തിരയുക

Vatican News
Fr.  Santhosh Kumar Digal Fr. Santhosh Kumar Digal 

പാപ്പായുടെ കത്തിനോടു പ്രതികരിച്ച ഇന്ത്യക്കാരന്‍ വൈദികന്‍

കട്ടാക്ക്-ഭൂവനേശ്വര്‍ അതിരൂപതാംഗവും, ഒഡിഷ സ്വദേശിയുമായ ഫാദര്‍ സന്തോഷ് കുമാര്‍ ഡിഗാലാണ് ഇന്ത്യയില്‍നിന്നും പാപ്പായുടെ കത്തിന് പ്രതികരണം എഴുതിയത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആഗസ്റ്റ് 16-Ɔο തിയതി പാപ്പാ ഫ്രാന്‍സിസിനു ലഭിച്ച വൈദികന്‍റെ  കത്ത് 20-Ɔο തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.  പരിഭാഷ താഴെ ചേര്‍ക്കുന്നു:

അജപാലനസ്നേഹത്തെയും
വിശ്വാസത്തെയും ബലപ്പെടുത്തുന്ന കത്ത്

ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ മരിയ ജോണ്‍ വിയാന്നിയുടെ 160- Ɔο ചരമവാര്‍ഷിക നാളില്‍, ആഗസ്റ്റ് 4- Ɔο തിയതിയാണ് പാപ്പ ഫ്രാന്‍സിസ് ലോകമെമ്പാടുമുള്ള വൈദികര്‍ക്കായി ഒരു തുറന്ന കത്തെഴുതിയത്. ഈ കത്ത് പൗരോഹിത്യ ജീവിതത്തില്‍ വൈദികരുടെ വിശ്വാസത്തെയും അജപാലന സ്നേഹത്തെയും ബലപ്പെടുത്തുന്നതാണ്. കത്തു അവസാനംവരെ വായിക്കുമ്പോള്‍ അതു നല്കുന്ന പ്രത്യാശയും പ്രോത്സാഹനവും അവാച്യമാണെന്ന് ഫാദര്‍ സന്തോഷ് കുമാര്‍  ഡിഗാല്‍ തന്‍റെ മറുപടിക്കത്തില്‍ ആമുഖമായി പ്രസ്താവിച്ചു.

എല്ലാം മറുന്നു ജനങ്ങള്‍ക്കായ്...
എല്ലാം ഉപേക്ഷിച്ച് വൈദികര്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസ സമൂഹത്തില്‍ സമര്‍പ്പിതരായിരിക്കണമെന്നു പാപ്പാ കത്തില്‍ ഉദ്ബോധിപ്പിക്കുമ്പോള്‍, ഒരു അജപാലകന്‍റെ ജീവിതം അങ്ങനെ മാത്രമേ ആയിരിക്കാവൂ, അല്ലെങ്കില്‍ അതാണ് അജപാലനജീവിതം എന്ന ചിന്തയാണ് മനസ്സില്‍ ഉയരുന്നത്. 19 വര്‍ഷക്കാലത്തെ പൗരോഹിത്യ ജീവിതത്തില്‍ വിദൂരസ്ഥമായ സ്ഥലങ്ങളില്‍, ചിലപ്പോള്‍ അരുണാചല്‍, ചിറാപ്പുഞ്ചിപോലുള്ള എത്തിപ്പെടാന്‍ ക്ലേശകരമായ ഇന്ത്യയുടെ വടക്കു കിഴക്കന്‍ മിഷന്‍ മേഖലകളില്‍പ്പോലും വൈദികര്‍ എല്ലാം മറന്നും, എല്ലാം സമര്‍പ്പിച്ചും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതായിട്ടാണ് തനിക്കു മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളതെന്ന് ഫാദര്‍ ഡിഗാല്‍ കത്തില്‍ പങ്കുവച്ചു.

