, മനുഷ്യരെല്ലാം
ആ വെളിച്ചം ദര്‍ശിക്കുമെന്നത് പ്രവചനവാക്യമാണ്. (ഏശയ 40, 5)
മെല്‍ക്കിയോര്‍ : ദൈവം മനുഷ്യരുടെകൂടെ വസിക്കുമെന്ന് എസേക്കിയേലും പറയുന്നുണ്ട്. എന്‍റെ വാസസ്ഥലം അവരുടെ മദ്ധ്യേയായിരിക്കും. ഞാന്‍ അവരുടെ ദൈവവും അവര്‍ എന്‍റെ ജനവുമായിരിക്കും! (എസേക്കിയേല്‍ 37, 27). അപ്പോള്‍ അവന്‍ പിറക്കുന്നിടം പലസ്തീനായിലെ ബെതലേഹം!
അവര്‍ ആകാശത്തിലേയ്ക്കു കണ്ണുകള്‍ ഉയര്‍ത്തി. നക്ഷത്രം അവരെ നോക്കി കണ്ണുചിമ്മി. അവര്‍ പിന്നെയും യാത്ര തുടര്‍ന്നു. യൂദയായുടെ തലസ്ഥാന നഗരമായ ജരൂസലേമില്‍ എത്തിയപ്പോള്‍ നക്ഷത്രം പെട്ടന്ന് അപ്രത്യക്ഷമായി.
മെല്‍ക്കിയോര്‍ : സ്വന്തം നാടുകളില്‍നിന്നും നമ്മെ വിളിച്ചിറക്കിയതുപോലെ കൊണ്ടുവന്ന്, ഇവിടെവരെ എത്തിച്ചു. എന്നിട്ട് ആ വഴികാട്ടി പിണങ്ങിപ്പോയെന്നോ? എന്തായിരിക്കും കാരണം?
4. ഹേറോദേസ് രാജാവ് ബന്ധികളാക്കിയവര്‍
മെല്‍ക്കിയോറും കൂട്ടരും ഇതു പറഞ്ഞ് മുകളിലേയ്ക്കു നോക്കി നില്ക്കവെ കുതിരപ്പട്ടാളക്കാര്‍ പാഞ്ഞെത്തി. (പാഞ്ഞുവരുന്ന കുതരയുടെ കൊളമ്പടി). മൂന്നു വിദേശികള്‍ റോമന്‍ അതിര്‍ത്തി കടന്നതായി ചാരന്മാര്‍വഴി നാടുവാഴിയായ ഹേറോദേസ് രാജാവിന് വിവരം ലഭിച്ചു. മറ്റേതോ ദേശക്കാരായ മൂന്നു രാജാക്കള്‍ രാജ്യാതിര്‍ത്തി കടന്നതായിട്ടാണ് കൊട്ടാരത്തില്‍ വാര്‍ത്തയെത്തിയത്. പെട്ടന്ന് രണ്ടു റോമന്‍ ഭടന്മാര്‍ ജ്ഞാനികളുടെ സമീപത്തുവന്ന് നിലയുറപ്പിച്ചു. കുതിരപ്പുറത്ത് ഇരുന്നുതന്നെ രൂക്ഷമായി നോക്കിക്കൊണ്ടു ഒരാള്‍ ചോദിച്ചു.
ഭടന്‍ 1 : “ നിങ്ങളാണല്ലേ കിഴക്കുനിന്നു വന്ന ജ്ഞാനികള്‍?”
ഭടന്‍ 2 : “രാജ്യാതിര്‍ത്തി കടന്നിട്ടും, രാജാവിനെ എന്തുകൊണ്ടു മുഖം കാണിച്ചില്ല?
വരൂ... കൊട്ടാരത്തിലേയ്ക്ക്...! ”
ജ്ഞാനികള്‍ മൗനം ഭജിച്ചു. ഭടന്മാര്‍ അവരെ ഹെറോദേസിന്‍റെ സന്നിധിയില്‍ എത്തിച്ചു. ചുവന്നു കലങ്ങിയ ഹേറോദേസിന്‍റെ കണ്ണുകളില്‍ ഒരു ചോദ്യശരം ഉയര്‍ന്നുനിന്നു.
ഹേറോദേസ് : ആരാണു നിങ്ങള്‍?
ബാള്‍ത്തസാര്‍ : ഞങ്ങള്‍ വാനനിരീക്ഷകരാണ്. കിഴക്ക് ഒരപൂര്‍വ്വ നക്ഷത്രം കണ്ട് അതിനെ പിന്‍തുടര്‍ന്ന് എത്തിയതാണ്!
