തിരയുക

Vatican News
Pope Emeritus Benedict XVI Pope Emeritus Benedict XVI  (Vatican Media)

അധികാരത്തെ ആപേക്ഷികമായി കണ്ട മഹാത്യാഗി

വത്തിക്കാനിലെ "മാത്തര്‍ എക്ലേസിയെ" (Mater Ecclesiae) ഭവനത്തില്‍ വിശ്രമജീവിതം നയിക്കുന്ന മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ സഭാ ഭരണത്തിലേയ്ക്കൊരു തിരനോട്ടം.

സ്റ്റെഫാന്‍ വോണ്‍ കെംപ്സ് എഴുതിയ ലേഖനത്തെ ഉപജീവിച്ചു
ഫാദര്‍ വില്യം നെല്ലിക്കല്‍ പരിഭാഷപ്പെടുത്തിയത്. 

1.  പാപ്പാ ബെനഡിക്ടിന്‍റെ ഭരണകാലം
ബെനഡിക്ട് 16-Ɔമന്‍ പാപ്പാ പത്രോസിന്‍റെ പരമാധികാരത്തിലുണ്ടായ വര്‍ഷങ്ങളില്‍ അദ്ദേഹത്തോടുകൂടെയുണ്ടായിരുന്ന ഒരു സഹജര്‍മ്മന്‍കാരന്‍റെ വ്യക്തിഗതമായ വിലയിരുത്തലുകളില്‍ പ്രകടമാകുന്ന പാപ്പായുടെ മുന്‍ഗണനകളും പ്രധാന പ്രശ്നങ്ങളും പ്രത്യേകതകളുമാണ് താഴെ ചേര്‍ക്കുന്നത്. രാജിവയ്പോടെ പാപ്പാ ബെനഡിക്ട് 16-Ɔമന്‍ പാപ്പാ സഭയുടെ ചരിത്രപുസ്തകങ്ങളില്‍ ഇടംനേടുകയായിരുന്നു.

2. മഹാരഥനായ മുന്‍ഗാമിയെ അനുഗമിക്കാന്‍
കാല്‍നൂറ്റാണ്ടുകാലം സഭയെ ഭരിച്ച തന്‍റെ മുന്‍ഗാമി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനുമായി താരതമ്യംചെയ്യുമ്പോള്‍, പ്രത്യേകിച്ചും അദ്ദേഹത്തിന്‍റെ എട്ടുവര്‍ഷത്തെ സഭാഭരണം ആരെയും അത്രയ്ക്ക് അത്ഭുത സ്തബ്ധരാക്കുന്നില്ല. 1978 മുതല്‍ 2005 വരെ ആ പോളിഷ് അതികായന്‍റെ പിന്‍ഗാമിയാകുവാന്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന ജര്‍മ്മനിയിലെ ബവേറിയക്കാരനായ പ്രഫസര്‍ റാത്സിങ്കര്‍ക്ക് സ്വന്തം പരിമിതികളെക്കുറിച്ച് തികഞ്ഞ അവബോധമുണ്ടായിരുന്നു. അതിനാല്‍ മഹാരഥനായ ജോണ്‍പോള്‍ രണ്ടാമനു തൊട്ടുപിന്‍പേയുള്ള യാത്ര ക്ലേശകരമായിരിക്കുമെന്ന് അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു! പക്ഷെ തിരഞ്ഞെടുപ്പിന്‍റെ ‘കൊലക്കണി’ ഒരിക്കല്‍ എത്തിച്ചേര്‍ന്നപ്പോള്‍ അദ്ദേഹം നിര്‍മ്മമനായി ചിന്തിച്ചു. മഹാരഥനായ ജോണ്‍പോള്‍ രണ്ടാമനു തൊട്ടുപിന്‍പേ സ്വന്തം നിലയില്‍ സംഭാവനകള്‍ ചെയ്യാന്‍ കഴിയുന്ന ഒരു എളിയവനും നിസ്സാരനും ആ പദവിയില്‍ ഉണ്ടായിരിക്കണം എന്നുമാത്രമാണ് ആഗ്രഹിച്ചത്. അതിനകം കഠിനാദ്ധ്വാനിയും ചെറിയവനുമായ പാപ്പായായി ജോസഫ് റാത്സിങ്കര്‍ സ്വയം കണ്ടു കഴിഞ്ഞു.

3. സഭയെ വിരൂപമാക്കുന്ന കറകളെ സംബന്ധിച്ച് പാപ്പാ ബെനഡിക്ട്
ദൗര്‍ഭാഗ്യം തടുക്കാനാവില്ല എന്നപോലെ നാടകീയ മുഹൂര്‍ത്തങ്ങളും പ്രതിസന്ധികളും അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണത്തിന് ഒപ്പംതന്നെ ഉടലെടുത്തു. ദുഷ്ടലാക്കുകള്‍ പറയുന്നത്, പാപ്പാ ബെനഡിക്ടിന്‍റെ ഭരണകാലത്തെ എട്ടു വര്‍ഷങ്ങളില്‍ തങ്ങള്‍ കണ്ടത് പരാജിത സാഹസങ്ങളുടെ ഒരു പരമ്പരയായിരുന്നുവെന്നാണ്. മുസ്ലീം ലോകത്തെ ചൊടിപ്പിച്ച 2006-ലെ റിജന്‍സ്ബര്‍ഗ് പ്രസംഗം മുതല്‍, , യഹൂദ വംശഹത്യയുടെ നിരാകരണം സംബന്ധിച്ചു പുറത്താക്കപ്പെട്ട ബിഷപ്പ് റിച്ചാര്‍ഡ്സണ്‍ വില്യംസിന്‍റെ പുനഃസ്ഥാനീകരണം, പൗരോഹിത്യ ലൈംഗിക അപവാദങ്ങള്‍ എന്നിവയോടെല്ലാം വളരെ പാരമ്പര്യവാദിയായാണ് പാപ്പാ ബെനഡകിട് പ്രതികരിച്ചത്. 2012-ല്‍ “വാറ്റി ലീക്കി”ലൂടെ (Vatileak), അതായത്... വത്തിക്കാന്‍റെ ഔദ്യോഗിക രേഖകള്‍ പാപ്പായുടെ ഓഫീസില്‍നിന്നും ചോര്‍ത്തിയെടുക്കപ്പെട്ടു പുറംലോകത്ത് പരസ്യപ്പെടുത്തിയ സംഭവം ഇവിടെ വിശദീകരിക്കുന്നില്ല. ആ കഥയില്‍ പാപ്പായുടെ പരിചാരകന്‍ തന്നെ ഒരു പ്രധാന ഉപജാപകനായിരുന്നു എന്നത് ബെനഡിക്ട് 16- Ɔമനു വളരെ ബുദ്ധിമുട്ടുണ്ടാക്കി.