ശുശ്രൂഷയുടെ വൈവിധ്യമാര്‍ന്ന മേഖലകള്‍
വ്യത്യസ്തമായ അജപാലനശുശ്രൂഷകളില്‍ അവര്‍ വ്യാപൃതരാണ്. ചിലര്‍ വചനപ്രഭാഷകരും, അതിന്‍റെ അദ്ധ്യാപകരായ ഗുരുക്കന്മാരുമാണ്. മറ്റുചിലര്‍ പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമര്‍പ്പിതരാണ്. വേറെയും ചിലര്‍ സമൂഹങ്ങളെ സമുദ്ധരിക്കാനും അവരെ മനുഷ്യാന്തസ്സുള്ളവരാക്കി വളര്‍ത്തുവാനും ശ്രമിക്കുകയാണ്. പിന്നെയും ചിലര്‍ ഏറെ വെല്ലുവിളികളും എതിര്‍പ്പുകളും ഉള്ളിടങ്ങളില്‍ സമൂഹങ്ങളുടെയും വ്യക്തികളുടെയും സാമൂഹിക നീതിക്കുവേണ്ടി രഹസ്യമായും പരസ്യമായും പോരാടുന്നവരുമാണ്.

പ്രചോദനം ക്രിസ്തുവും അജഗണവും
എല്ലാ പ്രേഷിതരെയും, അവര്‍ ഏതു മേഖലയില്‍ ആയിരുന്നാലും, പ്രചോദിപ്പിക്കുന്നത് ക്രിസ്തുവിനോടും തങ്ങളുടെ ജനത്തോടുമുള്ള സ്നേഹമല്ലാതെ മറ്റൊന്നുമല്ല. ജനങ്ങളുടെ അനുദിന ജീവിത വ്യഗ്രതകളിലും വെല്ലുവിളികളിലും അവരെ സമാശ്വസിപ്പിക്കുന്നതും അവര്‍ക്ക് ശക്തിപകരുന്നതും വൈദികരുടെ സാന്നിദ്ധ്യവും അവരുടെ ജീവിതമേഖലകളില്‍ അവരുടെ നിസ്വാര്‍ത്ഥമായ പങ്കാളിത്തവുമാണ്.  ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൊട്ടിഘോഷിക്കാതെയും, പലപ്പോഴും ക്ലേശങ്ങള്‍ ക്ഷമയോടെ സഹിച്ചുകൊണ്ടും, ധീരമായ അര്‍പ്പണ ബോധത്തോടെയുമാണ് അവര്‍ മുന്നേറുന്നത്.

കൈവെടിയുമ്പോഴും പതറാതെ വിശ്വസ്തതയോടെ...!
തങ്ങള്‍ ചെയ്യാത്ത കുറ്റങ്ങള്‍ക്കായി പീഡിപ്പിക്കപ്പെടുകയും, മര്‍ദ്ദിതരാവുകയും ചെയ്യുന്ന വൈദികരുണ്ടെന്നു പാപ്പാ ഫ്രാന്‍സിസ് പറയുമ്പോള്‍ അതു ശരിയാണെന്നു താന്‍ മനസ്സിലാക്കുന്നതായി ഫാദര്‍ വിജയകുമാര്‍ മറുപടിയില്‍ ഏറ്റുപറഞ്ഞു. അങ്ങനെ വരുമ്പോള്‍ മേലധികാരികളായ മെത്രാന്മാരും മറ്റ് സ്ഥാനക്കാരും  അജപാലന മേഖലയുടെ സ്വഭാവം മനസ്സിലാക്കി  വൈദികരെ പിന്‍തുണയ്ക്കുകയും അവര്‍ക്ക് കരുത്തേകുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ക്ലേശിക്കുന്ന വൈദികരെയും അവരുടെ പ്രയാസങ്ങളെയും മനസ്സിലാക്കാതിരിക്കുന്ന മേലധികാരികളും മെത്രാന്മാരുമുണ്ട്. എന്നിട്ടും തങ്ങളുടെ പ്രേഷിത ദൗത്യങ്ങളിലും ഉത്തരവാദിത്ത്വങ്ങളിലും ഉറച്ചുനില്ക്കുകയും അജപാലന മേഖലയില്‍ ഔദാര്യത്തോടും വിശാലഹൃദയത്തോടുംകൂടെ മുന്നോട്ടു പോവുകയും ചെയ്യുന്നവരാണ് അധികവും. എതിര്‍പ്പുകളിലും പീഡനങ്ങളിലും വിശ്വസ്തരായി ജീവിക്കുവാനും ഉദാരതയോടെ തങ്ങളുടെ അജപാലനദൗത്യം പ്രതിബന്ധങ്ങള്‍ക്കുമദ്ധ്യേ തുടര്‍ന്നുകൊണ്ടു പോകുവാനുമുള്ള കരുത്ത് അവര്‍ക്കു നല്കുന്നത് ദൈവകൃപയാണ്.

