തിരയുക

Vatican News
 Cardinal Oswald Gracias President of the Catholic Episcopal Conference of India Cardinal Oswald Gracias President of the Catholic Episcopal Conference of India 

വോട്ടുചെയ്യേണ്ടത് പവിത്രമായ കടമയെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്

ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് ഉദ്ബോധിപ്പിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സഭ നല്കുന്ന പൊതുവായ നിര്‍ദ്ദേശം
ആസന്നമാകുന്ന ലോക്സഭാ പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മെത്രാന്‍ സമിതിയുടെ ഡല്‍ഹി ഓഫീസില്‍നിന്നും മാര്‍ച്ച് 19-ന് പ്രസിദ്ധപ്പെടുത്തിയ കത്തിലാണ് ഭാരതത്തിലെ വിശ്വാസികള്‍ക്ക് തിരഞ്ഞെടുപ്പു സംബന്ധിച്ച് പൊതുവായ നിര്‍ദ്ദേശങ്ങള്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് നല്കിയത്. സാമൂഹികൈക്യവും ദേശീയോദ്ഗ്രഥനവും നിലനിര്‍ത്താന്‍ കെല്പുള്ളവരെ തിരഞ്ഞെടുക്കണമെന്നാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പൊതുവായി നിര്‍ദ്ദേശിച്ചത്.

മൗലികവാദികളുമായി കൂട്ടുചേര്‍ന്ന ഭരണം
ഭാരതീയ ജനതാപാര്‍ട്ടി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2014-മുതല്‍ രാജ്യം ഭരിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഖവുമായി (RSS) കൂട്ടുചേര്‍ന്നാണ് ബിജെപി ഭരണം നടത്തിയത്. ഇനി മറുഭാഗത്ത് കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ദീര്‍ഘകാല ഭരണം നടത്തിയിട്ടുള്ള മതേതര പാര്‍ട്ടിയും കോണ്‍ഗ്രസ്സാണ്. കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി.

സാമൂഹ്യഭദ്രതയെ തകിടംമറിച്ച ഭരണം
ധൃതഗതിയില്‍ അടുത്തകാലത്തു വളരുന്ന നാടിന്‍റെ സമ്പദ് വ്യവസ്ഥിതി ഭാവിക്ക് ഏറെ പ്രത്യാശപകരുന്നതായിരുന്നു. എന്നാല്‍ വിവിധ മേഖലകളില്‍ മോദി സര്‍ക്കാരിന്‍റെ ഭരണം ഏറെ ആശങ്കകള്‍ ഉണര്‍ത്തിയിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അക്കമിട്ടു ചൂണ്ടിക്കാട്ടി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് പൂര്‍വ്വോപരി വര്‍ദ്ധിച്ചിട്ടുണ്ട്. കാര്‍ഷികമേഖല തകര്‍ച്ചയിലാണ്. സമൂഹത്തിന് മാര്‍ഗ്ഗദീപമല്ലാത്തവിധം ധാര്‍മ്മികത നാട്ടില്‍ അധഃപതിച്ചിട്ടുണ്ട്.
എല്ലാത്തിനും മാനദണ്ഡം പണമായിട്ടുണ്ട്.

ആത്മീയതയെ അവഗണിച്ച നേതൃത്വം
ആത്മീയതയുള്ള നാടാണ് ഭാരതം. എന്നാല്‍ ദൈവത്തെ സമൂഹത്തിന്‍റെ ഓരത്തേയ്ക്കു തള്ളിമാറ്റിയിരിക്കുന്നതുപോലെയാണ് സാമൂഹിക രീതികളുടെ ഗതിവിഗതികള്‍ നീങ്ങുന്നത്. നിര്‍ദ്ദോഷികളായ മതന്യൂനപക്ഷങ്ങള്‍ - ക്രൈസ്തവരും മുസ്ലീങ്ങളും അടുത്തകാലത്ത് ഭാരതത്തില്‍ ഏറെ പീഡിപ്പിക്കപ്പെട്ടത് ഖേദകരമായ വസ്തുതയായി കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് കത്തില്‍ പരാമര്‍ശിച്ചു.

സുസ്ഥിതിയുള്ള ഭരണമാണാവശ്യം
രാജ്യത്തെ ബഹുഭൂരിപക്ഷം പാവങ്ങളെയും കൈപിടിച്ചുയര്‍ത്തുന്ന ഒരു സമ്പദ് വ്യവസ്ഥിതിയാണ് നമുക്കാവശ്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ, സകലര്‍ക്കും സുരക്ഷമായ ഒരു സാമൂഹ്യപരിസരം ഇന്നിന്‍റെ ആവശ്യമാണ്. നാടിന്‍റെ വിവിധ ഭാഗങ്ങളിലുള്ള തദ്ദേശജനതകളെ ചൂഷണംചെയ്യാത്തതും, എന്നാല്‍ അവരും, അവരുടെ ജീവിതപരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്ന ഒരു ഭരണസംവിധാനമാണ് അഭികാമ്യം. ദളിതരായ ക്രൈസ്തവര്‍ ഇന്നും പുറംതള്ളപ്പെട്ട അവസ്ഥയിലാണ്. അവരുടെയും അവകാശങ്ങള്‍ തുല്യമായി പരിഗണിക്കുന്ന സര്‍ക്കാരാണ് നമുക്കു വേണ്ടത്. പരിസ്ഥിതി സംരക്ഷിക്കപ്പെടുകയും അത് നാളത്തെ തലമുറയ്ക്കായി സുരക്ഷമാക്കപ്പെടുകയും ചെയ്യുന്ന ഭാരണകര്‍ത്താക്കള്‍ നമുക്കു വേണം.

നല്ലൊരു നാളെയ്ക്കായി പ്രാര്‍ത്ഥിക്കാം!
ഇങ്ങനെയുള്ളൊരു സാമൂഹിക ചുറ്റുപാടില്‍ ഉത്തരവാദിത്വത്തോടെ വോട്ടുചെയ്യുക, എല്ലാ പൗരന്മാരുടെയും പവിത്രമായ കടമയാണെന്നും, സമഗ്ര സുസ്ഥിതിയുള്ള ഒരു നാടിനായി പ്രാര്‍ത്ഥിക്കണമെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഭാരതത്തിലെ ക്രൈസ്തവരോട് ആഹ്വാനംചെയ്തു.

29 March 2019, 11:13