കാസ്പര്‍ : ഞങ്ങള്‍, വ്യത്യസ്ത രാജ്യക്കാരാണ്. ഇവിടെ ചാവുകടലിന്‍റെ തീരത്തുവച്ചാണ് കണ്ടുമുട്ടിയത്.
ഹേറോദേസ് : അപ്പോള്‍ എന്താണീ ദേശാടനം, എന്തിനാണീ നീണ്ട തീര്‍ത്ഥാടനം?
5. പലസ്തീനായില്‍ മറ്റൊരു രാജാവോ?
മെല്‍ക്കിയോര്‍ : സകല ജനതകളെയും ഭരിക്കാന്‍ കരുത്തനായ ഒരുവന്‍ യഹൂദയ ദേശത്ത് പിറന്നിരിക്കുന്നു. രാജ്യവും ശക്തിയും മഹത്വവും അവനുള്ളതാണെന്നും. അവന്‍റെ നക്ഷത്രംതന്നെയാണ് കണ്ടതെന്നും മനസ്സിലാക്കിയാണ് ഞങ്ങള്‍ ഇറങ്ങി പുറപ്പെട്ടത്!
കാസ്പര്‍ : ഞങ്ങള്‍ വന്നത് അവിടുത്തെ കാണാനും, ആരാധിക്കുവാനുമാണ്. ഞങ്ങള്‍ നഗര കവാടത്തില്‍ എത്തിയപ്പോള്‍ വഴികാട്ടിയായി കണ്ട നക്ഷത്രം മാഞ്ഞുപോയി. അതിനാല്‍ ഇനി എന്താണ് അവിടെ എത്തിപ്പെടാനുള്ള മാര്‍ഗ്ഗം?
അവരുടെ ചോദ്യത്തിനു മുന്നില്‍ ഹേറോദേസ് ഒന്നു പതറി. പിന്നീട് പ്രധാന പുരോഹിതന്മാരെയും വേദപണ്ഡിതന്മാരെയും ആളയച്ചു വരുത്തി.
ഹേറോദേസ് : പണ്ഡിതനായ സേറാ, താങ്ങള്‍ പറയൂ... വരുവാനിരിക്കുന്ന ഒരു രാജാവിനെക്കുറിച്ച് തിരുവെഴുത്തുകള്‍ എന്തെങ്കിലും പറയുന്നുണ്ടോ?
പണ്ഡിതന്‍ : “പ്രഭോ... പറയുന്നുണ്ട്. ബെതലഹേം-എഫ്രാത്താ യൂദയായിലെ പട്ടണങ്ങളില്‍ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ അവിടെനിന്നു പുറപ്പെടും. അവിടുന്ന് യുഗങ്ങള്‍ക്കുമുന്‍പേ ഉള്ളവനാണ്. ദൈവിക ശക്തിയോടും മഹത്വത്തോടുംകൂടെ അവിടുന്നു വന്ന് തന്‍റെ ആടുകളെ മേയ്ക്കും. അവിടുത്തെ പ്രതാപം ഭൂമിയുടെ അതിര്‍ത്തികളോളം ഉള്ളതിനാല്‍ ജനം അവന്‍റെ സാന്നിദ്ധ്യത്തില്‍ സുരക്ഷിതരായി വസിക്കും. അവിടുന്ന് ജനതകള്‍ക്ക് സമാധാന രാജാവായിരിക്കു”മെന്ന് മീക്കാ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.... പ്രഭോ! (മീക്ക 5, 4-5).
ഹേറോദേസ് : എന്ത്...!? യൂദയായിലെ ബെതലഹേമില്‍...! ... യൂദയായില്‍ മറ്റൊരു രാജാവോ? (അട്ടഹസിക്കുന്നു).
അസാദ്ധ്യം. ഇല്ല! ഒരിക്കലുമില്ല. അതു പാടില്ല!
ഉം... ഇപ്പോള്‍ നിങ്ങള്‍ക്കു പോകാം! നിങ്ങള്‍ പോയി അവനെ കണ്ടെത്തി, ആരാധിച്ചിട്ട്, തിരിച്ചുവന്ന് നമ്മെ വിവരം അറിയിക്കണം! എനിക്കും ആ ദിവ്യനെ ഒന്നു വണങ്ങാനാണ്! (short silence)
ഉം...പോകൂ... പോയ് വരൂ!
