തിരയുക

2019.10.25 OSWALD gracias cardinal 2019.10.25 OSWALD gracias cardinal 

സമൂഹം പിന്‍തുണയ്ക്കേണ്ട ഗോത്രവംശജര്‍

കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസുമായുള്ള അഭിമുഖത്തെ ആധാരമാക്കി ഒരുക്കിയ “വ്യക്തികള്‍ സംഭവങ്ങള്‍” പരിപാടി

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്സുമായി അഭിമുഖം


1. സിനഡിലെ ഏക ഭാരതീയ സാന്നിദ്ധ്യം
ആഗോളസഭയിലെ ചരിത്ര സംഭവമാണ് ആമസോണിലെ തദ്ദേശ ജനതകളെ കേന്ദ്രീകരിച്ചു വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനം. ഒക്ടോബര്‍ 6-ന് ആരംഭിച്ച സമ്മേളനം 27-Ɔο തിയതി ഞായറാഴ്ച സമാപിക്കാനിരിക്കെ, 300-ല്‍ അധികം പിതാക്കന്മാരുള്ള സിനഡില്‍ ഭാരതത്തിന്‍റെ ഏക പ്രതിനിധിയായ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും മുംബൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖമാണ് ഈ പരിപാടിക്ക് ആധാരം. 

2. പാപ്പാ ഫ്രാന്‍സിസ് നടത്തിയ തിരഞ്ഞെടുപ്പ്
പാപ്പാ ഫ്രാന്‍സിസ് സഭാനവീകരണത്തിനായി രാജ്യാന്തരതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള
9-അംഗ കര്‍ദ്ദിനാള്‍ സംഘത്തിലെ സജീവ സാന്നിദ്ധ്യംകൂടിയായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആമസോണ്‍ സിനഡില്‍ പാപ്പാ ഫ്രാന്‍സിസിനാല്‍ തിരഞ്ഞെടുക്കപ്പെട്ട അപൂര്‍വ്വം സഭാദ്ധ്യക്ഷന്മാരില്‍ ഒരാളാണ്. മൂന്ന് ആഴ്ചക്കാലം നീണ്ട സിനഡുസമ്മേളനത്തില്‍ പലഘട്ടങ്ങളിലായി നടന്ന സിനഡിന്‍റെ പൊതുസമ്മേളനങ്ങളില്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അഭിപ്രായപ്രകടനങ്ങള്‍ നടത്തുകമാത്രമല്ല. രണ്ടു പ്രവാശ്യം വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്താസമ്മേളനങ്ങളില്‍ സിനഡിന്‍റെ പ്രതിനിധിയായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്കുകയും സിനഡിലെ ഗതിവിഗതികള്‍ വിവരിച്ചു നല്കുകയും ചെയ്തിട്ടുണ്ട്. നമുക്ക് കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന്‍റെ ചിന്തകള്‍ക്ക് കാതോര്‍ക്കാം.

3. ആമസോണ്‍ തദ്ദേശീയരും ഭാരതത്തിലെ
ആദിവാസികളും ഗോത്രവര്‍ഗ്ഗക്കാരും

ആമസോണ്‍ സിനഡ് അതിന്‍റെ അന്ത്യതീര്‍പ്പുകളിലേയ്ക്ക് എത്തുകയാണെന്നു പറഞ്ഞ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്, സഭയുടെ വൈവിധ്യങ്ങളിലെ കൂട്ടായ്മയാണ് സിനഡ് പ്രകടമാക്കുന്നതെന്നു ചൂണ്ടിക്കാട്ടി. ആമോസോണ്‍ പ്രവിശ്യയെന്നു പറയുന്ന 9 രാജ്യങ്ങളിലെ തദ്ദേശജനതകളെ പ്രതിപാദിക്കുന്ന സിനഡില്‍ പങ്കെടുക്കുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഭാരതത്തിലുമുള്ള വിവിധങ്ങളായ തദ്ദേശീയരെയും ഗോത്ര-ഗിരിവര്‍ഗ്ഗക്കാരെയും അനുസ്മരിക്കുകയാണെന്നും, തദ്ദേശീയ സമൂഹം എന്നത് ഭാരതസഭ ക്രിയാത്മകമായി നേരിടേണ്ട വെല്ലുവിളിയാണെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി.

