തിരയുക

Vatican News
 സഭയും,സാംസ്കാരിക അനുരൂപണവും... സഭയും,സാംസ്കാരിക അനുരൂപണവും... 

ആമസോൺ സിനഡും-സാംസ്കാരിക അനുരൂപണവും (INCULTURATION)

ദൈവത്തിന്‍റെ വചനം മാംസം ധരിച്ചതു തന്നെ ഏറ്റവും വലിയ സാംസ്കാരിക അനുരൂപണമായി (Inculturation) ആയി കാണാം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“അരെയോപ്പാഗസിന്‍റെ മദ്ധ്യത്തില്‍ നിന്നുകൊണ്ട്‌ പൗലോസ്‌ ഇപ്രകാരം പ്രസംഗിച്ചു: ആഥന്‍സ്‌ നിവാസികളേ, എല്ലാ വിധത്തിലും മതനിഷ്‌ഠയുള്ളവരാണ്‌ നിങ്ങള്‍ എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്‌തുക്കളെ നിരീക്ഷിച്ചു. അജ്ഞാതദേവന്‌ എന്ന്‌ എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചു തന്നെയാണ്‌ ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്‌. പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്‌ടിച്ചവനും സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മ്മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്‌. അവിടുത്തേക്ക്‌ എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളില്‍നിന്ന്‌ അവിടുന്നു ശുശ്രൂഷ സ്വീകരിക്കുന്നത്‌. കാരണം, അവിടുന്നുതന്നെയാണ്‌ എല്ലാവര്‍ക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രദാനംചെയ്യുന്നത്‌. ഭൂമുഖം മുഴുവന്‍ വ്യാപിച്ചു വസിക്കാന്‍വേണ്ടി അവിടുന്ന്‌ ഒരുവനില്‍നിന്ന്‌ എല്ലാ ജനപദങ്ങളെയും സൃഷ്‌ടിച്ചു; അവര്‍ക്കു വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്ചയിച്ചുകൊടുത്തു. ഇത്‌ അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്‌ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്‌.എങ്കിലും, അവിടുന്ന്‌ നമ്മിലാരിലും നിന്ന്‌ അകലെയല്ല. എന്തെന്നാല്‍, അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്‍ക്കുന്നു.

നാം അവിടുത്തെ സന്താനങ്ങളാണ്‌ എന്ന്‌ നിങ്ങളുടെതന്നെ ചില കവികള്‍ പറഞ്ഞിട്ടുണ്ടല്ലോ.നാം ദൈവത്തിന്‍റെ സന്താനങ്ങളാകയാല്‍ മനുഷ്യന്‍റെ ഭാവനയും ശില്‍പവിദ്യയും ചേര്‍ന്ന്‌ സ്വര്‍ണ്ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ്‌ ദൈവരൂപമെന്ന്‌ വിചാരിക്കരുത്‌. അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന്‌ അവിടുന്ന്‌ ആജ്ഞാപിക്കുന്നു.എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന്‌ ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന്‌ ഉയര്‍പ്പിച്ചുകൊണ്ട്‌ അവിടുന്ന്‌ ഇതിന്‌ ഉറപ്പു നല്‍കിയിട്ടുമുണ്ട്‌. മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ അവനെ പരിഹസിച്ചു. എന്നാല്‍, ചിലര്‍ പറഞ്ഞു: ഇവയെക്കുറിച്ച്‌ നിന്നില്‍നിന്നു ഞങ്ങള്‍ പിന്നീടൊരിക്കല്‍ കേട്ടുകൊള്ളാം.അങ്ങനെ പൗലോസ്‌ അവരുടെയിടയില്‍ നിന്നു പോയി.” (അപ്പോ.17: 22-33)

