തിരയുക

Vatican News
2019.12.04 UAE JESUS YOUTH 25 JUBILEE Jesus Youth negli Emirati Arabi Uniti celebra il 25 ° anniversario. 2019.12.04 UAE JESUS YOUTH 25 JUBILEE Jesus Youth negli Emirati Arabi Uniti celebra il 25 ° anniversario. 

യു.എ.ഈ. ജീസസ് യൂത്ത് രജതജൂബിലി ആഘോഷിച്ചു

എമിറേറ്റ് രാജ്യങ്ങളിലെ ജീസസ് യൂത്ത് (Jesus Youth) അല്‍മായ പ്രസ്ഥാനം 25-Ɔο വാര്‍ഷികം ആചരിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. റായല്‍കൈമയില്‍ നടന്ന ആഘോഷങ്ങള്‍
നവംബര്‍ 30-മുതല്‍ ‍ഡിസംബര്‍ 2-വരെ നീണ്ടതായിരുന്നു ജൂബിലി ആഘോഷങ്ങള്‍. യൂഎഈ-യിലും സമീപത്തെ എമിറേറ്റ് രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന 3500 യുവജനങ്ങളും അവരുടെ കുടുംബങ്ങളും ആഘോഷങ്ങളില്‍ പങ്കെടുത്തു. ആഘോഷങ്ങള്‍ക്കും പ്രധാനപരിപാടികള്‍ക്കും വേദിയായത് റാസല്‍കൈമയിലെ വിശുദ്ധ അന്തോനീസിന്‍റെ നാമത്തിലുള്ള ഇടവക ദേവാലയമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ 25 വര്‍ഷമായി നിലനില്ക്കുന്ന ജീസസ് യൂത്തിന്‍റെ സജീവമായ കൂട്ടായ്മയും അതിന്‍റെ പ്രവര്‍ത്തനങ്ങളും സമ്മേളനം നന്ദിയോടെ അനുസ്മരിച്ചു. ഒപ്പം ഭാവിയില്‍ സാദ്ധ്യതയുള്ള അല്‍മായരുടെ പ്രേഷിത സുവിശേഷവത്ക്കരണ പദ്ധതികളും സമ്മേളനം ചര്‍ച്ചാവിഷയമാക്കിയെന്ന്, ജീസസ് യൂത്ത് പൊന്തിഫിക്കല്‍ സ്ഥാപനത്തിന്‍റെ രാജ്യാന്തര കോര്‍ഡിനേറ്ററും, അംഗങ്ങളുടെ രൂപീകരണ പരിപാടികളുടെ ആസൂത്രകനുമായ മനോജ് സണ്ണി അറിയിച്ചു.

2. സഭാധികാരികളുടെ സാന്നിദ്ധ്യം
തെക്കന്‍ അറേബ്യന്‍ കത്തോലിക്കാ സഭാപ്രവിശ്യയുടെ വികാര്‍ അപ്പസ്തോലിക്, ബിഷപ്പ് പോള്‍ ഹിന്‍ഡറും, വടക്കന്‍ പ്രവിശ്യയുടെ കത്തോലിക്കാ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ കമീലോ ബലിനും സമ്മേളനത്തില്‍ പങ്കെടുത്തു.
അറേബ്യന്‍ പ്രവിശ്യയുടെ അപ്പസ്തോലിക് സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് പദീല്ലയുടെ സാന്നിദ്ധ്യവും സമ്മേളനത്തിന് അനുഗ്രമായെന്ന്, മനോജ് സണ്ണി വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ അറിയിച്ചു.

3. ഇന്ത്യയില്‍നിന്നും എത്തിയവര്‍
ഇന്ത്യയില്‍നിന്നും പ്രസ്ഥാനത്തിന്‍റെ സ്ഥാപകാംഗങ്ങളും സജീവപ്രവര്‍ത്തകരുമായ ബോബി ചാക്കോ, മനോജ് സണ്ണി, പ്രഫസര്‍ എഡ്വേര്‍ഡ് എടേഴത്ത്, സി. സി. ജോസഫ്, ആരംഭകാലത്തെ ആത്മീയഉപദേഷ്ടാവ് ഫാദര്‍ എബ്രാഹം പള്ളിവാതുക്കല്‍ എസ്.ജെ. എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

4. “യേശു പറയുന്നതുപോലെ ചെയ്യുക!”
കാനായിലെ കല്യാണവിരുന്നില്‍ സന്നിഹിതയായിരുന്ന യേശുവിന്‍റെ അമ്മ, മറിയം വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ അവിടെയുണ്ടായിരുന്ന ദൃത്യന്മാരോടു പറ‍ഞ്ഞ പ്രത്യാശയുടെ വാക്കുകളാണ്, “അവിടുന്നു പറയുന്നതു പ്രകാരം ചെയ്യുക” (യോഹ. 2,5). ഇത് ജൂബിലി സമ്മേളനത്തിന്‍റെ മുഖ്യപ്രമേയമായിരുന്നു. അതിനെ ആധാരമാക്കി കൂടിക്കാഴ്ചകള്‍, ചര്‍ച്ചകള്‍, തുറന്ന സംവാദം, സംഗീതശുശ്രൂഷ, ദൃശ്യാവിഷ്ക്കാരങ്ങള്‍, വിശ്വാസസാക്ഷ്യം എന്നീ പരിപാടികള്‍ക്കു പുറമെ, എല്ലാ ദിവസവുമുള്ള സമൂഹബലിയര്‍പ്പണം, അനുതാപശുശ്രൂഷ, കുമ്പസാരം എന്നിവ സംഘടിപ്പിക്കപ്പെട്ടു.