ആമസോണിലെ തദ്ദേശീയര്‍ തീര്‍ച്ചയായും ഇന്ത്യയുടെ തദ്ദേശീയ സമൂഹങ്ങളില്‍നിന്നും ഏറെ വ്യത്യസ്തരും ഇനിയും മാനവികതയും, മാറ്റങ്ങള്‍ തീണ്ടാത്തതും, എന്നാല്‍ ചൂഷിതരുമായ സമൂഹമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ചൂഷകരില്‍നിന്ന് പാവങ്ങളായ ഈ വന്‍ ജനതയെയും അവരുടെ ജീവിതചുറ്റുപാടുകളെയും മോചിപ്പിക്കുവാനും, ഏകോപിപ്പിക്കുവാനും, അവരെ സുവിശേഷവെളിച്ചത്തില്‍ വളര്‍ത്താനുമുള്ള വലിയ ദൗത്യത്തിലേയ്ക്കാണ് സഭ ഈ സിനഡിലൂടെ ആഴമായി പ്രവേശിക്കാന്‍ പോകുന്നതെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിശദീകരിച്ചു.

4. അജഗണങ്ങളെ അറിയുന്ന അജപാലകര്‍
ആമസോണ്‍ പ്രവിശ്യയിലെ മെത്രാന്മാര്‍ക്ക് അവിടത്തെ തദ്ദേശീയരെക്കുറിച്ചുള്ള അവബോധവും അവര്‍ക്കുവേണ്ടിയുള്ള അര്‍പ്പണവും തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പങ്കുവച്ചു. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്ന 53 മെത്രാന്മാരാണ് തെക്കെ അമേരിക്കയില്‍നിന്നും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും സിനഡില്‍ പങ്കെടുക്കുന്നത്. കൂടാതെ അവിടങ്ങളിലെ തദ്ദേശപ്രതിനിധികളായ ഗോത്രവര്‍‍ഗ്ഗക്കാരുടെ നേതാക്കളും സിനഡില്‍ സജീവ പങ്കാളികളാണ്. അതിനാല്‍ തനിക്ക് ഈ സിനഡുസമ്മേളനം അറിവിന്‍റെയും അവബോധത്തിന്‍റെയും വലിയ അനുഭവമാണു നല്കുന്നതെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് തുറന്നു പ്രസ്താവിച്ചു.

5. തദ്ദേശീയരുടെ ചൂഷണകഥകള്‍
സിനഡില്‍ അധികമായും പൊന്തിവരുന്നത് തദ്ദേശജനതകളുടെ ചൂഷണകഥകളാണ്. അവരുടെ വാസസ്ഥാനങ്ങളെ നശിപ്പിക്കുന്ന തരത്തിലുള്ള സ്വകാര്യ കമ്പനികളുടെയും സര്‍ക്കാരുകളുടെയും സംഘടിതവും സ്വാര്‍ത്ഥവുമായ നീക്കങ്ങള്‍ സിനഡില്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. ആമസോണ്‍ തദ്ദേശീയ ജനതകള്‍ക്കു സമാനമാണ് ഇന്ത്യയിലെ ആദിവാസി ജനതയും, വിവിധ ഗിരിവര്‍ഗ്ഗക്കാരുമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി. തലമുറകളായി തങ്ങളുടെ ഭൂമിയില്‍ വസിക്കുന്ന തദ്ദേശീയര്‍ക്ക് ഭൂമി സംബന്ധമായ ഒരു രേഖയോ പത്രികയോ ഉണ്ടാവില്ല. എന്നാല്‍ പൊടുന്നനെ ഒരു നാളില്‍ അവരോടു രേഖകള്‍ ആവശ്യപ്പെടുകയും, അവരെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ ചൂഷണത്തിന്‍റെ  എന്നും കാണുന്ന സ്ഥായീഭാവമാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു.

6. വനനശീകരണവും മരുവത്ക്കരണവും
സ്വകാര്യകമ്പനികള്‍ ഭൂമി കൈക്കലാക്കിയും കാടുവെട്ടി വെളിപ്പിച്ചുമാണ് ഖനികള്‍ തുടങ്ങുന്നത്. അതുപോലെ കൊക്കെയിന്‍ കൃഷി ചെയ്യുന്നതും വന്‍തോതില്‍ മരങ്ങള്‍ വെട്ടിവീഴിത്തിയും പ്രകൃതി നശിപ്പിച്ചുമാണ്. സര്‍ക്കാരിന്‍റെ പിന്‍തുണയോടെയും, ചിലപ്പോള്‍ തദ്ദേശീയ നേതാക്കളെ സ്വാധീനിച്ചും വെട്ടില്‍വീഴ്ത്തിയും ചെയ്യുന്ന നിഗൂഢവും സ്വാര്‍ത്ഥവും അഴിമതിപരവുമായ ഈ പദ്ധതികളാണ് ഭൂമിയുടെ പച്ചപ്പ് നശിപ്പിക്കുന്നതും തദ്ദേശജനതകളെ കബളിപ്പിച്ച് സ്വകാര്യക്കമ്പനികളും അധോലോക കൂട്ടുകെട്ടുകളും പണമുണ്ടാക്കുന്നതെന്ന്  കര്‍ദ്ദിനാള്‍ ആമസോണിന്‍റെ പശ്ചാത്തലത്തില്‍ വ്യക്തമാക്കി.

