തിരയുക

Vatican News
2019.11.05 ANTONI ALBERT indiano direttore del cinema 2019.11.05 ANTONI ALBERT indiano direttore del cinema 

യേശുവിനെക്കുറിച്ച് ഒരപൂര്‍വ്വ ചലച്ചിത്രം “യേഷ്വാ”

സംവിധായകന്‍ ആന്‍റെണി ആല്‍ബര്‍ട്ട്. തിരക്കഥ പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ച് അനുഗ്രഹം തേടി.

- ഫാദര്‍ വില്യം നെല്ലിക്കന്‍ 

യേശുവിനോടു പ്രത്യേക താല്പര്യം
മലയാളത്തിന്‍റെ ചലച്ചിത്ര സംവിധായകന്‍ ആന്‍റെണി ആല്‍ബര്‍ട്ട് യേശുവിന്‍റെ ജീവചരിത്രം ചിത്രീകരിക്കാന്‍ ഒരുങ്ങുന്നു. മദ്രാസിലെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പ്രവേശിക്കും മുന്‍പേ  ആല്‍ബര്‍ട്ട്  മനസ്സിലേറ്റി നടന്ന  ഒരു സ്വപ്നമാണ് യേശുവിനെക്കുറിച്ചൊരു സിനിമ! മാനവരാശി കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ യേശുവിന്‍റെ ജീവിതം  ബൈബിളിലെ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ചരിത്ര സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു 3-ഡി ചിത്രം തനിമയാര്‍ന്ന ശൈലിയില്‍ നിര്‍മ്മിക്കാനുള്ള തിരക്കഥയും സംഭാഷണവും ആന്‍റെണി ആല്‍ബര്‍ട്ട് ആവിഷ്ക്കരിച്ചു കഴിഞ്ഞു. യേശു ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുടെ ഒരു രാജ്യാന്തര തിരഞ്ഞെടുപ്പിനുശേഷം ഇറ്റലിയിലെ വിഖ്യാതമായ “ചിനെചിത്ത” (Cinecittà) – ഫിലിം സിറ്റിയുടെ ബൃഹത്തും അത്യാധുനിവുമായ കാലാ-സാങ്കേതിക സംവിധാനങ്ങളെയും, അമേരിക്കന്‍ യൂറോപ്യന്‍ താരങ്ങളെയും ഉള്‍ച്ചേര്‍ത്ത് നിര്‍മ്മാണത്തിലേയ്ക്ക് നീങ്ങാനുള്ള യത്നത്തിലാണ് ആന്‍റെണി ആല്‍ബര്‍ട്ട്.

“യേഷ്വാ”യുടെ തിരക്കഥ പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ചു
റോമിലെ വിഖ്യാതമായ  “ചിനെചിത്ത”യുമായുള്ള നിര്‍മ്മാണ-ആസൂത്രണ ചര്‍ച്ചകള്‍ക്കായി റോമിലെത്തിയ ആല്‍ബര്‍ട്ടിന് പാപ്പാ ഫ്രാന്‍സിസിനെ നേരില്‍ക്കണ്ടു തിരക്കഥയുടെ പകര്‍പ്പ് സമര്‍പ്പിക്കാനുള്ള ഭാഗ്യം ലഭിച്ചു. ആഗസ്റ്റ് 4-Ɔο തിയതി വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച വേദിയില്‍വച്ചായിരുന്നു അത്. എതാനും നിമിഷങ്ങള്‍ തിരക്കഥയുടെ ഉള്ളടക്കത്തെക്കുറിച്ചു ആല്‍ബര്‍ട്ട് പാപ്പാ ഫ്രാന്‍സിസുമായി സംസാരിച്ചു. വിശുദ്ധ ഗ്രന്ഥത്തോടും സഭാപാരമ്പര്യങ്ങളോടും വിശ്വസ്തത പുലര്‍ത്തുന്നതും, എന്നാല്‍ പതിവു ചേരുവകളില്‍നിന്നും വ്യത്യസ്തവുമായ കാഴ്ചപ്പാടില്‍ യേശുവിനെ വരച്ചുകാട്ടുന്ന ചിത്രമാണിതെന്ന് പാപ്പാ ഫ്രാന്‍സിസുമായി പങ്കുവയ്ക്കാന്‍ സാധിച്ചത് ആല്‍ബര്‍ട്ട് അനുഗ്രഹമായി കണക്കാക്കുന്നു. തിരക്കഥയില്‍ കൈയ്യൊപ്പുവച്ച പാപ്പാ, ആല്‍ബര്‍ട്ടിനെ സന്തോഷപുരസ്സരം ആശീര്‍വ്വദിക്കുകയും ചെയ്തു.