ആമസോൺ പ്രദേശവാസികളെ കേന്ദ്രമാക്കി ഒരു സിനഡ്

2019 ഒക്ടോബർ 6മുതൽ 27 വരെ തദ്ദേശീയ ജനതയുടെ പ്രത്യേകിച്ച് ആമസോൺ പ്രദേശികളെ കേന്ദ്രമാക്കി മെത്രാൻമാരുടെ 20 - മതത്തെ സിനഡ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ വത്തിക്കാനില്‍  നടന്നുവരുന്നു. ഫ്രാൻസിസ് പാപ്പാ 2017 ഒക്ടോബർ 15ന് ഒരു പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയാണ് പാൻ ആമസോൺ പ്രദേശങ്ങളിലെ സുവിശേഷവൽക്കരണത്തിനും അവിടത്തെ തദ്ദേശ ജന്യരായ (Indigenous) നാട്ടുകാരുടെയും ലോകത്തിന്‍റെ  തന്നെ ശ്വാസകോശമായ അവിടത്തെ ആമസോൺ കാടുകളുടെ അപകടകരമായ നശീകരണത്തെക്കുറിച്ചും ഒരു സിനഡു വഴി പുതിയ വഴികൾ തേടാനായുള്ള ആഹ്വാനം നടത്തിയത്. ആമസോൺ സിനഡ് സഭാപരമായും പൗരനെ സംബന്ധിക്കുന്നതും, പരിസ്ഥിതിപരമായും ഇന്നത്തെ കാലത്തിനു അത്യാവശ്യമുള്ള  ഒരു  മഹാസംരംഭമാണ്.

സംസ്കാരങ്ങയുടെ കൂടിക്കാഴ്ച, കൂദാശകളുടെ സ്വീകരണം, വിദ്യാഭ്യാസം, പ്രേഷിത പ്രവർത്തനം, മനുഷ്യാവകാശ ലംഘനങ്ങൾ നേരിടൽ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകളുടെ ഒരു പരമ്പരയാണ് സിനഡില്‍ നടന്ന് വരുന്നത്. ഈ അവസരത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 22ആം തിയതി, വത്തിക്കാന്‍റടുത്തുള്ള പരിശുദ്ധ കര്‍മ്മലമാതാവിന്‍റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ വച്ച് ആമസോണിയായിലെ പാരമ്പര്യത്തെക്കാണിക്കുന്ന ഗർഭിണിയായ യുവതിയുടെ മരത്തില്‍ കൊത്തിയ മൂന്ന് രൂപങ്ങൾ മോഷ്ടിക്കപ്പെടുകയും, അത് ടൈബർ നദിയിൽ വലിച്ചെറിയപ്പെടുകയും ചെയ്ത ഒരു സംഭവമുണ്ടായി.

ആക്രമണവാസനയോടെയുള്ള  ഈ മോഷണവും നദിയിലെ വലിച്ചെറിയലും മാത്രമല്ല, അതിനെക്കുറിച്ച് ഇറ്റലിയിലെ സമൂഹ മാധ്യമങ്ങളിൽ "നീതി നിർവ്വഹിക്കപ്പെട്ടു" എന്ന് അത്യുൽസാഹപൂർവ്വം ഈ കൃത്യത്തിന്‍റെ ചിത്രങ്ങൾ പരസ്യം ചെയ്തു കൊണ്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളെ കുറിച്ചും ഖേദം പ്രകടിപ്പിച്ച വത്തിക്കാന്‍ ന്യൂസ് പത്രാധിപരായ അന്ത്രേയാ തോർണിയെല്ലി തന്‍റെ പത്രാധിപകുറിപ്പിൽ പാരമ്പര്യവാദത്തിന്‍റെ പേരിലും സിദ്ധാന്തങ്ങളുടെ പേരിലും നീചമായി ഒരമ്മയുടേയും ജീവന്‍റെ വിശുദ്ധിയുടേയും പ്രതീകം വെറുപ്പോടെ വലിച്ചെറിയപ്പെട്ടുവെന്നും അത് ആമസോണിയാ പരമ്പരാഗത വർഗ്ഗക്കാരുടെ പ്രതീകവും ഫ്രാൻസിസ് അസ്സീസിയുടെ  പാട്ടിൽ വിവരിച്ചിട്ടുള്ള "ഭൂമി മാതാവുമായുള്ള" നമ്മുടെ ബന്ധത്തെയും പ്രതിനിധാനം ചെയ്യുന്ന ഒന്നായിരുന്നു എന്നും വ്യക്തമാക്കി.  സാമൂഹീക മാധ്യമങ്ങളിലെ വെറുപ്പുളവാക്കുന്ന എഴുത്തുകളിൽ നിന്ന് പ്രവർത്തികളിലേക്ക് നീങ്ങിയ വിഗ്രഹഭജ്ഞകരോടു നവവിശുദ്ധനായ ഹെന്‍ട്രി ന്യൂമാന്‍റെ ക്രിസ്തീയ പ്രമാണങ്ങളുടെ പരിണാമത്തെക്കുറിച്ച് 1878ൽ എഴുതിയ ലേഖനം ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ സഭയിലെ ആചാരാനുഷ്ടാനങ്ങൾക്ക് പിന്നിൽ അന്യ മതമൂലകങ്ങളും അവയുടെ  ഉപയോഗങ്ങളും പലപ്പോഴും സഭ സ്വീകരിച്ച്, രൂപാന്തരപ്പെടുത്തി വിശുദ്ധീകരിച്ച പാരമ്പര്യമുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.