4. തെറ്റുകള്‍ ഏറ്റെത്തുത്ത മഹാരഥന്‍
മാധ്യമങ്ങളും പൊതുജനാഭിപ്രായവും പാപ്പാ ബെനഡിക്ടിനെ ദുര്‍ബലനായ ഒരു ഭരണകര്‍ത്താവായി കണ്ടുതുടങ്ങി. പരിശുദ്ധ സിംഹാസനത്തിന്‍റെ ആഭ്യന്തരവും ബാഹ്യവുമായ സന്ദേശങ്ങളില്‍ അക്കാലത്ത് വര്‍ദ്ധിച്ചുവന്ന തെറ്റുകളും ഇതിന് ഉപോദ്ബലകമായി. തെറ്റുകളെല്ലാം ഒട്ടും മടികൂടാതെ പാപ്പാ റാത്സിങ്കര്‍ സമ്മതിച്ചു. അതേ സമയം തന്നെ പ്രതിസന്ധികള്‍ക്കിടയില്‍ സ്വന്തം നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു വിഭാഗമാണ് സഭാനേതാക്കള്‍ എന്ന പ്രതീതിയും പുറംലോകത്ത് ഉളവാക്കി. ഇത് എല്ലായ്പ്പോഴും പൂര്‍ണ്ണമായും തെറ്റായിരുന്നില്ല. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന അദ്ദേഹത്തിന്‍റെ അവസാനത്തെ ദിവ്യബലിയില്‍പ്പോലും, “ചിലപ്പോഴെല്ലാം സഭയുടെ മുഖം വിരൂപമാക്കപ്പെട്ടിട്ടുണ്ടെ”ന്ന് അദ്ദേഹം പരിതപിച്ചു. മുതിര്‍ന്ന സഭാ ഭരണകര്‍ത്താക്കളുടെ സാന്നിദ്ധ്യത്തില്‍ 2012-ലെ വിഭൂതി ബുനാഴ്ചയായിരുന്നു അത്. “സഭയുടെ കെട്ടുറപ്പിനെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചും, സഭാഗാത്രത്തിനകത്തു തന്നെയുള്ള വിഭാഗീയതകളെക്കുറിച്ചും ഞാന്‍ ചിന്തിച്ചു പോവുകയാണ്. അതിനാല്‍ വ്യക്തിഗത താല്പര്യങ്ങളും വൈരാഗ്യവും മറന്ന് ഉല്‍ക്കടവും പ്രത്യക്ഷവുമായ വിധത്തില്‍ സഭയോട് കൂടുതല്‍ സാധര്‍മ്മ്യം പുലര്‍ത്തി ജീവിക്കുവാന്‍” അദ്ദേഹം സഭയുടെ ഉന്നതനേതാക്കളോടും വിശ്വാസികളോടുമായി പരസ്യമായി ആഹ്വാനംചെയ്തു.

5. ദൈവത്തെ സേവിക്കണമെന്നു പഠിപ്പിച്ച പാപ്പാ
മതപരമായ കാപട്യത്തെ പണ്ടെതന്നെ റാത്സിങ്കര്‍ തിരസ്ക്കരിച്ചിരുന്നു. പൊതുവേദിയിലുള്ള പ്രകടനപരത ഉള്‍പ്പെടെ യഥാര്‍ത്ഥ ശിഷ്യന്‍‍ ആടുകളെയോ തന്നെതന്നെയോ അല്ല, ദൈവത്തെയാണ് സേവിക്കേണ്ടതെന്ന് പാപ്പാ ബെനഡിക്ട് ഉദ്ബോധിപ്പിച്ചു. നിസംശയമായും, ബെനഡിക്ട് 16-Ɔമന്‍ അതിനിപുണനായ ഒരു ഭരണകര്‍ത്താവായിരുന്നില്ല. എങ്കിലും ആ വര്‍ഷങ്ങളില്‍ അദ്ദേഹത്തോടൊപ്പം വത്തിക്കാനില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് പത്രോസിന്‍റെ പിന്‍ഗാമിക്ക് ജന്മനാടായ ജര്‍മ്മനിയില്‍നിന്നുപോലും നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ കണ്ട് പൊതുവെ ജനങ്ങള്‍ അത്ഭുതസ്തബ്ധരായി. സ്വയം പ്രതിരോധിക്കുവാന്‍ ശ്രമിക്കുവാനുള്ള ആഗ്രഹംപോലും അദ്ദേഹം പ്രകടിപ്പിച്ചില്ല എന്നതു കൊണ്ടുകൂടിയാവാം ഇതെന്നാണ് തോന്നുന്നത്. “ധൈര്യമെന്നത് നിശിതമായ രീതിയില്‍ പോരാടാന്‍ ഒരുമ്പെടുക എന്നതല്ല, മറിച്ച് പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ഭൂരിപക്ഷ അഭിപ്രായത്തിന്‍റെ മാനദണ്ഡങ്ങളെ അഭിമുഖീകരിക്കുക എന്നതു കൂടിയാണ്. നിലവിലുള്ള അഭിപ്രായങ്ങളെ അംഗീകരിക്കുക എന്ന മാനദണ്ഡമല്ല നാം പിന്തുടരുന്നത്. നാഥനായ ദൈവം തന്നെയാണ് നമ്മുടെ  മാനദണ്ഡം. നാം നമ്മെത്തന്നെ അവനും അവിടുത്തേയ്ക്കും നല്കുകയാണെങ്കില്‍ ദൈവകൃപയാല്‍ വചനത്തിന്‍റെ മാര്‍ഗ്ഗം കണ്ടെത്തിയ മനുഷ്യരായി നാം കൂടുതല്‍ കൂടുതല്‍ പക്വതയുള്ളവരായിത്തീരും. അവരുടെ ജീവിതരീതികളിലൂടെ വചനത്തെ എതിര്‍ക്കുന്നവരുടെ ആക്രമണത്തിനും നാം അനിവാര്യമായും വിധേയരാകു”മെന്നാണ് ഈ വീക്ഷണ കോണ്‍ വ്യക്തമാക്കുന്നത്.

