തിരയുക

Vatican News
fr. Thadeusa, compositore e poeta indiano fr. Thadeusa, compositore e poeta indiano 

നിത്യതയെ ധ്യാനിക്കുന്ന തദേവൂസച്ചന്‍റെ ഒരപൂര്‍വ്വഗാനം

പൗരോഹിത്യ രജതജൂബിലിയോട് അനുബന്ധിച്ച് ഫാദര്‍ തദേവൂസ് അരവിന്ദത്ത് കുറിച്ച ധ്യാനഗീതത്തിന്‍റെ ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആയുസ്സേകിയ ദൈവമേ! - ഗാനം

1. ആയുസ്സിനു നന്ദിപറയുന്ന ഗീതം
ഫാദര്‍ തദേവൂസ് അരവിന്ദത്തിന്‍റെ വൈദികപട്ടത്തിന്‍റെ 25-Ɔο വാര്‍ഷിക നാളിലായിരുന്നു “അമൃതം” എന്ന ഗാനശേഖരത്തിന്‍റെ പ്രകാശനം. തന്‍റെ 10 കവിതകള്‍ കോര്‍ത്തിണക്കിയ ഗാനശേഖരത്തിലെ ശ്രദ്ധേയമായ ഗാനമാണ് “ആയുസ്സേകിയ ദൈവമേ!”. എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയത് വയലിന്‍ ജേക്കബ് എന്നു പ്രസിദ്ധനായ വിനോദ് ജേക്കബാണ്. വിനോദിന്‍റെ അത്യപൂര്‍വ്വമായ പശ്ചാത്തല സംഗീതപാടവവും താളക്കൊഴുപ്പും തദേവൂസ് അച്ചന്‍റെ വരികള്‍ക്ക് ഓജസ്സേകുന്നു. മധു ബാലകൃഷ്ണന്‍റെ ആലാപനം  ഈ ധ്യാനഗീതത്തെ ഹൃദയഹാരിയാക്കുന്നു. തന്‍റെ ജീവതത്തിനു ദൈവത്തോടു നന്ദിപറഞ്ഞുകൊണ്ടാണ് ധ്യാനഗീതം തദേവൂസച്ചന്‍ തുടങ്ങുന്നത്. രചനകളില്‍ എപ്പോഴും ജീവിതാനുഭവങ്ങളെ ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ കാണുന്ന അച്ചന്‍ ദൈവംതന്ന ആയുസ്സിനും ജീവനും നന്ദിപറയുന്നതാണ് പല്ലവി. തുടന്ന്, ജീവിതാനുഭവങ്ങളുടെ നീറ്റലുകളില്‍ ദൈവസ്നേഹത്തിന്‍റെ സാന്ത്വനത്തിനായി അനുപല്ലവി ഉയരുകയാണ്. 

2. ഒന്നാം ചരണത്തിലെ നിത്യതയുടെ ധ്യാനം
ഒന്നാം ചരണത്തില്‍ - മണ്‍മറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളിലേയ്ക്കും അവരുടെ വേര്‍പാടിന്‍റെ ദുഃഖത്തിലേയ്ക്കും വഴിഞ്ഞിറങ്ങുന്ന വരികളില്‍ കവി ഭാവാത്മകമായും വികാരാധീനനായും ദൈവത്തിന് നന്ദിപറയുകയാണ്. ചരണത്തി‍ന്‍റെ അവസാനത്തില്‍, മരണത്തെക്കുറിച്ചുള്ള ധ്യാനത്തിന്‍റെ കാരണം പറയുന്നതുപോലെയാണ്. ജീവിതത്തിന്‍റെ പരമമായ ലക്ഷ്യവും സ്ഥാനവും നിത്യതയാണ്. നമ്മുടെ പ്രിയപ്പെട്ടവരെ ഒരുനാള്‍ ദൈവസന്നിധിയില്‍ മുഖാമുഖം കാണുവാനാകും എന്ന പ്രത്യാശയുടെ ചിന്തയോടെയാണ് തദേവൂസച്ചന്‍ ഒന്നാം ചരണം അവസാനിപ്പിക്കുന്നത്.

