തിരയുക

2019.10.27 BENEDETTO XVI -VISITA ALLA SEDE DELLA RADIO VATICANA IN OCCASIONE DEL 75° ANNIVERSARIO DELLA SUA FONDAZIONE 3 marzo 2006 2019.10.27 BENEDETTO XVI -VISITA ALLA SEDE DELLA RADIO VATICANA IN OCCASIONE DEL 75° ANNIVERSARIO DELLA SUA FONDAZIONE 3 marzo 2006 

മാധ്യമങ്ങള്‍ സത്യത്തിന്‍റെ മാറ്റൊലിയായി മാറണം

സ്ഥാപനത്തിന്‍റെ 75-Ɔο വാര്‍ഷിക നാളില്‍ പാപ്പാ റാത്സിങ്കര്‍ വത്തിക്കാന്‍ റേഡിയോ സന്ദര്‍ശിച്ചപ്പോള്‍ അത്യപൂര്‍വ്വമായി നല്കിയ തത്സമയ പ്രഭാഷണത്തെക്കുറിച്ച്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ ബെനഡിക്ടിന്‍റെ അത്യപൂര്‍വ്വമായ തത്സമയ പ്രഭാഷണങ്ങള്‍
2006 മാര്‍ച്ചില്‍ ബെനഡിക്ട് 16-Ɔമന്‍ പാപ്പാ വത്തിക്കാന്‍ റേഡിയോയുടെ 75-Ɔο വാര്‍ഷികാചരണത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ രാജ്യത്തിനു തൊട്ടുമുന്‍പിലുള്ള റേഡിയോയുടെ ആസ്ഥാന മന്ദിരം സന്ദര്‍ശിക്കുകയും, തല്‍സമയം സംപ്രേഷണത്തില്‍ പങ്കെടുക്കുകയും ചെയ്തു. മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ ഉള്ളടക്കത്തിന്‍റെ സഹായമില്ലാതെ തത്സമയം തുറന്നു സംസാരിച്ച അവസരങ്ങള്‍ പാപ്പാ ബെനഡിക്ടിന്‍റെ ഔദ്യോഗിക ചരിത്രത്തില്‍ വിരളമാണ്. അത്യപൂര്‍വ്വമായ ചില സാഹചര്യങ്ങള്‍ ആദ്യം താഴെ ചേര്‍ക്കട്ടെ!

1. ഫ്രൈബൂര്‍ഗിലെ സെമിനാരി വിദ്യാര്‍ത്ഥികളോട്...
2011 സെപതംബര്‍ 24-ന് ജര്‍മ്മനിയിലെ അപ്പസ്തോലിക സന്ദര്‍ശനത്തിനിടയില്‍ ഫ്രൈബൂര്‍ഗിലെ സെമിനാരി വിദ്യാര്‍ത്ഥികളെ സംബോധനചെയ്ത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെക്കുറിച്ച് വളരെ വ്യാപകമായും ക്രിയാത്മകവുമായും അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയുണ്ടായി.

2. റോം രൂപതയിലെ അജപാലന സമൂഹത്തോട്...
ലോകത്തെ ഞെട്ടിപ്പിച്ച പാപ്പാ ബെനഡിക്ടിന്‍റെ രാജിവയ്പ്പിനു ഏതാനും നാളുകള്‍ക്കുശേഷം വത്തിക്കാനില്‍ നടത്തിയ അപൂര്‍വ്വ പരിപാടികളില്‍ ഒന്നായിരുന്നു റോമാരൂപതിയിലെ വൈദികരുമായുള്ള കൂടിക്കാഴ്ച. 2013 ഫെബ്രുവരി 14-ന് റോമാ രൂപതയിലെ വൈദികരെയും സന്ന്യസ്തരെയും സംബോധനചെയ്തത് തത്സമയം നടത്തിയ പ്രഭാഷണത്തിലൂടെയായിരുന്നു.

