തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ അനുരജ്ഞന കൂദാശ നിര്‍വ്വഹിക്കുന്നു ഫ്രാന്‍സിസ് പാപ്പാ അനുരജ്ഞന കൂദാശ നിര്‍വ്വഹിക്കുന്നു 

ചിലിയില്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്താന്‍ പാർലമെന്‍റില്‍ ചര്‍ച്ച

ചിലി പാർലമെന്‍റ് കുമ്പസാരരഹസ്യം വെളിപ്പെടുത്തുവാൻ വൈദീകരെ ബാധ്യതരാക്കുന്ന നിയമം ചർച്ചചെയ്യുന്നു

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ചിലി പാർലമെന്‍റിൽ ചർച്ചയ്‌ക്കെടുത്ത നിയമത്തിന്‍റെ ആദ്യരൂപരേഖ ചിലിയിലെ സഭയിൽ കടുത്ത പ്രതിഷേധത്തിന് അവസരമൊരുക്കി. കുമ്പസാരരഹസ്യം വെളിപ്പെടുത്തുവാൻ വൈദീകരെ ബാധ്യതരാക്കുന്ന നിയമം നിലവില്‍ വന്നാല്‍  ബലഹീനർക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗീക ചൂഷണത്തെ കുമ്പസാരത്തിൽ അറിയുന്ന വൈദീകർ അത് പ്രാദേശീക നിയമസംവിധാനത്തിനു മുന്നിൽ അറിയിക്കാൻ നിർബന്ധിതരാകും. അങ്ങനെ കുമ്പസാരമെന്ന കൂദാശയുടെ  മുദ്ര തകർക്കാൻ  സഭാധികാരികൾ നിർബന്ധിതരാകും. ഇതിനിനെതിരെ ചിലിയിലെ സഭാ, പ്രസ്താവനകളിലൂടെ രംഗത്ത് വന്നു.

ചിലിയിലെ ലൈംഗീക അതിക്രമ അപവാദങ്ങളിൽ സഭ ഉലഞ്ഞ ഒരു സമയത്ത് വന്ന നിർദ്ദേശമായിരുന്നു ഇതെങ്കിലും ഈ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ചിലിയിലെ മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറി മോൺ. ഫെർണാണ്ടോ റാമോസ് " ല തേർചേര" എന്ന പത്രത്തിലെഴുതിയ പ്രസ്താവനയിൽ, കുട്ടികളുടെ കാര്യത്തിൽ  പ്രത്യേകിച്ച് ഒരു പുരോഹിതനോ സന്യാസിയോ ഉൾപ്പെട്ടിട്ടുള്ള സംഭവങ്ങളിൽ ചൂഷണം ചെയ്യപ്പെട്ടവർക്കു നീതിലഭിക്കാൻ കാര്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിന് ഉതകുന്ന പ്രക്രിയകൾക്കു സഭ പിന്തുണ നൽകുമെന്നും, എന്നാൽ ഇക്കാര്യത്തിൽ കുമ്പസാരരഹസ്യം വെളിപ്പെടുത്താനുള്ള നിർബന്ധം, ഒരു വൻപ്രതിസന്ധിയാണെന്നും, കുമ്പസാരരഹസ്യം സൂക്ഷിക്കുകയെന്നത് ആഗോള സഭയുടെ കൂദാശാ നിയമമാണെന്നും, ആ രഹസ്യം വെളിപ്പെടുത്തുന്ന വൈദീകൻ സ്വയമേ സഭയ്ക്കുപുറത്താകുന്ന വളരെ ഗൗരവപൂർണമായ ശിക്ഷയാണുള്ളതെന്നും, ലോകത്തിൽ ഒരു നിയമവും ഈ തത്വത്തെ നിരാകരിച്ചിട്ടില്ല എന്നും വെളിപ്പെടുത്തി.

ചിലിയിലെ സാന്‍ത്യായാഗോ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായ  മോൺ. ചേലസ്റ്റീനോ ആവോസാ ഒരാൾക്കും കുമ്പസാരരഹസ്യം വെളിപ്പെടുത്താൻ ഒരു വൈദീകനെ നിർബന്ധിക്കാനാവില്ല എന്ന്  പ്രസ്താവിച്ചു.  പുവെർട്ടോ മോണ്ടിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ മോൺ. റിക്കാർഡോ മൊറാലെസ് ഒരു സാഹചര്യത്തിലും കുമ്പസാര രഹസ്യം ലംഘിക്കപ്പെടരുത് എന്ന് അഭിപ്രായപ്പെട്ടതായി എൽ മെർകുറിയോ എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നു. ഓസോർനോയിലെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ മോൺ. ഹോർഗ് കൊഞ്ച കുമ്പസാരരഹസ്യം സംരക്ഷിക്കുവാനുള്ള ഒരു സാഹചര്യം ഉണ്ടാവും എന്ന് പ്രത്യാശിക്കുന്നതായി അറിയിച്ചു.

സഭയിലെ ലൈംഗീക ചൂഷണത്തിനെതിരെയുള്ള പോരാട്ടം പ്ലേനറി അസ്സംബ്ലി സെന്‍ററിൽ ഏപ്രിൽ 29 നാണു ആരംഭിച്ചത്. മെയ് 3 വരെ നീളുന്ന ഈ അസംബ്ലിയിൽ പരിശോധിച്ചശേഷം സഭാ വൃത്തങ്ങളിൽ, സമർപ്പിതരായ സ്ത്രീപുരുഷൻമാർക്കും, അല്മായർക്കും ശരിയായ രീതിയിലുള്ള പെരുമാറ്റ ചട്ടം നിർദ്ദേശിക്കുന്ന ഒരു നിയമം രൂപീകരിക്കപ്പെടും. ഇതിലേക്ക് വിവിധ രൂപതകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അല്‍മായരെയും, സമർപ്പിതരെയും കൂടാതെ മെത്രാൻമാരെയും പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.

01 May 2019, 12:01