ആട്ടുള്ളിയച്ചനുമായി അഭിമുഖം അവസാനഭാഗം
വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷം
വിശുദ്ധ യൗസേപ്പിതാവിന്‍റെ സമര്‍പ്പിതര്‍ അഥവാ Oblates of Saint Joseph എന്ന സന്ന്യാസ സമൂഹത്തിന്‍റെ വികാര്‍ ജനറലാണ് (Vicar General), ഫാദര്‍ ജോണ്‍ ആട്ടുള്ളി. സന്ന്യാസസമൂഹം ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന യൗസേപ്പിതാവിന്‍റെ വര്‍ഷാചരണത്തെക്കുറിച്ചാണ് ഈ മുഖാമുഖം പരിപാടി. ഓഎസ്ജെ എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന ഈ സമൂഹം ലോകത്തില്‍ ഭാരതം ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനനിരതമാണ്. റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് സമൂഹത്തിന്‍റെ ഇന്ത്യയിലെ ആസ്ഥാനം കൊടുങ്ങല്ലൂരാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 19-ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ദിനത്തില്‍ ഈ പുണ്യവാന്‍റെ നാമത്തിലുള്ള വര്‍ഷാചരണത്തിന് തുടക്കംകുറിച്ചു.
അഭിമുഖത്തിലെ മുഖ്യവിഷയങ്ങള്‍
വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷാചരണത്തിനുണ്ടായ പ്രചോദനം, ആഘോഷത്തിന്‍റെ മുഖ്യലക്ഷ്യം, പരിപാടികള്‍, ഒഎസ്ജെ സഭയുടെ ഉദ്യമത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെയും വത്തിക്കാന്‍റെയും ഭാഗത്തുനിന്നു പ്രതീക്ഷിക്കുന്ന പിന്തുണ, പാപ്പാ ഫ്രാന്‍സിസിന് സിദ്ധനോടുള്ള ഭക്തി, സഭയുടെ ചരിത്രത്തിലും പാരമ്പര്യത്തിലും പ്രബോധനങ്ങളിലും യൗസേപ്പിതാവിനുള്ള സ്ഥാനം തുടങ്ങിയ ചിന്തകള്‍ അച്ചന്‍ വിശദീകരിക്കുന്നത് ഈ അഭിമുഖത്തില്‍ ശ്രവിച്ചു കഴിഞ്ഞു. അതിന്‍റെ തുടര്‍ച്ചയായി ജോണച്ചന്‍ സഭാചരിത്രത്തില്‍ നിഴലിക്കുന്ന യൗസേപ്പിതാവന്‍റെ വണക്കം, കത്തോലിക്ക സഭയില്‍ നിലവിലുള്ള വണക്കം, ജനകീയ ഭക്തി എന്നീ വിഷയങ്ങള്‍ കേള്‍ക്കാം മൂന്നാമത്തെയും അവസാനത്തെയും ഭാഗത്ത്.
1. സഭാചരിത്രത്തില്‍ നിഴലിക്കുന്ന വിശുദ്ധ യൗസേപ്പിതാവന്‍റെ വണക്കം എന്താണ്?
തിരുസഭയുടെ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ വിശുദ്ധ യൗസേപ്പ് പിതാവിനോടുള്ള വണക്കവും ഭക്തിയും പ്രചരിച്ചിരുന്നു. ആദ്യ കാലഘട്ടത്തിലെ രചനകളില്‍ അടിസ്ഥാനമിട്ടുകൊണ്ട് പൗരസ്ത്യ സഭകളിലാണ് ഇതിന്‍റെ രേഖകള്‍ നാം ആദ്യം കാണുന്നത്. യഹൂദ വിശ്വാസത്തില്‍നിന്നു വന്ന ക്രൈസ്തവരുടെ ‘ഇടയ ക്രിസ്ത്യന്‍ കമ്യൂണിറ്റി’, അല്ലെങ്കില്‍ ആദ്യകാല ക്രൈസ്തവ സമൂഹത്തില്‍ വിശുദ്ധന്‍റെ തിരുനാള്‍ ആഘോഷിച്ചിരുന്നതായി കാണുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ അവരുടെ കലണ്ടറനുസരിച്ച് ആദ്യമാസത്തിന്‍റെ 26- Ɔ൦ തിയതിയാണ് ഈ തിരുനാള്‍ ആചരിച്ചിരുന്നത്. അതായത് ഗ്രിഗോരിയന്‍ കലണ്ടര്‍ പ്രകാരം ജൂലൈ 20-മുതല്‍ ആഗസ്റ്റ് 2-വരെയുള്ള ആ ദിവസങ്ങളിലായിരുന്നു വിശുദ്ധന്‍റെ ആ തിരുനാള്‍ ആഘോഷം.