ദൈവവിളിയുടെ ഓര്‍മ്മയില്‍ വളരാം
പൗരോഹിത്യത്തിലും അജപാലനമേഖലയിലും പ്രതിബന്ധങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം താന്‍ വ്യക്തിപരമായി ചെയ്തത്, പാപ്പാ ഫ്രാന്‍സിസ് കത്തില്‍ സൂചിപ്പിക്കുന്നതുപോലെ ദൈവവിളിയുടെ ആദ്യാനുഭവങ്ങളെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. വ്യക്തിപരമായ പരിമിതികള്‍ക്കപ്പുറം ക്രിസ്തുവിനെ അനുകരിക്കാനുള്ള പ്രചോദനവും കരുത്തും തനിക്കു നല്കിയത് ദൈവവിളിയുടെ ആദ്യാനുഭവത്തെക്കുറിച്ചുള്ള ധ്യാനമായിരുന്നെന്ന് ഫാദര്‍ സന്തോഷ്കുമാര്‍ സാക്ഷ്യപ്പെടുത്തി. സെമിനാരി പരിശീലന കാലത്തും, അജപാലന ഉത്തരവാദിത്ത്വങ്ങളുടെ നിര്‍വ്വഹണത്തിലും സത്യസന്ധമായി പിന്‍തുണച്ച ഗുരുഭൂതരായ വൈദികരെയും വ്യക്തികളെയും എങ്ങനെ മറക്കാനാകും! അവരുടെ ഓര്‍മ്മകളില്‍ ജീവിക്കുന്നതും പ്രചോദനാത്മകവുമാണ്. അതുപോലെ വളര്‍ച്ചയിലും വൈദികജീവിതത്തിലും എല്ലാമായിരുന്ന മാതാപിതാക്കളും മറ്റു സഹോദരങ്ങളും, സെമിനാരിയിലെ പരിശീലകരും, മെത്രാന്മാരും, വൈദികസുഹൃത്തുക്കളും, വ്യത്യസ്ത സാമൂഹിക ചുറ്റുപാടുകളില്‍നിന്നുമുള്ള അല്‍മായരായ  സഹോദരങ്ങളും എല്ലാം പൗരോഹിത്യ ജീവിതത്തിലെ പ്രസക്തിയുള്ള പങ്കാളികളാണ്. ക്രിസ്തുവിലും, അവിടുന്നു കാട്ടിത്തന്ന പ്രേഷിത ദൗത്യത്തിന്‍റെ ജീവിതത്തിലും പൗരോഹിത്യത്തിലൂടെ പങ്കാളിയാകുവാനും സമര്‍പ്പിക്കുവാനും സാധിക്കുന്നത് മേല്പറഞ്ഞ വ്യക്തികളുടെ സ്നേഹവും കനിവുമുള്ള പിന്‍തുണയാണ്.

