തിരയുക

Vatican News
2019.11.18 Intervista cardinale Pietro Parolin sul viaggio apostolico Papa Francesco in Thailandia e Giappone വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍  

ജീവനും സമാധാനത്തിനുംവേണ്ടി തായിലാന്‍റ്-ജപ്പാന്‍ യാത്ര

ജീവന്‍റെയും സമാധാനത്തിന്‍റെയും പ്രയോക്താവായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് തായിലാന്‍റ്-ജപ്പാന്‍ യാത്ര നടത്തുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ആദ്യം തായിലാന്‍റും പിന്നെ ജപ്പാനും
നവംബര്‍ 19-മുതല്‍ 23-വരെ തായിലാന്‍റിലും, 23-മുതല്‍ 26-വരെ തിയതികളില്‍ ജപ്പാനിലും രണ്ടുപാദങ്ങളായിട്ടാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ 32-Ɔമത് അപ്പസ്തോലികയാത്ര. നവംബര്‍
19, ചൊവ്വാഴ്ച രാവിലെ പാപ്പായ്ക്കൊപ്പം യാത്രപുറപ്പെട്ടതിനു മുന്‍പു വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

2. വൈവിധ്യങ്ങളുടെ നാടുകളിലേയ്ക്ക്
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1984-ല്‍ തായിലാന്‍റും, 1981-ല്‍ ജപ്പാനും സന്ദര്‍ശിച്ചതില്‍പ്പിന്നെ ലോകത്തുണ്ടായിട്ടുള്ള മാറ്റങ്ങള്‍ അഭൂതപൂര്‍വ്വവും അമ്പരപ്പിക്കുന്നതുമാണ്.  ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേയ്ക്ക് മണിക്കൂറുകള്‍ പറക്കുന്ന അകലമുണ്ടായിരിക്കെ  സാമൂഹ്യ മാധ്യമ ശൃംഖലയിലൂടെ   ലോകത്തിന്‍റെ ഒരു മുക്കില്‍നിന്നും മറുമൂലയിലുള്ളവരുമായി മുഖാമുഖം   സംവദിക്കാന്‍ ഇന്നു സാധിക്കുമ്പോള്‍  ആഗോളവത്ക്കരണമെന്ന യാഥാര്‍ത്ഥ്യമാണ് ചുറ്റും അനുഭവവേദ്യമാകുന്നത്. എന്നാല്‍ വിദൂരരാജ്യങ്ങളിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ അപ്പസ്തോലികയാത്ര ജനതകളെ നേരില്‍ കാണുവാനും അവരോടു സംവദിക്കുവാനുമാണ്. കാരണം സഭയുടെ കരുതലുള്ള ഹൃദയത്തില്‍ ഓരോ മനുഷ്യവ്യക്തിക്കും ജനസമൂഹത്തിനും വലിയ സ്ഥാനമുണ്ട്. ജീവിതത്തിന്‍റെ ക്ലേശകരമായ അവസ്ഥയെ നേരിടുന്നതിനും, ആയുസ്സിന് അര്‍ത്ഥം കണ്ടെത്തുവാനും ഒരോ വ്യക്തിയെയും സുവിശേഷപ്രഘോഷണത്തിലൂടെ സഹായിക്കാന്‍ സഭ ആഗ്രഹിക്കുന്നു.

3. സുവിശേഷപ്രഘോഷണ ദൗത്യം
തായിലാന്‍റില്‍ 350 വര്‍ഷങ്ങള്‍ക്കുമുന്‍പ് സുവിശേഷം പ്രഘോഷിച്ച ഈശോ സഭാംഗങ്ങളായ മിഷണറിമാരുടെ കാല്പാടുകളാണ് പാപ്പാ ഫ്രാന്‍സിസ് ഇന്നു പിന്‍ചെല്ലുന്നത്. അതുപോലെ തായിലന്‍റിലെ ന്യൂനപക്ഷമായ ക്രൈസ്തവരെ ക്രിസ്തുവിന്‍റെ ശിഷ്യത്വത്തിലും സുവിശേഷ മൂല്യങ്ങളിലും കൂടുതല്‍ വളര്‍ത്താന്‍  പാപ്പായുടെ സന്ദര്‍ശനവും സാന്നിദ്ധ്യവും സഹായകമാകുമെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ അഭിപ്രായപ്പെട്ടു. തായിലണ്ടിലുള്ള 4 ലക്ഷത്തില്‍ അധികം കത്തോലിക്കര്‍ പരിശുദ്ധാത്മാവിനോടു തുറവും സന്നദ്ധതയുമുള്ളവരാണെങ്കില്‍ അവരുടെ ജീവിതങ്ങള്‍ ഇനിയും  ആകര്‍ഷകവും നന്മയുമുള്ള ക്രിസ്തു സാക്ഷ്യമാക്കി മാറ്റാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ പ്രേഷിതയാത്ര സഹായകമാകുമെന്ന് കര്‍ദ്ദിനാള്‍ പോരോളിന്‍ അഭിപ്രായപ്പെട്ടു.