ദൈവത്തിന്‍റെ വചനം മാംസം ധരിച്ചതു തന്നെ ഏറ്റം വലിയ സാംസ്കാരിക അനുരൂപണമായി (Inculturation) ആയി എടുത്തുകൊണ്ടാണ് ഈ ഒരു ലേഖനത്തിന് നമ്മൾ തുടക്കം കുറിക്കുന്നത്. ജോൺ പോൾ രണ്ടാമൻ പാപ്പാ സംസ്കാരങ്ങൾ ക്രിസ്തുവിന്‍റെ മനുഷ്യത്വത്തിന്‍റെ നന്മയായി കണ്ട് ക്രിസ്തീയ വിശ്വാസത്തിന്‍റെ പ്രകടനത്തിനും വികസനത്തിനും ശക്തമായ ഒരു മാധ്യമമായിരിക്കും എന്ന് കോയിംപ്രാ യൂണിവേഴ്സിറ്റിയിൽ നടത്തിയ തന്‍റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. സംസ്കാരങ്ങളെ കവിഞ്ഞു പോകുന്ന വെളിപാടുകളുടെ അവസ്ഥ മറക്കാതെ,  ഒരു സംസ്കാരത്തിന്‍റെ  ചട്ടകൂടുകളിൽ ഒതുങ്ങാത്ത ഒന്നാണ് ദൈവവചനമെന്ന തിരിച്ചറിവും അതിനാൽ സംസ്കാരങ്ങൾ കർത്താവിന്‍റെ വചനത്താൽ ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട് എന്നും പാപ്പാ അറിയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംസ്കാരങ്ങളിൽ ഒരു സുവിശേഷവൽക്കരണവും നടക്കണം.

സഭയുടെ ചരിത്രം പരിശോധിക്കുമ്പോൾ ജെറൂസലേമിൽ നിന്ന് ജനതകളിലേക്കുള്ള സഭയുടെ രൂപമാറ്റം തന്നെ ഒരു സാംസ്കാരിക അനുകരണമാണെന്ന് നമുക്ക് വിളിക്കാം. ദൈവത്തിന്‍റെ മനുഷ്യാവതാരം പോലെ തന്നെയാണിത്. അത് വിശ്വാസത്തിന്‍റെ സാംസ്കാരികവതാരമായി മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് തോന്നുന്നില്ല. പെന്തെക്കോസ്താ നാളിൽ പരിശുദ്ധാത്മാവ് ഉദ്ഘാടനം ചെയ്ത വിശ്വാസവും സംസ്കാരങ്ങളുമായുള്ള ബന്ധം ദൈവത്തിന്‍റെ അൽഭുത പ്രവർത്തികൾ സകലജനതകളോടും സകല ഭാഷകളിലും സംസ്കാരങ്ങളിലും എത്തിക്കാനുള്ള പരിശ്രമം ഇന്നും സഭ തുടർന്ന് കൊണ്ടു പോകുന്നു. അങ്ങനെ പരിശുദ്ധാത്മാവിന്‍റെ പ്രചോദനം അപ്പോസ്തലന്മാർക്ക് നല്‍കുന്ന വെളിപാടുകളിൽ ക്രിസ്തുവിലുള്ള വിശ്വാസം പുതിയ വിശ്വാസികളെ തങ്ങളുടെ സംസ്കാരം വിട്ട് യഹൂദ നിയമത്തിന് വിധേയരാകേണ്ട ആവശ്യമില്ലെന്ന തീരുമാനത്തിലെത്തിച്ചതും ബൈബിൾ യാഥാർത്ഥ്യങ്ങൾ തന്നെയാണ്. യഹൂദർക്ക് ഉതപ്പും വിജാതീയർക്ക് ഭോഷത്തമായ കുരിശ് രക്ഷയുടെ പ്രതീകമായതും ഒരു സാംസ്കാരിക അവതാരം തന്നെ. വിശ്വാസം സംസ്കാരങ്ങളിൽ വേരൂന്നി സംസ്കാരങ്ങൾക്ക് അപ്പുറം കടക്കുന്ന ദൈവീകതയുടെ സുവിശേഷമാണ് നാം ഇവിടെ കണ്ടെത്തുന്നത്.