3. പൗരോഹിത്യത്തിന്‍റെ 65-Ɔο വാര്‍ഷികനാളില്‍...
മറ്റൊരു ശ്രദ്ധേയമായ തത്സമയ പ്രഭാഷണം നടത്തിയത് തന്‍റെ പൗരോഹിത്യത്തിന്‍റെ 65-Ɔο വാര്‍ഷികം വത്തിക്കാനില്‍ അനുസ്മരിച്ച ദിവസം ജൂണ്‍ 28, 2016-നായിരുന്നു. പണ്ഡിതനായ പാപ്പാ ദൈവശാസ്ത്രപരമായ ഒരു നന്ദിപ്രകടനമാണ് നടത്തിയത്. യൂക്കരിസ്തോണ്‍മെന്‍ Efkaristomen എന്ന ഗ്രീക്കു വാക്കിനര്‍ത്ഥം നന്ദിയെന്നാണ്. ക്രിസ്തുതന്നെയാണ് പരിശുദ്ധ ദിവ്യകാരുണ്യത്തിന് നന്ദിയുടെ അര്‍പ്പണമെന്നൊരു അര്‍ത്ഥം നല്കിയത്. എന്നാല്‍ ഈ വാക്ക് മാനുഷികമായ നന്ദിപ്രകടനത്തില്‍ ഒതുങ്ങുന്നതല്ല. അതിനൊരു ആത്മീയഭാവം കൂടിയുണ്ട്. ഈ ആഴമായ നന്ദിയുടെ പ്രകടനമാണ് ദിവ്യകാരുണ്യത്തിന്‍റെ ആരാധനക്രമത്തിലും വചനത്തിലും, അവിടുന്ന് കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട്, “വാഴ്ത്തി വിഭജിച്ചു തന്‍റെ ശിഷ്യന്മാര്‍ക്കു നല്കി” (Gratias agiens benedixit fregit deditque), എന്ന അന്ത്യത്താഴ വിരുന്നിലെ വചനത്തിലും അടങ്ങിയിരിക്കുന്നത്. ഇത് ക്രിസ്തു ബലിയര്‍പ്പണത്തിനു നല്കുന്ന നവമായ കാഴ്ചപ്പാടാണ്. ഈ നവീനതയാണ് പരിശുദ്ധ കുര്‍ബ്ബാനയില്‍ നമുക്കു ലഭിക്കുന്നത്. എന്നിട്ട് പാപ്പാ ബെനഡിക്ട് എല്ലാവര്‍ക്കും നന്ദിപറയുകയും പ്രാര്‍ത്ഥന നേരുകയും ചെയ്തു.

4. വത്തിക്കാന്‍ റേഡിയോയുടെ 75-Ɔο വാര്‍ഷികനാളില്‍
ഇത്തരത്തിലുള്ള ഒന്നോ രണ്ടോ ഉദാഹരണങ്ങളും അവസരങ്ങളും  പത്രോസിന്‍റെ പിന്‍ഗാമി, അല്ലെങ്കില്‍ ആഗോളസഭാദ്ധ്യക്ഷന്‍ എന്ന നിലയിലുള്ള തന്‍റെ അവസാന ഇടപെടലുകളില്‍ ഒന്നായിരുന്നു. 47-ല്‍ അധികം രാജ്യാന്തര ഭാഷാവിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍ റേഡിയോയുടെ വിസ്തൃതമായ കേന്ദ്രത്തിലേയ്ക്കു നടത്തിയ ഈ സന്ദര്‍ശനവും പ്രവര്‍ത്തകര്‍ക്കായി നല്കിയ പ്രഭാഷണവും. തയ്യാറെടുപ്പില്ലാതെയുള്ള പ്രഭാഷണം 2006 മാര്‍ച്ച്
3-ന് വത്തിക്കാന്‍ റേഡിയോയുടെ 75-Ɔο വാര്‍ഷിക ദിനത്തിലാണ് പാപ്പാ ബെനഡിക്ട് നടത്തിയത്. അവതാരകരുമൊത്തുള്ള വട്ടമേശാ ചര്‍ച്ചയില്‍ ഒരിക്കലും ഒരു സഭാദ്ധ്യക്ഷനും പങ്കെടുത്തിട്ടില്ല എന്നത് പാപ്പാ ബെനഡിക്ടിന്‍റെ ഈ സന്ദര്‍ശനത്തെയും തത്സമയം നല്കിയ ചുരുങ്ങിയ ചിന്തകളെയും ചരിത്ര പ്രാധാന്യമുള്ളതാക്കുന്നു.

