തിരയുക

Vatican News
Cardinal George Pell of Australia accused guilty Cardinal George Pell of Australia accused guilty  (ANSA)

ഓസ്ട്രേലിയന്‍ കര്‍ദ്ദിനാള്‍ പീഡനക്കേസില്‍ കുറ്റാരോപിതനായി

രണ്ടു ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 75 വയസ്സുള്ള കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേലിന് ഓസ്ട്രേലിയന്‍ കോടതി ശിക്ഷിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

വത്തിക്കാന്‍റെ പ്രതികരണം
കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേലിനെ സംബന്ധിച്ച ഓസ്ട്രേലയന്‍ ന്യായപീഠത്തിന്‍റെ വിധി പ്രസ്താവനയില്‍ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് ദേശീയ സഭയോട് അനുഭാവവും ഖേദവും രേഖപ്പെടുത്തി. വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയേറ്റിന്‍റെ പ്രീഫെക്ടും, മെല്‍ബോണ്‍ അതിരൂപതയുടെ അദ്ധ്യക്ഷനുമായിരുന്ന കര്‍ദ്ദിനാള്‍ പേല്‍ കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകളില്‍ കുറ്റവാളിയാണെന്ന് ഒസ്ട്രേലിയന്‍ കോടതി ഫെബ്രുവരി 26-Ɔο തിയതി ചൊവ്വാഴ്ചയാണ് വിധിപ്രസ്താവിച്ചത്.  ഓസ്ട്രേലിയന്‍ കോടതിയുടെ വിധി പ്രസ്താവനയോടു പ്രതികരിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, അലസാന്ത്രോ ജിസോത്തി ദേശീയ മെത്രാന്‍ സമിതിയോട് പ്രസ്താവനയിലൂടെ അനുഭാവപൂര്‍വ്വം ഖേദം അറിയിച്ചത്.

നീതിനടപ്പാക്കപ്പെടട്ടെ!
ഓസ്ട്രേലിയക്കാരെ മാത്രമല്ല, ലോകമെമ്പാടുമുള്ള വിശ്വാസികളെ ഞെട്ടിപ്പിച്ച വിധി പ്രസ്താവനയാണിത്. കര്‍ദ്ദിനാള്‍ പേല്‍ തന്‍റെ നിരപരാധിത്വം തുടക്കം മുതല്‍ ആവര്‍ത്തിച്ച് ഏറ്റുപറഞ്ഞിട്ടുള്ളതാണ്. 2016-17 വര്‍ഷങ്ങളിലെ കോടതി വിചാരണ തെളിവുകളില്ലാതെ മാറ്റിവച്ച കേസാണ്, 2018-ല്‍ കോടതി പുനര്‍വിചാരണ നടത്തി, കുറ്റമാരോപിക്കുകയും ശിക്ഷിക്കുകയും ചെയ്തത്. ഈ ഘട്ടത്തില്‍ കര്‍ദ്ദിനാള്‍ പേല്‍ മുന്നോട്ടുവച്ചിട്ടുള്ള വിധിക്കെതിരായ പുനര്‍വിചാരണയ്ക്കുള്ള “അപ്പീല്‍” മേല്‍ക്കോടതി പരിഗണിക്കട്ടെയെന്നും, നീതി നടപ്പാക്കപ്പെടട്ടെയെന്നുമുള്ള വത്തിക്കാന്‍റെ നിലപാട് ജിസോത്തി പ്രസ്താവനയിലൂടെ അറിയിച്ചു.  

കര്‍ദ്ദിനാളിന് എതിരായ ആരോപണം
മെല്‍ബോണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരിക്കവെ 1996-ല്‍ 12, 13 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നതാണ് കര്‍ദ്ദിനാള്‍ പേലിന് എതിരായി ഓസ്ട്രേലിയന്‍ കോടതി നടത്തിയ കുറ്റാരോപണം. ഇതിനിടെ 2013-മുതല്‍ വത്തിക്കാനില്‍ പ്രവര്‍ത്തനം ആരംഭിച്ച കര്‍ദ്ദിനാള്‍ പേല്‍ 2016-ല്‍ കോടതിയെ നേരിടാനും നിരപരാധിത്വം തെളിയിക്കാനുമായി ഓസ്ട്രേലിയയിലേയ്ക്കു മടങ്ങി. തന്‍റെ അതിരൂപതിയിലെ ഏതാനും ലൈംഗിക പീഡനകേസുകള്‍ മറച്ചുവച്ചതായും കര്‍ദ്ദിനാള്‍ പേലിന് എതിരെ വിസ്താരണയ്ക്കിടെ കോടതി ആരോപിച്ചു. വിക്ടോറിയ പ്രവിശ്യയിലെ കൗണ്ടിക്കോടതിയുടെ 2018 ഡിസംബര്‍ 11-ന്‍റെ വിധിതീര്‍പ്പാണ്, 2019 ഫെബ്രുവരി 26-ന് പരസ്യപ്പെടുത്തിയത്.

