തിരയുക

to the international Christian Maritime assn. met in Kaosiung to the international Christian Maritime assn. met in Kaosiung 

കടല്‍യാത്രികരുടെ സംഘടനയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം

കടല്‍യാത്രികരെയും ജോലിക്കാരെയും നന്മയുള്ള ജീവിതത്തിന് സഹായിക്കാന്‍ സാധിക്കട്ടെയെന്ന് പാപ്പാ ഫ്രാന്‍സിസ്

- ഫാദര്‍ വില്യം നെല്ലിക്കല്‍

കടല്‍യാത്രികരുടെ രാജ്യാന്തര സംഘടനയുടെ ജൂബിലി
തായ്-വാനിലെ കൗസിയൂങില്‍ സമ്മേളിച്ചിരിക്കുന്ന കടല്‍യാത്രികരുടെ രാജ്യാന്തര ക്രിസ്ത്യന്‍ സംഘടനയ്ക്ക് (International Christian Maritime Association) വത്തിക്കാനില്‍നിന്നും ഒക്ടോബര്‍ 19-Ɔο തിയതി ശനിയാഴ്ചയാണ്  പാപ്പാ ഫ്രാന്‍സിസ് വീഡിയോ സന്ദേശം അയച്ചത്. സമ്മേളനം 25-വരെ തുടരും. കടല്‍യാത്രികരുടെ സംഘടനയുടെ 50-Ɔο വാര്‍ഷികനാളില്‍ കിഴക്കെ ഏഷ്യന്‍ ദ്വീപുരാജ്യമായ തായ്-വാനില്‍ ചേര്‍ന്ന 11-Ɔമത് രാജ്യാന്തര സംഗമമാണിത്. 

എല്ലാവരെയും ആശ്ലേഷിക്കുന്ന സേവനസഖ്യം
നവമായ സഭൈക്യചൈതന്യത്തോടെ കടല്‍യാത്രികര്‍ക്കും നാവികര്‍ക്കും സംഘടന ചെയ്യുന്ന സേവനത്തില്‍ ഉറച്ചുനില്ക്കുന്നതിന് തായ്-വാനിലെ ഈ ജൂബിലി സംഗമം സഹായകമാകട്ടെയെന്ന് പാപ്പാ ആമുഖമായി ആശംസിച്ചു. കൂടിക്കാഴ്ചയുടെയും സംവാദത്തിന്‍റെയും വര്‍ദ്ധിച്ച ശൈലിയും സാധ്യതകളുമുള്ള ഇക്കാലഘട്ടത്തില്‍ കടല്‍യാത്രികരെയും നാവികരെയും മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും പൂര്‍വ്വോപരി ഫലവത്തായി സഹായിക്കാനുള്ള സാദ്ധ്യതകള്‍ അവരുടെ പ്രസ്ഥാനത്തിന് കണ്ടെത്താന്‍ സാധിക്കുമെന്ന് സന്ദേശത്തില്‍ പാപ്പാ പ്രത്യാശിച്ചു.

കടലില്‍ അദ്ധ്വാനിക്കുന്നവര്‍ക്ക് നന്മയുടെ വഴികാട്ടാന്‍
വിശുദ്ധിയും നന്മയുമുള്ളൊരു ജീവിതം നയിക്കാന്‍ കടല്‍യാത്രികരെയും നാവികരെയും സഹായിക്കണമെന്ന് തന്‍റെ മുന്‍ഗാമി, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, സമുദ്രതാരം, stella maris എന്ന അപ്പസ്തോലിക ലിഖിതത്തിലൂടെ ഉദ്ബോധിപ്പിച്ചിട്ടുള്ളത് ഇന്നും പ്രസക്തമാണെന്നു പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. വിവിധ ക്രൈസ്ത പാരമ്പര്യങ്ങളിലുള്ള സംഘടയിലെ എല്ലാവരോടും വിശുദ്ധിയുടെ ജീവിതം നയിക്കാനുള്ള ഈ ക്ഷണം താനും ആവര്‍ത്തിക്കുന്നതായി പാപ്പാ പ്രസ്താവിച്ചു. സമുദ്രത്തിന്‍റെ പശ്ചാത്തലത്തില്‍ വൈവിധ്യമാര്‍ന്ന ജോലികളില്‍ വ്യാപൃതരായിരിക്കുന്ന ഓരോരുത്തര്‍ക്കും ക്രിസ്തുവിനെ കൂടുതല്‍ അറിയുവാനും, അവിടുത്തെ പ്രബോധനങ്ങളില്‍ മുറുകെപ്പിടിച്ചു ജീവിക്കുവാനും, പരസ്പരം അംഗീകരിച്ചും ആദരിച്ചും മുന്നേറുവാനും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

ക്ലേശങ്ങളില്‍ പതറാതെ!
പ്രതിസന്ധികളില്‍ സഭകളുടെ കൂട്ടായ്മയുടെ ചിന്തയും ചൈതന്യവും പ്രസ്ഥാനത്തിലെ ഓരോരുത്തര്‍ക്കും പ്രത്യാശയും ബലവും പകരട്ടെയെന്നും പാപ്പാ അവരെ സമാശ്വസിപ്പിച്ചു. അവരുടെ തീരുമാനങ്ങള്‍ക്കും കൂട്ടായപരിശ്രമങ്ങള്‍ക്കും പ്രാര്‍ത്ഥനയും ആശീര്‍വ്വാദവും നേര്‍ന്നുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 October 2019, 19:57