തിരയുക

2019.10.09 CARDINAL SERAFIM of BRAZIL 2019.10.09 CARDINAL SERAFIM of BRAZIL 

ബ്രസീലിലെ കര്‍ദ്ദിനാള്‍ സേറഫിം ഫെര്‍ണാണ്ടസ് കാലംചെയ്തു

തെക്കു-കിഴക്കന്‍ ബ്രസീലിലെ ബേലോ ഹൊറിസോന്തെ (Belo Horizonte) അതിരൂപതയുടെ മുന്‍-മെത്രാപ്പോലീത്ത.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കാരുണ്യത്തിന്‍റെ പ്രവാചകനും വിദ്യാഭ്യാസ പ്രവര്‍ത്തകനും
അന്തരിച്ച കര്‍ദ്ദിനാള്‍ സേറഫിം കാരുണ്യത്തിന്‍റെ പ്രവാചകനും തീക്ഷ്ണമതിയായ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നെന്ന് ബ്രസീലിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, പോര്‍ത്തോ അലേഗ്രൊയുടെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ജെയ്മി സ്പേംഗ്ലര്‍ പ്രസ്താവിച്ചു. ഒക്ടോബര്‍ 8-Ɔο തിയതിയാണ് വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന കര്‍ദ്ദിനാള്‍ സേറഫിം 95-Ɔമത്തെ വയസ്സില്‍ കടന്നുപോയത്.

ശുശ്രൂഷാ  ജീവിതത്തിന്‍റെ നാള്‍വഴി
1924-ല്‍ മീനാസ് നോവാസില്‍ ജനിച്ചു.
1949-ല്‍ പൗരോഹിത്യം സ്വീകരിച്ചു.
റോമിലെ ഗ്രീഗോറിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സഭാനിയമത്തില്‍ ഉന്നതപഠനം നടത്തിയിട്ടുണ്ട്.
1951-മുതല്‍ ബ്രസീലില്‍ തിരിച്ചെത്തി സ്വന്തം രൂപതയുടെ അജപാലന ശുശ്രൂഷയില്‍ മുഴുകി ജീവിച്ചു.
1956-മുതല്‍ മീനാസ് ജെറാസില്‍ മിലിട്ടറി ചാപ്ലിനായി സേവനം അനുഷ്ഠിച്ചു.
1958-മുതല്‍ ഡയമന്തീന അതിരൂപതയുടെ മതബോധന കേന്ദ്രത്തിന്‍റെ ഡയറക്ടറും, സെമിനാരിയിലെ അദ്ധ്യാപകനുമായി പ്രവര്‍ത്തിച്ചു.
മെത്രാനും മെത്രാപ്പോലീത്തയും –  രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ പങ്കാളിയും
1959-ല്‍ 34-Ɔമത്തെ വയസ്സില്‍ ബേലോ ഹൊറിസോന്തെയുടെ സഹായമെത്രാനായി നിയമിതനായി.
ബ്രസീലിലെ ഏറ്റവും പ്രായംകുറഞ്ഞ മെത്രാനായി.
1962-1965 കാലയളവില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ പങ്കെടുത്തു.
1978-1981-വരെ ദേശീയ വിദ്യാഭ്യാസ കമ്മിഷന്‍ അംഗമായി പ്രവര്‍ത്തിച്ചു.
1983-ല്‍ ബേലോ ഹൊറിസോന്തെയുടെ പിന്‍തുടര്‍ച്ച അവകാശമുള്ള മെത്രാനായി (co-adjutor bishop) ഉയര്‍ത്തപ്പെട്ടു
1986-ബേലോ ഹൊറിസോന്തെ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു.
1998-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി.
1999-ല്‍ സഭാഭരണത്തില്‍നിന്നും വിരമിച്ച് വിശ്രമജീവിതം ആരംഭിച്ചു.

സഭയിലെ‍ കര്‍ദ്ദിനാള്‍ സംഘം ഇന്ന്
ബ്രസീലിയന്‍ കര്‍ദ്ദിനാള്‍ സേറഫിമിന്‍റെ ദേഹവിയോഗത്തോടെ ആഗോളസഭയിലെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ എണ്ണം 224-ആയി കുറയുകയാണ്. അതില്‍ 128-പേര്‍ 80 വയസ്സിനു താഴെ ആഗോള സഭാദ്ധ്യക്ഷനായ പാപ്പായുടെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളവരും, ബാക്കി 96 പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാകുന്നു. ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ്‍ കോംഗോയിലെ കിന്‍ഷാസ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ലൗറന്‍റ് മൊണ്‍സേങ്കോ ഒക്ടോബര്‍ 7-ന് 80 വയസ്സു തികഞ്ഞതിനാലാണ് വോട്ടവകാശം ഇല്ലാത്തവര്‍ 96 ആയി കുറഞ്ഞത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2019, 17:02