6. സഭാനവീകരണത്തിന് തുടക്കമിട്ട നീതിനിഷ്ഠന്‍
റോമന്‍ സഭയുടെ ആസ്ഥാനത്ത് ഭേദഗതികളും പരിഷ്ക്കരണങ്ങളും നടപ്പാക്കുവാന്‍ അപധാനതയോടെ അദ്ദേഹം ശ്രമിച്ചുവെന്നു മാത്രമല്ല, അതിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്തു. വത്തിക്കാന്‍ ബാങ്കിലൂടെ (Istituto per le Opere di Religione IOR – institute for the works of religion) പണം ദുരുപയോഗം ചെയ്യുന്നു എന്ന സംശയത്തിനെതിരെ ധനവിനിയോഗങ്ങളില്‍ അദ്ദേഹം സുതാര്യത കൊണ്ടുവന്നു. പ്രാപ്തരായ വ്യക്തികളെ, ചില മെത്രാന്മാരെയും മേല്‍ക്കാര്യങ്ങള്‍ക്കായി നിയോഗിക്കുവാനും അദ്ദേഹം സവിശേഷ ശ്രദ്ധ ചെലുത്തി. അദ്ദേഹത്തിനു മുമ്പുള്ള ഒരു പാപ്പായും ധൈര്യപ്പെടാത്തവിധം കാര്യശേഷിയില്ലാത്ത ബിഷപ്പുമാരോട് ഉടന്‍തന്നെ രാജിവെയ്ക്കുവാനും ആവശ്യപ്പെടുകയുണ്ടായി.
ഏതാണ്ട് പൊതു അഭിപ്രായത്തിന് ദൃശ്യഗോചരമല്ലാത്തവിധം ഈ പാപ്പായുടെ സന്ദേശം സാര്‍വ്വത്രികമായിരുന്നു. ഓരോരുത്തരും ശ്രദ്ധാപൂര്‍വ്വം ശ്രവിക്കേണ്ടതും പ്രതിബദ്ധതയോടെ ഉള്‍ക്കൊള്ളേണ്ടതുമായ ഈ സന്ദേശം. വിശ്വാസത്തിന്‍റെ ആനന്ദത്തെക്കുറിച്ച് എന്തെങ്കിലും പഠിക്കുവാന്‍ ഇതേ മാര്‍ഗ്ഗമേയുള്ളൂ - ദൈവേഷ്ടത്തിന് ഇണങ്ങിയതാണോ ഈ തീരുമാനങ്ങളെന്ന് ആത്മശോധനചെയ്യേണ്ടതാണ്.

7. “സ്നേഹം അനുഭവിക്കേണ്ടവര്‍”
സഭ സജീവമാണ്, സഭയ്ക്ക് യുവത്വമുണ്ട്. പദവി ഏറ്റെടുക്കുന്ന സമയത്ത്, സഭയെ ഭരിച്ച പ്രായാധിക്യമുള്ള പാപ്പാമാരില്‍ ഒരാളായ ബെനഡിക്ട് പറഞ്ഞു. “വിശ്വാസ ജീവിതം എളുപ്പമാണ്. ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നത് സുഖതരവും ആനന്ദദായകവുമാക്കാം . പ്രത്യാശയുള്ള ഒരാള്‍ക്ക് വ്യത്യസ്തനായി ജീവിക്കുവാനും കഴിയും. വിശ്വസിക്കുന്നവര്‍ ഒരിക്കലും തനിച്ചല്ല.  ദൈവം നമ്മോടു കൂടെ!  ദൈവം എവിടെയുണ്ടോ അവിടെ ഭാവിയും ഉണ്ട്. ഹൃദയത്തിന്‍റെ നങ്കൂരം ദൈവത്തിന്‍റെ സിംഹാസനംവരെ എത്തുന്നു. നിങ്ങള്‍ക്ക് സമാധാനം വേണമെങ്കില്‍ സൃഷ്ടികളെ സംരക്ഷിക്കുക.”

8. വിശ്വാസത്തിന്‍റെ കാവല്‍ഭടന്‍
തീക്ഷ്ണ ചിന്തകനായ റാത്സിങ്കര്‍ വത്തിക്കാനിലെ വിശ്വാസത്തിന്‍റെ കാവല്‍ഭടനായി പലരും അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു. വിശ്വാസത്തിന്‍റെ അന്തഃസത്ത എന്തെന്ന് വിലയിരുത്തുവാന്‍ ആകര്‍ഷകമായ യുക്തികള്‍ കണ്ടെത്തുവാന്‍ വേണ്ടപ്പോഴെല്ലാം അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് 2005-ലെ ആദ്യ ചാക്രികലേഖനം “ദൈവം സ്നേഹമാകുന്നു” (Deus Caritas Est). എന്നതില്‍ ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. “നമ്മള്‍ സ്നേഹത്തില്‍ വിശ്വസിക്കുന്നു. അതിനാല്‍ ഈ മാര്‍ഗ്ഗത്തിലൂടെ ക്രൈസ്തവര്‍ക്ക് സ്നേഹത്തിന്‍റെ അടിസ്ഥാന തിരഞ്ഞെടുപ്പു പ്രകടമാക്കുവന്‍ കഴിയും.” പാപ്പാ പിന്നെയും എഴുതുന്നു. “ക്രിസ്തീയതയുടെ ആരംഭത്തില്‍ മഹത്തായ ഒരു ആശയത്തിന്‍റെ ധാര്‍മ്മികമായ തെരഞ്ഞെടുപ്പു മാത്രമല്ല, ജീവിതത്തിന് ഒരു പുതിയ ചക്രവാളം നല്കുന്ന ഒരു സംഭവമായും, ഒരു വ്യക്തിയുമായുള്ള കണ്ടുമുട്ടല്‍ കൂടിയാണിത്. അതിനൊപ്പം നാം മുന്നോട്ടു പോകേണ്ട ദിശ ഏതാണെന്ന് തീരുമാനിക്കുന്നു. സ്നേഹമായിത്തീരട്ടെ ക്രിസ്തീയ വിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും കേന്ദ്രം. ദൈവത്താല്‍ സ്നേഹിക്കപ്പെടുക എന്ന ദാനത്തിനത്തിന് അര്‍ഹരായ  നമുക്കു സമീപസ്ഥമായ പ്രതികരണമായിരിക്കണം അത്. ദൈവത്തില്‍നിന്നും വരുന്നതും ദൈവത്തോടു നമ്മെ ഐക്യപ്പെടുത്തുന്നതും ആയതിനാല്‍ ഇത് ദൈവികമാണ്.”