ഹേയ്... ക്വിന്തീലിയൂസ് ഇവരെ വിട്ടയയ്ക്കൂ...!! പക്ഷെ ഇവര്‍ തിരിച്ചുവന്ന് എല്ലാം വിവരവും നമുക്കു തരട്ടെ!
ഭടന്‍ : ഓ... അങ്ങേ കല്പനപോലെ പ്രഭോ...!
കിഴക്കുനിന്നുള്ള ജ്ഞാനികള്‍ കൊട്ടാരത്തിന്‍റെ പടിയിറങ്ങുമ്പോള്‍... കൊട്ടിയടയ്ക്കപ്പെട്ട രാജകവാടങ്ങള്‍ക്കുള്ളില്‍നിന്നും ഹേറോദേസിന്‍റെ അട്ടഹാസവും അലര്‍ച്ചയും കേള്‍ക്കാമായിരുന്നു.
ഹേറോദേസ് : എന്ത്...!? യൂദയായിലെ ബെതലഹേമില്‍... സമാധാന രാജോവോ... എന്തു സമാധാന രാജാവ്! എന്തിന്...?
യൂദയായില്‍ മറ്റൊരു രാജാവോ, ഹേറോദിനെ വെല്ലുന്നൊരു രാജാവോ? (അട്ടഹസിക്കുന്നു). അസാദ്ധ്യം. ഇല്ല! ഒരിക്കലുമില്ല. അതു പാടില്ല!)
(ഹേറോദേശിന്‍റെ ശബ്ദവും, ഒപ്പം... ഒട്ടകങ്ങളുടെ കുളമ്പടിയും അകന്നൊഴിയുന്നു...
6. ബെതലേഹം ഉറങ്ങിയ ധനുമാസ രാവ്
വിശാലവും പച്ചവിരിച്ചതുമായ മേച്ചില്‍പ്പുറത്തിന്‍റെ ഒരു ഭാഗത്ത് മുള്‍ച്ചെടികള്‍ കൊണ്ടുള്ളൊരു വളച്ചുകെട്ട്. അതിനകത്ത് പനയോല മേഞ്ഞൊരു ആട്ടിന്‍ തൊഴുത്ത്. രാത്രികാലങ്ങളില്‍ ആടുകള്‍ക്കും ഇടയന്മാര്‍ക്കും അവിടെ കയറി കിടക്കാം, വിശ്രമിക്കാം. വാതില്ക്കല്‍ ഒരിടയന്‍ കാവല്‍ ഇരിക്കുന്നുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുകയാണ്. ആകാശത്ത് അലഞ്ഞുനടക്കുന്ന മേഘങ്ങളെ ധനുമാസത്തിലെ പൂര്‍ണ്ണ ചന്ദ്രന്‍റെയും താരങ്ങളുടെയും വെട്ടത്തില്‍ കാണാമായിരുന്നു. അതില്‍നിന്നും ചിറകുവീശി ഇറങ്ങുന്നൊരു പ്രകാശംഗോളം കണ്ട് കാവല്‍നിന്ന ഇടയന്‍ ഭയന്ന് അകത്തേയ്ക്കോടി. മറ്റിടയന്മാരെ വിളിച്ചുണര്‍ത്തി. അവര്‍ എല്ലാവരും ഓടി ആലയുടെ പടിക്കലെത്തി പകച്ചുനിന്നു. തൊട്ടടുത്തുള്ള ദേവദാരു വൃക്ഷച്ചുവട്ടില്‍ പ്രഭാപൂര്‍ണ്ണനായൊരു ദൈവദൂതന്‍ നില്ക്കുന്നു. ദൂതന്‍ ഇടയന്മാരോടായി പറഞ്ഞു.
ദൂതന്‍ : “ഭയപ്പെടേണ്ടാ! ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്കുള്ള അടയാളം. പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.” (ലൂക്കാ 2, 10-12).
മേഘങ്ങളില്‍നിന്നും സ്വര്‍ഗ്ഗീയ സംഗീതത്തിന്‍റെ അലയടി. സ്വര്‍ഗ്ഗം താണിറങ്ങിവന്നു. അപ്പോള്‍ മാലാഖമാര്‍ പാടി :
“അത്യൂന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!” (2)
7. നമുക്കു ബെതലഹേമിലേയ്ക്കു പോകാം!
ദൂതന്മാര്‍ അവരെവിട്ട് മറഞ്ഞു പോയപ്പോള്‍ ആട്ടിടയന്മാര്‍ പരസ്പരം പറഞ്ഞു :
ഇടയന്‍ : “നമുക്ക് ബെതലേഹംവരെ പോകാം. ദൈവം നമ്മെ അറിയിച്ച സംഭവം നമുക്കു പോയി കാണാം” (ലൂക്കാ 2, 15).
