തിരയുക

proLife approach proLife approach 

ഭ്രൂണഹത്യ : അമ്മയുടെ ആരോഗ്യവും കുഞ്ഞിനു ലഭിക്കേണ്ട നീതിയും

ഭ്രൂണഹത്യ സ്ത്രീയുടെ ആരോഗ്യത്തിന്‍റെയും ഒപ്പം കുഞ്ഞിനു ലഭിക്കേണ്ട നീതിയുടെയും പ്രശ്നമാണെന്ന് ന്യൂസീലഡിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ പ്രതികരണം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നിയമരുപീകരണത്തില്‍ നീതിയുണ്ടാവണം
ദേശീയ ഭരണകൂടം നവമായി രൂപപ്പെടുത്തുന്ന ഭ്രൂണഹത്യാനിയമ നടപടിയോടു പ്രതികരിച്ചുകൊണ്ട്, ആഗസ്റ്റ് 9-Ɔο തിയതി വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് മെത്രാന്‍ സംഘത്തിന്‍റെ ഓഫീസ് ഇങ്ങനെ പ്രതികരിച്ചത്. കത്തോലിക്കാസഭയുടെ നിലപാടില്‍ ഭ്രൂണഹത്യയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്കു ഒട്ടും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ മനസ്സിലാക്കുന്നതായി മെത്രാന്മാര്‍ സമ്മതിക്കുന്നുണ്ട്. ദാരിദ്ര്യം, സാമൂഹിക അവഹേളനം, സമൂഹത്തിന്‍റെ പിന്‍തുണയില്ലായ്മ, ജീവിതപങ്കാളിയില്‍നിന്നുള്ള സമ്മര്‍ദ്ദം, ഏകാന്തത എന്നീ കാരണങ്ങളാലാണ് ഒരു സ്ത്രീ ഭ്രൂണഹത്യയ്ക്ക് ഒരുങ്ങുന്നതെന്ന കാരണങ്ങളും മെത്രാന്മാരുടെ പ്രസ്താവനയില്‍ മനസ്സിലാക്കുന്നു.

ജീവനെ അവഗണിക്കരുത്!
ഗര്‍ഭിണിയായ സ്ത്രീകളെ മാനസികമായും ആരോഗ്യപരമായും ശാക്തീകരിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്നൊരു വീക്ഷണവും നിയമക്രമീകരണവുമാണ് ഇന്ന് ആവശ്യം. കാരണം ഗര്‍ഭധാരണവും, ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട തീരുമാനങ്ങളും, അമ്മയുടെ ആരോഗ്യത്തിന്‍റെ ഒപ്പം കുഞ്ഞിനെ സംബന്ധിച്ച നീതിയുടെയും അവിഭാജ്യമായ നിലപാടാണ് മെത്രാന്മാര്‍ പ്രസ്താവനയില്‍ സ്വീകരിച്ചിട്ടുള്ളത്. നവീകരിക്കപ്പെടുന്ന നിയമരൂപീകരണത്തില്‍ സര്‍ക്കാര്‍ 20 ആഴ്ചയ്ക്കു മുകളില്‍ എത്തിയ ഗര്‍ഭധാരണത്തെക്കുറിച്ചു മാത്രം പരാമര്‍ശിക്കുകയും, 20 ആഴ്ച എത്തിയ ഭ്രൂണങ്ങളുടെ ജീവനെ സംബന്ധിച്ചു മൗനം ഭജിക്കുകയും ചെയ്യുന്നത് ജീവനോടുള്ള അവഗണനയാണെന്ന് മെത്രാന്മാര്‍ പ്രതികരണത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജീവനെ സംബന്ധിച്ച ധാര്‍മ്മിക നിലപാട്
ഭ്രൂണഹത്യ ഒരു സ്ത്രീയുടെ ആരോഗ്യപ്രശ്നം എന്ന സംജ്ഞയെ മെത്രാന്മാര്‍ എതിര്‍ക്കുകയും, അമ്മയുടെ ഉദരത്തില്‍ നിശ്ശബ്ദമായി  കഴിയുന്നൊരു കുഞ്ഞിന്‍റെ ജീവനും തുടിപ്പും പരിഗണിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. ഭ്രൂണഹത്യയില്‍ രണ്ടാമതൊരു ജീവന്‍ ഇല്ലാത്തതുപോലെ നിയമനടപടി എടുക്കുന്നതും, തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതും ജീവനെ സംബന്ധിച്ച വളരെ ഗൗരവകരമായ പ്രത്യാഘാതങ്ങളുള്ള ധാര്‍മ്മിക നിലപാടാണെന്നു മെത്രാന്മാര്‍ വ്യക്തമാക്കി.

സംവാദത്തിന്‍റെ വഴികള്‍ സ്വീകരിക്കണം
ഭ്രൂണഹത്യ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. അതിന് മനഃശ്ശാസ്ത്രപരമായും, മാനസികവും, വൈകാരികവുമായ ഹ്രസ്വകാല പ്രത്യാഘാതങ്ങളും ദീര്‍ഘകാല പ്രത്യഘാതങ്ങളുമുണ്ടെന്നും, അത് കൂടുംബജീവിതത്തില്‍ ഭാര്യയെയും ഭര്‍ത്താവിനെയും ഒരുപോലെ ബാധിക്കുന്നതാണെന്നും മെത്രാന്‍സംഘത്തിന്‍റെ സെക്രട്ടറി, സിന്തിയ പൈപ്പര്‍ പ്രസ്താവനയില്‍ വിശദീകരിച്ചു. അതിനാല്‍ നിര്‍ദ്ദിഷ്ഠ നിയമത്തിന്‍റെ രൂപീകരണത്തില്‍ സര്‍ക്കാരും മതസ്ഥാപനങ്ങളും സംഘടനകളും സര്‍ക്കാരേതര എജെന്‍സികളും ചേര്‍ന്നുള്ളൊരു സംവാദത്തിന്‍റെ പാതയിലൂടെയുള്ള തീര്‍പ്പുകളാണ് ആവശ്യമെന്നും പ്രസ്താവനയിലൂടെ ന്യൂസീലന്‍ഡിലെ മെത്രാന്‍സംഘം സര്‍ക്കാരിനെ അറിയിച്ചു.
 

13 August 2019, 17:25