തിരയുക

Ancient Nokubi church in Nagasaki prefecture Ancient Nokubi church in Nagasaki prefecture 

കുഷ്ഠരോഗികളെ അവഗണിച്ചതിനു മെത്രാന്‍ സംഘം മാപ്പുപറഞ്ഞു

കുഷ്ഠരോഗികളോടു കാണിച്ച അവഗണനയ്ക്ക് ജപ്പാനിലെ ദേശീയ മെത്രാന്‍ സംഘമാണ് മാപ്പപേക്ഷിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സമൂഹം ഭ്രഷ്ടുകല്പിച്ചിരുന്ന രോഗികള്‍
1943-ല്‍ കുഷ്ഠത്തിനുള്ള (Hansen’s disease) പ്രത്യേക മരുന്നു കണ്ടുപിടിച്ചതു മുതല്‍ രോഗത്തിന്‍റെ മാരകമായ പിടിയില്‍നിന്നും ലോകമെമ്പാടും ആയിരങ്ങള്‍ രക്ഷപ്പെടുകയും, സമൂഹത്തില്‍ പുനരധിവസിക്കപ്പെടുകയും ചെയ്തു. കുഷ്ഠരോഗികളെ സംരക്ഷിക്കുന്നതിനും അവരെ പരിചരിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപനം 1956-ല്‍ വത്തിക്കാനും നടത്തുകയുണ്ടായി. അപ്പോഴും ജപ്പാനിലെ സര്‍ക്കാര്‍ കുഷ്ഠരോഗികളെ സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ദേശീയ തലത്തില്‍ സര്‍ക്കാര്‍ നിയമത്തില്‍ മാറ്റംവരുത്തിയില്ല. 1996-ല്‍ ആഗോളതലത്തില്‍ കുഷ്ഠരോഗ നിവാരണ നിയമം (Leprosy Prevention Act) ഇല്ലാതാക്കുകയുണ്ടായി. എന്നിട്ടും ജാപ്പനീസ് സര്‍ക്കാര്‍
2001-വരെ കുഷ്ഠിരോഗികള്‍ക്ക് എതിരായ നയം പാലിക്കുകയും അവരെ സമൂഹത്തില്‍നിന്നും അകറ്റി നിര്‍ത്തുകയും ചെയ്തു.

കുഷ്ഠരോഗികളോടു നിസംഗതകാട്ടിയ സര്‍ക്കാരും
സര്‍ക്കാരിനോടു പക്ഷംചേര്‍ന്ന ദേശീയസഭയും

ജപ്പാനിലെ ദേശിയ സഭ അങ്ങനെ 2001-വരെ സര്‍ക്കാരിന്‍റെ നയത്തോടു നിശ്ശബ്ദമായി അനുകൂലിച്ചു നില്ക്കുകയും, രോഗികളായവര്‍ക്ക് ചെയ്യാമായിരുന്ന നന്മയും ശുശ്രൂഷയും വേണ്ടുവോളം ചെയ്യാതിരിക്കുകയും ചെയ്തു. മാത്രമല്ല 1956-ല്‍ വത്തിക്കാന്‍ പുറത്തുവിട്ട സഭയുടെ പ്രബോധനത്തോടും നിസംഗത കാട്ടിയതില്‍  ജപ്പാനിലെ സഭ ഇന്നു ഖേദിക്കുന്നു. അതുകൊണ്ടാണ്, വൈകിയെങ്കിലും പരസ്യമായി കുഷ്ഠരോഗികളോടും അവരുടെ കുടുംബത്തോടും ജപ്പാനിലെ ദേശീയ സഭ മാപ്പപേക്ഷിക്കുന്നത്.

ദേശീയ സഭയുടെ ടോക്കിയോയിലുള്ള ആസ്ഥാനത്തുനിന്നും
ഇനിയൊരിക്കലും കുഷ്ഠരോഗികളെ അവഗണിക്കുന്ന തിന്മ ചെയ്യില്ലെന്നും, ക്രിസ്തുവിന്‍റെ അനുയായികള്‍ എന്ന നിലയില്‍ ഒരിക്കലും മനുഷ്യാവകാശത്തെ ലംഘിക്കുകയില്ലെന്നും മെത്രാന്‍ സംഘം പ്രസ്താവനയില്‍ വ്യക്തമാക്കി. ജപ്പാനിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ ടോക്കിയോ ഓഫീസില്‍നിന്നും ദേശീയ സംഘത്തിന്‍റെ പ്രസിഡന്‍റും നാഗസാക്കി അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ജോസഫ് മിത്സ്വാക്കി തക്കാമിയാണ് മാപ്പപേക്ഷിക്കുന്ന പ്രസ്താവന ജൂലൈ 10- Ɔ൦ തിയതി പ്രസിദ്ധപ്പെടുത്തിയത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 July 2019, 10:56