തിരയുക

ക്രൂശിതന്‍ ക്രൂശിതന്‍ 

ഭാരത സഭയില്‍ " നീതി ഞായര്‍"

ഭാരതസഭയുടെ നീതി ഞായര്‍ ആചരണം!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഭാരത സഭ ഈ ഞായറാഴ്ച, അതായത് ആഗസ്റ്റ് 18-ന് നീതി ഞായര്‍ ആചരിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കഴിഞ്ഞുവരുന്ന ഞായറാണ് ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘം, സിബിസിഐ, ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ക്രിസ്തുമതം സ്വീകരിച്ചതിന്‍റെ പേരില്‍ തുല്യനീതി നഷേധിക്കപ്പെട്ട ദളിത് ക്രൈസ്തവരോടുള്ള കത്തോലിക്കാസഭയുടെ ഐക്യദാര്‍ഢ്യം നവീകരിക്കുന്ന ദിനമാണ് ഇക്കൊല്ലത്തെ “നീതി ഞായര്‍” എന്ന് കേരളത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ കീഴില്‍, പിന്നോക്കവിഭാഗങ്ങള്‍ക്കായുള്ള സമിതി ഒരു പ്രസ്താവനയില്‍ പറയുന്നു.

ദളിത് ക്രൈസ്തവരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഉദാരമനസ്സോടെ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് ഈ ദിനാചരണം കൂടുതല്‍ ഫലദായകമാക്കിത്തീര്‍ക്കാന്‍ ഈ സമിതി എല്ലാവരെയും ക്ഷണിക്കുന്നു.

തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വിവേചനത്തിനിരകളായി വേദനയനുഭവിക്കുന്ന സഹോദരങ്ങളുടെ നേരെ കണ്ണടയ്ക്കാന്‍ ക്രിസ്തുവിശ്വാസികള്‍ക്കാര്‍ക്കും  സാധിക്കില്ലെന്ന് പറയുന്ന ഈ സമിതി, അവരു‍ടെ സഹനങ്ങളില്‍ പങ്കുചേരുകയും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു.

സമൂഹത്തിന്‍റെ കാര്യത്തില്‍ ഔത്സുക്യം പുലര്‍ത്താനും അങ്ങനെ നീതിയുടെതായ ആവശ്യങ്ങള്‍ നിറവേറ്റാനും ഉത്തരവാദിത്വമുള്ള സകലരിലും ഭരണകൂടങ്ങളിലും കൂടുതല്‍ അവബോധം ജിനിപ്പിക്കുകയാണ് 1983 മുതല്‍ ഭാരതകത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ നീതിസമാധാനസമിതിയുടെ ആഭിമുഖ്യത്തില്‍ അനുവര്‍ഷം ആചരിക്കുന്ന നീതിഞായറിന്‍റെ ലക്ഷ്യം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 August 2019, 13:01