8. പുല്‍ക്കൂട്ടിലെ അമ്മ
അങ്ങനെ രക്ഷയുടെ ദാനം സ്വീകരിച്ചതും, മനുഷ്യാവതാര സംഭവത്തെ ആദ്യം വരവേറ്റതും എളിയവരും പാവങ്ങളായവരുമാണ്. സ്നേഹത്തോടും, നന്ദിയോടും, എന്നാല്‍ ഭീതിയോടുംകൂടെ ഉണ്ണിയേശുവിനെ കാണുവാന്‍ പുറപ്പെട്ട ഇടയന്മാര്‍ തീര്‍ച്ചയായും നമ്മെ തേടിയെത്തിയ ദൈവത്തെയാണ് പുല്‍ക്കൂട്ടില്‍ എതിരേറ്റത് (AS, 5.1).
തന്‍റെ പുത്രനെ ധ്യാനപൂര്‍വ്വം വീക്ഷിക്കുകയും, അവിടെയെത്തുന്ന ഓരോ സന്ദര്‍ശകര്‍ക്കും യേശുവിനെ കാണിച്ചുകൊടുക്കുകയും ചെയ്യുന്ന മറിയത്തെ അവര്‍ പുല്‍ക്കൂട്ടില്‍ കണ്ടു. നസ്രത്തിലെ യുവതിയുടെ വിമല ഹൃദയത്തിന്‍റെ കവാടത്തില്‍ ദൈവം മുട്ടിയപ്പോള്‍ ചുരുളഴിഞ്ഞ ദൈവിക രഹസ്യം ധ്യാനിക്കുവാന്‍ മറിയത്തിന്‍റെ പുല്‍ക്കൂട്ടിലെ സാന്നിദ്ധ്യം സഹായിക്കുന്നു. ദൈവഹിതത്തോട് എപ്രകാരം നാം കീഴ്പ്പെട്ടു ജീവിക്കണമെന്ന് മറിയത്തിന്‍റെ പ്രതികരണം പഠിപ്പിക്കുന്നു. തന്നോടു മാത്രം മകനെ ചേര്‍ത്തണയ്ക്കുന്ന ഒരമ്മയല്ല മറിയം. മറിച്ച് അവിടുത്തെ വാക്കുകള്‍ അനുസരിക്കുവാനും, അവ ജീവിതത്തില്‍ പകര്‍ത്തുവാനുമായി എല്ലാവരെയും യേശുവിന്‍റെ പക്കലേയ്ക്കു പറഞ്ഞയയ്ക്കുന്ന അമ്മയാണു മറിയം (യോഹ. 2:5) (AS, 7.0).
9. തിരുക്കുടംബത്തിന്‍റെ കാവല്‍ക്കാരന്‍
ഉണ്ണിയേശുവിനും അമ്മയ്ക്കും സംരക്ഷകനായി അവരുടെ ചാരത്തു നില്ക്കുന്ന വിശുദ്ധ യൗസേപ്പിനെയും ഇടയന്മാര്‍ പുല്‍ക്കൂട്ടില്‍ കണ്ടു. കൈയ്യില്‍ വടിയും വിളക്കുമായി പുല്‍ക്കൂട്ടില്‍ നില്ക്കുന്ന യൗസേപ്പിന്‍റെ രൂപം മനം കവരുന്നതാണ്. തിരുക്കുടുംബത്തിന്‍റെ അക്ഷീണനായ കാവല്‍ക്കാരനാണ് വിശുദ്ധ യൗസേപ്പ്! (AS, 7.1).