5.  റേഡിയോയുടെ ഉപജ്ഞാതാവായ
മാര്‍ക്കോണി സ്ഥാപിച്ച വത്തിക്കാന്‍ നിലയം

1931-ല്‍ റേഡിയോയുടെ ഉപജ്ഞാതാവായ മാര്‍ക്കോണി തന്നെയാണ് വത്തിക്കാനുവേണ്ടി
ഒരു റേഡിയോ നിലയം സ്ഥാപിച്ചത്. അത് പിയൂസ് 11-Ɔമന്‍ പാപ്പായുടെ ആഗ്രഹപ്രകാരമായിരുന്നു. തുടര്‍ന്നുള്ള പത്രോസിന്‍റെ എല്ലാ പിന്‍ഗാമിമാരും സഭയോടും ലോകത്തോടും ഔദ്യോഗിക സന്ദേശങ്ങള്‍ വത്തിക്കാനില്‍നിന്നും അറിയിക്കുവാനുള്ള മാധ്യമമായി വത്തിക്കാന്‍ ‍റേഡിയോ ഉപയോഗിച്ചിരുന്നു. 1931 ഫെബ്രുവരി 12-ല്‍ പിയൂസ്
11-Ɔമന്‍ വത്തിക്കാന്‍ റേഡിയോയുടെ ഉദ്ഘാടനസന്ദേശം വായിക്കുമ്പോള്‍ റേഡിയോയുടെ ജനയിതാവായ മാര്‍ക്കോണിയും സന്നിഹിതനായിരുന്നു. രണ്ടാം ലോക യുദ്ധത്തിനു തൊട്ടുമുന്‍പ് 12-Ɔο പിയൂസ് പാപ്പാ നല്കിയ റേഡിയോ സന്ദേശവും, രോഗബാധയാല്‍ പരിക്ഷീണിതനായ ജോണ്‍ 23-Ɔമന്‍ പാപ്പാ 1963 മെയ് 26-ന് ലത്തീന്‍ ഭാഷയില്‍ അവസാനമായി റേഡിയോ വത്തിക്കാനിലൂടെ നല്കിയ സന്ദേശംപോലെയും ചരിത്ര പ്രാധാന്യമുള്ളതായിരുന്നു റേഡിയോയുടെ എഴുപത്തിയഞ്ചാം വാര്‍ഷികനാളില്‍ പാപ്പാ ബെനഡികട് നല്കിയ സന്ദേശം. തത്സമയം നടത്തിയ ഹ്രസ്വപ്രഭാഷണം കൂടാതെ, എഴുതി തയ്യാറാക്കിയ മറ്റൊരു സന്ദേശം പാപ്പാ ബെനഡിക്ട് വത്തിക്കാന്‍ റേഡിയോയുടെ “പലാസ്സോ പിയോ” ആസ്ഥാനത്തുള്ള മാര്‍ക്കോണി ഹാളില്‍വച്ച് റേഡിയോയുടെ വിവിധ കാര്യാലയങ്ങളിലെ സന്ദര്‍ശനത്തിനുശേഷം നിലയത്തിലുള്ള എല്ലാ പ്രവര്‍ത്തകരുടെയും മേലധികാരികളുടെയും സാന്നിദ്ധ്യത്തില്‍ വായിക്കുകയുണ്ടായി.