10- Ɔ൦ നൂറ്റാണ്ടില്‍ ക്രിസ്തുമസിന്‍റെ അന്ന് പൂജരാജാക്കന്മാരുടെയും യൗസേപ്പിതാവിന്‍റെയും തിരുനാള്‍ ആചരിച്ചിരുന്നതായി കാണാം. ചിലയിടങ്ങളില്‍ ഡിസംബര്‍ 26-ന് മറിയത്തിന്‍റെയും യൗസേപ്പിതാവിന്‍റെയും തിരുനാള്‍ ആചരിച്ചിരുന്നതായി രേഖകള്‍ കാണുന്നുണ്ട്. പാശ്ചാത്യസഭകളില്‍ ഒമ്പതാം നൂറ്റാണ്ടു മുതല്‍ വിശുദ്ധനോടുള്ള വണക്കത്തെയും തിരുനാളുകളെയും രേഖപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു കുര്‍ബാന ക്രമത്തില്‍ നല്കിയിട്ടുള്ള വിശുദ്ധരുടെ ഗണത്തില്‍ വിശുദ്ധ യൗതേപ്പിതാവിന്‍റെ നാമം ആദ്യമായി ഉപയോഗത്തില്‍ വന്നിട്ടുള്ളത് രേഖീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഈ കാലഘട്ടത്തില്‍ തന്നെ തിരുസഭയില്‍ കര്‍മ്മലീത്ത, ഡൊമിനിക്കന്‍, ഫ്രാന്‍സിസ്ക്കന്‍ മുതലായ വലിയ സന്ന്യാസ സമൂഹങ്ങള്‍ വളര്‍ന്നു വന്നു. അവരുടെ പ്രാര്‍തഥനകളില്‍ വളരെ സ്വാഭാവികമായും വിശുദ്ധ യൗസേപ്പിന് വലിയ സ്ഥാനം ഉണ്ടായിരുന്നുവെന്ന് നമുക്ക് കാണാം.
പിന്നീട് 15- Ɔ൦ നൂറ്റാണ്ടാകുമ്പോള്‍ റോമാ നഗരത്തില്‍ വിശുദ്ധ ചേള്‍സോയുടെ പള്ളി കേന്ദ്രീകരിച്ച് പാലകനായ വിശുദ്ധ യൗസേപ്പിന്‍റെ തിരുനാള്‍ ആചരിച്ചിരുന്നതായി കാണുന്നത്. ഈ തിരുനാള്‍ തിരുസഭയില്‍ മുഴുവന്‍ ആചരിക്കണമെന്ന് 1847-ല്‍ 9- Ɔ൦ പിയൂസ് പാപ്പാ ആഹ്വാനംചെയ്തു. അതിനുശേഷം 1870 ഡിസംബര്‍ 8-ന് അദ്ദേഹം തന്നെ വിശുദ്ധ യൗസേപ്പിനെ Quem ad modum Deus, “ദൈവത്താല്‍ പ്രചോദിതമായി” എന്ന ഡിക്രിവഴി തിരുസഭയുടെ സംരക്ഷകനായി പ്രഖ്യാപിച്ചു. ഈ ഔദ്യോഗിക പ്രഖ്യാപനം വിശ്വസികളുടെ ഇടയില്‍ ഔസേപ്പ് പിതാവിനോടുള്ള ഭക്തിയും വണക്കവും കൂടുതല്‍ വളരുന്നതിനും പ്രചരിക്കുന്നതിനും ഇടയാക്കി. ഇത് യൂറോപ്പില്‍നിന്ന് ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലേയ്ക്ക് പ്രചരിക്കുന്നതിന് സന്ന്യസ്തരും മിഷണറിമാരും നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്.
2 കത്തോലിക്കാ സഭയില്‍ ഔസേപ്പിതാവിനോടുള്ള വണക്കത്തെക്കുറിച്ച്…?
