തിരയുക

The fragile Amazon rain forests The fragile Amazon rain forests 

മുതലാളിത്തം കാര്‍ന്നുതിന്നുന്ന ആമസോണ്‍ മഴക്കാടുകള്‍

ആമസോണിന്‍റെ സര്‍വ്വതോമുഖമായ നിലനില്പ് സഭയുടെ ലക്ഷ്യമെന്ന് സിനഡിന്‍റെ മൂന്നാം ദിവസം - അഞ്ചാമത്തെ പൊതുസമ്മേളനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

അഞ്ചാമത്തെ പൊതുസമ്മേളനം
ഒക്ടോബര്‍ 9-Ɔο തിയതി ബുധനാഴ്ച പ്രദേശിക സമയം രാവിലെ 8.30 മുതലാണ് അഞ്ചാമത്തെ പൊതുസമ്മേളനം നടന്നത്. വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയുടെ ദിനമാകയാല്‍ പാപ്പാ ഫ്രാന്‍സിസ് ഈ സമ്മേളനത്തില്‍ ഇല്ലായിരുന്നു. സമ്മേളനം മദ്ധ്യാഹ്നം
ഒരു മണിവരെ നീണ്ടുനിന്നു. 182 പിതാക്കന്മാരും മറ്റു വിദഗ്ദ്ധരും, നിരീക്ഷകരും, ഓഡിറ്റര്‍മാരും, ഇതരസഭാ പ്രതിനിധികളുമായി 293 സമ്മേളനത്തിലുണ്ടായിരുന്നു.

മുതലാളിത്തം കാര്‍ന്നുതിന്നുന്ന ആമസോണ്‍ കാടുകള്‍
ആമസോണിന്‍റെ പ്രകൃതിയെ കാര്‍ന്നുതിന്നുന്ന മുതലാളിത്തവും, അതുമായി ബന്ധപ്പെട്ട അഴിമതിയും കാട്ടുതീയും, വനനശീകരണവും, മയക്കുമരുന്നു ശൃംഖലയും, അനധികൃതമായ കൃഷിയിറക്കലുമെല്ലം എവിടെയും തലയുയര്‍ത്തി നില്ക്കുമ്പോള്‍ സഭ സുവിശേഷ ചൈതന്യമുള്‍ക്കൊണ്ട് ആമസോണിയന്‍ ജനതയുടെ സമഗ്രവും സര്‍വ്വതോമുഖവുമായ നിലനില്പിനായി പരിശ്രമിക്കണമെന്നത് സിനഡിന്‍റെ പൊതുവായതും ശക്തവുമായ അഭിപ്രായമായിരുന്നു. തദ്ദേശജനതയുടെ ജീവിതത്തിന്‍റെ സാമൂഹികവും, സാമ്പത്തികവും, ആത്മീയവുമായ മേഖലകളില്‍ സഭ ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

നിരീക്ഷണ കേന്ദ്രത്തിനുള്ള നിര്‍ദ്ദേശം
മനുഷ്യക്കുരുതിക്കും അധര്‍മ്മങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകുന്ന ആമോസോണിയന്‍ ജനത “സ്വയം പ്രേരിതമായ” ഏകാന്തതയിലേയ്ക്കും (self induced solitude), ഭീതിദമായ ജീവിത ചുറ്റുപാടുകളിലേയ്ക്കും അനുദിനം വലിച്ചിഴയ്ക്കപ്പെടുകയാണ്. സംഘര്‍ഷഭരിതമായ ഇന്നിന്‍റെ അന്തരീക്ഷത്തില്‍ ആമസോണ്‍ മഴക്കാടുകളിലെ നിര്‍ദ്ദോഷികളും വ്രണിതാക്കളുമായ തദ്ദേശ ജനതകളെയും സമൂഹങ്ങളെയും, അവരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാന്‍ സഭയുടേതായ ഒരു “രാജ്യാന്തര നിരീക്ഷണകേന്ദ്രം” (International Ecclesial Observatory) സ്ഥാപിക്കണമെന്ന ശക്തമായ അഭിപ്രായം സമ്മേളനത്തില്‍ പൊന്തിവരികയുണ്ടായി.

പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന
സഭയുടെ സുവിശേഷ മൗലികത

തദ്ദേശജനതകളുടെ ആവശ്യങ്ങളിലേയ്ക്ക് സഭ ഇറങ്ങിച്ചെല്ലുന്നതില്‍‍ ഏറെ താമസം കാണുന്നുണ്ടെന്ന് സമ്മേളനം നിരീക്ഷിച്ചു. സഭയുടെ അഭാവം സൃഷ്ടിക്കുന്ന വിടവു നികത്തുന്നത് പലപ്പോഴും നവമായ പെന്തക്കോസ്ത സമൂഹങ്ങളാണ്. ആമസോണ്‍ കാടുകളിലെ വൈവിധ്യമാര്‍ന്ന സംസ്ക്കാരങ്ങള്‍ക്കും ഭാഷകള്‍ക്കും ഇണങ്ങുന്നത് അധികാരം വിട്ടിറങ്ങി ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു ‘ക്രിസ്തുവിന്‍റെ ദാസ്യഭാവമുള്ള സഭ’യാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

ഒന്നും അടിച്ചേല്പിക്കാതെ
പാവങ്ങളെ ആശ്ലേഷിക്കുന്ന സഭ

സ്വന്തമായ സംസ്കാരം അടിച്ചേല്പിക്കാതെ, തദ്ദേശജനതയെയും അവരുടെ സംസ്കാരത്തെയും ഭാഷയെയും അംഗീകരിക്കുന്ന പക്വമാര്‍ന്നതും കൂട്ടായ്മയുടേതുമായ ഒരു വികേന്ദ്രീകൃത നയമായിരിക്കും (Decentralised policy) ആമസോണ്‍ പ്രവിശ്യയില്‍ വിജയിക്കാന്‍ സാദ്ധ്യതയെന്ന് സമ്മേളനം നിര്‍ദ്ദേശിച്ചു. ക്ലേശങ്ങളും പ്രശ്നങ്ങളും മറച്ചുവയ്ക്കാതെ മിഷണറി സ്വഭാവം നിലനിര്‍ത്തുകയും, തദ്ദേശീയത നശിപ്പിക്കാതിരിക്കുകയും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും അതിരുകളിലായിരുന്നവരെയും ആശ്ലേഷിക്കുന്നതും രൂപാന്തരപ്പെടുന്നതുമായ തദ്ദേശത്തനിമയുള്ള സഭയാണ് ആമസോണിയന്‍ മഴക്കാടുകളില്‍ വളര്‍ത്തിയെടുക്കേണ്ടതെന്ന് സമ്മേളനം വിശദമാക്കി.

മഴക്കാടുകളിലെ സഭാകൂട്ടായ്മയുടെ തദ്ദേശീയ രൂപം
ആമസോണിയന്‍ മഴക്കാടുകളില്‍ നവമായൊരു സഭ വളര്‍ത്തിയെടുക്കാനുള്ള സാദ്ധ്യതയാണ് സിനഡിന്‍റെ അഞ്ചാമത്തെ സമ്മേളനം നിരീക്ഷിച്ചത്. സഭ കൂട്ടായ്മയുടെ സംസ്കാരം ഉള്‍ക്കൊള്ളുമ്പോഴും, ആരാധനക്രമപരമായി രണ്ടാം വത്തിക്കാന്‍ സൂനഹോദോസ് നല്കുന്ന തദ്ദേശവത്ക്കരണത്തിനുള്ള സ്വാതന്ത്ര്യം (cf. Sacrosanctum Concilium) പ്രായോഗികമായി സ്വീകരിച്ചുകൊണ്ട് തനിമയാര്‍ന്നൊരു സഭ വികസിപ്പിച്ചെടുക്കാനുള്ള വലിയ സാദ്ധ്യതയാണ് ആമസോണ്‍ നാടുകളും സമൂഹങ്ങളും നല്കുന്നത്. അവരുടെ ഭാഷ, സംസ്ക്കാരം, സംഗീതം, വര്‍ണ്ണാഭയുമുള്ള വസ്ത്രവിധാനം, വേഷവിധാനങ്ങള്‍, കാടിന്‍റെ സവിശേഷതകളും ഉരുപ്പിടികളും ചേര്‍ന്ന വാസ്തുഘടന എന്നിവ വികസിപ്പിച്ചുകൊണ്ടും ആധാരമാക്കിയുമുള്ള ഒരു ആരാധനക്രമവും വിശ്വാസ സമൂഹവും വളര്‍ത്തിയെടുക്കാന്‍ ഒരോ ആമസോണിയന്‍ നാട്ടിലെയും സഭാസമൂഹം പരിശ്രമിക്കണമെന്ന് സിനഡു സമ്മേളനം നിര്‍ദ്ദേശിച്ചു.