9. പാപ്പാ റാത്സിങ്കര്‍ അക്ഷരങ്ങളുടെ മനുഷ്യന്‍
“ദൈവം സ്നേഹമാകുന്നു” (Deus Caritas Est) എന്ന പാപ്പാ റാത്സിങ്കറുടെ പ്രഥമ ചാക്രിക ലേഖനത്തെ ദൈവശാസ്ത്രജ്ഞനായ വുള്‍ഫ്ഗ്യാങ് ബൈനേര്‍ട്ട് പരിഗണിക്കുന്നത് സഭയുടെ മഹത്തായ ഒരു പ്രമാണരേഖയായിട്ടാണ്. ഈ ചാക്രിക ലേഖനം ഗൗരവമായിട്ട് എടുക്കുയാണെങ്കില്‍ ഇത് മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നു വുള്‍ഫ്ഗ്യാങ് അഭിപ്രായപ്പെടുന്നു. ബെനഡിക്ട് 16-Ɔമന്‍ നിസംശയമായും അക്ഷരങ്ങളുടെ മനുഷ്യനായിരുന്നു, വാഗ്മിയായിരുന്നു. അനേകം ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവ്. ആദിമ സഭാപിതാക്കന്മാരുടെ പാരമ്പര്യമുള്ള വാചാലന്‍. അദ്ദേഹം പ്രത്യക്ഷത്തില്‍ വിരുദ്ധ ധ്രൂവങ്ങളിലുള്ള വിശ്വാസവും യുക്തിയും സമന്വയിപ്പിക്കുവാന്‍ പോരാടിയവനുമായിരുന്നു. ഉയര്‍ന്ന ദൈവശാസ്ത്ര വിജ്ഞാനവും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും ബുദ്ധികൂര്‍മ്മതയുടെ മാധുര്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

10. അധികാരത്തെ ആപേക്ഷികമായി കണ്ട ത്യാഗി
തത്വങ്ങളില്‍ അടിയുറച്ചു നില്ക്കുകയും അവിശ്വാസികളും ദോഷൈകദൃക്കുകളുമായവരോടുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ആപേക്ഷികവാദത്തിന് എതിരായ പോരാട്ടവും പിന്‍വാങ്ങലുകളും അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു. പറയുകയാണെങ്കില്‍, അദ്ദേഹത്തിന്‍റെ ഔദ്യോഗിക പദവിയെ ആപേക്ഷികമാക്കിയെന്നതാണ് സത്യം. അദ്ദേഹത്തിന്‍റെ വ്യക്തിത്വം ഏറെ സങ്കീര്‍ണ്ണമായിരുന്നു. ഒരു ഭാഗത്ത് പരസ്പര വിരുദ്ധമെന്നു തോന്നാവുന്നതാണത്. മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ സഭാഭരണത്തില്‍ അംഗമായിരുന്നപ്പോഴും അവസാനംവരെ വത്തിക്കാന്‍റെ ഭരണകാര്യാലയത്തില്‍ റാത്സിങ്കര്‍ അപരിചിതനെപ്പോലെയായിരുന്നു. ക്രിസ്ത്യാനികള്‍ യഥാര്‍ത്ഥത്തില്‍ ഭൂമിയുടെ ഉപ്പായിരിക്കണമെന്ന ദൈവേച്ഛ പ്രകടമാക്കിയ ഒരു മനുഷ്യന്‍!

11. പുസ്തക വില്പനയില്‍ സമുന്നതസ്ഥാനികനായ ഗ്രന്ഥകര്‍ത്താവ്
പുസ്തകത്തിലെ ഈ നിര്‍വചനം അദ്ദേഹത്തിന് പുസ്തക വില്പനപ്പട്ടികയില്‍ സ്ഥാനം
പിടിച്ച കര്‍ദ്ദിനാള്‍ എന്ന വിശേഷണവും നേടിക്കൊടുത്തു. അതേ സമയംതന്നെ സഭയെക്കുറിച്ച് മതേതരമെന്നും അദ്ദേഹം സംസാരിച്ചത്, 2011-ല്‍ ഫയ്ബൂര്‍ഗിലെ കൊണ്‍സേര്‍ത്താവൂസ് എന്നിടത്തു നടന്ന പ്രഭാഷണത്തിലായിരുന്നു. എന്നാല്‍ ഈ പ്രഭാഷണം പുറത്തുവന്നത്, ദുഃഖിതനായ ഒരു മനുഷ്യന്‍ ക്രൈസ്തവ സമൂഹത്തോടൊപ്പം ജീവിക്കുന്നതുപോലെയായിരുന്നു. തന്‍റെ പിന്‍ഗാമിയില്‍നിന്ന് പൈതൃകമായി ലഭിച്ച യൂറോപ്പിന്‍റെ പുതിയ സുവിശേഷവത്ക്കരണം എന്ന ദൗത്യത്തെ നെഞ്ചോടു ചേര്‍ത്തുവച്ച ജോസഫ് റാത്സിങ്കറിന് ഒരു നിര്‍വചനം കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല, ഇന്നും എളുപ്പമല്ല.

