തിരയുക

Meeting a group of soldiers after the General Audience of 28.08.19 Meeting a group of soldiers after the General Audience of 28.08.19 

സെപ്തംബര്‍ ഒന്ന് : ഒരു മഹാദുരന്തത്തിന്‍റെ സ്മരണാദിനം

രണ്ടാം ലോകയുദ്ധം ആരംഭിച്ചതിന്‍റെ 80-Ɔο വാര്‍ഷികം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

1939, സെപ്തംബര്‍ 1-ന് നാസി സൈന്യം പോളണ്ടില്‍ പ്രവേശിച്ച ദിനവും, തുടര്‍ന്നുണ്ടായ ചരിത്രത്തിലെ ദുരന്തവും വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച പരിപാടിയുടെ  അന്ത്യത്തില്‍  പാപ്പാ ഫ്രാന്‍സിസ്  അനുസ്മരിച്ചു. 

സെപ്തംബര്‍ 1-നു തുടക്കമിട്ട വന്‍ദുരന്തം
ചരിത്രത്തിലെ മഹാദുരന്തത്തിന്‍റെ അനുസ്മരണത്തില്‍ നാം ഇന്ന് കുടുംബങ്ങളിലും സമൂഹങ്ങളിലും ജനതകള്‍ക്കിടയിലും സമാധാനം വളരാന്‍ പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. ആഗസ്റ്റ് 28-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍ വിവിധ രാജ്യക്കാരുടെ കൂട്ടായ്മയെ അഭിസംബോധനചെയ്യവെ പോളണ്ടില്‍നിന്നും എത്തിയിരുന്നവരോടും ലോക ജനതയോടുമായിട്ടാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

രണ്ടാം ലോകയുദ്ധത്തിന്‍റെ ആരംഭം
1939, സെപ്തംബര്‍ 1-ന് നാസി സൈന്യം പോളണ്ടില്‍ പ്രവേശിച്ച ദിനവും, അതോടൊപ്പം രണ്ടുദിവസത്തില്‍ ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മന്‍ സൈന്ന്യത്തിന് എതിരെ യുദ്ധം പ്രഖ്യാപിച്ച രണ്ടാം ലോക യുദ്ധത്തിന്‍റെ 80-Ɔο വാര്‍ഷികവും അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പൊതുവായി അഭ്യര്‍ത്ഥിച്ചത്.

വിദ്വേഷമുള്ളിടത്ത് സമാധാനം വിതയ്ക്കാം!
പോളണ്ടിലെ വാഴ്സ്വാ, വീയെലന്‍ നഗരങ്ങളില്‍ ലോകനേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അനുസ്മരണ പരിപാടികള്‍ നടക്കുമ്പോള്‍, സമാധാനത്തിനായുള്ള പ്രര്‍ത്ഥനയുമായി അവരെ അനുധാവനം ചെയ്യാമെന്നു ലോകത്തോടു പാപ്പാ ആഹ്വാനംചെയ്തു. വിദ്വേഷം വിതയ്ക്കുന്ന ചരിത്രത്തിലെ ദാരുണ സംഭവങ്ങള്‍ നശീകരണത്തിലേയ്ക്കും, വേദനയിലേയ്ക്കും മരണത്തിലേയ്ക്കും മാത്രമാണ് മനുഷ്യകുലത്തെ നയിച്ചിട്ടുള്ളത്. അതിനാല്‍ കുടുംബങ്ങളിലും സമൂഹങ്ങളിലും രാഷ്ട്രങ്ങളിലും സമാധാനം വളരാന്‍ സമാധാനരാജ്ഞിയായ കന്യകാനാഥയോടു പ്രാര്‍ത്ഥിക്കാമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പ്രതിവാര കൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലെ ആശംസകള്‍ പാപ്പാ ഉപസംഹരിച്ചത്.

അനുസ്മരണ പരിപാടികള്‍
രാഷ്ട്രത്തലവന്മാരും രാജ്യാന്തര പ്രതിനിധികളും, യൂറോപ്യന്‍ യൂണിയന്‍ സംഘവും, നാറ്റോ അംഗരാജ്യങ്ങളുടെ പ്രതിനിധിസംഘവും, യുഎസ്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും വാഴ്സ്വാനഗരത്തില്‍ എത്തിച്ചേരും. നാസികള്‍ പോളണ്ടില്‍ ആദ്യം ആക്രമിച്ചതും ബോംബിടുകയും ചെയ്ത വിയെലന്‍ നഗരത്തില്‍ സെപ്തംബര്‍ 1, ഞായറാഴ്ച രാവിലെ പോളണ്ടിന്‍റെ പ്രസിഡന്‍റും മറ്റു രാഷ്ട്രപ്രതിനിധികളും ചേര്‍ന്ന് പ്രത്യേക അനുസ്മരണം നടത്തും.
സെപ്തംബര്‍ 1 ഞായറാഴ്ച വൈകുന്നേരം വാഴ്സ്വായിലെ പില്‍സുള്‍സ്കി ചത്വരത്തില്‍ രണ്ടാം ലോകയുദ്ധത്തിന്‍റെ 80-Ɔο വാര്‍ഷികാനുസ്മരണം രാഷ്ട്രത്തലവന്മാരുടെ നേതൃത്വത്തില്‍ നടക്കും. രണ്ടാം ലോക യുദ്ധത്തിലെ ഒരു “അജ്ഞാത ഭടന്‍റെ” സ്മൃതിമണ്ഡപം രാഷ്ട്രപ്രതിനിധികള്‍ സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിക്കുന്നത് ദുരന്ത സ്മരണയിലെ ഹൃദയസ്പര്‍ശിയായ പരിപാടിയാകും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2019, 12:18