6. പിയൂസ് 11-Ɔമന്‍ പാപ്പായുടെ നാമത്തിലുള്ള പലാസ്സോ പിയോ -
വത്തിക്കാന്‍ റേഡിയോ നിലയം

വത്തിക്കാന്‍ റേഡിയോയുടെ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനായി “ദൈവദാസനായ പോള്‍ 6-Ɔമന്‍ പാപ്പാ ലഭ്യമാക്കിയ “പലാസോ പിയോ”, 11-Ɔο പിയൂസ് പാപ്പായുടെ സ്മരണാര്‍ത്ഥമുള്ള മനോഹരവും വിസ്തൃതവുമായ ഈ കേന്ദ്രത്തിലേയ്ക്കും അവിടത്തെ 200-ല്‍ അധികം പ്രവര്‍ത്തകരുടെ ഇടയിലേയ്ക്കും സന്തോഷത്തോടെയാണ് താന്‍ വന്നിരിക്കുന്നതെന്ന് ആമുഖമായി പ്രസ്താവിച്ചു. എല്ലാവരെയും താന്‍ ഹാര്‍ദ്ദവമായി അഭിവാദ്യംചെയ്യുന്നതോടൊപ്പം സേവനങ്ങളെ അഭിനന്ദിക്കുന്നതായും, ക്ഷണിച്ചതിന്  നന്ദി രേഖപ്പെടുത്തുന്നതായും പാപ്പാ ബെ‍നഡിക്ട്  പ്രസ്താവിച്ചു.

7.  വത്തിക്കാന്‍ റേഡിയോയിലെ കരോള്‍ വോയ്ത്തീവ സ്റ്റുഡിയോ
ഈ പ്രസംഗത്തിന് അല്പം മുമ്പായി പാപ്പാ ബെനഡിക്ട് റേഡിയോ മന്ദിരത്തിന്‍റെ നാലംനിലയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്കു സമര്‍പ്പിച്ച “കരോള്‍ വോയ്ത്തീവ” എന്നു നാമകരണംചെയ്ത അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുള്ള വലിയ സ്റ്റുഡിയോയുടെ ഫലകം ആശീര്‍വ്വദിക്കുകയുണ്ടായി. സഭയുടെ ഭരണസാരഥ്യം ഏറ്റെടുക്കുന്നതിനു മുന്‍പ് പോളണ്ടിലെ ക്രാക്കോ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ വോയ്ത്തീവയുടെ റേഡിയോ പ്രഭാഷണങ്ങള്‍ ആലേഖനം ചെയ്തിരുന്ന ഈ സ്റ്റുഡിയോ അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി സമര്‍പ്പിക്കുകയാണ് ജൂബിലസന്ദര്‍ശനത്തിനിടെ പാപ്പാ ബെനഡിക്ട് ചെയ്തത്.

8. മാധ്യമങ്ങള്‍ സത്യത്തിന്‍റെ ചാനലുകളാകണം
ഫലകം ആശീര്‍വദിച്ചതിനുശേഷം അതേ സ്റ്റുഡിയോയുടെ മേശയ്ക്കരുകില്‍ വത്തിക്കാന്‍ റേഡിയോ ചാനല്‍ 105-ന്‍റെ പ്രവര്‍ത്തകര്‍ക്കൊപ്പം മൈക്കിനു മുന്നില്‍നിന്നു. അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രത്യേകം ഒരു തത്സമയ സംപ്രേഷണം ഏര്‍പ്പാടാക്കിയിരുന്നു. ചില റേഡിയോ സ്റ്റാഫുകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ ആശംസകള്‍ അര്‍പ്പിച്ചു. സത്യത്തിന്‍റെ സേവനത്തിനായുള്ള സംവേദനത്തില്‍ റേഡിയോ സുപ്രധാന ഉപകരണമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടുള്ള പ്രചോദനാത്മകമായ മൂന്നു മിനിറ്റില്‍ താഴെയുള്ള പ്രഭാഷണം പാപ്പാ നടത്തുകയും ചെയ്തു.