12. പഴയരീതികളോടു പ്രതിപത്തിയുള്ള മനസ്സ്
അദ്ദേഹം ആരാധനക്രമത്തെ സ്നേഹിക്കുകയും രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു മുമ്പേ അനുഷ്ഠിച്ചിരുന്ന കുര്‍ബാനയുടെ ആഘോഷമായ രൂപത്തെ, പുതിയതു നിലനില്ക്കെ പുനര്‍സ്ഥാപിക്കാനുള്ള അനുമതി നല്കുകയുണ്ടായി. എന്നിട്ടും പാപ്പാ എന്ന നിലയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ട ചടങ്ങുകളില്‍ ഒന്നില്‍ ‘പഴയ ദിവ്യബലി’ എന്ന് പലരും തെറ്റായി വ്യാഖ്യാനിച്ച ആരാധനക്രമത്തിന്‍റെ പോരായ്മകള്‍ പാപ്പാ റാത്സിങ്കര്‍ വ്യക്തമായി ചൂണ്ടിക്കാണിച്ചു. “ആരാധനക്രമത്തിന്‍റെ ഗഹനതയും സമ്പുഷ്ടിയും” പുരോഹിതരുടെ റോമന്‍ മിസാള്‍ അനുഷ്ഠാനത്തിലേയ്ക്ക് ചുരുങ്ങിയതായും, സാധാരണ ജനങ്ങള്‍ അവരുടെ പ്രാര്‍ത്ഥന പുസ്തകങ്ങളുമായി ഇറങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹുഭാഷാപണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ പാപ്പായെ തെറ്റിദ്ധരിച്ച ചില പ്രാദേശിക സഭാദ്ധ്യക്ഷന്മാര്‍ റോമന്‍ മിസാലിന്‍റെ ലാറ്റിന്‍ മൂലകൃതി വിശ്വസ്തമായി തര്‍ജ്ജിമചെയ്യുന്നതിനു പകരം, ഇംഗ്ലിഷില്‍നിന്ന് എളുപ്പത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തര്‍ജ്ജിമചെയ്തത് “പുലിവാലായി” മാറിയ സംഭവങ്ങള്‍ പരിഹരിക്കപ്പെടാതെ ഇന്നും നിലനില്കുകയാണ്. അതികായനായ ഈ ചിന്തകന്‍റെ തലയില്‍ ഈ അപരാധവും കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്ന ധാരാളംപേര്‍ സഭയിലുണ്ട്. “ഫലത്തില്‍ രണ്ടു രീതിയിലുള്ള സമാന്തരമായ ബലിയര്‍പ്പണ”മായി ആരാധനക്രമം മാറിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ അള്‍ത്താരയിലെ ആരാധനക്രമവും സജീവ പങ്കാളിത്തമുള്ള ഒരൊറ്റ ആരാധനക്രമമായി സൂനഹദോസിനു മുന്‍പുള്ള കാലത്തെപ്പോലെയാകണമെന്നാണ് പാപ്പാ റാത്സിങ്കര്‍ ആഗ്രഹിച്ചത്.

13.  സംവാദങ്ങള്‍ കുറയ്ക്കാന്‍ താല്പര്യപ്പെട്ട പാപ്പാ റാത്സിങ്കര്‍
ആദ്യം മുതലേ, ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ നടത്തിയതില്‍നിന്നും കൂടുതല്‍ വ്യക്തമായി ഇസ്ലാമുമായുള്ള സംവാദത്തിലെ തടസ്സങ്ങളും പരിമിതികളും പാപ്പാ ബെനഡിക്ട് കണ്ടറിഞ്ഞിരുന്നു. അദ്ദേഹം രിജന്‍സ്ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തില്‍, അറിഞ്ഞോ അറിയാതെയോ, സെപ്തംബര്‍ 11 ആക്രമണങ്ങള്‍ക്ക്ശേഷം ഹിംസാമാര്‍ഗ്ഗം വെടിയുവാന്‍ മുസ്ലിം ലോകത്തോടു നടത്തിയ വ്യക്തമായ അഭ്യര്‍ത്ഥനയും ഉള്‍പ്പെടുത്തുകയുണ്ടായി. എന്നിട്ടും ഇതേ പാപ്പാതന്നെയാണ് ശരിയായ രീതിയില്‍ കത്തോലിക്കാ-മുസ്ലീം സംവാദത്തിന്‍റെ വേദിയുണ്ടാക്കി ഇസ്ലാമിക ചിന്തകരുമായി സംവാദത്തിന്‍റെ നവമായ പാത ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഇതിനും പുറമെ 2006-ന്‍റെ അവസാനത്തില്‍ ഇസ്താംബൂളിലെ ബ്ലൂമോസ്ക്കില്‍ ഒരു നിമിഷം പ്രാര്‍ത്ഥന നിരതനായിനിന്നുകൊണ്ട് മുസ്ലീം ലോകത്തിന്‍റെ ഹൃദയത്തെയും അദ്ദേഹം സ്പര്‍ശിച്ചു.

പുണ്യസ്ഥലങ്ങളായ മക്കയുടെയും മദീനയുടെയും രക്ഷാധികാരിയായ സൗദി രാജാവ്, അബ്ദുള്ളയെ സംബന്ധിച്ചിടത്തോളം സ്വകാര്യദര്‍ശനത്തിന് ഒരു പാപ്പായെ സ്വീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. തല്‍ഫലമായി 2012-ല്‍ വിയന്നയില്‍ സംവാദങ്ങള്‍ക്കായി കിങ് അബ്ദുള്ള ഒരു ഉഭയമതകേന്ദ്രം സ്ഥാപിച്ചു. ഇസ്ലാമിക മതപണ്ഡിതര്‍ക്ക് മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഇവിടെ ചര്‍ച്ചകള്‍ നടത്താന്‍ സൗകര്യമൊരുക്കി. ഇസ്ലാമുമായുള്ള താരതമ്യത്തിന് പ്രതിലോമ നിലപാടുകളൊന്നും പാപ്പാ ബെനഡിക്ടിന് ഇല്ലായിരുന്നുവെന്ന് ഇതിലൂടെ കാണാം. വളരെ സത്യസന്ധവും വ്യക്തവുമായ രീതിയില്‍ പ്രശ്നപരിഹാരങ്ങള്‍ക്ക് അദ്ദേഹം ചര്‍ച്ചകള്‍ ആരംഭിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മതസംവാദങ്ങള്‍ക്ക് ഇത് നല്ലതായിരുന്നു. യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളെക്കുറിച്ച് മുസ്ലീങ്ങള്‍ക്കും കത്തോലിക്കര്‍ക്കുമിടയില്‍ ഒരു തല്‍ക്ഷണധാരണ ഉടലെടുക്കുവാന്‍ ഇതിലൂടെ സാദ്ധ്യമായെന്ന് ഇസ്ലാമിക പണ്ഡിതനായ മുഹമ്മദ് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

14. യഹൂദമത വിശ്വാസവുമായുള്ള
പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ ബന്ധം
വിശുദ്ധവാരത്തില്‍ ദുഃഖവെള്ളിയാഴ്ച യഹൂദജനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയെ സംബന്ധിച്ച വിവാദപരമായ തര്‍ക്കങ്ങള്‍ മുതല്‍ യഹൂദന്മാരുമായുള്ള സംഭാഷണങ്ങള്‍ക്ക് തടസ്സമായത് മാധ്യമ ഇടപെടലുകള്‍ മാത്രമായിരുന്നു. ഔദ്യോഗിക വൃത്തങ്ങളുടെ അഭിപ്രായത്തിനു വിരുദ്ധമായി 2006-ലെ പോളണ്ട് സന്ദര്‍ശനത്തില്‍ വംശഹത്യാ തടവറയായിരുന്ന ‘ഓഷ്വിറ്റ്സ്’ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്കൂടി പാപ്പാ ബെനഡിക്ട് ഉള്‍പ്പെടുത്തി. ജര്‍മ്മനിയില്‍നിന്നു വരുന്ന പാപ്പാ എന്ന നിലയിലുള്ള പ്രത്യേക ഉത്തരവാദിത്വത്തെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. ഒരിക്കലും ദൈവത്താല്‍ തിരസ്ക്കരിക്കപ്പെട്ട ജനതയായല്ല, തെരഞ്ഞെടുക്കപ്പെട്ടവരായാണ് യഹൂദജനതയെ പാപ്പാ ബെനഡിക്ട് കണ്ടത്. മാത്രമല്ല ധാരാളം യഹൂദ പുരോഹിതന്മാരുടെ സുഹൃത്തായിരുന്ന അദ്ദേഹം ന്യൂയോര്‍ക്കിലെയും റോമിലെയും കോളോണിലെയും സിനഗോഗുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