അപ്പോസ്തോലീക പാരമ്പര്യ കാലഘട്ടത്തിൽ വിശ്വാസത്തിന്‍റെ വിവിധ സംസ്കാരങ്ങളിലേക്കുള്ള കടന്ന് പോക്ക് ആ സംസ്കാരങ്ങളുടെ തന്നെ രക്ഷയായി മാറുന്നതാണ് നാം കണ്ടെത്തുക. സഭ ഈ സുവിശേഷത്തിന്‍റെ കൂദാശയും അതിന്‍റെ സംവേദകയുമാണ്.ഇന്നത്തെ സഭയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അവളുടെ ഓരോ ചലനങ്ങളിലും മാംസം ധരിച്ച് മനുഷ്യനായി അവതരിച്ച ദൈവത്തിന്‍റെ സാംസ്കാരിക അനുരൂപണ ലക്ഷണങ്ങൾ കാണാൻ നമുക്ക് കഴിയും.അവളുടെ ആരാധനക്രമങ്ങളിലും, അവയിൽ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലും,വസ്ത്രധാരണ മുറകളിലും ഏതെല്ലാം സംസ്കാരങ്ങളിലൂടെ അവൾ ക്രിസ്തുവിനെ അവതരിപ്പിക്കുവാൻ പരിശ്രമിച്ചുവോ അവിടങ്ങളിലെ സംസ്കാര പാരമ്പര്യ ആചാരങ്ങളുടെ പല ഘടകങ്ങളും സ്വീകരിച്ച്, വിശുദ്ധീകരിച്ച് രൂപാന്തരപ്പെടുത്തിയ രീതികൾ നമുക്ക് കണ്ടെത്താൻ കഴിയും. നിരന്തരം നവീകരണം നടത്തുന്ന സഹായകനായ പരിശുദ്ധാത്മാവിനെ ശ്രവിക്കാനുള്ള മനസ്സും അനുസരിക്കാനുള്ള വിനയവും ഉണ്ടെങ്കിൽ ഒരു സംസ്കാരവും സഭയെ വിഴുങ്ങുമെന്ന ഭയത്തിന് നാം വശംവദരാകേണ്ടതില്ല.

ഇന്ത്യയിലെ ആരാധനക്രമത്തിൽ പ്രത്യേകിച്ച് വിവാഹ കൂദാശ പരികർമ്മത്തിൽ നാം ഉപയോഗിക്കാറുള്ള താലിയും മന്ത്രകോടിയും മറ്റും നമ്മുടെ സംസ്കാരത്തിൽ നിന്നും നാം സ്വീകരിച്ച് വിശുദ്ധീകരിച്ചതാണെന്ന് ഒരു പക്ഷേ നാം പോലും ചിന്തിച്ചു കാണില്ല.സഭയിൽ എന്നും സംസ്കാരങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോസ്തോലന്മാരുടെ കാലം മുതൽ ഇന്നുവരെ അത് തുടരുന്നുമുണ്ട്. പക്ഷേ പരിശുദ്ധാത്മാവിന്‍റെ ഇടപെടലുകൾ സഭയിൽ ഐക്യം പുലരാൻ, പുലർത്താൻ ശക്തി പകരുന്ന യാഥാർത്ഥ്യമായി നമുക്ക് അനുഭവവേദ്യമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ നവീകരണങ്ങൾക്ക് മുന്നിലും വിഘടിച്ചു നിന്ന ഒരു കൂട്ടം ഉണ്ടായിരുന്നു എന്നതും സഭാ ചരിത്രത്തിന്‍റെ ഭാഗമാണ്. സഭയുടെ വിവിധ സംസ്കാരങ്ങളിലേക്കുള്ള സുവിശേഷ പ്രയാണത്തിൽ പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം ആദിമ സഭയിലെന്ന പോലെ ഇന്നും ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സഭ  ഭൂമിയിൽ തൊടാതെ നില്‍ക്കേണ്ട ഒരു യാഥാർത്ഥ്യമല്ല. സുവിശേഷ സന്ദേശവും സാക്ഷ്യവും ഓരോ സംസ്കാരത്തിലും വേരൂന്നേണ്ടതും സന്ദർഭാനുശ്രുതമായി പ്രസക്തമാക്കേണ്ടതുമാണ്.