മുന്‍കൂട്ടി കൃത്യമായി ആസൂത്രണം ചെയ്തതായിരുന്നില്ല പാപ്പായുടെ ഹ്രസ്വമായ ഇടപെടല്‍. ചാനല്‍ 105-ന്‍റെ തലവനായ ഷാങ് ലൊവെ തത്സമയ സംപ്രേഷണത്തില്‍ പാപ്പാ പങ്കെടുക്കുവാനുള്ള സാദ്ധ്യതയെക്കുറിച്ച് വത്തിക്കാന്‍റെ വക്താവായ ഫാദര്‍ ഫെദറിക്കൊ ലൊമ്പാര്‍ഡിയോട് ആരാഞ്ഞിരുന്നു. അന്ന് ജൂബിലിയുടെ പശ്ചാത്തലത്തില്‍ ഈ പ്രത്യേക സംപ്രേഷണം ശ്രോതാക്കളുടെ പ്രത്യേക താല്പര്യവുമായിരുന്നു. എത്ര സമയം പാപ്പാ സംസാരിക്കുമെന്നോ, അത് എങ്ങനെയായിരിക്കും അവതരിപ്പിക്കേണ്ടതെന്നോ ആര്‍ക്കും നിശ്ചയവുമുണ്ടായിരുന്നില്ല. എന്തിന്...! പാപ്പായ്ക്കുപോലും അത് അറിയില്ലായിരുന്നു എന്നുവേണം വിചാരിക്കാന്‍! എന്നാല്‍ ലോകം അറിഞ്ഞ എഴുത്തുകാരനും വാഗ്മിയുമായ പാപ്പാ അത് അനായസേന അവതരിപ്പിച്ചു.

9. റേഡിയോ സൃഷ്ടിക്കുന്ന കൊടുക്ക-വാങ്ങല്‍
പാപ്പാ വോയ്ത്തീവയുടെ നാമത്തിലുള്ള പുതിയ സ്റ്റുഡിയോയില്‍ സന്നിഹിതരായിരുന്ന മാധ്യപ്രവര്‍ത്തകര്‍ ഇറ്റാലിയനില്‍ തങ്ങളുടെ പരിപാടികളെക്കുറിച്ച് ലഘുവിവരണം നടത്തി. മറ്റു വിശ്വാസങ്ങളും സംസ്കാരങ്ങളുമായും, യുവജനങ്ങളും റോമിലെ പൗരന്മാരുമായും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമായി സമര്‍പ്പിതമാണ് വത്തിക്കാന്‍ റേഡിയോ മാധ്യമമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. റേഡിയോ പ്രക്ഷേപണം സൃഷ്ടിക്കുന്ന മനോഹരമായ കൊടുക്കലും വാങ്ങലും ഊന്നിപ്പറഞ്ഞുകൊണ്ടാണ് പാപ്പാ വത്തിക്കാന്‍ റേഡിയോ ഇറ്റാലിയന്‍ വിഭാഗത്തിന്‍റെ അഭ്യര്‍ത്ഥനയോടു ഉടനെ പ്രതികരിച്ചത്. പറയുക മാത്രമല്ല, പ്രതികരണങ്ങളെ സ്വാഗതം ചെയ്യുവാനും മനസ്സിലാക്കലിന്‍റെ പരസ്പര ധാരണയോടെ യഥാര്‍ത്ഥമായ ചര്‍ച്ചകള്‍ നടത്തുവാനും, അങ്ങനെ ദൈവികമായ സാഹോദര്യത്തിന്‍റെ കൂട്ടായ്മ സമൂഹത്തില്‍ രൂപപ്പെടുത്തുവാനും സഭയുടെ ഈ മാധ്യമത്തിനു കഴിയണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

