തിരയുക

Pope Francis with the rehabilitated inhabitans of New Horizon of Chiara Amirante Pope Francis with the rehabilitated inhabitans of New Horizon of Chiara Amirante 

അധോലോകത്തിനായി ക്യാര അമിരാന്തെ തുറന്ന “നവചക്രവാളം”

പാപ്പാ ഫ്രാന്‍സിസ് തെരുവിലെ മക്കള്‍ക്കുള്ള പുനരധിവാസ പ്രസ്ഥാനത്തിന്‍റെ ആസ്ഥാനകേന്ദ്രം, “സ്വര്‍ഗ്ഗവിഹാരം” (Celestial Citadel) സന്ദര്‍ശിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒരു ഇറ്റാലിയന്‍ വനിതയുടെ ധീരത
ക്യാര അമിരാന്തെ എന്ന വനിത റോമില്‍ തുടക്കമിട്ട പ്രസ്ഥാനമാണ് “നവചക്രവാളം” (New Horizon). ഇപ്പോള്‍ ഇറ്റലിയുടെ ഇതര ഭാഗങ്ങളിലേയ്ക്കും അത് വ്യാപിച്ചുകഴിഞ്ഞു. തെരുവോരങ്ങളില്‍ പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ കണ്ടുമുട്ടുന്ന മദ്യപന്മാര്‍, മയക്കുമരുന്നുകാര്‍, ചൂതാട്ടക്കാര്‍, വ്യഭിചാരികള്‍, എന്നിങ്ങനെ വിവിധങ്ങളായ സാമൂഹ്യതിന്മകളില്‍ വ്യാപൃതരായിക്കുന്നവരെ പ്രായ-ലിംഗ വ്യത്യാസങ്ങളില്ലാതെ സംരക്ഷിക്കുകയും, പരിചരിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് “നവചക്രവാളം”.

പ്രസ്ഥാനത്തിന്‍റെ ആസ്ഥാനം - “സ്വര്‍ഗ്ഗവിഹാരം”
നവചക്രവാളങ്ങളുടെ സ്ഥാപനത്തിന്‍റെ 25-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ്, സാമൂഹ്യദ്രോഹികളെന്നു സമൂഹം മുദ്രകുത്തി തള്ളുന്നവരുടെ പുനരധിവാസ കേന്ദ്രത്തിന്‍റെ റോമിലുള്ള ആസ്ഥാനകേന്ദ്രം “സ്വര്‍ഗ്ഗവിഹാരം” (Celestial Citadel) സെപ്തംബര്‍ 24-Ɔο
തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചത്. പ്രാദേശിക സമയം രാവിലെ 9.30-ന് “സ്വര്‍ഗ്ഗവിഹാര”ത്തില്‍ എത്തിയ പാപ്പാ ഫ്രാന്‍സിസിനെ സ്ഥാപക, ക്യാര അമിരാന്തെയും (Chiara Amirante), പുനരധിവാസ കേന്ദ്രങ്ങളില്‍നിന്നും എത്തിയ വിവിധ പ്രായക്കാരും ചേര്‍ന്നു സ്വീകരിച്ചു. പാപ്പായ്ക്കൊപ്പം ഇറ്റലിയുടെ വിശ്വത്തര ഗായകന്‍, അന്ത്രയ ബൊച്ചേലിയും മകനും “സ്വര്‍ഗ്ഗവിഹാര”ത്തിലെ പരിപാടികളില്‍ സജീവമായി പങ്കെടുത്തു. റോമില്‍നിന്നും 75 കി.മീ.അകലെ തെക്കു കിഴക്കന്‍ നഗരപ്രാന്തത്തിലെ  ഫ്രോസിനോനെ (Frosinone) പ്രദേശത്താണ് വിസ്തൃതവും മനോഹരവുമായ “സ്വര്‍ഗ്ഗവിഹാരം” (Celestial Citadel) സ്ഥിതിചെയ്യുന്നത്.

പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം
ദിവ്യബലിയും ഉച്ചഭക്ഷണവും 
അന്തേവാസികളില്‍നിന്നും ഏതാനും തിരഞ്ഞെടുക്കപ്പെട്ടവരുടെ ചോദ്യങ്ങളും ജീവിതാനുഭവങ്ങളും ആദ്യം പാപ്പാ ശ്രവിച്ചശേഷം, അതിനെല്ലാം മറുപടിയായി പാപ്പാ കൂട്ടായ്മയ്ക്ക് സന്ദേശം നല്കി. (5539b പിറകെ പ്രസിദ്ധീകരിക്കും). മദ്ധ്യാഹ്നം 12 മണിയോടെ “സ്വര്‍ഗ്ഗവിഹാര”ത്തിലെ വിസ്തൃതമായ ഓഡിറ്റോറിയത്തില്‍ പുരധിവസിപ്പിക്കപ്പെട്ടവര്‍ക്കും, അവരുടെ ശുശ്രൂഷകര്‍ക്കും, സന്നദ്ധസേവകര്‍ക്കുമൊപ്പം പാപ്പാ ഫ്രാന്‍സിസ് സമൂഹബലിയര്‍പ്പിച്ചു. വചനസന്ദേശവും നല്കി (5539c പ്രസിദ്ധീകരിക്കും). ദിവ്യബലിക്കുശേഷം പാപ്പാ സ്വര്‍ഗ്ഗവിഹാരത്തിലെ  സഹകാരികള്‍ക്കും ക്യാര അമരാന്തിക്കും, “നവചക്രവാളം,” എന്ന പേരിലുള്ള പുനരധിവാസ കേന്ദ്രങ്ങളിലെ ആയിരത്തില്‍ അധികം അന്തേവാസികള്‍ക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചു. 

വിമോചിതര്‍ക്കൊപ്പം ഒരുദിനം
തിരിച്ചു വരാനാവാത്തതെന്ന് കരുതുന്ന ദുശ്ശീലങ്ങളുടെയും സാമൂഹ്യതിന്മകളുടെയും പിടിയില്‍നിന്നും മോചിതരായവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ കിട്ടിയ അപൂര്‍വ്വമായ അവസരത്തിന്‍റെ അതിയായ  സന്തോഷവുമായി പാപ്പാ ഫ്രാന്‍സിസ് പ്രാദേശിക സമയം 4.30-ന് വത്തിക്കാനില്‍ തിരിച്ചെത്തി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2019, 19:13