3. രണ്ടാം ചരണത്തിലെ നശ്വരതയുടെ ധ്യാനം
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരുവന് ഈ ജീവിതം നിത്യതയിലേക്കുള്ള യാത്രയാണ്. ഈ ദൈവശാസ്ത്ര ചിന്ത രണ്ടാം ചരണത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. ജീവിതമാകുന്ന തീര്‍ത്ഥാടനത്തിന്‍റെ അന്ത്യത്തില്‍ നാം നിത്യതയുടെ തീരങ്ങളിലെ പ്രശാന്തതയില്‍ സ്രഷ്ടാവും ജീവിദാതാവും വിധിയാളനുമായ ദൈവസന്നിധി പ്രാപിക്കും എന്ന ധ്യാനമാണിത്. ഈ ലോക വഴികളില്‍, അതിനാല്‍ പരസ്നേഹത്തില്‍ ജീവിക്കാമെന്ന് കവി ദൃഢപ്പെടുത്തുന്നു. വീടും സമ്പത്തും എല്ലാം സ്ഥിരവും ശാശ്വതവുമാണെന്നു നാം കരുതുമെങ്കിലും, അവയെല്ലാം താല്ക്കാലികം മാത്രമാണ്. കാരണം, തനിയെ ഈ മണ്ണിലേയ്ക്കു വന്ന നാം ഓരോരുത്തരും, തനിയെ മണ്ണില്‍ അലിഞ്ഞുചേരുമെന്ന ധ്യാനത്തോടെ രണ്ടാം ചരണം അവസാനിക്കുന്നു.

4. നിത്യതയുടെ തീരങ്ങളെ ലക്ഷ്യംവയ്ക്കാം!
പരേതാന്മാക്കളുടെ അനുസ്മരണ ആചരിക്കുന്ന നവംബര്‍ മാസത്തിന്‍റെ ഓര്‍മ്മയിലാണ് തദേവൂസച്ചന്‍റെ ഈ ധ്യാനഗീതി പങ്കുവയ്ക്കുന്നത്. ജീവല്‍ ബന്ധിയായ ധ്യാനചിന്തകള്‍ ഗാനങ്ങളില്‍ കോര്‍ത്തിണക്കുന്ന തദേവൂസച്ചനും അദ്ദേഹത്തിന്‍റെ സഹകാരികളായ എല്ലാ കലാകാരന്മാര്‍ക്കും നന്ദിപറയുന്നു. അമേരിക്കയിലെ അജപാലനശുശ്രൂഷയുടെ തിരക്കിലും ഇനിയും ഗാനങ്ങള്‍ രചിക്കാനുള്ള പ്രചോദനവും കഴിവും ദൈവം നല്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു!

5. ആയുസ്സേകിയ ദൈവമേ!
പല്ലവി

ആയുസ്സേകിയ ദൈവമേ, നിന്‍
ആഗ്രഹങ്ങള്‍പോലെ ഞാന്‍
നീ തരുന്നോരനുഭവങ്ങള്‍
ഏറ്റുവാങ്ങി വളര്‍ന്നിടാം.

അനുപല്ലവി
എന്‍റെ പ്രാണന്‍ നീറുകില്‍ വരണമേയരികില്‍,
നിന്‍റെ സ്നേഹം മാത്രമെന്‍ മനസ്സിനാശ്വാസം.

ചരണം ഒന്ന്
ആഴമേറിയ സ്നേഹം നല്കി കാത്തൊരോമനയെ
കൊതിതീരെ കാണും മുന്‍പേ മോക്ഷം പൂകാന്‍ പോയവരെ
വേര്‍പിരിഞ്ഞതിന്‍ ദുഃഖം തിങ്ങി തേങ്ങിടുന്നവരേ
സ്വര്‍ഗ്ഗരാജ്യമാണേക സ്ഥാനം വീണ്ടും തമ്മില്‍ ചേര്‍ന്നിടുവാന്‍
കാണുന്നൂ നാം അഭിമുഖം അവസാന വിധിയുടെ ദിനം
ദിവ്യനാഥന്‍ വന്നിടും നേരം.
- ആയുസ്സേകിയ

ചരണം രണ്ട്
ജീവിതം ഒരു യാത്ര പരസ്നേഹ പാതകളില്‍
ഈ ലോകമോ വഴിസത്രം സ്ഥിരവാസം ഇവിടില്ല
വീടും സമ്പത്തും എല്ലാം നിത്യമെന്നു കരുതിടല്ലേ
ദൈവസ്നേഹമാകുന്ന ധനം മാത്രമല്ലേ നിന്‍ സ്വന്തം
ഏകനായ് മന്നില്‍ വന്നൂ, നീ ഏകനായ് മണ്ണില്‍ ചേരും
അന്ത്യനേരമോര്‍ക്കുക വേഗം.
- ആയുസ്സേകിയ

https://nemo.vaticannews.va/editor.html/content/vaticannews/ml/church/news/2019-11/meditative-hymn-on-eternity-thadeus-aravindath.html

6. അമൃതം – ഗാനശേഖരത്തിന്‍റെ ലഭ്യത
എറണാകുളത്തെ ക്ലാസ്സിക് ഓഡിയോസ് ആദ്യം പ്രകാശനം ചെയ്ത ഗാനം, ഇപ്പോള്‍ മനോരമ മ്യൂസികിന്‍റെ ക്രിസ്തീയ ഭക്തിഗാന ശേഖരത്തിലൂടെയും ലഭ്യമാണ്.
 

10 November 2019, 12:21