തിരയുക

Ernakulam- Angamaly Archbishop - Antony Kariyil cmi Ernakulam- Angamaly Archbishop - Antony Kariyil cmi 

സീറോ മലബാര്‍ സഭയില്‍ പുതിയ നിയമനങ്ങള്‍!

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ വികാരിയായി ആര്‍ച്ചുബിഷപ്പ് ആന്‍റണി കരിയില്‍ നിയമിതനായി. മാണ്ഡ്യ, ബിജ്നോര്‍ രൂപതകള്‍ക്ക് പുതിയ മെത്രാന്മാര്‍, ഫരിദാബാദ് രൂപതയ്ക്ക് സഹായമെത്രാന്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഭാരതത്തിലെ സീറോ മലബാര്‍ സഭയില്‍ പുതിയ നിയമനങ്ങള്‍. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല ആര്‍ച്ചുബിഷപ്പ് ആന്‍റണി കരിയിലിന്.

സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കാനാട്ട് ആഗ്സ്റ്റ് 19 മുതല്‍ 30 വരെ ചേര്‍ന്ന സഭാസിനഡ് എടുത്ത പുതിയ തീരുമാനങ്ങള്‍ക്ക് പരിശുദ്ധസിംഹാസനത്തിന്‍റെ അംഗീകാരം ലഭിച്ചതിനു ശേഷമാണ് വെള്ളിയാഴ്ച (30/08/19) ഇതെസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ വികാരിയായി കര്‍ണ്ണാട്ടകയിലെ മാണ്ഡ്യ രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന സി.എം.ഐ സന്ന്യാസമൂഹാംഗമായ മെത്രാന്‍ ആന്‍റണി കരിയിലിനെ നിയമിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കും. ഫ്രാന്‍സീസ് പാപ്പാ അദ്ദേഹത്തെ ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തുകയും ചെയ്തു.

എറണാകുളം-അങ്കമാലി അതിരൂപതയില്‍പ്പെട്ട ചേര്‍ത്തലയില്‍ 1950 മാര്‍ച്ച് 26-നാണ് ആര്‍ച്ചുബിഷപ്പ് ആന്‍റണി കരിയിലിന്‍റെ ജനനം.

1977 ഡിസമ്പര്‍ 27-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മാണ്ഡ്യരൂപതയുടെ മെത്രാനായി 2015 ഒക്ടോബര്‍ 18-ന് അഭിഷിക്തനാകുകയും ചെയ്തു.

ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും സാമൂഹ്യശാസ്ത്രങ്ങളില്‍ ഡോക്ടറേറ്റും നേടിയിട്ടുള്ള ആര്‍ച്ച്ബിഷപ്പ് ആന്‍റണി കരിയില്‍ ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജില്‍ സേവനമനുഷ്ഠിക്കുകയും കളമശ്ശേരിയില്‍ രാജഗിരി സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള കോളേജിന്‍റെ മേധാവിയായിരിക്കുകയും ചെയ്തിട്ടുണ്ട്. സി.എം.ഐ എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന, പരിശുദ്ധ അമലോത്ഭവ മറിയത്തിന്‍റെ  കര്‍മ്മലീത്താക്കാര്‍ എന്ന സന്ന്യസ്ത സമുഹത്തിന്‍റെ പ്രയര്‍ ജനറല്‍,  ഭാരതത്തിലെ സന്ന്യസ്തരുടെ സംഘത്തിന്‍റെ ദേശീയ അദ്ധ്യക്ഷന്‍,  രാജഗിരി എഞ്ചിനീയറിംഗ് കോളേജിന്‍റെ മേധാവി എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാണ്ഡ്യ രൂപതയുടെ പുതിയ ഭരണസാരഥി

കര്‍ണ്ണാട്ടകയിലെ മാണ്ഡ്യരൂപതയുടെ പുതിയ മെത്രാനായി ബിഷപ്പ് സെബാസ്റ്റ്യന്‍ അടയന്ത്രത്തിനെ സീറോമലബാര്‍ സഭാസിനഡ് നാമനിര്‍ദ്ദേശം ചെയ്തു. 

സിനഡിന്‍റ ഈ തീരുമാനം ഫ്രാന്‍സീസ് പാപ്പാ അംഗീകരിച്ചു.

മാണ്ഡ്യ രൂപതയുടെ മെത്രാന്‍ ആന്‍റണി കരിയില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള വികാരിയായി നിയമിക്കപ്പെടുകയും ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ നിയമനം വെള്ളിയാഴ്ച (30/08/19) പരസ്യപ്പെടുത്തിയത്.

ബിഷപ്പ് സെബാസ്റ്റ്യന്‍ അടയന്ത്രത്ത് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായിരുന്നു.