ഒമ്പതാം പിയൂസ് പാപ്പായ്ക്കുശേഷം തിരുസഭയെ നയിക്കാന്‍ നിയുക്തനായ ലെയോ 13-Ɔമന്‍ പാപ്പായാണ് വിശുദ്ധ യൗസേപ്പിനോടുള്ള സ്നേഹവും വണക്കവും പ്രചരിക്കുന്നതിന് ഇടയാക്കിയ മറ്റൊരു പുണ്യാത്മാവ്. അദ്ദേഹത്തിന്‍റെ വളരെ പ്രധാനപ്പെട്ട പ്രബോധനമാണ് അഥവാ ചാക്രികലേഖനമാണ് “ദൈവത്തിന്‍റെ വിചിത്രമായ വഴികള്‍” (Viam Quam Curios). അതില്‍ ഈ വണക്കത്തിന്‍റെ ദൈവശാസ്ത്രപരമായ അടിസ്ഥാനത്തെക്കുറിച്ച് വ്യാഖ്യാനിക്കുകയും തിരുസഭയുടെ പാലകനാകാന്‍ ഏറ്റവും അര്‍ഹനായ വ്യക്തിത്ത്വം വിശുദ്ധ യൗസേപ്പിന്‍റേതെന്ന് പഠിപ്പിക്കുകയും ചെയ്തു. കൂടാതെ വിശുദ്ധ യൗസേപ്പിനെ ക്രിസ്തീയ കുടുംബങ്ങളുടെ മാതൃകയും മദ്ധ്യസ്ഥനുമാക്കി പ്രഖ്യാപിക്കുകയും ചെയ്തു.
തുടര്‍ന്ന് സഭയെ നയിക്കുന്നതിന് നിയുക്തരായ പാപ്പാമാര്‍ എല്ലാവരും സഭാ മക്കള്‍ വിശ്വാസത്തില്‍ വളരുന്നതിന് തിരുക്കുടുംബ പാലകനെ മാതൃകയാക്കാനും, അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥസഹായം തേടുന്നതിനും പ്രബോധിപ്പിച്ചിട്ടുണ്ട്. തിരുസഭയില്‍ വിശ്വാസികള്‍ എക്കാലവും വിശുദ്ധ യൗസേപ്പിനെ മറിയത്തോടൊപ്പമാണ് കണ്ടിട്ടുള്ളത്. അതിനാല്‍ കുടുംബപ്രാര്‍ത്ഥനകള്‍, തിരുനാളുകള്‍, ബുധനാഴ്ച ആചരണം, വിശുദ്ധ യൗസേപ്പിന്‍റെ സങ്കടങ്ങളും സൗഭാഗ്യങ്ങളും എന്നിവ ധ്യാനിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ മുതലായവ മെല്ല പ്രാബല്യത്തില്‍ വന്നു. കൂടാതെ സ്ഥാപനങ്ങള്‍ പ്രേഷിത കൂട്ടായ്മകള്‍, സഖ്യങ്ങള്‍ മുതലായവയുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായി വിശുദ്ധ യൗസേപ്പിനെ വിശ്വാസികള്‍ സ്വീകരിക്കുവാനും, വിശുദ്ധന്‍റെ നാമത്തില്‍ സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും തുടക്കമിട്ടു.
3. വിശുദ്ധനെക്കുറിച്ചുള്ള ജനകീയ ഭക്തി – വണക്കമാസം, നല്‍മരണത്തിന്‍റെ മദ്ധ്യസ്ഥന്‍, തിരുക്കുടുംബ പാലകന്‍, കുടുംബങ്ങള്‍ക്കു മദ്ധ്യസ്ഥന്‍.
യേശുവിന്‍റെയും മറിയത്തിന്‍റെയും സ്നേഹശുശ്രൂഷകള്‍ സ്വീകരിച്ച് ഈ ലോകത്തോട് വിടപറയാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധ യൗസേപ്പിനെ നല്‍മരണത്തിന്‍റെ മദ്ധ്യസ്ഥനായും വിശ്വാസികള്‍ വണങ്ങുന്നു. കന്യകാ മറിയത്തിന്‍റെ ഭര്‍ത്താവും കാവല്‍ക്കാരനുമായി രക്ഷാകര പദ്ധതിയിലൂടെ കടന്നുവന്ന ഈ പുണ്യപിതാവിനെ കന്യാവ്രതക്കാരുടെ കാവല്‍ക്കാരനുമായും ഇന്നു സമര്‍പ്പിതരായവര്‍ വണങ്ങുന്നുണ്ട്. വീണ്ടും നസ്രത്തിലെ കുടുംബത്തെ ദൈവേഷ്ടപ്രകാരം പരിപാലിച്ച വിശുദ്ധ യൗസേപ്പിനെ ലോകമെമ്പാടുമുള്ള കുടുംബങ്ങളുടെ കാവല്‍ക്കാരനുമായി വണങ്ങുന്നു.
4. സമകാലീന മനുഷ്യജീവിതത്തെ യൗസേപ്പിതാവിന്‍റെ വ്യക്തിത്വം എങ്ങനെ പ്രചോദിപ്പിക്കാം?