15.  സഭൈക്യശ്രമങ്ങളുടെ കൂട്ടാളി
ലോകത്തുടനീളം പലരും അദ്ദേഹത്തെ ഒട്ടും സഞ്ചാരിയല്ലാത്ത ആളായി പരിഗണിച്ചിരുന്നു. പക്ഷെ അദ്ദേഹം ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ ഇടയിലേയ്ക്കും വന്‍ചുവടുവയ്പുകള്‍ നടത്തുകയും പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഒരിക്കല്‍ സിസ്റ്റൈന്‍ ചാപ്പലില്‍ ബിഷപ്പുമാരോടൊപ്പം പ്രാര്‍ത്ഥിക്കുവാനും എക്യുമേനിക്കല്‍ പാത്രിയര്‍ക്കീസിനെ അനുവദിച്ചു. പിന്നീടുള്ളത് പ്രൊട്ടസ്റ്റന്‍റുകാരും പുത്തന്‍കൂറ്റുകാരുമാണ്. അവരില്‍ ചിലര്‍, ഉദാഹരണത്തിന് ജര്‍മ്മന്‍കാരനായ ബിഷപ്പ് മാര്‍ഗോ കാബ്മാനെപ്പോലുള്ളവര്‍ ഈ പാപ്പായില്‍നിന്ന് സഭൈക്യസംവാദത്തിന്‍റെ പാതയില്‍ ഒന്നുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കോണ്‍ഗ്രിഗേഷന്‍റെ തലവനായി കര്‍ദ്ദിനാള്‍ റാത്സിങ്കര്‍ പ്രവര്‍ത്തിച്ച കാലത്ത്, പുറത്തുവന്ന “കര്‍ത്താവായ യേശു”, (Dominus Iesus) എന്ന വിശ്വാസപ്രഖ്യാപന പ്രമാണരേഖയോട് അകത്തോലിക്കരായ സഭാസമൂഹങ്ങള്‍ വിയോജിപ്പു പ്രകടമാക്കുകയുണ്ടായി. ആദ്യഘട്ടത്തില്‍ പ്രൊട്ടസ്റ്റന്‍റ് നിലപാടുകളെ അദ്ദേഹം അംഗീകരിച്ചിരുന്നുവെങ്കിലും, സഭയെക്കുറിച്ച് പ്രൊട്ടസ്റ്റന്‍റുകാരുടെ വീക്ഷണം തികച്ചും വ്യത്യസ്തമായിരുന്നെന്നും അദ്ദേഹം മനസ്സിലാക്കി.

16.  വിശുദ്ധ അഗസ്റ്റിനെ അനുസ്മരിപ്പിക്കുന്ന സഭാപണ്ഡിതന്‍
അവരെ ദൈവചിന്തയുള്ള സമൂഹങ്ങളായി മുദ്രചാര്‍ത്താനാണ് പാപ്പാ ആഗ്രഹിച്ചിരുന്നത്. തുടക്കം  മുതല്‍ സംശയകരമായ ഒരു നിലപാടാണ് പരിഷ്ക്കരണവാദികളായ ഇതര ക്രൈസ്തവസഭകള്‍ക്കെല്ലാം പാപ്പാ ബെനഡിക്ടിനോട് ഉണ്ടായിരുന്നത്. സഭയെ നയിച്ചിട്ടുള്ള പാപ്പാമാരില്‍ ഏറ്റുവും വ്യാപകമായ സുവിശേഷവത്ക്കരണ പ്രവര്‍ത്തനത്തിന്‍റെ പ്രയോക്താവായി  നിസംശയം ഇദ്ദേഹത്തെയാണ് എല്ലാവരും കരുതിയിരുന്നത്. പ്രഫസര്‍, മെത്രാന്‍, പാപ്പാ, ദൈവശാസ്ത്ര പണ്ഡിതന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്‍റെ ദീര്‍ഘകാല സേവനം സഭാ പണ്ഡിതനായ  വിശുദ്ധ അഗസ്തീനോസിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ബൈബിളിനെ വിശ്വാസപ്രമാണമായും മനുഷ്യന്‍ പൂര്‍ണ്ണമായും ദൈവത്തിന്‍റെ സ്നേഹത്തിലും കൃപയിലുമാണ് ആശ്രയിക്കേണ്ടതെന്ന് തുടര്‍ച്ചയായി അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചിരുന്നു. ആഗോള ലൂതറന്‍ ഫെഡറേഷനുമായി ചേര്‍ന്ന ആത്മരക്ഷയെ സംബന്ധിച്ച് സംയുക്ത പ്രഖ്യാപനത്തില്‍ (Declaration on Justification) അടുത്തു സഹകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതു തികച്ചും യാദൃശ്ചികമല്ല. പിന്നീട് പല സുവിശേഷവത്ക്കരണ ദൈവശാസ്ത്രജ്ഞരും ഈ നിലപാടിനെ തള്ളിപ്പറഞ്ഞതുമായ വസ്തുത പാപ്പാ ബെനഡിക്ടിനെ ഗൗരവമായി ബാധിച്ചിരുന്നിരിക്കണം. പലരും 1999-ലെ രക്ഷയെ സംബന്ധിച്ച സംയുക്തപ്രഖ്യാപനവും 2000-ത്തിലെ “കര്‍ത്താവിന്‍റെ പ്രകാശം” (Dominus Lucis) തമ്മില്‍ പരസ്പരബന്ധം കാണുന്നുണ്ട്.