വത്തിക്കാന്‍ കൗണ്‍സില്‍ : സഭ ആധുനിക ലോകത്തില്‍ (Gaudium et spes)

സുവിശേഷ സന്ദേശത്തിന്‍റെ പ്രഭാപൂരം ലോകം മുഴുവൻ പ്രസരിപ്പിക്കുക. ഏതു ദേശത്തോ, ജാതിയിലോ, സംസ്കാരത്തിലോ ഉൾപ്പെട്ടവരായാലും എല്ലാവരെയും ഒരേ അരൂപിയിൽ സംയോജിപ്പിക്കുക എന്നീ ദൗത്യം മൂലം വിശ്വസ്ഥമായ സുഹൃത് സംഭാഷണത്തിന്‍റെയും അതിനു ആക്കം നൽകുന്ന ആ ഭ്രാതൃത്വത്തിന്‍റെയും അടയാളമായി സഭ പരിലസിക്കുന്നു. നിയമാനുസൃതമായ വൈവിധ്യങ്ങളെ അങ്ങേയറ്റം മാനിച്ചു കൊണ്ട് സഭയ്ക്കുള്ളിൽത്തന്നെ പരസ്പരമുള്ള മതിപ്പും ബഹുമാനവും ഐക്യവും പോഷിപ്പിക്കാൻ ഈ ദൗത്യം മുഖ്യമായി ആവശ്യപ്പെടുന്നു.(92)

സാംസ്കാരിക അനുരൂപണത്തെ കുറിച്ച് പരിശുദ്ധ പിതാക്കന്മാരുടെ പ്രബോധനങ്ങള്‍

ലിയോ XIII

ലിയോ പതിമൂന്നാമൻ  പാപ്പാ 1879-ൽ അർമേനിയൻ കത്തോലിക്കാസഭയെ കത്തോലിക്കാസഭയിലേക്ക് പുനസംഘടിപ്പിക്കുന്നതിലേക്ക് നയിക്കുന്ന അന്തർ സംസ്കാര  വൈവിധ്യത്തെ പരിപോഷിപ്പിച്ചു. കിഴക്കൻ ആചാരങ്ങളെ അനുഗമിക്കുന്ന  സഭകളെ ലത്തീൻ ക്രമമാക്കാനുള്ള   ശ്രമങ്ങളെ അദ്ദേഹം എതിർക്കുകയും കിഴക്കൻ ആചാരങ്ങൾ കത്തോലിക്കാസഭയുടെ ഏറ്റവും മൂല്യവത്തായ പുരാതന പാരമ്പര്യവും ദിവ്യ ഐക്യത്തിന്‍റെ പ്രതീകവുമാണെന്ന് പ്രസ്താവിച്ചു. 1894-ലെ അദ്ദേഹത്തിന്‍റെ ചാക്രീക ലേഖനമായ Praeclara gratulationis ല്‍ സഭയ്ക്കുള്ളിലെ വിശ്വാസപ്രകടനങ്ങളുടെ സാംസ്കാരികവും ആരാധനാപരവുമായ വൈവിധ്യത്തെ പ്രശംസിച്ചു. Orientalum Dignitatisല്‍ അദ്ദേഹം വൈവിധ്യത്തെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത ആവർത്തിക്കുകയും വ്യത്യസ്ഥ സംസ്കാരങ്ങളെ ഒരു നിധിയായി പ്രഖ്യാപിക്കുകയും ചെയ്തു. മറ്റ് സാംസ്കാരിക ആവിഷ്കാരങ്ങളുടെ സമഗ്രതയും വ്യതിരിക്തതയും സംരക്ഷിക്കുന്ന നിരവധി നടപടികൾ ലിയോ പതിമൂന്നാമൻ  പാപ്പാ  സ്വീകരിച്ചു. 