കീറിമുറിക്കപ്പെട്ട ഇന്നിന്‍റെ ലോകത്ത്
പൗരോഹിത്യത്തെയും സുവിശേഷത്തിനായുള്ള പ്രേഷിത സമര്‍പ്പണത്തെയും അനുദിനം നവീകരിച്ചുകൊണ്ട്, ഇന്നിന്‍റെ കീറിമുറിക്കപ്പെട്ട ലോകത്ത് വിശ്വസ്തതയോടും ഔദാര്യത്തോടുംകൂടെ മനുഷ്യര്‍ക്കു സേവനംചെയ്യുവാനും, അവരെ ശുശ്രൂഷിക്കുവാനും പ്രചോദിപ്പിക്കുന്നതാണ് പാപ്പായുടെ കത്ത്. ഇന്നു മനുഷ്യര്‍ നേരിടുന്ന സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ വെല്ലുവിളികള്‍ അനുദിനം വര്‍ദ്ധിച്ചുവരികയും വലുതായി വരികയുമാണ്. ഇങ്ങനെയുള്ള സാമൂഹിക ചുറ്റുപാടില്‍ ക്രിസ്തുവിനെ ആര്‍ദ്രമായി അനുഗമിക്കാന്‍  തീക്ഷ്ണതയുള്ള മനസ്സോടെയും, തീവ്രമായ സ്നേഹത്തോടെയും മുന്നേറണമെന്ന് പാപ്പാ ഫ്രാന്‍സിസ് സഹോദരസ്നേഹത്തോടെ വൈദികരോട് ആഹ്വാനംചെയ്തു.

വിലപ്പെട്ടതും കാലികവുമായ കത്ത്
പാപ്പാ ഫ്രാന്‍സിസ് അയച്ച ഓര്‍മ്മിപ്പിക്കലിന്‍റെയും തിരുത്തലിന്‍റെയും നീണ്ട കത്ത് ഏറെ വിലപ്പെട്ടതും കാലികവുമാണെന്ന് ഫാദര്‍ സുരേഷ്കുമാര്‍ പ്രതികരണത്തില്‍ ആവര്‍ത്തിച്ചു. അത് താന്‍ ഏറെ വിലമതിക്കുന്നുവെന്നും, വൈദിക സഹോദരങ്ങളോട് പാപ്പാ ഫ്രാന്‍സിസിനുള്ള സ്നേഹത്തില്‍നിന്ന്  ഉതിര്‍ക്കൊണ്ടതാണെന്നും കട്ടാക്ക്-ഭുവനേശ്വര്‍ അതിരുപതയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ഡിഗാല്‍ സാക്ഷ്യപ്പെടുത്തി. പിതൃസ്ഥാനീയനായ പാപ്പായുടെ വാക്കുകള്‍ പ്രത്യാശയും സ്നേഹവും വാത്സല്യവും വളര്‍ത്തുന്നതും, അജപാലനശുശ്രൂഷയില്‍ ഉറച്ചുനില്ക്കുവാനും ക്രിസ്തുവിന്‍റെ പ്രേഷിതദൗത്യത്തില്‍ മുന്നേറുവാന്‍ പ്രചോദനം നല്കുന്നതുമാണെന്നും ഏറ്റുപറഞ്ഞുകൊണ്ടാണ് പാപ്പായുടെ കത്തിനുള്ള പ്രതികരണവും മറുപടിയും അദ്ദേഹം ഉപസംഹരിച്ചത്.

പിന്നെയും കത്തുകള്‍
ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍നിന്നും പാപ്പായുടെ കത്തിനോടു ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് വത്തിക്കാനിലേയ്ക്ക് മറുപടികള്‍ വന്നതായി പ്രസ്താവന അറിയിച്ചു. അവയില്‍ വിയറ്റ്നാം, ഗൗട്ടിമാല, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നു ലഭിച്ച കത്തുകളാണ് ആഗസ്റ്റ് 20-ന് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്. 
 

20 August 2019, 18:12