10. മൂന്നു രാജാക്കന്മാര്‍
സുദീര്‍ഘവും ദുര്‍ഘടവുമായ ജീവിതവഴികള്‍ പിന്നിട്ട പൂജരാജാക്കന്മാരും ക്രിസ്തുവിന്‍റെ പക്കല്‍ എത്തിച്ചേര്‍ന്നു. വിദൂരസ്ഥരും, ജ്ഞാനികളും, സമ്പന്നരുമായ ആ മനുഷ്യരുടെ അനന്തത തേടിയ ദൈര്‍ഘ്യമുള്ളതും ക്ലേശപൂര്‍ണ്ണവുമായ യാത്ര അവരെ എത്തിച്ചത് ബെതലഹേമിലെ പുല്‍ക്കൂട്ടിലായിരുന്നു (മത്തായി 2, 1-12). യേശുവിനെ കണ്ടെത്തിയവര്‍ സ്വര്‍ണ്ണവും, കുന്തുരുക്കവും, മീറയും ഉപഹാരങ്ങളായി അവിടുത്തേയ്ക്കു സമ്മാനിച്ചു. ഈ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ക്ക് പ്രതീകാത്മകമായ അര്‍ത്ഥങ്ങളുണ്ട് :
സ്വര്‍ണ്ണം ക്രിസ്തുവിന്‍റെ രാജത്വത്തെയും, കുന്തുരുക്കം അവിടുത്തെ ദൈവികതയെയും, മീറ മരണത്തിലും സംസ്ക്കാരത്തിലും പ്രതിഫലിക്കുന്ന അവിടുത്തെ പുജ്യമായ മനുഷ്യത്വത്തെയും വെളിപ്പെടുത്തുന്നു (AS, 9.0).
11. നക്ഷത്രങ്ങളുടെ ഗതിയെ നയിക്കുന്ന പരമജ്ഞാനി
ദിവ്യനായ ആ കുഞ്ഞു രാജാവിന്‍റെ ദര്‍ശനം അവരില്‍ അളവറ്റ ആനന്ദം ഉണര്‍ത്തി. പരിതാപകരമായ ചുറ്റുപാടുകള്‍ കണ്ടിട്ടും തെറ്റിദ്ധരിക്കാതെയും സംശയിക്കാതെയും ഉടനെതന്നെ അവര്‍ അവിടുത്തെ മുന്നില്‍ മുട്ടുമടക്കി ആരാധിച്ചു. അവര്‍ അവിടുത്തെ മുന്നില്‍ ശിരസ്സു നമിച്ചപ്പോള്‍ നക്ഷത്രങ്ങളുടെ ഗതിയെ നയിക്കുന്ന ദൈവത്തിന്‍റെ പരമജ്ഞാനമാണ് തങ്ങളെ നയിച്ചതെന്ന് അവര്‍ക്കു മനസ്സിലായി. ശിഷ്ടരെ ഉയര്‍ത്തിക്കൊണ്ടും ശക്തരെ അമര്‍ത്തിക്കൊണ്ടും ചരിത്രത്തിന്‍റെ ഗതിവിഗതികളെ നയിക്കുന്നത് അവിടുന്നു തന്നെയാണെന്ന് മനസ്സിലുറച്ചുകൊണ്ട് അവര്‍ സ്വദേശങ്ങളിലേയ്ക്കു മടങ്ങി (AS, 9.1).
12. അങ്ങേയ്ക്കു സ്തുതി ദൈവമേ! (Laudato Si’!)
ദൈവം നമ്മോടുകൂടെയാണെന്നും, അവിടുത്തെ മക്കളും, സഹോദരീ സഹോദരന്മാരുമായ നാം അവിടുത്തോടു കൂടെയാണെന്നും മനസ്സിലാക്കിത്തരുന്നത് ദൈവപുത്രനും മേരീ സുതനുമായ ബെതലഹേമിലെ ദിവ്യശിശുവാണ്, പുല്‍ക്കൂട്ടിലെ ദിവ്യഉണ്ണിയാണ്. ദൈവിക ഐക്യത്തിന്‍റെ ഈ അറിവിലാണ് നാം യഥാര്‍ത്ഥ സന്തോഷം കണ്ടെത്തുന്നത്. പുല്‍ക്കൂട്ടിലെ ലളിതമായ ധന്യതയിലേയ്ക്ക് നമ്മുടെ ഹൃദയങ്ങള്‍ തുറക്കാം. അതില്‍നിന്നും ഉയരുന്ന വിസ്മയത്തില്‍നിന്ന് നമ്മുടെ ഹൃദയങ്ങളില്‍ ഈ എളിയ പ്രാര്‍ത്ഥന ഉയരട്ടെ : ഞങ്ങളെ ഒരിക്കലും അനാഥരായി കൈവെടിയാത്ത, ഞങ്ങള്‍ക്കായി എല്ലാം നന്മയായി പകര്‍ന്നുതരുന്ന ദൈവമേ, അങ്ങേയ്ക്കു സ്തുതി! അങ്ങേയ്ക്കു സ്തുതി!! (AS, 10.1).
ഗാനമാലപിച്ചത് ഡോ. കെ. ജെ. യേശുദാസും സംഘവുമാണ്.
രചനയും സംഗീതവും എ. ജെ. ജോസഫ്.