4. പാരമ്പര്യങ്ങള്‍ക്കും സാങ്കേതികതയ്ക്കും ഇടയില്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ രണ്ടാംപാദ യാത്ര, ജപ്പാനിലേയ്ക്കുള്ളത് ഏറെ പ്രധാനപ്പെട്ടതാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ചൂണ്ടിക്കാട്ടി. കാരണം ആണവാക്രമണത്തിന്‍റെ കെടുതികള്‍ ഇന്നും അനുഭവിക്കുന്ന നാട്ടിനിന്നും ആണവനിരായുധീകരണത്തിനുള്ള ശക്തമായ സന്ദേശവും, ആണാവായുധങ്ങളുടെ ഉപയോഗം അധാര്‍മ്മികമാണെന്ന നിലപാടും ടോക്കിയോയില്‍നിന്നും പാപ്പാ  പ്രസ്താവിക്കുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വെളിപ്പെടുത്തി. രണ്ടാം ലോകയുദ്ധത്തിലെ ന്യൂക്ലിയര്‍ ബോംബ് ആക്രമണത്തിന്‍റെ കെടുതികള്‍ ഇനിയും  വിട്ടുമാറിയിട്ടില്ലാത്ത ജപ്പാന്‍ ജനത കൈവരിച്ചിട്ടുള്ള പുരോഗതി അഭൂതപൂര്‍വമാണെന്ന്  കര്‍ദ്ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടു. പാരമ്പര്യങ്ങള്‍ക്കും നവസാങ്കേതികതയ്ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുന്ന ജപ്പാന്‍റെ പുതിയ തലമുറ ഇന്നിന്‍റെ ആഗോളപ്രതിസന്ധികള്‍ക്ക് ഇടയില്‍ ഇനിയും പ്രതിവിധികള്‍ കണ്ടെത്താനാവാതെ ക്ലേശിക്കുന്നുണ്ട്. അവരും പാപ്പാ ഫ്രാന്‍സിസിനെ കാണുവാനും കേള്‍ക്കുവാനുമുള്ള അപൂര്‍വ്വ അവസരത്തിനായി കാത്തിരിക്കുകയാണെന്നും  കര്‍ദ്ദിനാള്‍ പരോളില്‍ അഭിപ്രായപ്പെട്ടു.

5. ഏഷ്യന്‍ ജനതയുടെ ദുരിതങ്ങള്‍ ഹൃദയത്തിലേറ്റി
പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം, സമാധാന മാര്‍ഗ്ഗങ്ങള്‍, സമാധാനത്തിന് അനിവാര്യമായ നിരായുധീകരണം എന്നീ വിഷയങ്ങള്‍  ടോക്കിയോയിലെ പ്രഭാഷണങ്ങളില്‍  പാപ്പാ ഫ്രാന്‍സിസ് വിഷയമാക്കുമെന്ന് കര്‍ദ്ദിനാള്‍ പരോളന്‍ സൂചിപ്പിച്ചു. തന്‍റെ ഹൃദയത്തോടു ചേര്‍ന്നു നില്ക്കുന്ന ഏഷ്യന്‍ ജനതകളുടെ പ്രതീക്ഷകളിലും, പ്രത്യാശയിലും,  ഒപ്പം അവരുടെ ദുഃഖങ്ങളിലും ദുരിതങ്ങളിലും ഒരുപോലെ പങ്കുചേരാനുള്ള തീവ്രമായ ആഗ്രഹത്തോടെയാണ് പാപ്പാ ഈ പ്രേഷിതയാത്ര നടത്തുന്നതെന്നും,  അതില്‍ പങ്കെടുക്കുവാനും സഹയാത്രികനാകുവാനും സാധിക്കുന്നത് വലിയ  ഭാഗ്യമാണെന്നും  കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

 

22 November 2019, 09:21