17.  എല്ലാക്രൈസ്തവരും വിശ്വാസവെളിച്ചം
ലോകത്തെ അറിയിക്കണം

2011-ല്‍ ജര്‍മ്മനിയിലെ  യേര്‍പര്‍ടിലുള്ള അഗസ്തീനിയന്‍ സന്ന്യാസാശ്രമത്തില്‍ പാപ്പായും പ്രോട്ടസ്റ്റന്‍റ് ലൂതറന്‍ ക്രിസ്ത്യാനികളുമായി നടന്ന കൂടിക്കാഴ്ച ലൂതറിന്‍റെ ചുവട് പിന്തുടര്‍ന്നുള്ള പ്രതീകാത്മകമായ നടപടിയായിരുന്നു. അവിടെവച്ച് ജര്‍മ്മന്‍കാരനായ പാപ്പാ പറഞ്ഞു, തുറന്നടിച്ചുവെന്നു വേണമെങ്കില്‍ ‍പറയാം, ദൈവിക ദാനങ്ങളൊന്നും താന്‍ കൊണ്ടുവന്നിട്ടില്ലെന്നും, കണക്കുകൂട്ടലുകളുടെ കണ്ണില്‍ പൊടിപിടിക്കാതെ നോക്കണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. കൂടിക്കാഴ്ചയില്‍ സംബന്ധിച്ചിരുന്നവരെ അസംതൃപ്തരാക്കിയ നടപടിയായിരുന്നു ഇത്. ക്രൈസ്തവ നവീകരണം പിന്തുടര്‍ന്ന മഹാനായ ദൈവാന്വേഷിയായി മാര്‍ട്ടിന്‍ ലൂതറെ അദ്ദേഹം അംഗീകരിച്ചു. എല്ലാ ക്രൈസ്തവരും ഒരിക്കല്‍ക്കൂടി തങ്ങളുടെ വിശ്വാസം ലോകത്തിന്‍റെ വെളിച്ചത്തില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രഥമപ്രധാനമായി, അവര്‍ തങ്ങളുടെ സ്വന്തം കാര്യങ്ങളില്‍ ആഴത്തിലുള്ള വിശ്വാസത്തോടെ വ്യാപൃതരാകണമെന്നും അങ്ങനെ സ്വാഭാവികമായ വിശ്വാസം ലോകത്തില്‍ പടത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,  “വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കുന്നതല്ല അതിനു സഹായിക്കുന്നത്, മറിച്ച് നമ്മുടെ വര്‍ത്തമാനകാലത്ത് അത് പൂര്‍ണ്ണമായി ജീവിച്ചു കാണിക്കുകയാണ് വേണ്ടത്. ഈ മര്‍മ്മപ്രധാനമായ സുവിശേഷവത്ക്കരണ ദൗത്യത്തില്‍ നാം പരസ്പരം സഹായിക്കണം. കൂടുതല്‍ ആഴത്തിലും ഉല്‍ക്കടമായ രീതിയിലും വിശ്വസിക്കണം. നമ്മെ രക്ഷിക്കുവാനും, ക്രൈസ്തവികതയെ രക്ഷിക്കുവാനുമുള്ള താല്‍ക്കാലിക തന്ത്രമല്ല ഇത്, മറിച്ച് ഒരു പുതിയ രീതിയില്‍ പുനഃച്ചിന്തിച്ചും പുനര്‍ജീവിച്ചുമുള്ള വിശ്വാസമാണിത്”.

18.  ദൈവാന്വേഷിയായ പാപ്പാ ബെനഡിക്ട് 16 -Ɔമന്‍
‘മാനുഷിക മുഖമുള്ള ക്രിസ്തുവാകുന്ന ദൈവത്തെ’ ഇന്നത്തെ ലോകത്തോടു  തന്‍റെ പ്രബോധനങ്ങളിലൂടെ പ്രഖ്യാപിക്കുവാന്‍ “സത്യത്തിന്‍റെ സഹചാരി”യെന്ന ശീര്‍ഷകത്തില്‍നിന്നാണ് മറ്റെന്തിനെക്കാളും അദ്ദേഹം ഊര്‍ജ്ജം കണ്ടെത്തിയത്. ഏതെങ്കിലും ഒരു ദൈവമല്ല, പക്ഷെ സ്വയം നമുക്ക് പ്രത്യക്ഷനാകുകയും വെളിപ്പെടുത്തുകയും ചെയ്ത ദൈവം, യേശുവിലൂടെ നമ്മളുമായി സാധര്‍മ്മ്യം പ്രാപിച്ച ദൈവം. “നമ്മുടെ ചരിത്രത്തിലെ യഥാര്‍ത്ഥ പ്രശ്നം മാനവരാശിയുടെ ചക്രവാളത്തില്‍നിന്ന് ദൈവം അപ്രത്യക്ഷമാകുന്നതാണ്. ദൈവത്തില്‍നിന്നുള്ള പ്രകാശം അണയുമ്പോള്‍ ദിശാബോധം ഇല്ലാതെ കെണിയിലാകുന്ന മാനവരാശിയാണ് പ്രശ്നം. ബൈബിളിലൂടെ മനുഷ്യരോട് സംസാരിക്കുന്ന ദൈവത്തിലേയ്ക്ക് നയിക്കണമെന്നതാണ് പത്രോസിന്‍റെ പിന്‍ഗാമിയുടെയും സഭയുടെയും ഈ മുഹൂര്‍ത്തത്തിലെ പരമവും അടിസ്ഥാപരവുമായ മുന്‍ഗണന. ലൈംഗിക പ്രശ്നങ്ങളോ, സന്മാര്‍ഗ്ഗച്യുതിയോ, വനിതകളുടെ പൗരോഹിത്യമോ അല്ല ഏറ്റവും അടിയന്തിരമായ പ്രശ്നം, മറിച്ച് പാശ്ചാത്യ സമൂഹത്തില്‍ ദൈവത്തോടുള്ള അഭിനിവേശത്തിന്‍റെ ഗാഢത മാഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണെന്ന് ബെനഡിക്ട് 16-Ɔമന്‍ പാപ്പാ കാണുകയുണ്ടായി. അദ്ദേഹത്തിന്‍റെ മനസ്സിലുണര്‍ന്ന തനിമയാര്‍ന്ന ചിന്തയാണ് New Evangelizaion, നവസുവിശേഷവത്ക്കരണം. അതിനായി അദ്ദേഹം സ്ഥാപിച്ചതാണ് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, (Pontifical Council for New Evangelization).

