തിരയുക

Vatican News
Season of Creation - September 1 - October 4. Season of Creation - September 1 - October 4. 

സൃഷ്ടിയെ സംരക്ഷിക്കാനുള്ള മാസാചരണം

സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ഒരു മാസം (Season of Creation) അടുത്ത ഞായറാഴ്ച സെപ്തംബര്‍ 1-ന് ആരംഭിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

പരിസ്ഥിതി വിനാശങ്ങള്‍ തടയാന്‍ ഒത്തുചേരാം!

സെപ്തംബര്‍ 1, ഞായറാഴ്ച പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനാദിനത്തില്‍ തുടങ്ങി, പ്രകൃതിയുടെ പ്രത്യേക മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ അനുസ്മരണ ദിനമായ ഓക്ടബോര്‍ 4-വരെയാണ് സൃഷ്ടിയെ സംരക്ഷിക്കാനുള്ള മാസാചരണം (The Season of Creation) സഭകള്‍ സംയുക്തമായി ആചരിക്കുന്നത്. ഈ ദിനങ്ങളില്‍ പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങളിലും, പ്രകൃതി സംരക്ഷണം സംബന്ധിച്ചുള്ള പഠനം, പ്രാര്‍ത്ഥന എന്നിവയില്‍ ലോകത്തെ ക്രൈസ്തവമക്കള്‍ സഭൈക്യത്തിന്‍റെ ആത്മീയ അരൂപിയില്‍ ഒരുമിക്കേണ്ട ദിനങ്ങളാണിത്. പ്രാദേശിക സഭാസമൂഹങ്ങളും സ്ഥാപനങ്ങളും, സംഘടനകളും നേതൃത്വംനല്കുന്ന പരിപാടികളില്‍ എല്ലാവരും സഹകരിക്കണമെന്ന് സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ (Dicastery of Integral Human Development) കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സന്‍ ആഗസ്റ്റ് 29-Ɔ൦ തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അനുസ്മരിപ്പിച്ചു.

കണ്‍മുന്‍പിലെ നിരവധിയായ പ്രകൃതിദുരന്തങ്ങള്‍
കിഴക്കന്‍ സഭകളോടും, ഇതര ക്രൈസ്തവ സഭാകൂട്ടായ്മകളോടുമൊപ്പം വത്തിക്കാന്‍ ആചരിക്കുന്ന സെപ്തംബര്‍ 1-ന്‍റെ “പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനാദിന”ത്തില്‍ തുടങ്ങി, പ്രകൃതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ദിനമായ ഓക്ടബോര്‍ 4-വരെ നീളുന്നതാണ് “Care of Creation,” “സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ഒരു മാസം”. ആഗോളതലത്തില്‍ കാലവസ്ഥയുടെ സന്തുലനം നിലനിര്‍ത്തേണ്ട ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുകയും, കൊള്ളയടിക്കപ്പെടുകയും, തദ്ദേശജനതകള്‍ ഏറെ കഷ്ടപ്പെടുകയും ചെയ്യുന്ന കാലസന്ധിയാണിത്. മാത്രമല്ല ദേശീയ പ്രാദേശിയ തലങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ ലോകം അനുഭവിക്കുകയും ചെയ്യുന്ന നിരവധി വാര്‍ത്തകളുടെ വ്യസനത്തില്‍ നിരവധി സമൂഹങ്ങള്‍ ഉഴലുകയും ചെയ്യുന്ന അവസ്ഥയിലാണ് ക്രൈസ്തവമക്കള്‍ പരിസ്ഥിതിയുടെ സംരക്ഷണത്തിനായുള്ള ദിനങ്ങള്‍ ആരംഭിക്കുന്നത്.

തദ്ദേശജനതകളെയും അവരുടെ ജീവിതപരിസ്ഥിതിയെയും
സംബന്ധിച്ച മെത്രാന്മാരുടെ സിനഡു സമ്മേളനം

തദ്ദേശ ജനതകളുടെ സംരക്ഷണത്തിനും, അവരുടെ ഭൂപ്രദേശത്തിന്‍റെയും അതിലെ ഉപായസാദ്ധ്യതകളുടെയും സംരക്ഷണത്തിനായും പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയിരിക്കുന്ന തദ്ദേശ ജനതകളെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡുസമ്മേളനം 2019 ഒക്ടോബര്‍ മാസത്തില്‍ -
6-മുതല്‍ 27-വരെ തിയതികളില്‍ നടക്കുമെന്നതും പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനാദിനങ്ങള്‍ക്ക് പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിപ്പിക്കുന്നുവെന്ന് കര്‍ദ്ദാനാള്‍ ടേര്‍ക്സണ്‍ ചൂണ്ടിക്കാണിച്ചു.

പ്രകൃതി  സംരക്ഷണത്തില്‍  ക്രൈസ്തവര്‍ക്കുള്ള ഉത്തരവാദിത്വം
മനുഷ്യകുലം ഇന്ന് അനുഭവിക്കുന്ന പരിസ്ഥിതി സംബന്ധിയായ പ്രശ്നങ്ങള്‍ മറികടക്കുന്നതിലും പൊതുഭവനമായ ഭൂമി സംരക്ഷിക്കുന്നതിലും ക്രൈസ്തവര്‍ തങ്ങളുടേതായ പങ്കുവഹിക്കേണ്ടതുണ്ട്, എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനം ഉള്‍ക്കൊണ്ടും, ലോകത്തെ ഇതര ക്രൈസ്തവ സഭാസമൂഹങ്ങളോടു സഹകരിച്ചും പരിസ്ഥിതി സംരക്ഷണത്തിന്‍റെ ദിനങ്ങള്‍ ഫലവത്താക്കാന്‍ നമുക്കൊരുമിച്ചു പരിശ്രമിക്കാം. ദേശീയ പ്രാദേശിക സഭാകൂട്ടായ്മകള്‍ ഒരുക്കുന്ന കര്‍മ്മപദ്ധതികളിലും, പ്രാര്‍ത്ഥനയുടെയും പഠനത്തിന്‍റെയും പരിസ്ഥിതി മെച്ചപ്പെടുത്താനുള്ള കൂട്ടായ പരിശ്രമത്തിന്‍റെയും പരിപാടികളിലും സജീവമായി പങ്കെടുക്കാന്‍ പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ആഹ്വാനംചെയ്തു.
 

30 August 2019, 13:46