ബെനഡിക്റ്റ്  പതിനഞ്ചാമനും പയസ് പതിനൊന്നാമനും

ഒന്നാം ലോകമഹായുദ്ധസമയത്ത് വളരെയധികം കഷ്ടത അനുഭവിച്ച മിഷനറി പ്രവർത്തനങ്ങളുടെ വികാസത്തിൽ ബെനഡിക്റ്റ്  പതിനഞ്ചാമന്‍ പാപ്പാ പ്രത്യേകിച്ചും ശ്രദ്ധാലുവായിരുന്നു. പ്രാദേശിക പുരോഹിതന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പയസ് പതിനൊന്നാമൻ മാർപ്പാപ്പയും  അത് പിന്തുടർന്നു. അതിനാൽ പ്രാദേശിക സംസ്കാരങ്ങൾ കൂടുതൽ അംഗീകരിക്കപ്പെട്ടു. 1922ൽ റോമിൽ ഒരു മിഷൻ കോൺഗ്രസ് നടത്തിയ അദ്ദേഹം ഏഷ്യാ, ആഫ്രിക്കാ, ലാറ്റിൻ അമേരിക്കാ എന്നിവിടങ്ങളിൽ നിന്നുള്ള മെത്രാന്മാരെ വ്യക്തിപരമായി നിയമിച്ചു. അദ്ദേഹത്തിന്‍റെ മരണസമയത്ത് 240 രൂപതകളും ഭരണകൂടങ്ങളും ആഭ്യന്തര മെത്രാന്മാരുടെ കൈകളിലായിരുന്നു.

പിയൂസ് പന്ത്രണ്ടാമൻ പാപ്പാ

1939-ൽ പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പാ സഭാഭരണം ഏറ്റെടുത്ത് കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ 250 വർഷം പഴക്കമുള്ള വത്തിക്കാൻ നയങ്ങളെ സമൂലമായി മാറ്റിമറിക്കുകയും ചൈനയിൽ മരിച്ച കുടുംബാംഗങ്ങളെ ആദരിക്കുവാന്‍ അനുവദിക്കുകയും ചെയ്തു. പിയൂസ് പന്ത്രണ്ടാമന്‍റെ നിര്‍ദ്ദേശമനുസരിച്ച് വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘം 1939 ഡിസംബർ 8-ന് ചൈനീസ് ആചാരങ്ങൾ അന്ധവിശ്വാസമായി കണക്കാക്കപ്പെടുന്നില്ലെന്നും മറിച്ച് ഒരാളുടെ ബന്ധങ്ങളെ ബഹുമാനിക്കുന്നതിനുള്ള മാന്യമായ മാർഗ്ഗമാണെന്നും അതിനാൽ കത്തോലിക്കരെ ചൈനയിൽ മരിച്ച കുടുംബാംഗങ്ങളെ ആദരിക്കുവാന്‍ അനുവദിച്ചതായും പ്രസ്താവിച്ചു. കമ്മ്യൂണിസ്റ്റ് വിപ്ലവം രാജ്യം ഏറ്റെടുക്കുന്നതുവരെ അതായത് 1949 വരെ ഇരുപത് പുതിയ അതിരൂപതകളും എഴുപത്തിയൊമ്പത് രൂപതകളും മുപ്പത്തിയെട്ട് അപ്പോസ്തോലിക പ്രീഫെക്ടുമായി ചൈനയിൽ സഭ വീണ്ടും തഴച്ചുവളരാൻ തുടങ്ങി.

സുവിശേഷത്തിന്‍റെ ആമുഖം അർത്ഥമാക്കുന്നത് സംസ്കാരമാണെന്നും പ്രാദേശിക സംസ്കാരങ്ങളുടെ നാശമല്ലെന്നും വ്യക്തമാക്കിയ പാപ്പാ ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിന് വിവിധ നാഗരികതകളെയും അവയുടെ നല്ല ഗുണങ്ങളെയും കുറിച്ച് ആഴത്തിലുള്ള ബഹുമാനം ആവശ്യമാണെന്നും അദ്ദേഹം Summi Pontificatusൽ എഴുതി.