7. ആഗോള സുസ്ഥിതിയെ തകിടം
മറിക്കുന്ന  വനനശീകരണം

ആഗോളതലത്തില്‍ ജനതകള്‍ അനുഭവിക്കുന്ന കാലവസ്ഥ വ്യതിയാനവും, താപവര്‍ദ്ധനവും, കൃഷിനാശവുമെല്ലാം ആമസോണ്‍ മേഖലയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെയും മാറ്റങ്ങളുടെയും ഭവിഷത്തുകൂടിയാണെന്ന് ലോകം ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നാണ് കരുതുന്നതെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ആശങ്കപ്പെട്ടു. അങ്ങനെ “ലോകത്തിന്‍റെ ശ്വാസകോശം”പോലെ നിലകൊള്ളുന്ന ആമസോണ്‍ കാടുകളുടെ കാലാവസ്ഥ സുസ്ഥിതിയെ ഗണ്യമായി ബാധിക്കുന്ന പച്ചപ്പുതപ്പുപാടെ നശിപ്പിക്കപ്പെടുന്നത് സിനഡ് വിശദമായി ചര്‍ച്ചചെയ്യുകയുണ്ടായി. അതുപോലെ തദ്ദേശജനതകളെ ചൂഷകരുടെ കൈകളില്‍നിന്നു മോചിക്കാനുമുള്ള പ്രവാചകഭാവമുള്ള നീക്കമാണ് ആമസോണ്‍ സിനഡുസമ്മേളനമെന്ന് കര്‍ദ്ദിനാള്‍ വിശേഷിപ്പിച്ചു.

8. അജപാലകരുടെ ദൗര്‍ലഭ്യം
ആമസോണ്‍ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യത്തിന് അജപാലകര്‍ ഇല്ല എന്ന വസ്തുത പൊതുസമ്മേളനങ്ങളിലും, ഗ്രൂപ്പുകളിലും ചര്‍ച്ചചെയ്യപ്പെട്ടു. വര്‍ഷത്തില്‍ ഒന്നും രണ്ടും തവണമാത്രമാണ് അവര്‍ക്ക് ദിവ്യബലി സൗകര്യമുള്ളതെന്ന് ആമസോണ്‍കാര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തദ്ദേശീയരായ വൈദികരെ രൂപപ്പെടുത്തുക, സ്ഥിരം ഡീക്കന്മാരെ നിയോഗിക്കുക, സ്ത്രീകളെ ഡീക്കന്മാരായി രൂപീകരിക്കുക, വിവാഹിതരായ, എന്നാല്‍ അറിവും പക്വതയുമുള്ള തദ്ദേശീയ അല്‍മായരെ വൈദികപട്ടത്തിന് ഒരുക്കുക എന്നീങ്ങനെ അജപാലനമേഖലയിലെ ആവശ്യങ്ങളെക്കുറിച്ച് വളരെ ചൂടുപിടിച്ച ചര്‍ച്ചകളിലൂടെയും സിനഡു മുന്നേറിയെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പങ്കുവച്ചു.

9. ഉപസംഹാരം
“ആരും സഭയുടെ പ്രേഷിത ദൗത്യത്തില്‍നിന്നും ഒഴിവാക്കപ്പെടരുത്,” എന്നത് മിഷണറി ഒക്ടോബറിന്‍റെ അസാധാരണ മാസത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കുന്ന പ്രത്യേക സന്ദേശമാണ്. ബ്രസീല്‍, ബൊളീവിയ, പെറു, എക്വദോര്‍, കൊളംബിയ, വെനസ്വേല, ഗുയാന, സൂരിനാം, ഫ്രഞ്ച് ഗ്വിയാന എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വിസ്തൃതമായ ആമസോണ്‍ കാടുകളില്‍ സുവിശേഷവെളിച്ചത്തിന്‍റെ നവമായ പാത തുറക്കാനും, ആമസോണിലെ വിവിധങ്ങളായ തദ്ദേശ സമൂഹങ്ങള്‍ക്ക് നീതിയും സ്വാതന്ത്ര്യവും, അവരുടെ അവകാശങ്ങളും നേടിക്കൊടുക്കുവാനും ആമസോണ്‍ സിനഡു സഹായിക്കും എന്ന പ്രത്യാശയിലാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് തന്‍റെ അഭിമുഖം ഉപസംഹരിച്ചത്.

10. ലത്തീന്‍ ഭാഷയിലൊരു സ്തുതിപ്പ്...
“മാഞ്ഞിഫിക്കാരെ...” സിനഡില്‍ പങ്കെടുക്കാനെത്തിയ ആമസോണിലെ തദ്ദേശീയരായ കലാകാരന്മാരുടെ സംഘം വത്തിക്കാനിലെ സിനഡുഹാളില്‍ അവതരിപ്പിച്ചതാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2019, 16:53