വാഴ്ത്തപ്പെട്ട മരിയ എമീലിയ റിക്കേല്‍മെ യി സയാസ്!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
പാവപ്പെട്ടവരുടെയും പരിത്യക്തരുടെയും അമ്മയായി മാറിയ മരിയ എമീലിയ റിക്കേല്‍മെ യി സയാസ് (MARIA EMILIA RIQUELME Y ZAYAS) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു.
സ്പെയിനിലെ ഗ്രനാദയില്‍ ശനിയാഴ്ച (09/11/19) പ്രാദേശിക സമയം രാവിലെ 11 മണിക്ക് ആയിരുന്നു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്.
ഗ്രനാദയിലെ കത്തീദ്രല്‍ ദേവാലയത്തില്‍ നടന്ന വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ജൊവാന്നി ബെച്ചു മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
പരിശുദ്ധതമ കൂദാശയുടെയും അമലോത്ഭവ മറിയത്തിന്‍റെയും പ്രേഷിത സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയാണ് നവവാഴ്ത്തപ്പെട്ട മരിയ എമീലിയ റിക്കേല്‍മെ യി സയാസ്.
ഗ്രനാദയില്‍ 1847 ആഗസ്റ്റ് 5-ന് ജനിച്ച മരിയ എമീലിയ കരുത്തുറ്റ വിശ്വാസ ജീവിതത്തിനും പാവപ്പെട്ടവരോടുള്ള അളവില്ലാത്ത സ്നേഹത്തിനും ഉടമയായി വളര്‍ന്നു.
“ദരിദ്രരാണ് എന്‍റെ ചങ്ങാതികള്‍” എന്ന് ആവര്‍ത്തിച്ചുകൊണ്ട് അവര്‍ക്കായുള്ള പ്രവര്‍ത്തനത്തില്‍ നവവാഴ്ത്തപ്പെട്ടവള്‍ ചെറുപ്പകാലത്തു തന്നെ ഏര്‍പ്പെട്ടു. അങ്ങനെ അന്തലൂസ എന്ന സ്ഥലത്ത്, മരിയ എമീലിയ, അവളുടെ നാല്പ്പത്തിയൊമ്പതാമത്തെ വയസ്സില്‍, 1896 മാര്‍ച്ച് 25-ന്, ഒരു സന്ന്യാസിനി സമൂഹത്തിന് രൂപം കൊടുത്തു. ദിവ്യകാരുണ്യമായിരുന്നു ശക്തികേന്ദ്രം. “ദിവ്യകാരുണ്യം ഭൂമിയിലെ പറൂദീസയാണ്, ദിവ്യകാരുണ്യാരാധനയാണ് എന്‍റെ സ്വര്‍ഗ്ഗീയ നിമിഷവും വിനോദവും വിശ്രാന്തിയും എന്ന് പറഞ്ഞിരുന്ന നവവാഴ്ത്തപ്പെട്ട മരിയ എമീലിയ ജീവിതത്തിലുണ്ടായ നിരവധ് പ്രതിസന്ധികളെ വിശ്വാസത്തിന്‍റെ ശക്തിയാല്‍ നേരിട്ടു.
93 വയസ്സു പ്രായമുള്ളപ്പോള്‍ 1940 ഡിസമ്പര്‍ 10-ന് മരിയ എമീലിയ സ്വര്‍ഗ്ഗീയ ഗേഹം പൂകി.
നവവാഴ്ത്തപ്പെട്ട മരിയ എമീലിയ സ്ഥാപിച്ച പരിശുദ്ധതമ കൂദാശയുടെയും അമലോത്ഭവ മറിയത്തിന്‍റെയും പ്രേഷിത സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹം ഇന്ന് സ്പെയിനിനു പുറമെ, അമേരിക്കാന്‍ ഐക്യനാടുകള്‍, മെക്സിക്കൊ, കൊളൊംബിയ, ബൊളീവിയ, ബ്രസീല്‍, അങ്കോള, ഫിലിപ്പീന്‍സ്, പോര്‍ച്ചുഗല്‍ എന്നീ നാടുകളില്‍ പ്രവര്‍ത്തനനിരതമാണ്.