തിരയുക

When Pope Francis visited Peru in January 2018 When Pope Francis visited Peru in January 2018 

തദ്ദേശജനതകള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനം

ആമസോണ്‍ പ്രദേശത്തിനുവേണ്ടിയുള്ള പ്രത്യേക സിനഡു സമ്മേളനത്തിനായി ഒരുക്കങ്ങള്‍ ആരംഭിച്ചു. 2019 ഒക്ടോബറിലാണ് സിനഡ് വത്തിക്കാനില്‍ സംഗമിക്കുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒരുക്കമായി രണ്ടാംഘട്ട സംഗമം
ഫെബ്രുവരി 25-മുതല്‍ 27-വരെ തിയതികളില്‍ റോമിലെ മരിയ ബംബീന സഹോദരിമാരുടെ (Institute of Maria Bambina Sisters in Rome) സ്ഥാപനത്തില്‍ സിനഡിന് ഒരുക്കമായുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ നടക്കും. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ബൊളിവിയ, ബ്രസീല്‍, കൊളംബിയ, എക്വദോര്‍, ഫ്രഞ്ച് ഗിയാന, പെറു, വെനസ്വേല, സൂരിനാം എന്നിങ്ങനെ സമസ്ത ആമസോണ്‍ പ്രദേശത്തെ ജനങ്ങളുടെ മൗലികവും അടിയന്തിരവുമായ ആവശ്യങ്ങളും, അഭ്യര്‍ത്ഥനകളും മാനിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് മെത്രാന്മാരുടെ പ്രത്യേക സിനഡുസമ്മേളനം 2019 ഒക്ടോബറില്‍ വിളിച്ചുകൂട്ടുന്നത്.

സിനഡിന്‍റെ ആഗോളപ്രസക്തി
തദ്ദേശ ജനതകള്‍ക്കുവേണ്ടിയുള്ള പ്രത്യേക സിനഡിന് ഒരുക്കമായി അതിന്‍റെ പ്രാദേശികവും ആഗോളികവുമായ വശങ്ങള്‍ ചര്‍ച്ചചെയ്യുന്നതാണ് റോമിലെ രണ്ടാംഘട്ട സംഗമമെന്ന് മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ദിസേരി ഫെബ്രുവരി 20-ന് ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ആമസോണ്‍ പ്രദേശത്തെ മെത്രാന്‍ സമിതികളുടെ പ്രസിഡന്‍റുമാര്‍, ആമസോണിയന്‍ ജനതകളെയും അവരുടെ ആവശ്യങ്ങളെയും കുറിച്ചു പഠിച്ചിട്ടുള്ള വിദഗ്ദ്ധര്‍, അവിടത്തെ പ്രത്യേക അജപാലന സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മെത്രാന്മാര്‍, വൈദികര്‍, സന്നദ്ധസേവകര്‍ എന്നിവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കര്‍ദ്ദിനാള്‍  ബാള്‍ദിസേരി പ്രസ്താവനയില്‍ വ്യക്തമാക്കി.

സിനഡിനു വെളിച്ചമായി രണ്ടു സഭാപ്രബോധനങ്ങള്‍
തദ്ദേശജനതയുടെ സഭാപരവും അജപാലനപരവുമായ ജീവിതത്തെക്കുറിച്ച് “സുവിശേഷ സന്തോഷം,” (Evangelium Gaudium) എന്ന അപ്പോസ്തോലിക പ്രബോധനത്തിന്‍റെ വെളിച്ചത്തിലും, അവരുടെ പാരിസ്ഥിതികമായ പ്രതിസന്ധികളെ സംബന്ധിച്ച് “അങ്ങേയ്ക്കു സ്തുതി,”
(Laudato Si’) എന്ന ചാക്രിക ലേഖനത്തെ ആധാരമാക്കിയും മൂന്നു ദിവസങ്ങള്‍ നീളുന്ന സംഗമത്തില്‍ ചര്‍ച്ചകള്‍ നടക്കും. ഇവിടെ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളും സിനഡു സമ്മേളത്തിന്‍റെ രൂപരേഖയില്‍ ഉള്‍പ്പെടുമെന്നും കര്‍ദ്ദിനാള്‍ ബാള്‍ദിസേരി വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 February 2019, 16:38