വത്തിക്കാനില്‍നിന്നും ലീവെടുത്ത് ഓസ്ട്രേലിയയിലേയ്ക്ക്
കര്‍ദ്ദിനാള്‍ പേലിനെ പാപ്പാ ഫ്രാന്‍സിസാണ് വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങളുടെ പ്രീഫെക്ടായി 2013-ല്‍ നിയോഗിച്ചത്. ഓസ്ട്രേലിയന്‍ കോടതിയുടെ ആവശ്യപ്രകാരം കേസു വിസ്താരണത്തിനായി 2016-ല്‍ വത്തിക്കാനിലെ ജോലിയില്‍നിന്നും ഒരു വര്‍ഷത്തെ ലീവെടുത്ത് ഓസ്ട്രേലിയയിലേയ്ക്ക് മടങ്ങവെ, സ്ഥലത്തെ മെത്രാന്‍റെ നിര്‍ദ്ദേശപ്രകാരം, കര്‍ദ്ദിനാള്‍ പേലിനെ പൊതുവായി പൗരോഹിത്യ ശുശ്രുഷകള്‍ പരികര്‍മ്മംചെയ്യുന്നതില്‍നിന്നും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി എല്ലാവിധത്തിലുമുള്ള ഇടപഴകല്‍ സാദ്ധ്യതകളില്‍നിന്നും അകന്നു നില്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാര്യം പാപ്പാ ഫ്രാന്‍സിസും കര്‍ദ്ദിനാളിനോട് ആവശ്യപ്പെട്ടിരുന്നതായി ജിസോത്തി പ്രസ്താവനയില്‍ വെളിപ്പെടുത്തി.

വത്തിക്കാന്‍റെ ജോലിയില്‍നിന്നും നീക്കംചെയ്തു
കുറ്റാരോപിതനായ കര്‍ദ്ദിനാല്‍ പേല്‍ വത്തിക്കാന്‍റെ സാമ്പത്തികകാര്യങ്ങളുടെ പ്രീഫെക്ട് (Prefect, Secretariat for Financial Matters of Vatican) അല്ലെന്ന കാര്യവും, ജിസോത്തി സ്ഥിരീകരിച്ചു (Press Conference of 27-02-19, Rome).  അതുപോലെ കര്‍ദ്ദിനാള്‍ പേല്‍ കുറ്റമാരോപിക്കപ്പെട്ട വിധി പ്രസ്താവത്തിന്‍റെ വെളിച്ചത്തില്‍, കാനോനിക നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍  വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം (Congregation for the Doctrine of Faith) യഥാക്രമം എടുക്കുന്നതായിരിക്കുമെന്നും ജിസോത്തി റോമില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

സുരക്ഷയുള്ള ഇടമാകണം സഭ : ദേശീയ മെത്രാന്‍ സംഘം
കുട്ടികള്‍ക്ക് സുരക്ഷയുളള ഇടമായിരിക്കണം സഭയെന്ന് ആഗ്രഹിക്കുന്ന എല്ലാവരും രാജ്യത്തെ നീതിപീഠത്തില്‍ സമ്പൂര്‍ണ്ണവിശ്വാസം അര്‍പ്പിക്കുകയും, നീതിക്കായി പ്രാര്‍ത്ഥിക്കുകയും, പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ലഭിക്കുകതന്നെ വേണമെന്നും, ഓസ്ടേലിയയുടെ മെത്രാന്‍ സംഘം അറിയിച്ചത്, ജിസോത്തി വത്തിക്കാന്‍റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

28 February 2019, 10:04