പ്രാദേശിക സംസ്കാരങ്ങളെ യൂറോപ്യൻ സംസ്കാരത്തിന് തുല്യമായി അംഗീകരിക്കണമെന്ന് പയസ് പന്ത്രണ്ടാമൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ മുൻഗാമികളുടെ നിലപാട് തുടര്‍ന്ന പിയൂസ് പന്ത്രണ്ടാമൻ പാപ്പാ സഭാ കാര്യങ്ങളിൽ പ്രാദേശിക ഭരണം സ്ഥാപിക്കുന്നതിനെ പിന്തുണച്ചു: 1950ൽ പടിഞ്ഞാറൻ ആഫ്രിക്കയുടെ ശ്രേണി സ്വതന്ത്രമായി. 1951ൽ ദക്ഷിണാഫ്രിക്കയും, 1953ൽ ബ്രിട്ടീഷ് കിഴക്കന്‍ ആഫ്രിക്കയും, ഫിൻ‌ലാൻ‌ഡ്, ബർമ്മാ, ഫ്രഞ്ച് ആഫ്രിക്കാ എന്നിവ 1955ലും സ്വതന്ത്ര രൂപതകളായി.

പോൾ ആറാമൻ പാപ്പാ

രണ്ടാം വത്തിക്കാൻ കൗൺസിലിൽ, പോൾ ആറാമൻ പാപ്പാ Ad gentes എന്ന പ്രമാണം വഴി സാംസ്കാരിക അനുരൂപണം "അവതാരത്തിന്‍റെ സമ്പദ്‌വ്യവസ്ഥ" ("ECONOMY OF INCARNATION)യെ അനുകരിക്കുന്നുവെന്ന് പഠിപ്പിച്ചു.

ജോൺ പോൾ രണ്ടാമൻ പാപ്പാ

ജോൺ പോൾ രണ്ടാമൻ പാപ്പാ നിരവധി ചാക്രീക ലേഖനങ്ങളിലും  പൊതുപരിപാടികളിലും സാംസ്കാരിക അനുരൂപണം എന്ന വിഷയത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. 1990 ൽ ജോൺ പോൾ പാപ്പാ തന്‍റെ ചാക്രീകലേഖനമായ Redemptoris Missioല്‍ സാംസ്കാരിക അനുരൂപണത്തെ കുറിച്ച് വീണ്ടും പഠിപ്പിച്ചു.

ബെനഡിക്ട് പതിനാറാമൻ പാപ്പാ

വിശ്വാസവും സംസ്കാരങ്ങളും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് ബെനഡിക്ട് പതിനാറാമൻ പാപ്പാ ഏഷ്യയിലെ ഡോക്ട്രെയ്നൽ കമ്മീഷനമായുള്ള മീറ്റിംഗിൽ വിശദീകരിക്കുന്നതിങ്ങനെയാണ്. ക്രിസ്തീയ വിശ്വാസത്തിൽ, ശ്രദ്ധയോടും സത്യസന്ധതയോടും കൂടി പറഞ്ഞാൽ, അതിന്‍റെ സാംസ്കാരിക പ്രകടനങ്ങളിൽ വളരെ അധികം മാനുഷീക പ്രവർത്തനങ്ങൾ കണ്ടെത്താമെന്നും അവയിൽ ഭൂരിപക്ഷവും ഇനിയും ശുദ്ധീകരിക്കപ്പെടേണ്ടതും തുറക്കപ്പെടേണ്ടതുമാണ്. അതേ സമയം തന്നെ ക്രിസ്തീയ വിശ്വാസത്തിന്‍റെ കാമ്പു സത്യത്തെ തന്നെ വെളിപ്പെടുത്തലും അതിനാൽ തന്നെ രക്ഷയുടെ വഴിയുമാണ്. മനുഷ്യനോട് അവനാരെന്നും എങ്ങനെയാണ് അവൻ മനുഷ്യനാവാൻ തുടങ്ങേണ്ടതെന്ന് അവനോടു പറഞ്ഞ് തുടങ്ങുമ്പോൾ വിശ്വാസം തന്നെ ഒരു സംസ്കാരമായി മാറുന്നു. വിശ്വാസം ഒരു സംസ്കാരം സൃഷ്ടിക്കുന്നു. അതിനാൽ വിശ്വാസത്തിന് ഒരു ജീവിക്കുന്ന സാംസ്കാരീക സമൂഹമുണ്ട് അതാണ് "ദൈവജനം" എന്ന് നാം വിളിക്കുന്ന സമൂഹം. 