പണിപ്പുരയിലേയ്ക്കുള്ള യാത്രയില്‍
നസ്രായനായ യേശുവിന്‍റെ ഹെബ്രായ ഭാഷയിലെ “യേഷ്വാ” (Yeshua) എന്ന സംജ്ഞാനാമം തന്‍റെ സ്വപ്നസാക്ഷാത്ക്കാരമാകേണ്ട സിനിമയുടെ തനിമയുള്ള പേരായി മനസ്സിലേറ്റിയാണ് ആല്‍ബര്‍ട്ട് ധനശേഖരത്തിന്‍റെയും മറ്റ് ഒരുക്കങ്ങളുടെയും തിരക്കില്‍ മുന്നോ‌ട്ടു പോകുന്നത്. രണ്ടു സഹസ്രാബ്ദം അപ്പുറമുള്ള കഥയുടെ ഛായാഗ്രഹണം, വേഷവിതാനങ്ങള്‍, രംഗസംവിധാനം, സംഗീതം എന്നിവയിലും, ഒപ്പം ബൈബിള്‍ പടുക്കളുമായുള്ള വിഷയത്തിന്‍റെ സൂക്ഷ്മനിരീക്ഷണത്തിലും താന്‍ വ്യാപൃതനാണെന്ന് വത്തിക്കാന്‍റെ വാര്‍ത്താവിഭാഗം സന്ദര്‍ശിക്കവെ ആല്‍ബര്‍ട്ട് പങ്കുവച്ചു. വന്‍മുടക്കു മുതലുള്ള 3-ഡി ചിത്രത്തിന്‍റെ നിര്‍മ്മാണവുമായി സഹകരിക്കാന്‍ സന്മനസുള്ള യു.എസ്സിലെ ലോസ് ആഞ്ചലസിലുള്ള നിക്ഷേപകരുടെയും അഭ്യൂദയകാംക്ഷികളുടെയും സുഹൃത്തുക്കളുടെയും പക്കലേയ്ക്കു നവംബര്‍ 7-Ɔο തിയതി പോവുകയാണെന്നും ആല്‍ബര്‍ട്ട് അറിയിച്ചു.

നല്ല ചിത്രങ്ങള്‍ സമ്മാനിച്ച ആന്‍റെണി ആല്‍ബര്‍ട്ട്
“കണ്ണേ മടങ്ങുക!” എന്ന ചലച്ചിത്രത്തിലൂടെ മലയാളത്തിനു ശ്രദ്ധേയനായ സംവിധായകനാണ് തിരുവനന്തപുരം സ്വദേശി, ആന്‍റെണി ആല്‍ബര്‍ട്ട്. ഇന്ത്യന്‍ പനോരമയില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. കൂടാതെ മൂന്നു സംസ്ഥാന പുരസ്കാരങ്ങളും ഈ സിനിമ കരസ്ഥമാക്കുകയുണ്ടായി. അതുപോലെ “വാടാമല്ലി,” “ക്രോസ് റോഡ്” എന്നിവയും ആല്‍ബര്‍ട്ടിന്‍റെ നല്ല ചിത്രങ്ങളാണ്. ദേശീയ അംഗീകാരമുള്ള 10 സംവിധായകര്‍ ചേര്‍ന്നു ഒരുക്കിയ “ക്രേസ് റോഡ്” എന്ന ചെറുസിനിമകളുടെ കൂട്ടു ചിത്രത്തില്‍ (cinematic anthology) ആന്‍റെണി ആല്‍ബര്‍ട്ടിന്‍റെ “മുദ്ര”യുമുണ്ട്. മലയാളത്തിന്‍റെ സൂപ്പര്‍ താരം മോഹന്‍ ലാലും ഹോളിവൂഡിന്‍റെ ആക്-ഷന്‍ താരം ജാക്കിച്ചാനും ഒന്നിക്കുന്ന ആല്‍ബര്‍ട്ടിന്‍റെ പണിതീരാത്ത ചിത്രമാണ് “നായര്‍സാന്‍”. ചൈന അതിര്‍ത്തിയിലെ നിര്‍മ്മാണാനുമതിക്കുവേണ്ടി ഇനിയും കാത്തിരിക്കുകയാണ് “നായര്‍സാന്‍”!

പ്രാര്‍ത്ഥനയോടെ എല്ലാഭാവുകങ്ങളും നേരുന്നു!
 

05 November 2019, 17:38