വൈക്കം ആണ് അദ്ദഹത്തിന്‍റെ ജന്മസ്ഥലം. 1957 ഏപ്രില്‍ 5-ന് ജനിച്ച ബിഷപ്പ് സെബാസ്റ്റ്യന്‍ അടയന്ത്രത്ത് 1983 ഡിസമ്പര്‍ 18-ന് എറണാകുളം അതിരൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിച്ചു. 2002 ഏപ്രില്‍ 20-ന് അദ്ദേഹം മെത്രാനായി അഭിഷിക്തനായി. 

ഇടവകവികാരി, എറണാകുളം ആര്‍ച്ചുബിഷപ്പിന്‍റെ സെക്രട്ടറി, കാനഡയില്‍ ജന്മംകൊണ്ട "സേവ് എ ഫാമിലി പ്ലാന്‍” എന്ന അന്താരാഷ്ട്ര കുടുംബക്ഷേമ പദ്ധതിയുടെ കേരളത്തിലെയും പിന്നീട് കാനഡയിലെയും മറ്റും മേധാവി തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബിജ്നോര്‍ രൂപതയുടെ മെത്രാന്‍

വടക്കുകിഴക്കെ ഇന്ത്യയിലെ ഉത്തര്‍ഖണ്ഡ് സംസ്ഥാനത്തുള്ള ബിജ്നോര്‍ രൂപതയുടെ പുതിയ മെത്രാനായി വൈദികന്‍ വിന്‍സെന്‍റ് നെല്ലായിപ്പറമ്പിലിനെ സീറോ മലബാര്‍ സഭയുടെ സിനഡ് നാമനിര്‍ദ്ദേശം ചെയ്യുകയും ഫ്രാന്‍സീസ് പാപ്പാ അതിനംഗീകാരം നല്കുകയും ചെയ്തു.

ഉത്തര്‍ഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലുള്ള ചിനിയാലിസവുര്‍ മേരിമാതാ മിഷന്‍ കേന്ദ്രത്തിന്‍റെ ചുമതല വഹിച്ചുവരവെയാണ് ഫാദര്‍ വിന്‍സെന്‍റ് നെല്ലായിപ്പറമ്പിലിന് ഈ പുതിയ ദൗത്യം ലഭിച്ചിരിക്കുന്നത്.

ത്രിശൂര്‍ ജില്ലയിലെ അരീപ്പാലത്ത് 1971 മെയ് 30-നാണ് നിയുക്തമെത്രാന്‍ വിന്‍സെന്‍റ്  നെല്ലായിപ്പറമ്പിലിന്‍റെ ജനനം. 1999 ഏപ്രില്‍ 8-ന് അദ്ദേഹം ബിജ്നോര്‍ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. അജാപാലനരംഗത്തെ സേവനങ്ങള്‍ക്കു ശേഷം ബിരുദാനന്തര ബിരുദം സമ്പാദിച്ച അദ്ദേഹം ബിജ്നോര്‍ രൂപതയുടെ മൈനര്‍ സെമിനാരിയുടെ ചുമതല വഹിച്ചിട്ടുണ്ട്.

ഫരിദാബാദ് രൂപതയ്ക്ക് സഹായമെത്രാന്‍

ഹരിയാനയിലെ ഫരിദാബാദ് രൂപതയുടെ സഹായമെത്രാനായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ ആയിരുന്ന ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ നിയമിതനായി.

സീറോ മലബാര്‍ സഭയുടെ സിനഡിന്‍റെ ഈ നിയമനം ഫ്രാന്‍സീസ് പാപ്പാ അംഗീകരിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് (30/08/19) പരസ്യപ്പെടുത്തിയത്.

ഇടപ്പിള്ളിയില്‍ 1961 ഏപ്രില്‍ 04-ന് ജനിച്ച ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ മാംഗ്ലൂര്‍ സെമിനാരിയിലാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്. 1987 ഡിസമ്പര്‍ 26-ന് ഗുരുപ്പട്ടം സ്വീകരിച്ച അദ്ദേഹം ബല്‍ജിയത്തിലെ ലുവെയിന്‍ കത്തോലിക്കാ സര്‍വ്വകലാശാലയില്‍ നിന്ന് ദൈവവിജ്ഞാനീയത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി. അദ്ദേഹം വിവധ ഇടവകളില്‍ സഹവികാരിയായും സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2013 ആഗസ്റ്റ് 23-ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി സീറോ മലബാര്‍ സഭാസിനഡ് തിരഞ്ഞെടുത്ത അദ്ദേഹം അക്കൊല്ലംതന്നെ സെപറ്റംബര്‍ 21-ന് മെത്രാഭിഷേകം സ്വീകരിച്ചു. 

 

30 August 2019, 12:24