ഫ്രാന്‍സിസ് പാപ്പാ

ലോകവുമായുള്ള കൂടികാഴ്ചയില്‍ സ്വാതന്ത്ര്യത്തിനുള്ള തുറന്ന സാധ്യതകളെക്കുറിച്ച് ചലനാത്മകമായ ഒരു ധാരണയാണ് ഫ്രാൻസിസ് പാപ്പാ മുന്നോട്ടുവയ്ക്കുന്നത്. സ്വാതന്ത്ര്യത്തെ വളർത്തിയെടുക്കുന്ന സ്വാതന്ത്ര്യം, നമുക്ക് ചുറ്റുമുള്ള ലോകത്തോടും പുതിയ അനുഭവങ്ങളോടുമുള്ള ഒരു തുറന്ന മനോഭാവത്തിലേക്ക് നമ്മെ നയിക്കും.  ബന്ധങ്ങളെ സമ്പന്നമാക്കാനും വിപൂലീകരിക്കാനും ഈ സ്വാതന്ത്ര്യത്തിന് മാത്രമേ കഴിയൂ. 2013 മെയ് 23 ആം തിയതി, പേപാൽ വസതിയായ സാന്താമാർത്തയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ  സംസ്കാരത്തോടുള്ള കത്തോലിക്കാ സഭയുടെ സമീപനത്തെ  കുറിച്ച് പ്രബോധിപ്പിച്ചു.  ക്രിസ്തീയത  ഓരോരുത്തരെയും അവനവന്‍റെ വ്യക്തിത്വത്തോടും സ്വഭാവസവിശേഷതകളോടും സംസ്കാരത്തോടും കൂടി  സ്വീകരിക്കുന്നു. ഓരോരുത്തരും കർത്താവ് അവനു സമ്മാനിച്ച സമ്മാനങ്ങൾക്കൊപ്പമാണെന്ന് പഠിപ്പിച്ചു. “ഓരോ രാജ്യത്തിനും പ്രദേശത്തിനും അതിന്‍റെ സംസ്കാരത്തിന് അനുയോജ്യമായതും പാരമ്പര്യങ്ങളോടും പ്രാദേശിക ആവശ്യങ്ങളോടും സംവേദനക്ഷമതയുള്ള പരിഹാരങ്ങൾ തേടാൻ കഴിയുമെന്നും പാപ്പാ ആവര്‍ത്തിക്കുന്നു.

ഓരോ സംസ്കാരവും വിശ്വാസത്തിന് ഒരു സാംസ്കാരിക രൂപം നൽകും. അങ്ങനെ വിശ്വാസത്തിന് ജീവിക്കാൻ കടമെടുത്ത സംസ്ക്കാര സംവിധാനങ്ങൾ ആവശ്യമായി വരും. ഇവ ഓരോയിടത്തും വ്യത്യസ്ഥമായിരിക്കും. എന്നാൽ വിശ്വാസവും അതിന്‍റെ സംസ്കാരവും അതിന് അന്യമായ മറ്റ് സംസ്കാരങ്ങളുമായി കണ്ടു മുട്ടുമ്പോൾ അവയുടെ ദ്വൈത ഭാവം പരസ്പരം നശിപ്പിക്കാതെ നോക്കണം. ഈ ഒരു സംഘർഷം ഫലപ്രദമായി ഉപയോഗിച്ചാൽ വിശ്വാസം നവീകരിക്കപ്പെടുകയും സംസ്കാരം സുഖപ്പെടുകയും ചെയ്യുമെന്ന് ബെനഡിക്ട് പതിനാറാമൻ എഴുതി. ദൈവജനം എന്നത് എല്ലാ ജനതകളിൽ നിന്നും രൂപീകരിക്കപ്പെട്ട സംസ്ക്കാരമാണ്. പല വിഷയങ്ങളുടെ സംഘർഷങ്ങൾ ഒരു വിഷയത്തിൽ ഒന്നിക്കുന്നത് ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിന്‍റെ തന്നെ ഇനിയും തീരാത്ത സംഘർഷത്തിന്‍റെ ഭാഗമാണ്. പരിശുദ്ധാത്മാവിന്‍റെ കൃപ കൂടാതെ ഇവയെ ദൂരീകരിക്കാനും നമുക്ക്കഴിയുകയില്ല. 

ആമസോൺ സിനഡും – സാംസ്കാരിക അനുരൂപണവും
25 October 2019, 15:19