വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഒക്ടോബര്‍ 13-ന് വിശുദ്ധപദത്തിലേക്ക്
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ചിറമേല്‍ മങ്കിടിയാന്‍ ഒക്ടോബര്‍ 13-ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടും.
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഉള്‍പ്പടെ 5 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്‍റെ നടപടിക്രമങ്ങളുടെ സമാപനമായി ഫ്രാന്‍സിസ് പാപ്പാ തിങ്കളാഴ്ച (01/07/2019) വത്തിക്കാനില്‍ നടത്തിയ സാധാരണ പൊതുകണ്‍സിസ്റ്ററിയിലാണ് ഈ തീയതി പ്രഖ്യാപിക്കപ്പെട്ടത്.
ഒക്ടോബര്‍ 13-ന്, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്കു പുറമെ, വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമത്തിലുള്ള ഓറട്ടറിയുടെ സ്ഥാപകനായ ബിട്ടീഷുകാരനായ കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍,
വിശുദ്ധ കമീല്ലൊയുടെ പുത്രികള്‍ എന്ന സന്ന്യാസിനിസമൂഹത്തിന്‍റെ സ്ഥാപക, ഇറ്റലി സ്വദേശിനി ജുസെപ്പീന വന്നീനി,
ദൈവമാതാവിന്‍റെ അമലോത്ഭവത്തിന്‍റെ പ്രേഷിതസഹേദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിലെ അംഗവും ബ്രസീല്‍ സ്വദേശിനിയുമായ ദുള്‍ചെ ലോപെസ് പോന്തെസ്,
വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ മൂന്നാംസഭാംഗമായ സ്വിറ്റസര്‍ലണ്ട്കാരി മാര്‍ഗരീത്ത ബെയ് എന്നീ വാഴ്ത്തപ്പെട്ടവരും സഭയിലെ വിശുദ്ധരുടെ പട്ടികയില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെടും.
വത്തിക്കാനില്‍ മെത്രാന്മാരുടെ സിനഡിന്‍റെ ആമസോണ്‍ പ്രദേശത്തിനുവേണ്ടിയുള്ള പ്രത്യേകസമ്മേളനം നടക്കുന്ന വേളയിലാണ് ഈ വിശുദ്ധപദ പ്രഖ്യാപനം. ഒക്ടോബര്‍ 6-27 വരെയാണ് ഈ സമ്മേളനം.
1876 ഏപ്രില്‍ 26-ന് പുത്തന്‍ചിറയിലാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ മങ്കിടിയാന്‍റെ ജനനം.
12 വയസ്സായപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മറിയം ത്രേസ്യ ആതുരസേവനത്തിലും മരണാസന്നരെ ശുശ്രൂഷിക്കുന്നതിലും ചെറുപ്പംമുതല്‍ തന്നെ ആനന്ദം കണ്ടെത്തിയിരുന്നു. ആശ്രമജീവിതം നയിക്കാന്‍ സാധിക്കാത്ത ഒരവസ്ഥയില്‍ മൂന്നു കൂട്ടുകാരികള്‍ക്കൊപ്പം ഇടവകയില്‍ പാവപ്പെട്ടവരെയും അനാഥരെയും ശുശ്രൂഷിക്കാന്‍ ആരംഭിച്ചെങ്കിലും ആചാരവിലക്കുകള്‍ ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ നിരവധിയായിരുന്നു. അവള്‍ക്ക് ആദ്ധ്യാത്മികാനുഭവങ്ങളും ദിവ്യദര്‍ശനങ്ങളും ലഭിക്കാന്‍ തുടങ്ങി. നിഷ്പാദുക കര്‍മ്മലീത്താ സഭയില്‍ ഏതാനും നാളത്തെ ജീവിതത്തിനു ശേഷം, ആദ്ധ്യാത്മിക നിയന്താവായ വൈദികന്‍ ജോസഫ് വിതയത്തിലിന്‍റെ നിര്‍ദ്ദേശാനുസരണം, മറിയം ത്രേസ്യ തിരുക്കുടുംബത്തിന്‍റെ സഹോദരികള്‍ എന്ന സന്ന്യാസിനിസമൂഹത്തിനു രൂപം നല്കി.
യുവതികള്‍ക്ക് ക്രിസ്തീയവിദ്യാഭ്യാസം നല്കല്‍, രോഗികളെയും മരണാസന്നരെയും പരിചരിക്കല്‍, പ്രാര്‍ത്ഥന, ധ്യാനം എന്നിവയായിരുന്നു പ്രധാനമായും ഈ സമൂഹത്തിന്‍റെ സിദ്ധികള്‍.
1926 ജൂണ്‍ 8-ന് അമ്പതാമത്തെ വയസ്സില്‍ കുഴിക്കാട്ടുശ്ശേരിയില്‍ വച്ച് മറിയം ത്രേസ്യ മരണമടഞ്ഞു.