വിശുദ്ധ യൗസേപ്പിതാവിന്‍റെ ജീവിതത്തെയും ദൗത്യത്തെയും ഒരു വാക്കില്‍ ചുരുക്കി കാണാന്‍ ശ്രമിക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ രണ്ടാം അദ്ധ്യായത്തിലെ 25- Ɔο വാക്യത്തില്‍ കാണുന്ന ഒരു പദമാണ്, അല്ലെങ്കില്‍ “യേശു” എന്ന നാമമാണ്. വിശുദ്ധ യൗസേപ്പിതാവ് തന്‍റെ ജീവിതത്തിന്‍റെയും ദൗത്യത്തിന്‍റെയും കേന്ദ്രമായി കാണുന്നത് ഈ നാമമാണ്. “യേശുവിന്‍റെ സംരക്ഷകന്‍,” ഇത് ഇന്നിന്‍റെ മനുഷ്യനുള്ള സന്ദേശമാണ്.
തന്നത്തന്നെ സ്വജീവിതത്തിന്‍റെ കേന്ദ്രമായി പ്രതിഷ്ഠിച്ച് അതിനുവേണ്ടി കാര്യസാധ്യതയ്ക്കായി മറ്റുള്ളവരോടുള്ള ബന്ധത്തെ ക്രമീകരിക്കുന്ന മനുഷ്യന്, തന്‍റെ സ്വാര്‍ത്ഥതയില്‍നിന്ന് പുറത്തുവരുവാനും ദൈവകേന്ദ്രീകൃതമായി ജീവിതത്തില്‍ മുന്നേറുവാനും, ജീവിതത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്തുവാനും, സഹജീവികളോടും പ്രപഞ്ചത്തോടും ശരിയായ ബന്ധം സ്ഥാപിക്കാനും അവരുടെ കാവല്‍ക്കാരനാകുവാനും വിശുദ്ധ യൗസേപ്പ് തന്‍റെ വ്യക്തിത്വംകൊണ്ട് ഏവര്‍ക്കും പ്രചോദനം നല്കുന്നു.
5. പഴയനിയമത്തിലെ ജോസഫും പുതിയ നിയമത്തിലെ ജോസഫും – രക്ഷയുടെ ചരിത്രത്തിലെ സമാന്തരരൂപങ്ങള്‍ Ite ad Joseph! (Gen. 41, 55).
ദൈവം തന്‍റെ രക്ഷണീയ പദ്ധതിയില്‍ നസ്രത്തിലെ കുടുംബത്തിലെ തലവനും പാലകനുമായി തിരഞ്ഞെടുത്ത വ്യക്തിയാണ് പുതിയ നിയമത്തിലെ ജോസഫ്, നസ്രത്തിലെ ജോസഫ്. ഈ ദൗത്യം വിശുദ്ധിയോടും വിശ്വസ്ഥതയോടും ത്യാഗത്തോടുംകൂടെ വിശുദ്ധ യൗസേപ്പ് പൂര്‍ത്തിയാക്കി. ഇന്നിന്‍റെ ജീവിത സാഹചര്യങ്ങളില്‍ വിവിധ തരത്തിലും തലത്തിലും ക്ലേശങ്ങള്‍ അനുഭവിക്കുന്ന മനുഷ്യന് ആശ്വാസവും സാന്ത്വനവും നല്കുവാന്‍ വിശുദ്ധ യൗസേപ്പിന് കഴിയുമെന്ന് പഠിപ്പിച്ചുകൊണ്ട് സഭ ഏവരോടും ആഹ്വാനംചെയ്യുകയാണ് - “ഈത്തെ ആദ് ജോസഫ്,” (Ite ad Joseph) നിങ്ങള്‍ യൗസേപ്പിന്‍റെ പക്കലേയ്ക്കു പോകുവിന്‍!
6. ഉപസംഹാരം
തിരുസഭ വളരെ പ്രതിസന്ധികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ കുടുംബങ്ങള്‍ ക്ലേശങ്ങളും തകര്‍ച്ചകളും അനുഭവിക്കുന്ന സാഹചര്യത്തില്‍ വ്യക്തികള്‍ പ്രത്യേകിച്ച് യുവതീയുവാക്കള്‍ സാങ്കേതിക ലോകത്ത് ദിശാബോധം നഷ്ടപ്പെട്ട് പരിഭ്രാന്തരായി കഴിയുന്ന അവസ്ഥയില്‍ ഉണ്ണിയേശുവിനെ കാത്തുപരിപാലിക്കുകയും തിരുക്കുടുംബത്തെ സ്നേഹപൂര്‍വ്വം സംരക്ഷിക്കിക്കുകയും ചെയ്ത വിശുദ്ധ യൗസേപ്പ് തിരുസഭയെ കാത്തുപരിപാലിക്കട്ടെ. കുടുംബങ്ങളെ കെട്ടുറപ്പുള്ളതാക്കട്ടെ. നമുക്ക് ഓരോരുത്തര്‍ക്കും ജീവിതമാതൃകയും പ്രചോദനവുമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു!