തിരയുക

The first General Congregation in the Synod Hall The first General Congregation in the Synod Hall 

സിനഡിന്‍റെ ലഘുചരിത്രവും ഉദ്ദേശലക്ഷ്യങ്ങളും

പോള്‍ ആറാമന്‍ പാപ്പാ തുടക്കമിട്ട മെത്രാന്മാരുടെ സിനഡു സമ്മേളനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. പോള്‍ ആറാമന്‍ ഒരു ക്രാന്തദര്‍ശി

1965 സെപ്റ്റംമ്പര്‍ 15-ന് Apostolica Sollicitudo ‘അപ്പസ്തോലിക ആശങ്ക’ എന്ന പേരില്‍ വിളംമ്പരം ചെയ്ത സ്വാധികാര പ്രമാണരേഖയിലൂടെയാണ് (motu proprio) പാപ്പാ ആഗോള സഭയിലെ സിനഡ് എന്ന സഭാ സ്ഥാപനത്തിന് രൂപം നല്കിയത്. ലോകത്തിന്‍റെ നാനാഭാഗങ്ങളിലും സ്ഥിതിചെയ്യുന്ന കത്തോലിക്കാ സഭാസ്ഥാപനങ്ങളെ പ്രബോധനപരമായും പ്രായോഗിക തലത്തിലും സംവാദത്തിലും ഒന്നിപ്പിക്കുന്ന ഘടകമാണ് സിനഡ്.

2. സിനഡ് എന്ന വാക്കിന്‍റെ മൂലം
ഗ്രീക്കില്‍നിന്നും എടുത്തിട്ടുള്ളതാണ് ഇപ്പോള്‍ എല്ലാ ഭാഷകളിലും ഉപയോഗിക്കുന്ന സിനഡ് (synod) എന്ന വാക്ക്. സൂണ്‍ (suun = together) ഒരുമിച്ചെന്നും, ഹൂദോസ് (hodos =way) വഴിയെന്നും ചേര്‍ത്തു വായിക്കുമ്പോള്‍, ഒരുമിച്ചു സമ്മേളിക്കുവാനും, ചിന്തിക്കുവാനും, ആശയങ്ങള്‍ പങ്കുവയ്ക്കുവാനും, പ്രവര്‍ത്തിക്കുവാനുമുള്ള ഉപാധിയെന്ന് (the way to work together) സിനഡ് എന്ന വാക്കിന് മൂലാര്‍ത്ഥം ലഭിക്കുന്നു.

3. സിനഡു സമ്മേളനത്തിലെ ഭാഗഭാക്കുകള്‍
സഭാ പ്രവിശ്യകളില്‍നിന്നും – പ്രാദേശിക, ദേശിയ സമിതികളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളായ മെത്രാന്മാരാണ് ‘സിനഡു പിതാക്കന്മാര്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. കൂടാതെ സന്ന്യാസ സഭാപ്രതിനിധികള്‍, വിവിധ മേഖലകളിലെ വിദഗ്ദ്ധരും നിരീക്ഷകരും, ഓരോ സഭാ പ്രവിശ്യകളില്‍നിന്നുമുള്ള അല്‍മായ പ്രതിനിധികളും, ക്ഷണിക്കപ്പെട്ട ഇതര ക്രൈസ്തവ സഭാ പ്രതിനിധികളും തലവന്മാരും  കൂടാതെ, പാപ്പാ നേരിട്ടു ക്ഷണിക്കുന്ന 3 വ്യക്തികളുമാണ് സിനഡില്‍ സന്നിഹിതരാകുന്നത്. ഇതില്‍ വോട്ടവകാശമുള്ളത് ‘സിനഡ് പിതാക്കന്മാര്‍’ക്കാണ്. മെത്രാന്മാര്‍ക്കു പുറമേ, പ്രാദേശിക സഭ അല്ലെങ്കില്‍ ദേശിയ മെത്രാന്‍ സമിതി സിനഡിനായി തിരഞ്ഞെടുക്കുന്ന സന്ന്യാസ സഭകളുടെ സുപ്പീരിയര്‍ ജനറല്‍മാരും സഭാ പിതാക്കന്മാര്‍ക്കൊപ്പം വോട്ടവകാശമുള്ളവരാണ്.