10. “സത്യത്തിന്‍റെ ചാനല്‍…”
ഇത്തരം ആശയവിനിമയോപാധികള്‍ക്ക് രാഷ്ട്രങ്ങളുടെയും സംസ്കാരങ്ങളുടെയും അതിരുകള്‍ക്കപ്പുറം മഹത്തായ “മാധ്യമ കുടുംബം” സൃഷ്ടിക്കുവാനും, ഭാഷയുടെയും സംസ്കാരങ്ങളുടെയും ബഹുസ്വരതയില്‍ സമാധാനത്തിന്‍റെ ശക്തി പ്രതിനിധാനം ചെയ്യുന്ന സാഹോദര്യക്കൂട്ടായ്മ വളര്‍ത്താന്‍ സാധിക്കുമെന്നും പാപ്പാ വ്യക്തമാക്കി. സത്യത്തിന്‍റെ മഹത്തായ സംഭാഷണത്തില്‍ മുഴുകുവാനും, അതിന് സന്നദ്ധരാകുവാനും ഈ നിമിഷം തന്‍റെ ശ്രോതാക്കളായ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. 

11. സമാധാനത്തിന്‍റെ “ശബ്ദം”
അഭിപ്രായ പ്രകടനങ്ങള്‍ തുടര്‍ന്നുകൊണ്ട്, “പാപ്പായുടെ റേഡിയോ”യുടെ ദൗത്യം ആശയവിനിമയത്തിന്‍റെയും സമാധാനത്തിന്‍റെയും ശബ്ദമായിരിക്കാനാണെന്നും, കൃത്യമായി പറഞ്ഞാല്‍ അത് സത്യത്തിന്‍റെ സേവനത്തിനായുള്ള സമര്‍പ്പണമായിരിക്കണമെന്നും പാപ്പാ ബെനഡിക്ട് ഊന്നിപ്പറഞ്ഞു. ആര്‍ക്കും അറിയാവുന്നതുപോലെ, പരസ്പര വിരുദ്ധമായ ശബ്ദങ്ങള്‍ ഇന്ന് മാധ്യമ ലോകത്തുണ്ട്. സത്യത്തിന്‍റെയും ക്രിസ്തുവിന്‍റെയും സേവനത്തിനായി സ്വയം സമര്‍പ്പിച്ചതെന്ന് പറയുവാന്‍ ആഗ്രഹിക്കുന്ന ശബ്ദം എല്ലാറ്റിനേക്കാളും പ്രധാനമാകുന്നത് ഇപ്പോഴാണ്. അനുരഞ്ജനവും സമാധാനവും ലോകത്തു പുലര്‍ത്തുവാനുള്ള ശബ്ദമാണിത്.

ആഗോള സഭാദ്ധ്യക്ഷന്‍ എന്ന നിലയിലുള്ള ഔദ്യോഗികമായ ഇടപെടലുകളുടെ ഔപചാരികത ഉപേക്ഷിക്കാതെ തന്നെ, ചോദ്യങ്ങളോട് പണ്ഡിതോചിതമായി പ്രതികരിക്കുകയും, തന്‍റെ മാതൃഭാഷയല്ലാത്തൊരു ഭാഷയില്‍ (ഇറ്റാലിയനില്‍) ലളിതവും ചിന്തോദ്ദീപകവുമായ രീതിയില്‍ തുറന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുമുണ്ടായി. ദൈവശാസ്ത്രപരമായ സംഭാഷണങ്ങളുടെ ഹൃദയാന്തരത്തിലേയ്ക്ക് ഇറങ്ങുന്നവ ആയിരുന്നു അത്. തത്സമയ സംപ്രേഷണത്തിലെ ഉദ്വേഗജനകമായ ഏതാനും നിമിഷങ്ങളിലൂടെ നീങ്ങിയപ്പോള്‍, താന്‍ വെറുമൊരു ദൈവശാസ്ത്രജ്ഞന്‍ മാത്രമല്ലെന്നും, വിദഗ്ദ്ധമായി പ്രചോദനം നല്കുന്ന ആശയവിനിമയ കര്‍ത്താവു കൂടിയാണെന്നും പാപ്പാ ബെനഡിക്ട് തെളിയിച്ചുകൊണ്ടാണ് ആ ചരിത്ര സന്ദര്‍ശനം കഴിഞ്ഞ് വത്തിക്കാനിലേയ്ക്ക് കാറില്‍ മടങ്ങിയത്.
 

27 October 2019, 13:46