തിരയുക

Vatican News
അര്‍ജന്തീനയില്‍ നാലു നിണസാക്ഷികള്‍ വാാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു 27/04/2019 അര്‍ജന്തീനയില്‍ നാലു നിണസാക്ഷികള്‍ വാാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു 27/04/2019 

സാര്‍വ്വത്രിക സഭയില്‍ നാലു നവ വാഴ്ത്തപ്പെട്ടവര്‍!

നവ മാനവികതയുടെ പുളിമാവായിത്തീരുന്നതിനു വേണ്ടി വിശ്വാസം ജീവിച്ച നവ വാഴത്തപ്പെട്ടവര്‍!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സമൂഹത്തില്‍, സുവിശേഷം, നീതിയിലും ഐക്യദാര്‍ഢ്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു നവ മാനവികതയുടെ പുളിമാവായിത്തീരുന്നതിനു വേണ്ടി വിശ്വാസം ജീവിച്ചവരാണ് നവ വാഴത്തപ്പെട്ടവരെന്ന് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു.

അര്‍ജന്തീനയില്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനും സാമൂഹ്യനീതിക്കുംവേണ്ടി പ്രവര്‍ത്തിച്ച ബിഷപ്പ് എന്‍റിക്ക് ആഞ്ചലേല്ലിയെയും (Enrique Angelelli) സമര്‍പ്പിതരായ കാര്‍ലോസ് മുരിയാസിനെയും  (Carlos Murias) ഗബ്രിയേല്‍ ലോംഗുവെല്ലെയെയും(Gabriel Longueville)     അല്മായ വിശ്വാസിയായ വെന്‍ചെസ്ലാവൊ പെദെദെര്‍നേരയെയും (Wenceslao Pedernera) ശനിയാഴ്ച (27/04/2019) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച തിരുക്കര്‍മ്മ മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.   

1976 ആഗസ്റ്റ് 4-നായിരുന്നുവധിക്കപ്പെട്ട ഈ നാലു രക്തസാക്ഷികളുടെയും വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം, അര്‍ജന്തീനയുടെ തലസ്ഥാനമായ ബുവെനോസ് അയിരെസിനടുത്തുള്ള “പാര്‍ക്കെ ദെ ല ചുവുദാദ്” എന്നറിയപ്പെടുന്ന “നഗര മൈതാനിയില്‍” വച്ച് കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചുവിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആയിരുന്നു.

സ്നേഹത്തെപ്രതി ജീവിക്കുകയും മരിക്കുകയും ചെയ്തവരാണ് ഈ നവവാഴ്ത്തപ്പെട്ടവരെന്ന് കര്‍ദ്ദിനാള്‍ ബെച്ചു പ്രസ്താവിച്ചു.

ഗബ്രിയേല്‍ ലോംഗുവെല്ലെയുടെ (Gabriel Longueville)   ജന്മനാട് ഫ്രാന്‍സ് ആണ്. അര്‍ജന്തീനയില്‍ പ്രേഷിതപ്രവര്‍ത്തിനെത്തിയതായിരുന്നു അദ്ദേഹം. മറ്റു മൂന്നു വാഴ്ത്തപ്പെട്ടവരും അര്‍ജന്തീന സ്വദേശികളാണ്.

27 April 2019, 13:40