ആമസോണിയന്‍ ജനതയ്ക്കാവശ്യമായ
ഇടയസ്നേഹവും കരുതലും

അജപാലകര്‍ സന്ദര്‍ശനം നടത്തുന്നവരാകാതെ, ഇടയന്‍റെ സ്നേഹവും കരുതലുമുള്ളവരായി തദ്ദേശീയ സമൂഹത്തിന്‍റെ കൂടെയായിരിക്കാനാണ് പരിശ്രമിക്കേണ്ടത്. പാപ്പാ ഫ്രാന്‍സിസിന്‍റെ ആവര്‍ത്തിച്ചുള്ള പ്രയോഗത്തില്‍ അതൊരു ക്രിസ്തുവിന്‍റെ പാഠശാലയാക്കുകയാണെങ്കില്‍, സ്നേഹവും താല്പര്യവും ഉള്ളവരോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിലും ഉപരി, അകന്നു നില്ക്കുകയും വ്യത്യസ്തമായി ചിന്തിക്കുകയും ചെയ്യുന്നവരെ കോര്‍ത്തിണക്കുന്ന ഒരു തദ്ദേശീയ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് സമ്മേളനം നിഷ്ക്കര്‍ഷിച്ചു.

പാരിസ്ഥിതികമായ പാപങ്ങള്‍ക്ക്
അനിവാര്യമായ മാനസാന്തരം

ആഗോള കാലാവസ്ഥ വ്യതിയാനത്തിന്‍റെ ദുരന്തകഥകള്‍ ലോകത്തിന്‍റെ എല്ലാദിശകളിലും ഇന്നു മുഴങ്ങി കേള്‍ക്കുമ്പോള്‍, സിനഡുസമ്മേളനത്തെ ദൈവാരൂപിയുടെ കൃപയുടെ കൂട്ടായ്മയായി ഉള്‍ക്കൊള്ളേണ്ടതാണ്. ഒപ്പം വിശ്വാസികള്‍ പാരിസ്ഥിതികമായ നന്മയ്ക്കും, മാറ്റത്തിനും, ഒരു മാനസാന്തരത്തിനു തന്നെയും സന്നദ്ധമാകണമെന്നാണ് സമ്മേളനത്തില്‍ സിനഡു പിതാക്കന്മാരുടെ നിര്‍ദ്ദേശം. ഇതിന് ഉതകുന്ന സമഗ്രമായൊരു വിദ്യാഭ്യാസപദ്ധതി തയ്യാറാക്കാന്‍
9 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അജപാലന മേഖലകളുടെ ഉത്തരവാദിത്ത്വം വഹിക്കുന്നവര്‍ ശ്രദ്ധിക്കുകയും പ്രായോഗിക നടപടികള്‍ കൈക്കൊള്ളുകയും വേണമെന്ന് സമ്മേളനം വ്യക്തമാക്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2019, 14:09