5. കേരളത്തില്‍ പിറവിയെടുത്ത പ്രസ്ഥാനം
ഇന്ന് പൊന്തിഫിക്കല്‍ സ്ഥാപനത്തിന്‍റെ പദവിയും രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തനങ്ങളുമുള്ള ജീസസ് യൂത്ത് പ്രസ്ഥാനം 1985-ല്‍ കേരളത്തില്‍ ഏതാനും യുവജനങ്ങളുടെ സാഹോദര്യക്കൂട്ടായ്മയില്‍ പിറവിടെയുത്ത പ്രസ്ഥാനമാണ്. യുവജനങ്ങളുടെ സുവിശേഷവത്ക്കരണത്തിനും അവരില്‍ പ്രേഷിതചൈതന്യം വളര്‍ത്തുവാനുമായി തുടക്കമിട്ടതാണ് ജീസസ് യൂത്ത്.  1994-ല്‍ യുഎഈ-യിലെ തൊഴിലാളികളായ യുവജനങ്ങള്‍ ചെറിയ കൂട്ടായ്മയായി തുടങ്ങിയത് ഇന്ന് അറബ് എമിറേറ്റ് രാജ്യങ്ങളിലെ മിക്കവാറും എല്ലാ ഇടവകകളിലും സജീവമായിക്കഴിഞ്ഞു.

6. യുഎഈ-യിലെ ജീസസ് യൂത്തിന്
പാപ്പാ ഫ്രാന്‍സിസിന്‍റെ ആശീര്‍വ്വാദം

യൂഎഈ-യിലെ സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കുകയും അനുരഞ്ജനത്തിന്‍റെ കൂദാശ സ്വീകരിച്ച് പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുകയും, പരിശുദ്ധ പിതാവിന്‍റെ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്ക് പാപ്പാ ഫ്രാന്‍സിസ് നല്കിയ സമ്പൂര്‍ണ്ണ ദണ്ഡവിമോചനം അറേബ്യന്‍ പ്രവിശ്യയുടെ അപ്പസ്തോലിക് വികാരി, ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ സമ്മേളനത്തിന്‍റെ ആദ്യദിനമായ നവംബര്‍ 30-നു തന്നെ പങ്കെടുക്കാന്‍ എത്തിയ എല്ലാവരെയും അറിയിച്ചിരുന്നു.

7. ക്രിസ്തുവില്‍നിന്നു നേടുന്ന ജീവിതാനന്ദം  
ഇന്ന് ലോകത്തെ 35 രാജ്യങ്ങളില്‍ വ്യാപിച്ചിട്ടുള്ള ജീസസ് യൂത്ത് പ്രസ്ഥാനം മിക്കവാറും എല്ലാ എമിറേറ്റ് രാജ്യങ്ങളിലും സജീവമാണ്. യഥാര്‍ത്ഥമായ ജീവിതാനന്ദം അനുഭവിക്കുക, ജീവതത്തില്‍ ക്രിസ്തുവുമായി പൂര്‍ണ്ണ ഐക്യം പ്രാപിക്കുക എന്നതാണ് പ്രസ്ഥാനത്തിലെ അംഗങ്ങളുടെ ലക്ഷ്യവും ദൗത്യവും.  

8. കിട്ടയതു  പങ്കുവയ്ക്കാം!
ക്രിസ്തുവിനായും സത്യത്തിനായും യുവജനങ്ങള്‍ക്കിടയില്‍ ദാഹമുണ്ട്. അതിനാല്‍ യുവജനങ്ങള്‍ അവരുടെ വിശ്വാസ ജീവിതാനുഭങ്ങള്‍ മറ്റുള്ളവരുമായി, പ്രത്യേകിച്ച് യുവജനങ്ങളുമായി പങ്കുവയ്ക്കുവാനുള്ള തീരുമാനം ജൂബിലിയുടെ ഫലപ്രാപ്തിയും സമ്മാനമാവുമാവട്ടെയെന്നും ബിഷപ്പ് ഹിന്‍ഡര്‍ സമ്മേളനത്തില്‍ പ്രസ്താവിച്ചു. അതിനാല്‍ പ്രേഷിതരാകാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ അറേബ്യന്‍ രാജ്യങ്ങളുടെ വിവിധ പ്രവിശ്യകളിലേയ്ക്ക് സമയലബ്ധിപോലെ സഞ്ചരിച്ചു അവര്‍ക്കു ലഭിച്ചിട്ടുള്ള ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ ആനന്ദവും അനുഭവവും പങ്കുവയ്ക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിക്കുകയുണ്ടായി.
 

04 December 2019, 16:50