തിരയുക

 SIGNIS asia assembly Helen Osman and fr. Paul Somasuma with other office bearers in kualalampur, Malesia. SIGNIS asia assembly Helen Osman and fr. Paul Somasuma with other office bearers in kualalampur, Malesia. 

ഏഷ്യയുടെ വൈവിധ്യങ്ങളില്‍ തെളിയേണ്ട സമാധാനവെളിച്ചം

സീഗ്നിസ് ഏഷ്യാസംഗമം 14-16 ആഗസ്റ്റ് 2019, ക്വാലലംപൂര്‍, മലേഷ്യ.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രസരണശേഷി വര്‍ദ്ധിച്ച ലോകത്ത് സമാധാനത്തിനുള്ള മാധ്യമപ്രവര്‍ത്തനങ്ങള്‍ അനിവാര്യമെന്ന്, സീഗ്നിസ് ഏഷ്യാ (Signis, Asia), കത്തോലിക്ക മാധ്യമ പ്രവര്‍ത്തകരുടെ സംഗമം പ്രസ്താവിച്ചു.

സമാധാനം ലക്ഷ്യംവയ്ക്കേണ്ട മാധ്യമപ്രവര്‍ത്തനങ്ങള്‍
ആഗസ്റ്റ് 14-മുതല്‍ 16-വരെ തിയതികളില്‍ ക്വാലലംപൂരിലെ കാത്തലിക് സെന്‍റെറില്‍ (CCM) സമ്മേളിച്ച സംഗമമാണ് ഏഷ്യയിലെ മാധ്യമ പ്രവര്‍ത്തനങ്ങള്‍ സമാധാനത്തിന്‍റെ വഴികളിലാവണം എന്നു നിരീക്ഷിച്ചത്. സാമൂഹ്യമാധ്യമ ശൃംഖലകളുടെ ഇന്നിന്‍റെ ലോകത്ത് വ്യാജ വാര്‍ത്തകളും, കൗതുകവാര്‍ത്തകളും, ഉദ്വേഗജനകമായ വിശേഷങ്ങളും ആധിപത്യം നടത്തുമ്പോള്‍, സത്യസന്ധവും ഒപ്പം സമാധാനത്തിന്‍റേതുമായ മാധ്യമപ്രവര്‍ത്തനം വളര്‍ത്തിയെടുക്കാന്‍ കത്തോലിക്കാ മാധ്യമങ്ങള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന വസ്തുത സമ്മേളനത്തിന്‍റെ തീര്‍പ്പായിരുന്നു.

സമാധാന വഴികളിലെ മാധ്യമസംസ്കാരം
അച്ചടി മാധ്യമ ലോകത്ത് സജീവമായിരിക്കുന്ന കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരെയും ഡിജിറ്റല്‍ മാധ്യമവിഭാഗത്തില്‍പ്പെട്ട നവമാധ്യമ വിഭാഗങ്ങളെയും കൂട്ടിയിണക്കിക്കൊണ്ട് സുവിശേഷ മൂല്യങ്ങളില്‍ അടിയുറച്ചതും കൂട്ടായ്മയുടെയും സമാധാനത്തിന്‍റെയും വഴികളിലുള്ളതുമായ ഒരു മാധ്യമ പ്രവര്‍ത്തനശൈലി ഏഷ്യയില്‍ വളര്‍ത്തണമെന്ന ആശയത്തെ സമ്മേളനം ശ്ലാഘിച്ചു. കഴിവും കരുത്തുമുള്ള കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരെ രൂപപ്പെടുത്തേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്നും സമ്മേളനം നിരീക്ഷിച്ചു.

വൈവിധ്യങ്ങള്‍ക്കിടയിലെ സമാധാന വെളിച്ചം
ഏഷ്യയിലെ കത്തോലിക്കാ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയുമായി (Catholic Press Association of Asia) സീഗ്നിസ് ഏഷ്യ (Signis Asia) കൈകോര്‍ത്തു പ്രവര്‍ത്തിച്ചാല്‍ സമാധാനത്തിന്‍റെ വഴികളിലുള്ള മാധ്യമപ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാകുമെന്നു സമ്മേളനം പ്രസ്താവിച്ചു. രാഷ്ട്രീയമായും സാമൂഹികമായും ക്രൈസ്തവര്‍ എതിര്‍പ്പുകള്‍ നേരിടുന്ന ഏഷ്യയുടെ മതവൈവിധ്യമാര്‍ന്ന പശ്ചാത്തലത്തില്‍ സമാധാനത്തിനും കൂട്ടായ്മയ്ക്കുമായുള്ള മാധ്യമശാക്തീകരണം കത്തോലിക്കാ ലോകത്തിന്‍റെ കാലികമായ ആവശ്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തകരുടെ “ഏഷ്യന്‍ വട്ടമേശ”
12 ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നായി 20-ല്‍ അധികം പത്രപ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ദേശീയ പ്രതിനിധികള്‍  സമ്മേളനത്തില്‍ പങ്കെടുത്തു. “പ്രസരണശക്തി ഏറിയ മാധ്യമ ലോകത്ത് സമാധാനത്തിന്‍റെ പ്രയോക്താക്കളാകുക,” (Peace Journalims in a Viral Culture) എന്ന വിഷയത്തെ കേന്ദ്രീകരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ഫലവത്തായ ചര്‍ച്ചകള്‍ ചെറിയ ഗ്രൂപ്പുകളില്‍ നടക്കുകയും ചെയ്തു. ഏഷ്യന്‍ രാജ്യങ്ങളുടെ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം സംഘാടകരായ സീഗ്നിസിന്‍റെ ഭാരവാഹികളും സമ്മേളനത്തിന് നേതൃത്വം നല്കി.

സംഗമത്തിന്‍റെ നേതൃസ്ഥാനികള്‍
ആഗോള സീഗ്നിസ് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് ഹെലന്‍ ഓസ്മാന്‍, വൈസ് പ്രസിഡന്‍റ് ഫാദര്‍ പോള്‍ സോമസുമോ (വത്തിക്കാന്‍ വാര്‍ത്താവിഭാഗം – ആഫ്രിക്ക), യൂകാന്‍ വാര്‍ത്താശ്രൃംഖലയുടെ എക്സെക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പീറ്റര്‍ മോന്തിയന്‍ വിചെന്‍ചായ്, വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന്‍റെ പ്രതിനിധിയായി ഫാദര്‍ പാക്കിയം മൈക്കിള്‍ ഹാരിസ് എസ്.ഡി.ബി. എന്നിവരും സമ്മേളത്തില്‍ സന്നിഹിതരായിരുന്നു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 August 2019, 09:08