19. നീഗൂഢാത്മകതയും വൈരുദ്ധ്യങ്ങളും
നിഗൂഢാത്മകനായ ഒരു പാപ്പാ, അതേസമയം തന്നെ ബൈബിളിന്‍റെ വീക്ഷണത്തില്‍ വൈരുദ്ധ്യങ്ങളുടെ പ്രതീകവും, തന്‍റെ മുന്‍ഗാമികളെക്കാള്‍ തീവ്രമായ രീതിയില്‍ അജ്ഞാതനായ ഒരു ദൈവത്തിനായുള്ള അന്വേഷണത്തില്‍ നിലകൊണ്ടുവെന്നതാണ് വിശ്വാസതീക്ഷ്ണതയില്‍ അടിയുറച്ചു നില്ക്കുമ്പോഴും പാപ്പാ ബെനഡിക്ടില്‍ കാണുന്ന ഒരു വൈരുദ്ധ്യം. സഭയ്ക്ക് അകത്തും ക്രൈസ്തവ സമൂഹത്തിനിടയിലും ഒരു യാഥാസ്ഥിതികനായി പലരും അദ്ദേഹത്തെ പരിഗണിച്ചപ്പോഴും അവിശ്വാസികളിലേയ്ക്കും അന്വേഷകരായ സ്ത്രീപുരുഷന്മാരിലേയ്ക്കും അദ്ദേഹം ഇറങ്ങിച്ചെന്നു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം 2011-മുതല്‍ ബുദ്ധിജീവികളും കലാകാരന്മാരുമായുള്ള സംവാദം പ്രോത്സാഹിപ്പിക്കുവാന്‍ “വിജാതീയരുടെ അങ്കണം” Court of the Gentiles എന്ന സങ്കീര്‍ണ്ണമായ ശീര്‍ഷകത്തോടെ വത്തിക്കാനില്‍നിന്നും ഒരു ശ്രമമുണ്ടായി.

20. അവിശ്വാസികളോടും അടുപ്പം കാണിച്ച ദൈവശാസ്ത്രജ്ഞന്‍
ലോക മതങ്ങളുടെയും സഭകളുടെയും നേതാക്കള്‍ക്കുപുറമേ അവിശ്വാസികളുടെ ഒരു പ്രതിനിധിസംഘത്തെയും വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയിലെ സമാധാന സമ്മേളനത്തിലേയ്ക്ക് ആദ്യമായി പാപ്പാ ക്ഷണിച്ചു. “21-Ɔο നൂറ്റാണ്ടിലെ പുതിയ മാനവികത”യെന്നാണ് അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ ഇതിനെ വിശേഷിപ്പിക്കപ്പെട്ടത്. വിശുദ്ധ ഫ്രാന്‍സിസിന്‍റെ പൗരാണിക നഗരത്തില്‍ വിശ്വാസികളും അവിശ്വാസികളും മതസൗഹാര്‍ദ്ദയാത്രയില്‍ ഒരുമിച്ചു നടന്നു. പാപ്പായില്‍നിന്ന് അധികം ദൂരെയല്ലാതെ പാരീസിലെ വനിതാവിമോചകയും മനഃശാസ്ത്രജ്ഞയുമായ ജൂലിയാ ക്രിസ്റ്റേവയും നടന്നുനീങ്ങി. “മതേതരമായ മാനവികതയിലുള്ള നിങ്ങളുടെ വിശ്വാസം…” വിശാലമായ അര്‍ത്ഥത്തില്‍ മതേതരമായ യൂറോപ്പില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം തന്നെയാണ് എന്ന കാഴ്ചപ്പാട് ജനങ്ങളില്‍ പാപ്പായോടും സഭയോടും ആദരവ് വളര്‍ത്തി. ഗവേഷണപാതയില്‍ മുന്നേറുന്നവരോടും ദോഷൈകദൃക്കുകളോടും ജോസഫ് റാത്സിങ്കര്‍ ഒരു മതസമൂഹത്തിന്‍റെ തലവനാണെങ്കിലും എപ്പോഴും അനുഭാവം പ്രകടിപ്പിച്ചിരുന്നു. വിശ്വാസത്തിന് സാദ്ധ്യതയുള്ള ഒരേയൊരു ഇടമായി അനിശ്ചിതത്വത്തിന്‍റെ സാഗരത്തെ തിരിച്ചറിയുവാന്‍ ട്യൂബഞ്ചനില്‍ പ്രൊഫസറായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിനു കഴിഞ്ഞു.

“വിശ്വാസത്തിന്‍റെ അനിശ്ചിതത്വത്തില്‍നിന്ന് രക്ഷപ്പെട്ടു എന്ന്, അവകാശപ്പെടുന്നവര്‍ക്കും അവിശ്വാസത്തിന്‍റെ അനിശ്ചിതത്വത്തെ നേരിടേണ്ടിവരുന്നവര്‍ക്കും വിശ്വാസമാണോ യഥാര്‍ത്ഥ സത്യമാണോ പൊരുത്തപ്പെടാത്തവിധം സുനിശ്ചിതമായി നില്ക്കുന്നത് എന്ന് ഒരിക്കലും പറയുവാന്‍ കഴിയില്ല.” പാപ്പാ റാത്സിങ്കറിന്‍റെ പ്രസ്താവമാണിത്. ഇവ ഒരു പാപ്പായുടെ അസാധാരണ ചിന്തകള്‍ മാത്രമല്ല, കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാസി വിശദീകരിക്കുന്നതുപോലെ പുതിയൊരു വീക്ഷണകോണാണിത്. വിശ്വാസികളും അവിശ്വാസികളും പരസ്പരം ശത്രുക്കളല്ല, പകരം ജീവിതത്തിന്‍റെ അടിസ്ഥാനപരമായ പ്രശ്നങ്ങളെ ഒരുമിച്ചുനിന്ന് ഒരേ ദിശയില്‍ നോക്കുന്നവരാണ്.
....................................
പാപ്പാ ബെനഡിക്ടി ആരാണ്? അദ്ദേഹത്തിന്‍റെ ചിന്തകള്‍ എന്തെല്ലാമാണ്? അദ്ദേഹം പ്രതീക്ഷിച്ചത് എന്താണ്? സ്റ്റെഫാന്‍ വോണ്‍ കെംപ്സിന്‍റെ ലേഖനത്തെ ഉപജീവിച്ചു ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ മലയാള പരിഭാഷ.
കേംപ്സ് വത്തിക്കാന്‍ വാര്‍ത്ത - ജര്‍മ്മന്‍ വിഭാഗം പ്രവര്‍ത്തകനാണ്.
 

15 September 2019, 10:42