4. സിനഡു മൂന്നുതരം
സാധാരണ പൊതുസമ്മേളനം Ordinary General Assembly പ്രത്യേക പൊതുസമ്മേളനം Extraordinary General Assembly, പ്രത്യേക സമ്മേളനം Special Assembly എന്നിങ്ങനെ സിനഡ് മൂന്നു തരത്തിലുണ്ട്. സാധാരണ പൊതുസമ്മേളനം ആഗോളസഭയുടെ പൊതുനന്മ ലക്ഷൃമാക്കിയുള്ള വിഷയങ്ങള്‍ പഠിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. ആഗോള സഭയുടെ അടിയന്തര സ്വഭാവമുള്ള കാര്യങ്ങള്‍ക്കുവേണ്ടിയാണ് സിനഡിന്‍റെ പ്രത്യേക പൊതുസമ്മേളനം. അതിവേഗം പരിഹാരങ്ങള്‍ കണ്ടെത്തേണ്ട സഭാ കാര്യങ്ങളാണ് സിനഡിന്‍റെ പ്രത്യേക പൊതുസമ്മേളനത്തില്‍ വിഷയമാക്കപ്പെടുന്നത്. സിനഡിന്‍റെ പ്രത്യേക സമ്മേളനം Special Session സഭാ പ്രവിശ്യയുടെയോ പ്രാദേശിക സഭയുടെയോ പ്രത്യേക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പഠിക്കുന്നതിനുമാണ് പാപ്പാ വിളിച്ചു കൂട്ടുന്നത്.

5. സിനഡും സഭാനിയമവും
സഭയുടെ നവീകരിച്ച കാനോന നിയമം സിനഡു സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതുപ്രകാരം സിനഡ് പാപ്പായുടെ പരമാധികാരത്തിന്‍റെ കീഴില്‍ വരുന്ന സഭാ സ്ഥാപനമാണ്. സിനഡു സമ്മേളനം വിളിച്ചുകൂട്ടുന്നതിനും അത് പിരിച്ചുവിടുന്നതിനും, അതിന്‍റെ സ്ഥല-കാല പരിധികള്‍, വിഷയം എന്നിവ നിശ്ചിയിക്കുന്നതിനും, സമ്മേളനത്തിന്‍റെ തര്‍പ്പുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും, അതിന്‍റെ അദ്ധ്യക്ഷത വഹിക്കുന്നതിനുമുള്ള അധികാരം പാപ്പായ്ക്കാണ്.

6. ആമസോണിയന്‍ സിനഡ്
ഒന്‍പതു രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ആമസോണ്‍ പ്രവിശ്യയിലെ തദ്ദേശജനതയെ കേന്ദ്രീകരിച്ചുള്ള പ്രത്യേക സിനഡു സമ്മേളനമാണ് (Special Assembly for the Pan-Amazon) ഒക്ടോബര്‍ 6-Ɔο തിയതി വത്തിക്കാനിലെ സിനഡു ഹാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 27-Ɔο തിയതിവരെ നീളുന്ന സമ്മേളനം “ആമസോണ്‍ : സഭയുടെ നവമായ പാതയും സമഗ്ര പരിസ്ഥിതിയും” എന്ന ശീര്‍ഷകത്തിലാണ് പുരോഗമിക്കുന്നത്.

7. ആഗോളപ്രസക്തിയുള്ള സിനഡുസമ്മേളനം
ആഗോളതലത്തില്‍ പരിസ്ഥിതി സംബന്ധമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്നതും, ഒപ്പം ഏറെ ചുഷണം ചെയ്യപ്പെടുകയും അഴിമതിക്കും അക്രമങ്ങള്‍ക്കും വിധേയമാക്കപ്പെടുകയും ചെയ്യുന്ന ആമസോണ്‍ പ്രവിശ്യയും അവിടത്തെ ജനങ്ങളുമാണ് സിനഡുസമ്മേളനം പഠിക്കുന്നത്. മുന്‍കൂറായി തയ്യാറാക്കിയിട്ടുള്ള പഠനരേഖയുടെ (Instrumentum Laboris) സഹായത്തോടെയാണ് ആമസോണിയന്‍ സിനഡു സമ്മേളനം വത്തിക്കാനില്‍ പ്രവര്‍ത്തനബദ്ധമായിരിക്കുന്നത്.


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 October 2019, 10:36