തിരയുക

Bishop of Guinea Amazon and Cardinal Michael Czerny sj Bishop of Guinea Amazon and Cardinal Michael Czerny sj 

#ആമസോണ്‍ സിനഡിന്‍റെ സത്ത - മാനസാന്തരം

മാനസാന്തരം അല്ലെങ്കില്‍ മാറ്റമാണ് സിനഡു സമ്മേളനത്തിന്‍റെ സത്തയെന്ന് സിനഡിന്‍റെ പ്രത്യേക സെക്രട്ടറി, കര്‍ദ്ദിനാള്‍ മൈക്കിള്‍ ചേര്‍ണി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

വാര്‍ത്താസമ്മേളനത്തില്‍നിന്ന്
സിനഡിന്‍റെ സമാപനദിനമായ ഒക്ടോബര്‍ 25-ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാനസാന്തരം അല്ലെങ്കില്‍ മാറ്റമാണ് സിനഡിന്‍റെ പ്രമാണരേഖയ്ക്ക് ആധാരമായി നില്ക്കുന്നതെന്ന് സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Dycastery for Integral Human Development) ഉപകാര്യദര്‍ശികൂടിയായ കര്‍ദ്ദിനാള്‍ ചേര്‍ണി ചൂണ്ടിക്കാട്ടി.  അജപാലനം, സാംസ്കാരികം, പാരിസ്ഥിതികം, സാമൂഹികം (synodal) എന്നീ നാലു മേഖലകളില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചു വിസ്തരിച്ചുകൊണ്ടാണ് സിനഡിന്‍റെ പ്രമാണരേഖ പുരോഗമിക്കുന്നത്. രാജ്യാന്തര മാധ്യമ പ്രവര്‍ത്തകരുടെ സംഗമത്തോടു റോമിലെ വാര്‍ത്താസമ്മേളനത്തില്‍ സിനഡിന്‍റെ തീര്‍പ്പുകളെക്കുറിച്ചു സംസാരിക്കവെയാണ് കര്‍ദ്ദിനാള്‍ ചേര്‍ണി പ്രമാണരേഖയില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്ന മാനസാന്തരം (conversion) എന്ന വാക്കിനെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചത്.

മാറ്റം എന്ന വാക്കിന്‍റെ പ്രത്യേക പ്രയോഗം
ആമസോണിന്‍റെ പശ്ചാത്തലത്തില്‍ ഉപയോഗിക്കുന്ന ഈ വാക്ക് - മാനസാന്തരം, അല്ലെങ്കില്‍ മാറ്റം മതപരിവര്‍ത്തനം എന്ന അര്‍ത്ഥത്തില്‍ അല്ല.  “ആമസോണിലെ സഭയ്ക്കും സമഗ്ര പരിസ്ഥിതിക്കുംവേണ്ടി നവമായ പാതകള്‍ തുറക്കുക” എന്നതാണ് സിനഡിന്‍റെ അടിസ്ഥാന ലക്ഷ്യം.  അതിനാല്‍ ആമസോണ്‍ പ്രവിശ്യയിലെ  നിലവിലുള്ള ഘടനകളില്‍നിന്നും, ചുറ്റുപാടുകളില്‍നിന്നും, ജീവിത ശൈലിയില്‍നിന്നുമുള്ള മൗലികമായ വഴിത്തിരിവാണ് മാറ്റം അല്ലെങ്കില്‍ മാനസാന്തരം എന്ന വാക്കുകൊണ്ട്  ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ടുതന്നെയാണ്  ഈ വാക്ക് സിനഡിന്‍റെ പ്രമാണരേഖയില്‍ ആവര്‍ത്തിച്ചു കാണുന്നതെന്ന് കര്‍ദ്ദിനാള്‍ ചേര്‍ണി വ്യക്തമാക്കി.

ആമസോണില്‍ യാഥാര്‍ത്ഥ്യമാകേണ്ട മാറ്റങ്ങള്‍
മാനസാന്തരം അല്ലെങ്കില്‍ മാറ്റം പൊതുവെ ക്ലേശകരമാണ്. എന്നാല്‍ നവമായ പാതകള്‍ മാറ്റത്തിലൂടെ മാത്രമേ യാഥാര്‍ത്ഥ്യമാവൂ. മാറ്റമില്ലെങ്കില്‍ ഒരിക്കലും നവമായ പരിസ്ഥിതിയോ, നവമായ അജപാലന സാന്നിദ്ധ്യമോ ആമസോണില്‍ സൃഷ്ടിക്കാനാവില്ല. അതിനാല്‍ ആമസോണിയന്‍ ജനതയുടെ പാരിസ്ഥിതികമായ സമീപനത്തിലും അവരുടെ സമൂഹത്തിലെ അജപാലന, സാംസ്ക്കാരിക മേഖലകളില്‍ വ്യക്തികളും പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരുമെല്ലാം അടിസ്ഥാനപരമായ മാനസാന്തരത്തിനും മാറ്റങ്ങള്‍ക്കും സന്നദ്ധരാകണമെന്ന് സിനഡിന്‍റെ പ്രമാണരേഖയെ ആധാരമാക്കി കര്‍ദ്ദിനാള്‍ ചേര്‍ണി വിസ്തരിച്ചു.
 

30 October 2019, 15:55